Wednesday , 24 April 2019
Home / Articles / യാക്കോബിന്റെ ഹൃദയത്തിലൂടെ ഒരു തീര്‍ഥയാത്ര

യാക്കോബിന്റെ ഹൃദയത്തിലൂടെ ഒരു തീര്‍ഥയാത്ര

മലയാള നോവല്‍ സാഹിത്യ ചരിത്രത്തിനു പൊന്‍ തൂവലായി എണ്ണപ്പെടേണ്ട ഒരു കൃതിയാണ്, പുരോഹിതനും പണ്ഡിതനുമായ ജേക്കബ് തെക്കേമുറിയച്ചന്റെ എലോഹീമിന്റെ പാദമുദ്രകള്‍ എന്ന പുസ്തകം. മലയാള നോവല്‍ ചരിത്രം മനോഹരങ്ങളായ നിരവധി സാഹിത്യ കൃതികളാല്‍ സമ്പന്നമെങ്കിലും അവിടെ അധികമൊന്നും കാണപ്പെടാത്ത ഒന്നാണ് ലോകത്തിലെ ഏറ്റവുമധികം വായിക്കപ്പെടുന്ന വി.ബൈബിളിലെ, പ്രത്യേകിച്ച് പഴയ നിയമ ഗ്രന്ഥങ്ങളിലെ ചരിത്ര പുരുഷന്മാരുടെ ഹൃദയത്തുടിപ്പുകളുടെ വാങ്മയ ചിത്രങ്ങള്‍. ഇതൊരു നിസ്സാരമായ ന്യൂനതയല്ല. കാരണം വിശ്വസാഹിത്യത്തിന്റെ അക്ഷയഖനിയായ ഒരു ഗ്രന്ഥമാണ് ബൈബിള്‍. ടോള്‍സ്റ്റോയിയിലും, കസന്‍ ദ് സാക്കീസിലും ഷേക്‌സ്പിയറിലും ജിബ്രാനിലുമെന്നല്ല, ഇക്കാലത്തെ ഏറ്റവുമധികം വായനക്കാര്‍ ലോകമെങ്ങുമുള്ള ആല്‍ക്കെമിസ്റ്റിന്റെ ഗ്രന്ഥകാരന്‍ പൗലോ കൊയ്‌ലോയുടെ എഴുത്തില്‍ പോലും നിറഞ്ഞു നില്‍ക്കുന്ന ബൈബിള്‍ ഗ്രന്ഥങ്ങളുടെ പ്രചോദനവും സ്വാധീനവും മലയാള സാഹിത്യത്തിന് ഒരര്‍ഥത്തില്‍ അന്യമായി തന്നെ തുടരുകയാണ്. ഇവിടെ ഒരു പുതിയ അധ്യായം തീര്‍ക്കുകയാണ് തെക്കെമുറിയച്ചന്റെ എലോഹീമിന്റെ പാദമുദ്രകള്‍. പുസ്തകത്തിന്റെ സ്വഭാവവും മനോഹാരിതയും വെളിവാക്കുന്ന രണ്ടാം ഭാഗത്തിലെ ഇരുപതാം അധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്: യാക്കോബിന്റെ ഹൃദയം തരളവും ദീപ്തവുമായി. സ്വപ്നവും യാഥാര്‍ഥ്യവും ഇഴ ചേര്‍ന്ന് ഏകീഭവിച്ചിരിക്കുന്നു. സ്വപ്നക്കാഴ്ചകളും അതോടൊപ്പം കേട്ട കാര്യങ്ങളും തന്റെ ആത്മാവിനെ അവര്‍ണനീയമായ ആനന്ദാഭൂതിയില്‍ ആമഗ്നമാക്കിയിരിക്കുന്നു. അതിന്റെ ആഴങ്ങള്‍ പോലും പ്രശോഭിതമായിരിക്കുന്നു.

സാഫല്യവും, യാത്രയുമെന്ന് രണ്ടായി പകുത്ത ഈ ഗ്രന്ഥം പൂര്‍വ പിതാവായ അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും ജീവിതങ്ങളെക്കാള്‍ ആഴത്തിലും വിസ്തൃതിയിലും യാക്കോബിന്റെ ഹൃദയത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയാണ്. ചരിത്രം നിറഞ്ഞു നില്‍ക്കുന്ന, ആത്മകഥയുടെ ഭാവാംശമുള്ള ഉത്തമമായ നോവല്‍ എന്ന് ഗ്രന്ഥപരിചയത്തില്‍ പ്രൊഫ. ഡോ. ഷെല്ലി നിരീക്ഷിക്കുന്നു. അവതാരികയില്‍ ഡോ. സിറിയക് തോമസ് ഗ്രന്ഥത്തെ എം.ടി.യുടെ ‘രണ്ടാമൂഴത്തോടും’ പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്നീ കൃതികളോടുമൊപ്പം ചേര്‍ത്തു നിറുത്തുന്നത് ഈ പുസ്തകത്തിന്റെ ആഴവും, വലുപ്പവും അത്ര വലുതായതിനാലാണ്.

‘ദൈവകൃപയിലാശ്രയിച്ച് അന്ത:പ്രജ്ഞയുടെ പ്രശാന്തതയില്‍ യോഗചിത്തനായി പ്രശ്‌നങ്ങളെ ധീരമായി അഭിമുഖീകരിച്ച് തരണം ചെയ്തുകൊണ്ടു മാത്രമേ മനുഷ്യന് സ്വജീവിതം വിജയകരമാക്കാനാവൂ’ എന്ന് ഇസ്രയേലിന്റെ ദൈവമായ എലോഹീം തനിക്ക് വെളിപ്പെടുത്തിയ വിജയമന്ത്രം യാക്കോബ് നമ്മോടും പറയുകയാണ്, ബൈബിള്‍ ബിംബങ്ങളുടെ സരള വ്യാഖ്യാനം നിറഞ്ഞു നില്‍ക്കുന്ന ഈ ഗ്രന്ഥത്തില്‍ ‘സ്‌നേഹം സ്‌നേഹിക്കപ്പെടുന്നില്ല’ എന്ന വി.ഫ്രാന്‍സിസിന്റെ വാക്കുകള്‍പോലെ വായന നമുക്കിടയില്‍ വല്ലാതെ കുറഞ്ഞുപോയ ഈ കാലഘട്ടത്തില്‍ ഈ ഗ്രന്ഥവും അവഗണിക്കപ്പെടുമോ? വായിക്കപ്പെടാതെ പോകുന്ന ഒരു പുസ്തകമായി മാറരുത് ഈ മനോഹരമായ പുസ്തകം. ക്രിസ്തീയ വിശ്വാസത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളില്‍ കോംപ്രമൈസുകളിലും, നൈമിഷികമായ പായസകോപ്പകളിലും കുരുങ്ങിക്കിടക്കുന്ന നമ്മുടെ ദുര്യോഗത്തെ എലോഹീമിന്റെ ജീവിതം തൊട്ടുണര്‍ത്തുക തന്നെ ചെയ്യും. വേദന, സഹനം, ഒറ്റപ്പെടല്‍ എന്നീ ചൂളകളില്‍ നിന്ന് ഇത്ര മനോഹരമായ ഒരു ഗ്രന്ഥം സമ്മാനിച്ച തെക്കേമുറിയച്ചന് അഭിനന്ദനങ്ങള്‍.

എല്‍വിന്‍ ജോര്‍ജ്‌

Share This:

Check Also

‘ചലോ’ വെറും കുട്ടിക്കളിയല്ല

ജീസസ് യൂത്ത് ടീന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ചലോ മധ്യപ്രദേശ്’ എന്ന മിഷന്‍ പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഒരു മാസം മുഴുവന്‍ …

Powered by themekiller.com watchanimeonline.co