Tuesday , 12 December 2017
Home / Articles / Book Review / ”ഞാന്‍ ക്രൈസ്തവനോ?”
AmIAChristian

”ഞാന്‍ ക്രൈസ്തവനോ?”

ബൈബിള്‍ അധിഷ്ഠിത കത്തോലിക്കാ ആധ്യാത്മികതയുടെ പൊരുള്‍ തേടിയുള്ള അന്വേഷണമാണ് ”ഞാന്‍ ക്രൈസ്തവനോ?” എന്ന ഗ്രന്ഥം. ദേശീയ-അന്തര്‍ദേശീയ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ സമിതികളുടെ ചെയര്‍മാനായിരുന്ന റവ.ഫാ.ഫിയോ മസ്‌ക്കരനാസ് എസ്.ജെ. യാണ് ഗ്രന്ഥകര്‍ത്താവ്. ക്രിസ്തുമതം നിയമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മതമല്ലെന്നും മറിച്ച് കൃപാപൂരിത ബന്ധങ്ങളുടേതാണെന്നും ആഴമേറിയ വിചിന്തനങ്ങളിലൂടെ ധ്യാനഗുരുവും ബൈബിള്‍ പണ്ഡിതനുമായ ഫിയോ അച്ചന്‍ പങ്കുവയ്ക്കുന്നു.രക്ഷകനും കര്‍ത്താവുമായ ക്രിസ്തുവുമായും പിതാവായ ദൈവവുമായും ജീവദാതാവായ പരിശുദ്ധാത്മാവുമായും ക്രിസ്തുശരീരമായ സഭയുമായുമുള്ള നാല് അടിസ്ഥാനബന്ധങ്ങളാണ് ഒരു ക്രൈസ്തവനെ നിര്‍വചിക്കുന്നത്. യേശുവിന്റെയും സ്വര്‍ഗസ്ഥനായ പിതാവിന്റെയും കാഴ്ചപ്പാടില്‍ സകലതും കാണാന്‍ സഹായിക്കുകയാണ് ക്രൈസ്തവ ആത്മീയതയുടെ ഉദ്ദേശ്യം. ഇതെങ്ങനെ സാധ്യമാക്കാമെന്നുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ഒന്നും രണ്ടും വത്തിക്കാന്‍ പ്രമാണരേഖകളില്‍ നിന്നും ആധുനിക മാര്‍പാപ്പമാരുടെ പ്രബോധനങ്ങളില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയുടെ അനുഗ്രഹ പ്രഭാഷണങ്ങളില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ട് സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഫിയോ അച്ചന്‍ യഥാര്‍ഥ ക്രൈസ്തവന്‍ ആരാണെന്ന് നിര്‍വചിക്കുന്നത്. ”ഈ നൂറ്റാണ്ടണ്ടില്‍, പിതാവിന്റെ കരുണയും സാന്ത്വനവും ഏറ്റുവാങ്ങി, യേശുക്രിസ്തുവിലൂടെ അനാവൃതമായ പിതാവിന്റെ മുഖം ദര്‍ശിച്ച്, സര്‍വലോകസമക്ഷം അവതരിപ്പിക്കുന്നതിന് പരിശുദ്ധാത്മാവിന്റെ വിലപ്പെട്ട ഒരു സമ്മാനമാണ് ഫാദര്‍ ഫിയോയിലൂടെ കേരളസഭയ്ക്ക് ലഭിക്കുക” എന്ന് പ്രശസ്ത കരിസ്മാറ്റിക് ധ്യാനഗുരുവായ റവ.ഫാ.ഏബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ. അവതാരികയില്‍ എഴുതുന്നു. മൂലഗ്രന്ഥത്തിലെ ഗൗരവമുള്ള ആശയങ്ങള്‍ ലളിതമായും ചൈതന്യവത്തായും പരിഭാഷപ്പെടുത്തി ഈ പുസ്തകം ഒരുക്കിയത് ജീവജ്വാലയുടെ മുന്‍ എഡിറ്ററും പത്രാധിപസമിതി അംഗവും ക്രിസ്തീയ ഗ്രന്ഥകാരനുമായ ശ്രീ.ജോസ് പടന്നമാക്കലാണ്. പക്വമായ ക്രൈസ്തവ ആധ്യാത്മകിതയില്‍ ആഴപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താത്പര്യപൂര്‍വം വായിക്കേണ്ട ഒരു പുസ്തകമാണിത്.
പ്രസാധനം: ഐറിന്‍ബുക്‌സ്, കോഴിക്കോട്
വിതരണം: സോഫിയ ബുക്‌സ് കോഴിക്കോട്
വില: `100/-

Share This:

Powered by themekiller.com watchanimeonline.co