Monday , 22 October 2018
Home / Articles / Yukthiyum Viswasavum / കണ്ടാല്‍ മാത്രമേ ദൈവം ഉണ്ടെന്നു വിശ്വസിക്കാനാവുകയുള്ളോ?

കണ്ടാല്‍ മാത്രമേ ദൈവം ഉണ്ടെന്നു വിശ്വസിക്കാനാവുകയുള്ളോ?

Joby Thomasമനുഷ്യരായ നമുക്ക് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. എന്നാല്‍ ഈ അഞ്ച് ഇന്ദ്രിയങ്ങള്‍ക്കൊണ്ട് നേരിട്ടു ഗ്രഹിച്ചതിനുശേഷമല്ല പല കാര്യങ്ങളും യഥാര്‍ഥത്തില്‍ ഉണ്ട് എന്നു നമ്മള്‍ വിശ്വസിക്കുന്നത്.
ഒരു കാന്തത്തിനു സമീപം ഒരു ഇരുമ്പുകഷണം കൊണ്ടുവന്നാല്‍ അത് ഇരുമ്പിനെ ആകര്‍ഷിക്കുന്നു. കാന്തത്തിനും ഇരുമ്പിനും തമ്മില്‍ യാതൊരു സമ്പര്‍ക്കവും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് ഇരുമ്പില്‍  ഒരു ബലം അനുഭവപ്പെടുന്നു എന്നുള്ളത് കുട്ടിയായിരുന്നപ്പോള്‍ ഐന്‍സ്റ്റീനെ ഏറെ ചിന്തിപ്പിച്ച ഒരു കാര്യമാണ്. കാന്തത്തിനു ചുറ്റുമായി ഒരു കാന്തികമണ്ഡലം (Magnetic field) ഉണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അതിനാലാണ് ഇരുമ്പിന്‍മേല്‍ ആകര്‍ഷണബലം അനുഭവപ്പെട്ടത്. എന്നാല്‍ ഈ കാന്തികമണ്ഡലം നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളില്‍ ഒന്നിനും നേരിട്ട് വിഷയീഭവിക്കുന്ന ഒന്നല്ല. എന്നിട്ടും അത് യഥാര്‍ഥത്തില്‍ ഉള്ള എന്തോ ഒന്നാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.
അതുപോലെ ഒരു റേഡിയോ സ്റ്റേഷനും റേഡിയോയ്ക്കും ഇടയ്ക്ക് റേഡിയോ തരംഗങ്ങള്‍ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു. എന്നാല്‍ റേഡിയോ തരംഗങ്ങള്‍ നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളില്‍ ഒന്നിനും നേരിട്ട് വിഷയീഭവിക്കുന്ന ഒന്നല്ല. എന്നിട്ടും റേഡിയോ തരംഗങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്ള ഒന്നാണ് എന്നത്രേ നമ്മള്‍ കരുതുന്നത്. ഇരുമ്പ്, റേഡിയോ എന്നിവയില്‍ അനുഭവപ്പെട്ട ആകര്‍ഷണബലം, ശബ്ദം എന്നീ പരിണിതഫലങ്ങള്‍ (effects) നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയീഭവിക്കുന്നവയാണല്ലോ. ഈ പരിണിതഫലങ്ങളില്‍നിന്നാണ് കാന്തികമണ്ഡലം, റേഡിയോ തരംഗങ്ങള്‍ എന്നിവയുടെ അസ്തിത്വം നമ്മള്‍ ഊഹിച്ചെടുത്തത്.
വനപ്രദേശത്തുള്ള ഒരു ഗുഹയില്‍നിന്ന് ചില കല്‍ഭരണികളും ശിലായുധങ്ങളും കണ്ടെടുത്തു എന്നു കരുതുക. അവയുടെ കാലപ്പഴക്കം കണക്കാക്കിയപ്പോള്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ എന്നു മനസ്സിലായി എന്നുമിരിക്കട്ടെ. ഉടനെ പുരാവസ്തുഗവേഷകര്‍ കരുതും ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഗുഹയില്‍ മനുഷ്യര്‍ വസിച്ചിരുന്നു എന്ന്. എന്നാല്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് വസിച്ചിരുന്ന മനുഷ്യരെ നേരിട്ട് കണ്ടിട്ടാണോ ഇവര്‍ ഇപ്രകാരം വിശ്വസിക്കുന്നത്!
ഏതെങ്കിലും അന്യഗ്രഹങ്ങളില്‍നിന്ന്, എന്തെങ്കിലും പ്രത്യേക യുക്തി അന്തര്‍ഭവിച്ചിരിക്കുന്ന ഒരു റേഡിയോ സിഗ്നല്‍ ലഭിച്ചാല്‍ ആ ഗ്രഹത്തില്‍ മനുഷ്യരെപ്പോലെ ബുദ്ധിശക്തിയുള്ള ജീവികള്‍ ഉണ്ട് എന്ന് അനുമാനിക്കാം എന്നതാണ് ശാസ്ത്രത്തിന്റെ പക്ഷം. ഇവിടെയും, ആ ഗ്രഹങ്ങളിലുള്ള ജീവികളെ നേരിട്ടുകണ്ടണ്ടിട്ടാണോ ശാസ്ത്രം ഇപ്രകാരം അനുമാനിക്കുന്നത്?
ദൈവം അശരീരിയാണ്. ദൈവത്തെ നമുക്ക് നേരിട്ടു കാണാനാവില്ല. എങ്കിലും ഈ പ്രപഞ്ചവും ഭൗതികപ്രതിഭാസങ്ങളും സസ്യജന്തുജാലങ്ങളും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് നേരിട്ട് വിഷയീഭവിക്കുന്നവയാണ്. ഇവയെക്കുറിച്ച് യുക്തിവിചാരം നടത്തിയാല്‍ ഇവയുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ബുദ്ധിമാനായ ഒരു സ്രഷ്ടാവിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് നമുക്ക് അനുമാനിക്കാവുന്നതേയുള്ളൂ. പൗലോസ് അപ്പസ്‌തോലന്‍ ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെ.
”ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ടണ്ട്. ലോകസൃഷ്ടി മുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ടണ്ട്. അതുകൊണ്ടണ്ട്, അവര്‍ക്ക് ഒഴികഴിവില്ല” (റോമാ 1:19-20)

Share This:

Powered by themekiller.com watchanimeonline.co