Monday , 22 October 2018
Home / Articles / Vazhiyum Viliyum / ധനവും ദാനവും

ധനവും ദാനവും

ഒരിക്കല്‍ ഒരു യാചകന്‍ കൊട്ടാരത്തില്‍ എത്തി. അയാള്‍ ജ്ഞാനിയും വിവേകിയുമെന്ന് കണ്ട് പാറാവുകാര്‍ രാജാവിന്റെ അടുക്കലേക്ക് അയച്ചു. രാജാവില്‍ നിന്നും ഭിക്ഷയാചിക്കാനായി ചെല്ലുമ്പോള്‍ അദ്ദേഹം ദേവാലയത്തില്‍ പ്രാര്‍ഥിക്കുകയായിരുന്നു.

”ഓ.. എന്റെ ദൈവമേ അയല്‍രാജ്യം കീഴടക്കാന്‍ എന്നെ ശക്തനാക്കണമേ.. കൂടുതല്‍ സമ്പത്തും ഐശ്വര്യവും എനിക്ക് തരണമേ..” രാജാവിന്റെ പ്രാര്‍ഥന പുറത്തുനിന്നു കേട്ട ജ്ഞാനിയായ യാചകന്‍ ഭിക്ഷ ചോദിക്കാതെ തിരിച്ചുനടന്നു. പാറാവുകാരന്‍ യാചകനോട് ചോദിച്ചു: ”രാജാവ് എന്തൊക്കെ തന്നു?”. ”ഓ.. ഞാനൊന്നും ചോദിച്ചില്ല. കാരണം രാജാവ് എന്നേക്കാള്‍ ദരിദ്രനാണ്. അയാള്‍ ദൈവത്തോട് എല്ലാം എരന്നുകൊണ്ടിരിക്കുകയാണ്. തൃപ്തിയില്ലാത്ത, ഒന്നും തികയാത്തവനില്‍ നിന്ന് എന്തു ചോദിക്കാന്‍”?

അതേ! ചില ”ധനികര്‍” സത്യത്തില്‍ കൊടും ദാരിദ്ര്യത്തിലാണ്. അവരുടെ കൈയില്‍ ആകെയുള്ളത് പണം മാത്രമാണ്. സ്‌നേഹവും ആര്‍ദ്രതയും നന്‍മയും അവരുടെ കൈവശമുണ്ടെങ്കിലും അഥവാ പണമുള്ളപ്പോള്‍ മറ്റൊന്നും വേണ്ടായെന്നാണ് അവരുടെ ധാഷ്ട്യം. ഒരു പാവപ്പെട്ടവന്‍ ദൈവത്തോട് ചോദിച്ചു: ”ഞാന്‍ എന്തുകൊണ്ടാണ് ഇത്ര പാവപ്പെട്ടവന്‍ ആയത്”? ദൈവത്തിന്റെ മറുപടി:

”അതിന് ദാനം ചെയ്യാന്‍ നീ പഠിച്ചിട്ടില്ല..”

”പക്ഷേ ദാനം ചെയ്യാന്‍ എന്റെ കൈയില്‍ ഒന്നുമില്ലല്ലോ”

ദൈവം വാചാലനായി: ”നിന്റെ മുഖത്തിന് മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു പുഞ്ചിരി നല്‍കാന്‍ കഴിയും. നിന്റെ ചുണ്ടുകള്‍കൊണ്ട് മറ്റുള്ളവര്‍ക്ക് നല്ല വാക്കുകള്‍ കൊടുക്കാനാകും. ദുഖങ്ങളിലുംവേദനയിലും അവര്‍ക്ക് ആശ്വാസമാകുന്ന മധുരമായ വാക്കുകള്‍. നിന്റെ കൈകള്‍കൊണ്ട് ആശ്രയമില്ലാത്തവരുടെ കൈകള്‍ പിടിച്ച് സഹായിക്കുവാന്‍ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ നിന്റെ കൈയില്‍ ഒന്നുമില്ലെന്ന്.”

അയാള്‍ പറഞ്ഞു: ”ഞാന്‍ പാവപ്പെട്ടവനാണ്. എനിക്ക് തീര്‍ത്തും മനസ്സിലായില്ല.”

ദൈവം വിശദീകരിച്ചു: ”മറ്റുള്ളവരെനോക്കി പുഞ്ചിരിക്കുമ്പോള്‍ നീ ദാനം ചെയ്യുകയാണ്.  പണത്തേക്കാള്‍ മൂല്യമുള്ള സ്‌നേഹവും സന്തോഷവും സൗഹൃദവും പുഞ്ചിരിയിലൂടെ പകരുക.

മോശം വാക്കുകള്‍ പറയാതെ നല്ല വാക്കുകള്‍ നീ പറയുന്നുവെങ്കില്‍ നീ ദാനം ചെയ്യുകയാണ്. മറ്റൊരാള്‍ നിന്നോട് തെറ്റു ചെയ്താല്‍ പ്രതികാരം ചെയ്യാതെ അയാളോട് ക്ഷമിക്കുമ്പോള്‍ നീ ദാനം ചെയ്യുകയാണ്. ഒറ്റയ്ക്ക് വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട് നല്ല വാക്കുകള്‍ പറഞ്ഞ് നീ കൂട്ടിരുന്ന് അവര്‍ക്കത് ആശ്വാസമാകുമെങ്കില്‍ നീ ദാനം ചെയ്യുകയാണ്. നിന്റെ സമയം, നന്മപ്രവൃത്തി, സ്‌നേഹാര്‍ദ്രമായ വാക്കുകള്‍ എല്ലാം മൂല്യമുള്ളതാണ്.” അതിനാല്‍ ദാനം ചെയ്യുക. നീ ദരിദ്രനല്ലെന്ന് തിരിച്ചറിയുക.” ദൈവം പറഞ്ഞു നിര്‍ത്തി.

ജീവിത തിരക്കുകള്‍ക്കിടയില്‍ ദാനം ചെയ്യാന്‍ മറക്കുന്നവരാണധികവും. ധനം കൊടുത്ത് ആരെയും തൃപ്തരാക്കാനാവില്ല. എന്നാല്‍ ഒരധ്യാപകന്റെ യഥാര്‍ഥ സമ്പത്ത് എന്താണെന്നും നമ്മുടെ മുമ്പില്‍ എത്തുന്ന ‘ദരിദ്രരായ’ കുട്ടികള്‍ ആരെല്ലാമെന്നും നമുക്കറിയാം. വിദ്യാധനം ശ്രേഷ്ഠമാണ്. കുട്ടികളോടും രക്ഷിതാക്കളോടും കരുണയോടും സ്‌നേഹാര്‍ദ്രതയോടെയും പെരുമാറുക. സഭയുടെ പൊതുജീവിതത്തിന്റെ മുഖഛായ അല്മായരാണ്. എന്റെ വിശ്വാസത്തിന്റെ വിശ്വാസ്യതയാണ് എന്റെ ക്രിസ്തീയത. ഭക്തരെ ശക്തരാക്കുകന്നതിനും ശക്തരെ ഭക്തരാക്കുന്നതിനും എന്റെ ക്രിസ്തീയതകൊണ്ട് കഴിയട്ടെ .

ജേക്കബ് കോച്ചേരി

Share This:

Check Also

അമൃതും വിഷം

വളരെ ആഘോഷത്തോടെ നടന്ന വിവാഹം! വധൂവരന്മാരുടെ വേഷഭാവാദികളും ചേര്‍ച്ചയും കണ്ടപ്പോള്‍ മനസ്സ് കുളിര്‍ത്തുപോയി. താമസിയാതെ ഇരുവരും ജോലിസ്ഥലത്തേക്കു പോയി. ഒരു …

Powered by themekiller.com watchanimeonline.co