Thursday , 20 September 2018
Home / Interview / ഫുള്‍ടൈമറല്ല ഇത് ലൈഫ് ടൈമര്‍

ഫുള്‍ടൈമറല്ല ഇത് ലൈഫ് ടൈമര്‍

കര്‍ത്താവിന്റെ വയലില്‍ വിശ്വസ്തതയോടെ ശുശ്രൂഷക്കിറങ്ങുന്നവര്‍ ചുരുക്കമാണ് ഒരിക്കല്‍ അതിലേക്കിറങ്ങിയാല്‍, ആ ലഹരി തലയ്ക്കു പിടിച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ അത്തരക്കാര്‍ക്ക് സമയം കിട്ടാറില്ല. ജീസസ്‌യൂത്ത് മുന്നേറ്റത്തിലേക്ക് കടന്നു വന്ന നാള്‍ മുതല്‍ ഇന്നുവരെ കര്‍ത്തൃശുശ്രൂഷയില്‍ മടികൂടാതെ വ്യാപരിക്കുന്നയാള്‍ – റെജി കരോട്ട്. ആദ്യം ഫുള്‍ടൈമറായി. തുടര്‍ന്ന് കോഴിക്കോട് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍, ജൂബിലി വര്‍ഷത്തില്‍ ജീസസ്‌യൂത്ത് കേരളയുടെ കോ-ഓര്‍ഡിനേറ്റര്‍, കൂടാതെ കഴിഞ്ഞ പത്തു വര്‍ഷമായി ഫുള്‍ടൈമര്‍ഷിപ്പ് പ്രൊജക്ടിന്റെ ട്രെയിനിംഗ് ടീം ഉത്തരവാദിത്വം കൂടി നിര്‍വഹിക്കുകയാണ് അദ്ദേഹം. കൂടത്തായി സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ റെജി ഭാര്യ മിനിയോടും നാലു മക്കളോടും ചേര്‍ന്ന് തന്റെ മിഷണറി അനുഭവം കെയ്‌റോസ് വായനക്കാരുമായി പങ്കുവയ്ക്കുന്നു.

ഫുള്‍ടൈമര്‍ഷിപ്പ് പ്രൊജക്ട് എന്ന ആശയം മുന്നോട്ട് വന്നതെങ്ങനെയാണ്?

സന്തോഷ് ജോസഫ് എന്ന ആളുടെ മനില്‍ തെളിഞ്ഞ ചിന്തയാണിത്. ദൈവരാജ്യത്തിനായിഒരു വര്‍ഷം മാറ്റിവയ്ക്കുന്ന യുവമിഷണറി സമൂഹത്തെ വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആദ്യമൊന്നും ഈ ആശയം പൊതുവില്‍ അവതരിപ്പിക്കപ്പെട്ടില്ല. പിന്നീട് 1992-ല്‍ നടന്ന ‘ക്യാംപസ് പൂള്‍’ എന്ന പ്രോഗ്രാമില്‍ വച്ച് സി.സി. ആലീസ്‌കുട്ടിചേച്ചിയും യുവജനങ്ങളിലെ മിഷണറി മനോഭാവത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുകൂടെ എന്ന സംശയം ഉന്നയിക്കുന്നത്. ആ ചിന്തയില്‍ നിന്നാണ് ഈ പ്രൊജക്ട് രൂപം പ്രാപിക്കുന്നത്. ഭാവിയെക്കുറിച്ച് ആകുലതകളില്ലാതെ, മടിശീലയില്‍ കാശില്ലാതെ ദൈവരാജ്യം പങ്കുവയ്കാന്‍ പോയ അപ്പസ്‌തോലന്‍മാരെ പോലെ ജീവിക്കുന്ന മിഷണറികളെ വാര്‍ത്തെടുത്തു. അധികം വൈകാതെ ആദ്യത്തെ ബാച്ച് നാല്‍പത്
ദിവസത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ഈ പ്രൊജക്ടിലെ പ്രധാന നാഴികക്കല്ലുകളെ കുറിച്ച്?

1992-ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങുന്നത്. അവര്‍ അവരുടെ സോണുകളില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. രണ്ടാമത്തെ ബാച്ച് മുതല്‍ എല്ലാവരും സ്വന്തം സോണിനു പുറത്ത് പ്രവര്‍ത്തിക്കാനായി തുടങ്ങി. നാലാമത്തെ ബാച്ചിലേക്ക് കേരളത്തിന് പുറത്തുനിന്നും ഒരാള്‍ ട്രെയിനിംഗിനായി എത്തി. ഏഴാമത്തെ ബാച്ച് മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഫുള്‍ടൈമേഴ്‌സിനെ അയയ്ക്കാനും,ട്രെയിനിംഗിനായി ആളുകള്‍ എത്തുന്നതും പതിവായി. പതിനഞ്ചാം വര്‍ഷം ഇന്ത്യയ്ക്ക് പുറത്ത് മിഷന്‍ പ്രവര്‍ത്തനത്തിനായി ഫുള്‍ ടൈമേഴ്‌സിനെ അയയ്ക്കാന്‍ തുടങ്ങി. ഇന്റര്‍നാഷണല്‍ ഫുള്‍ ടൈമര്‍ഷിപ്പ് പ്രൊജക്ട് ഇപ്പോള്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.

ഫുള്‍ടൈമറായി ശുശ്രൂഷ ചെയ്ത സാഹചര്യത്തെക്കുറിച്ച്?

ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴേയ്ക്കും ഫുള്‍ ടൈമറായി ഈശോക്കുവേണ്ടി മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചിരുന്നു. ഒന്നാമത്തെ ബാച്ചില്‍ എന്റെ സെല്‍മേറ്റ് ഫുള്‍ടൈമറായി ഉണ്ടായിരുന്നു. കൂട്ടുകാരുടെ പ്രാര്‍ഥനയുടെ പിന്തുണയും അവരുടെ ദൈവാനുഭവങ്ങളും ഇക്കാര്യത്തില്‍ എന്നെ ഒത്തിരി സ്വാധീനിച്ചു. രണ്ടണ്ടാമത്തെ ബാച്ചിന്റെ കൂടെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി. കൊല്ലം സോണിലായിരുന്നു എന്റെ ആ ഒരു വര്‍ഷം.

വ്യക്തി ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍?

ഗുരുവിനെ അറിയുന്ന, ഗുരുവിനെപ്പോലെ ജീവിക്കുന്ന ഗുരുവിന്റെ പ്രവൃത്തി തുടരുന്ന വ്യക്തിയെയാണ് ഫുള്‍ടൈമര്‍ എന്നു പറയുന്നത്. 40 ദിവസത്തെ പരിശീലനം, ഒരുവര്‍ഷം നീണ്ട ഫോര്‍മേഷന്‍, ജീവിതകാലം മുഴുവനും വിശ്വാസത്തോടെ ശുശ്രൂഷ തുടരുകയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം. ദൈവവചനത്തിലൂടെ ഗുരുവിനെ അറിഞ്ഞ് ഒന്നിമില്ലായ്മയില്‍ സംതൃപ്തി കണ്ടെത്തി ക്രസ്തുവിനെ അറിയാത്തവരിലേക്ക് ആ സന്തോഷം പങ്കുവച്ച് ജീവിക്കുന്നതിലൂടെ ഓരോ വ്യക്തിയും രൂപപ്പെടുകയാണ്. ആ രൂപപ്പെടലാണ് എന്നെയും മാറ്റിയത്. ജീവിതത്തിന് വന്ന ചിട്ടയും ഒന്നിനോടും അമിത താത്പര്യം ഇല്ലാതെ ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുവാനും മറ്റുള്ളവരിലേക്കും അവരുടെ ആവശ്യങ്ങളിലേക്കും അവര്‍ ആവശ്യപ്പെടാതെ ഇറങ്ങിച്ചെല്ലുവാനും ഇതെന്നെ സഹായിച്ചു.കഴിഞ്ഞ പത്തു വര്‍ഷമായി ട്രെയിനിംഗ് ടീമിന്റെ ഭാഗമാണ്.

ആ അനുഭവത്തെക്കുറിച്ച്?

വലിയ സ്വപ്നങ്ങളുമായി കടന്നു വരുന്ന ധാരാളം യുവജനങ്ങളെ കണ്ടുമുട്ടി. സാഹസികത നിറഞ്ഞശോഷിത ജീവിതമൊക്കെയാണ് അധികമാളുകളുടെയും മനില്‍. എന്നാല്‍, പ്രതീക്ഷിക്കുന്ന സാഹചര്യങ്ങളിലൂടെയല്ല വേറെ തരത്തില്‍ ഉള്ള അവസ്ഥകളായിരിക്കും പലര്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാലമെത്ര മാറിയാലും സുവിശേഷ വേലക്കിറങ്ങുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ സഹായിക്കുകയാണ് ട്രെയിനിങ്ങിലൂടെപരിശ്രമിക്കുന്നത്. നാനൂറിലധികം ഫുള്‍ടൈമേഴ്‌സിനെ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ അടുത്തറിഞ്ഞു. അവരുടെ മനില്‍ ഇന്നും തെളിയാതെ നില്‍ക്കുന്ന പ്രേഷിത തീക്ഷ്ണതയാണ് എന്നെ സന്തോഷിപ്പിക്കുന്നത്.

ഫുള്‍ടൈമര്‍ഷിപ്പ് പരിശീലനം ജീസസ്‌യൂത്ത് മുന്നേറ്റത്തിന്റെ വളര്‍ച്ചയില്‍ നല്‍കുന്ന സംഭാവന?

മുന്നേറ്റത്തെ ലോകത്തിന്റെ വിവധ ഭാഗങ്ങളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈപരിശീലന പരിപാടിയാണ്. ഇന്ത്യയുടെ വടക്ക്, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷണറിതീക്ഷ്ണതയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഈ പ്രൊജക്ട് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും, ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്പ്,അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം മുന്നേറ്റത്തെ പരിചയപ്പെടുത്തിയതും ഫുള്‍ടൈമേഴ്‌സാണ്. മുന്നേറ്റത്തിന്റെ തന്നെ പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് വ്യക്തികളെ വളര്‍ത്തിയെടുക്കുന്നതും ഈ പരിശീലനത്തിലൂടെ തന്നെയാണ്.

നാല്‍പത് ദിവസം നീളുന്ന ഈ പരിശീലന പരിപാടിയെക്കുറിച്ച്?

മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ഈ പരിശീലന പരിപാടിക്കുള്ളത്. ആദ്യത്തേത്, നാം നമ്മെത്തന്നെ ആഴത്തില്‍ അറിയുക, രണ്ടാമത്തേത്, കത്തോലിക്ക, അകത്തോലിക്കാ മേഖലകളില്‍ ക്രിസ്തുവിനെ കൊടുക്കുക. അവസാനത്തേത്, സഭാത്മക ജീവിതത്തിന് വ്യക്തികളെ പ്രോത്സാഹിപ്പിക്കുക. നീണ്ട നാല്‍പത് ദിവസം വിവിധ ദേശങ്ങളില്‍ നിന്നും വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, സംസ്‌കാരത്തില്‍ വ്യത്യസ്തതയുള്ളവര്‍ ഒരുമിച്ച് താമസിക്കുന്നു, ഒരു ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുന്നു, പരിശീലനം നേടുന്നു. അനുദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചാര്‍ട്ടെഴുതി സൂക്ഷിക്കുന്നു (Daily Reflection Chart). ചിട്ടയായ പരിശീലനത്തിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ പിന്നീട് ജീവിതത്തിലുടനീളം മിതത്വത്തിലും ചിട്ടയിലും ജീവിക്കാന്‍ പര്യാപ്തരാകുന്നു.

ഈ പരിശീലനത്തിനോട് സഭയുടെ കാഴ്ചപ്പാട്, സഭയ്ക്കു നല്‍കിയ സംഭാവന?

മിഷന്‍ രൂപതകള്‍ക്കും സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്രൊജക്ടിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ അനവധിയാണ്. മണിപ്പൂരിലെ മറാം എന്ന സ്ഥലം ഇന്ന് പ്രേഷിത തീക്ഷ്ണതയുള്ള ഇടമായി മാറ്റിയതില്‍ വലിയ പങ്ക് നമ്മുടെ ഫുള്‍ടൈമേഴ്‌സിനുണ്ട്. അതുപോലെ നിരവധി സ്ഥലങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഭയ്ക്ക് സാധിച്ചു. കേരളത്തിനു പുറത്തു നിന്നും ഫുള്‍ടൈമേഴ്‌സിനെ ആവശ്യപ്പെട്ട് ധാരാളം രൂപതാ അധ്യക്ഷന്മാര്‍ എല്ലാ വര്‍ഷവും കത്തുകള്‍ അയയ്ക്കുന്നുണ്ട്. സഭയുടെ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജീസസ് യൂത്ത് മുന്നേറ്റം നല്‍കുന്ന ഈ വലിയ സംഭാവനയെ സഭാ നേതൃത്വം വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. വിളവധികമുള്ള വയലേലകളില്‍ വിശ്വസ്തരായ വേലക്കാരാകുവാന്‍ നമ്മുടെ കുഞ്ഞു മിഷണറിമാര്‍ക്ക് സാധിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് പിതാക്കന്മാര്‍ നല്‍കുന്ന പരിഗണനയും സ്‌നേഹവുമൊക്കെ.

ദൈവവിളികളെക്കുറിച്ച്?

ഫുള്‍ടൈമേഴ്‌സ് ആയി ശുശ്രൂഷ ചെയ്തതില്‍ നിന്നും നൂറിലധികം വൈദികരും അന്‍പതോളം സമര്‍പ്പിതരും നാളിതു വരെ ഉണ്ടായി. കൂടാതെ, ജീസസ്‌യൂത്ത് ഇന്ത്യയുടെ മുന്‍ നാഷണല്‍ ആനിമേറ്ററും സത്യദീപത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. ചെറിയാന്‍ നേരേ വീട്ടില്‍, ഫാ. അജി മൂലേപ്പറമ്പില്‍ തുടങ്ങിയവര്‍ സെമിനാരിയിലെ റീജന്‍സി കാലയളവില്‍ ഫുള്‍ടൈമറായി പ്രവര്‍ത്തിച്ച് പിന്നീട് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ആണ്. വൈദിക സന്യസ്ത ദൈവവിളികളില്‍ പ്രവേശിച്ച ഇവരെല്ലാവരും ഇന്നും മുന്നേറ്റത്തിന്റെ എല്ലാ കാര്യങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.

അനുഗ്രഹത്തിന്റെ ജൂബിലി നിറവില്‍ നില്‍ക്കുമ്പോള്‍?

നന്ദി മാത്രം. യുവാവായ യേശുവിന്റെ പ്രേഷിത തീക്ഷ്ണതയില്‍ ഗുരു പഠിപ്പിച്ച സ്‌നേഹത്തിന്റെ കല്പനയനുസരിച്ച് ജീവിക്കുന്ന ധാരാളം യുവജനങ്ങള്‍ ഈ മുന്നേറ്റത്തിലൂടെ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് വളരട്ടെ എന്ന പ്രാര്‍ഥനയും.

കൂടിക്കാഴ്ച
എല്‍സീന ജോസഫ്‌

Share This:

Check Also

ചിരിയുടെ കുടപിടിച്ച് ലോകത്തെ നേടാം

ചിരിച്ചും ചിന്തിപ്പിച്ചും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ തീര്‍ത്ത് ക്രൈസ്തവ സഭയിലെ വലിയ തിരുമേനി ലോകത്തെ ആസ്വദിക്കുന്നു. നിറഞ്ഞമനസ്സും തുറന്നചിന്തയും ലോകത്തെ …

Powered by themekiller.com watchanimeonline.co