Thursday , 20 September 2018
Home / Featured / സത്യത്തിൽ കൻമഴ തടയുന്നത് ഇങ്ങനെ ചിലരാണ്‌

സത്യത്തിൽ കൻമഴ തടയുന്നത് ഇങ്ങനെ ചിലരാണ്‌

പുരോഹിതന്‍ സഭയുടെ കാവലാളാണ്; സമൂഹത്തിന്റെയും… അശുദ്ധമാകാതെ യാഗാഗ്നിയില്‍ വീഴുന്ന എല്ലാറ്റിനെയും ശുദ്ധീകരിച്ച് ദൈവത്തിന് സമര്‍പ്പിക്കുകയാണ് ഓരോ പുരോഹിതന്റെയും ധര്‍മം. ഇത്തരം തിരിച്ചറിവിലേക്ക് കലയെയും ജീവിതത്തെയും ചേര്‍ത്തുവച്ച, ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു അതുല്യ പ്രതിഭയാണ് ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി. തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍, തന്നാലും നാഥാ, ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം തുടങ്ങിയ അനശ്വര ഗാനങ്ങളിലൂടെ സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടുകയും ‘കന്‍മഴ പെയ്യും മുന്‍പേ’ എന്ന സിനിമ കഥയെഴുതി, നിര്‍മിച്ച്
വെള്ളിത്തിരയുടെ ലോകത്ത് ഇടം പിടിക്കുകയും ചെയ്ത പനച്ചിക്കല്‍ അച്ചനുമായി നടത്തിയ മുഖാഭിമുഖത്തില്‍ നിന്ന്…

പാട്ടുകളെപ്പറ്റിത്തന്നെ പറഞ്ഞു തുടങ്ങാം

ഈശോയെ പ്രഘോഷിക്കാനുളള ഒരു മാധ്യമമെന്ന നിലയിലാണ് ഞാന്‍ ഗാനങ്ങള്‍ എഴുതാറുള്ളത്. അതില്‍തന്നെ ഈശോയുടെ കരുണയും സ്‌നേഹവും പ്രഘോഷിക്കുന്ന പാട്ടുകളാണധികവും. ദൈവാനുഗ്രഹത്താല്‍ ധാരാളം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘മേലെ മാനത്തീശോയെ…’ എന്നഗാനം.

അച്ചന്റെ പാട്ടുകള്‍ ആളുകള്‍ക്കറിയാം; എഴുതിയ അച്ചനെ പലപ്പോഴും തിരിച്ചറിയുന്നില്ല. അതില്‍ വിഷമം തോന്നിയിട്ടില്ലേ…?

ഇല്ല. അതില്‍ വിഷമം തോന്നിയിട്ടില്ല. അതിനു കാരണം ഒരു പാട്ട് സമൂഹം ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് സമൂഹത്തിന്റെ പൊതു സ്വത്തായിപ്പോകും എന്നതാണ്. ചിലപ്പോള്‍ മറ്റാളുകളുടെ പേരിലും അതിന്റെ കര്‍ത്തൃത്വം പ്രചരിക്കപ്പെടാം. ഞാന്‍ എഴുതിയിട്ടുള്ള ചില പാട്ടുകള്‍ മറ്റുള്ളവരുടെ പേരില്‍ വന്നിട്ടുണ്ടണ്ട്. അതില്‍ കാര്യമില്ല; എങ്ങനെയായാലും ദൈവം മഹത്വപ്പെടണം. ക്രിസ്തു പ്രഘോഷിക്കപ്പെടണം. വി. വിന്‍സെന്റ് ഡി പോള്‍ പറയുന്നതുപോലെ ആരു വഴി മഹത്വപ്പെടണം എന്നത് പ്രധാനമല്ല. ആകെ വിഷമം തോന്നിയിട്ടുള്ളത് മറ്റുള്ളവരുടെ പേരില്‍ വരുമ്പോള്‍ അതിന്റെ ദോഷവും അവരുടെ പേരില്‍ വരുമല്ലോ എന്നുള്ളതു മാത്രമാണ്.

‘കന്‍മഴ പെയ്യും മുന്‍പേ’ എന്ന സിനിമയുടെ പിറവി എങ്ങനെ?

അന്ന് സഭയ്ക്ക് ചിലതൊക്കെ സമൂഹത്തോട് പറയാനുണ്ടണ്ടായിരുന്നു. പ്രത്യേകിച്ച് ‘മതമില്ലാത്ത ജീവന്‍’ പോലുള്ള പ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊണ്ട കാലത്തായിരുന്നു ഈ സിനിമയുടെ പിറവി. വാസ്തവത്തില്‍ നിരീശ്വരവാദം എന്ന പ്രത്യയശാസ്ത്രത്തെ ആ സിനിമ വല്ലാതെ ആക്രമിക്കുന്നുണ്ട്. ഈശ്വര വിശ്വാസമില്ലാത്ത മനുഷ്യര്‍ വരുത്തിവയ്ക്കുന്ന വിനകള്‍ സിനിമ തുറന്നു കാട്ടുന്നു. വിശ്വാസമാണ് മനുഷ്യനെ ഏത് പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചു നിറുത്തുന്ന ഘടകം. ഈ ഒരു ആശയം ആ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

അച്ചന്റെ അഭിപ്രായത്തില്‍ എന്താണ് സിനിമ…?

സിനിമ ഒരര്‍ഥത്തില്‍ ഒരു കലയും വ്യവസായവുമാണ്. അതിന്റെ അടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അതിന് ഒരു ‘പബ്ലിക് പ്ലാറ്റ്‌ഫോം’ ഉണ്ട്. നമുക്ക് പറയാനുള്ളത് സമൂഹത്തോട് വിളിച്ചുപറയാന്‍ ഇതിലും മെച്ചപ്പെട്ട വേദിയില്ല.

‘കന്‍മഴ പെയ്യും മുന്‍പേ’ പോലുള്ള ഒരു സിനിമ ചെയ്തപ്പോള്‍ നേരിട്ട വെല്ലുവിളികള്‍…

ഈ സിനിമ പൂര്‍ത്തിയാക്കുന്ന ഓരോ ഘട്ടത്തിലും വലിയ പ്രതിസന്ധികള്‍ നേരിട്ടു. ചിത്രീകരണം പൂര്‍ത്തിയായി തിയേറ്ററുകളിലെത്തിയപ്പോഴും അതുണ്ടായി. വിതരണക്കാര്‍ പല തവണ തിയ്യതിമാറ്റി. ഫലത്തില്‍ അച്ചന്‍ പറ്റിച്ച ഒരു പ്രതീതിയായി. കടമ്പകളെല്ലാം പിന്നിട്ട് തിയേറ്ററുകളിലെത്തിയിട്ടും പച്ച തൊടീച്ചില്ല. ഹൗസ് ഫുള്ളായിരുന്ന സമയത്ത് അപ്രതീക്ഷിതമായി മറ്റൊരു സിനിമയുടെ പ്രദര്‍ശനം നടത്തി.

ഒരു സിനിമ ഒരിക്കല്‍ തിയേറ്ററില്‍ നിന്നും നീക്കിയാല്‍ അത് വീണ്ടും പ്രദര്‍ശിപ്പിക്കാനാവില്ല. എന്തു വിലകൊടുത്തും എന്റെ സിനിമ തിയേറ്ററില്‍ നിന്നും നീക്കാന്‍ പ്രദര്‍ശകരെ അധികാരകേന്ദ്രങ്ങള്‍ സ്വാധീനിച്ചതിന്റെ ഫലമായിരുന്നു അത്. പല തരത്തിലുള്ള ചതികള്‍ എനിക്കിതുമൂലം പിണഞ്ഞിട്ടുണ്ട്.

വാസ്തവത്തില്‍ സിനിമ പിടിക്കാനുള്ള ബുദ്ധിമുട്ടിനേക്കാള്‍ അത് പ്രദര്‍ശിപ്പിക്കാനുള്ള ബുദ്ധിമുട്ടാണ് ഉള്ളത്. പ്രദര്‍ശകര്‍ സഹകരിക്കാതെ സംവിധാനം ചെയ്ത ഒരു സിനിമ എത്ര നല്ലതായാലും ജനങ്ങളെ കാണിക്കാന്‍ സാധിക്കുകയില്ല. നിലവിലുള്ള ഒരു അന്തരീക്ഷം അതിനു പറ്റിയതല്ല. അതിന് പ്രദര്‍ശകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ സ്വതന്ത്രരല്ല. അവരെ നിയന്ത്രിക്കുന്ന ഒരു അധികാരശ്രേണിതന്നെ അവര്‍ക്കു മുകളിലുണ്ട്. പ്രദര്‍ശകരുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹരണത്തെക്കുറിച്ച് എനിക്കുണ്ടായ അനുഭവം പങ്കു വച്ചപ്പോള്‍ ‘അച്ചനീരംഗത്തെക്കുറിച്ചറിയില്ല’ എന്നാണവര്‍ പ്രതികരിച്ചത്.

സിനിമ പോലുള്ള മാധ്യമങ്ങളിലേക്ക് സഭ കടന്നുവരേണ്ടതുണ്ടോ…?

തീര്‍ച്ചയായും. പ്രസംഗപീഠത്തില്‍ നിന്ന് പറയുന്നതിന് ഒരു പരിമിതിയുണ്ട്. അവിടെ പറയുന്ന അതേ ആശയംതന്നെ ഒരു സിനിമയിലൂടെ അവതരിപ്പിക്കുമ്പോള്‍ അതിന് സ്വീകാര്യതയുണ്ടാവും. സമൂഹം അത് ഏറ്റെടുക്കും. സിനിമ മാത്രമല്ല എല്ലാ കലാരൂപങ്ങളും അതിന് ഉപയോഗിക്കണം. പക്ഷേ, ഇവിടെ ക്രിസ്തീയ പശ്ചാത്തലത്തിന് വലിയൊരു കലാപാരമ്പര്യമില്ല. അത് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു. ഒരു കാലത്ത് നമുക്കുണ്ടായിരുന്നത് സുറിയാനി കലാപാരമ്പര്യമാണ്.

മാധ്യമ ലോകത്ത് സഭ നേരിടുന്ന വെല്ലുവിളികള്‍…

ലോകത്തിന് ഒരു ഹിഡന്‍ അജണ്ടയുണ്ട്. സഭയുടെ സ്ഥാപനങ്ങളെയും ദര്‍ശനങ്ങളെയും നശിപ്പിക്കാന്‍ അന്ധകാര ശക്തികളുടെ ഒരു സന്നാഹം തന്നെയുണ്ട് നമ്മുടെ സ്ഥാപനങ്ങളെ കച്ചവട സ്ഥാപനമാക്കി ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ദീപിക നേരിടുന്ന വെല്ലുവിളി സഭയുടെ നാവടപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുണ്ടായതാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നമ്മള്‍ ഒരുക്കമുള്ളവരായിരിക്കണം.

ഇന്നത്തെ സിനിമകള്‍ തെറ്റായ സ്വാധീനമാകുന്നുണ്ടോ?

ഒരു നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു കഥയില്‍ ഉണ്ടായേക്കാം. അവിടെ ഒരു പക്ഷേ, മിശ്രവിവാഹം, മതവിരുദ്ധത, കൊലപാതകം, തുടങ്ങിയവയെല്ലാം പരാമര്‍ശിക്കപ്പെടാം. അപ്പോഴും അതിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന ബദല്‍ ആശയങ്ങള്‍ സിനിമകളില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മൂല്യച്യുതിയുണ്ടാകും. മക്കളെ കള്ളം പറയാന്‍ പഠിപ്പിച്ച് കുടുംബം സംരക്ഷിക്കുന്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നിടത്ത് സിനിമകള്‍ക്ക് അപചയം സംഭവിക്കുന്നു. ‘സത്യം മനുഷ്യനെ സ്വതന്ത്രനാക്കും’ എന്നാണ് വി. ഗ്രന്ഥം പറയുന്നത്. എന്നാല്‍,
ഇന്നത്തെ സിനിമകള്‍ പലതും സഞ്ചരിക്കുന്നത് വിപരീത പാതയിലൂടെയാണ്.

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരോട്…

ക്രൈസ്തവ കുടുംബങ്ങളില്‍ സിനിമ മോശമാണെന്ന ഒരു കാഴ്ചപ്പാട് പുലര്‍ത്തുന്ന ചിലരെങ്കിലുമുണ്ട്. ഇതുവരെയുള്ള ചില സിനിമകളില്‍ നിന്ന് ആവിര്‍ഭവിച്ചു വന്നിട്ടുള്ള ചിന്തയാണത്. വളരെയധികം സിനിമകളില്‍ വൈദികരെ, സന്യസ്തരെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടായിട്ടുണ്ട്. ഒപ്പം ക്രൈസ്തവ കുടുംബങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു അവസ്ഥാവിശേഷവും ഉണ്ട്. സഭയുടെ പ്രതിച്ഛായ തകര്‍ക്കും വിധം മോശം കഥാപാത്രങ്ങളാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുക. ജീവിതത്തില്‍ അങ്ങനെയുള്ള കഥാപാത്രങ്ങളില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്; അവ സാമാന്യവത്ക്കരിക്കുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്‌നമാണിത്. എന്നാല്‍, ഇതില്‍ നിന്ന് ഭിന്നമായി വ്യത്യസ്തമായ ആശയ പ്രപഞ്ചം സഷ്ടിക്കാവുന്ന മേഖലയാണ് സിനിമ.

ഒരു വൈദികന്‍ എന്നതിനപ്പുറത്തേക്ക് ഇത്തരം മേഖലകള്‍ തിരഞ്ഞെടുക്കാനുള്ള കാരണം…?

എന്നെ സംബന്ധിച്ചിടത്തോളം എന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്രിസ്തു മഹത്വപ്പെടണം എന്ന സന്തോഷമാണ് എന്നെ നയിക്കുന്നത്. ക്രിസ്തുവിന്റെ കരുണയും സ്‌നേഹവും എല്ലാവരും അറിയണം എന്നുള്ള ആഗ്രഹം എനിക്കുണ്ട്. ഞാന്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ച സമയത്ത് വിശ്വാസത്തെ ഇല്ലാതാക്കുന്ന, മതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ രൂപപ്പെട്ടിരുന്നു. പ്രത്യയശാസ്ത്രപരമായ ആക്രമണം പഠനമേഖലകളില്‍വരെ കടന്നുചെന്നു. മറ്റേതൊരു മാധ്യമത്തെക്കാളും സമൂഹത്തോടു സംസാരിക്കാനുള്ള ഒരു ഇടം സിനിമയില്‍ കണ്ടെത്തി. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

അച്ചന്റെ സിനിമയോട് സഭയ്ക്കുള്ള നിലപാട്…

എന്നെ ഏറെ സന്തോഷിപ്പിച്ച വസ്തുത സഭയുടെയും മേലധ്യക്ഷന്മാരുടെയും പൂര്‍ണപിന്തുണയായിരുന്നു. കെസിബിസിയും വിന്‍സെന്‍ഷ്യന്‍ സഭയും എല്ലാവിധ സഹകരണങ്ങളും എനിക്ക് നല്‍കിയിരുന്നു.

ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്…?

ബൈബിളിന്റെ സന്ദേശം-ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ടതും ഈശോയില്‍ പൂര്‍ണമായതുമായ സത്യം പ്രഘോഷിക്കുവാന്‍ എനിക്കു സാധിച്ചു എന്നതാണ്. അത് പൂര്‍ണമായും ലളിതമായും പ്രഘോഷിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എന്റെ സന്തോഷം.

ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, അച്ചന്റെ വിവിധ പ്രവര്‍ത്തന മേഖലയെക്കുറിച്ച് ഒന്ന് പറയാമോ…?

അടിസ്ഥാനപരമായി ഞാനൊരു ധ്യാനഗുരുവാണ്. സര്‍ഗാത്മക മാധ്യമപ്രവര്‍ത്തനം എന്റെ ശുശ്രൂഷയുടെ ഭാഗമായി ഞാന്‍ സ്വീകരിക്കുന്നു. എന്റെ ഒരു കാരിസമായി പറയാവുന്നത് ഗാനരചനയാണ്. ക്രിസ്തീയ മൂല്യങ്ങളുടെ പ്രചരണാര്‍ഥം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യാറുണ്ടണ്ട്. നാളുകളോളം വീവാ ടെലികാസ്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുപോരുന്നു.

മാതാപിതാക്കള്‍, സഹോദരങ്ങള്‍…

പൂര്‍വികര്‍ താമസിച്ചിരുന്നത് ഭരണങ്ങാനത്തായിരുന്നു. എനിക്ക് ഏകദേശം അഞ്ച് വയസ്സുള്ളപ്പോള്‍ തൊടുപുഴയ്ക്കടുത്ത് നെടിയശാലയില്‍ വന്ന് കുടുംബം താമസമാക്കി. ഞങ്ങള്‍ പത്തു മക്കളാണ്. ഏഴ് സഹോദരിമാരില്‍ നാലുപേര്‍ സമര്‍പ്പിത ജീവിതം നയിക്കുന്നു. അപ്പനും അമ്മയും മൂത്ത സഹോദരനും ഇപ്പോള്‍ ഈശോയുടെ അടുത്താണ്. മറ്റുള്ളവര്‍ കുടുംബജീവിതം നയിക്കുന്നു.

നീന തോമസ് & കെവിന്‍ ജോസഫ്‌

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co