Thursday , 20 September 2018
Home / Interview / കളി കാര്യമാക്കിയ മാഷ്‌

കളി കാര്യമാക്കിയ മാഷ്‌

പോയിരുന്ന് പഠിക്ക് കുട്ടികളേ…” എന്നുപറഞ്ഞ് മീശ പിരിക്കുന്ന മാഷ്മാരെയാണ് കുട്ടികള്‍ക്ക് പരിചയം. ക്ലാസ്സ്മുറിക്കുറിക്കുള്ളില്‍ മര്യാദക്കിരുന്ന് പഠിക്കുന്ന വിദ്യാര്‍ഥിനികളെക്കൂടി മൈതാനത്തിന്റെ മനംമയക്കുന്ന സൗന്ദര്യത്തിലേക്ക് ആകര്‍ഷിച്ച് കളിമികവും ആരോഗ്യമികവും ഒത്തിണങ്ങുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വ്യത്യസ്തനായൊരു മാഷുണ്ട്. മധ്യകേരളത്തിലെ വിമന്‍സ് കോളേജുകളിലൊന്നായ ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജിലെ കായികവിഭാഗം മേധാവിയും അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുമായ ഡോ. സ്റ്റാലിന്‍ റാഫേല്‍. 1992 മുതല്‍ ജീസസ് യൂത്ത് മുന്നേറ്റത്തോടൊപ്പം നടക്കുന്ന, ഇരിങ്ങാല സോണിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററുമായ സ്റ്റാലിന്‍ മാഷ് ഭാര്യയും അധ്യാപികയുമായ രാജിയോടും മൂന്നുമക്കളോടുമൊപ്പം കെയ്‌റോസിനോട് സംസാരിക്കുന്നു:

കായികാധ്യാപകനാകാനുള്ള തിരുമാനത്തിനു പിന്നില്‍?

കായികമേഖലയില്‍ നിന്നുള്ള വരവു തന്നെയാണ് കായികാധ്യാപകനാകാനുള്ള തീരുമാനത്തിനു പിന്നില്‍. പഠിക്കുന്ന കാലം മുതല്‍ ഫുട്‌ബോള്‍ പ്ലെയര്‍ ആയിരുന്നു. കളിയോടുള്ള ഇഷ്ടംമൂലം അത് ഉപരിപഠനത്തിനുള്ള ഐശ്ചിക വിഷയമായി തിരഞ്ഞെടുത്തു.

ജീസസ് മുന്നേറ്റവുമായുള്ള അടുപ്പം തുടങ്ങുന്നത് എങ്ങനെയാണ്?

ചേച്ചിയും ചേട്ടനും ഞാനും ഞങ്ങള്‍ മൂന്നു മക്കളാണ് വീട്ടില്‍. ചേട്ടന്‍ സാജന്‍ വഴിയാണ് ഞങ്ങള്‍ രണ്ടുപേരും ജീസസ് യൂത്തിലേക്കു വരുന്നത്. (സാജന്‍ ഇന്ന് കുടുംബത്തോടൊപ്പം ഉഗാണ്ടണ്ടയില്‍ ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ഫുള്‍ടൈമറായി ശുശ്രൂഷ ചെയ്യുന്നു). ചെറുപ്പം മുതല്‍ അല്പം ഉള്‍വലിഞ്ഞ പ്രകൃതമാണ് എന്റേത്. ഒരു ഗ്രൂപ്പിനെ കോ-ഓര്‍ഡിനേറ്റു ചെയ്യുക, മറ്റുള്ളവരുടെ മുന്നില്‍ നിന്നും അവരെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിക്കുക എന്നതൊക്കെ അല്പം മടിയുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. മുന്നേറ്റത്തോടു അടുത്തുതുടങ്ങിയപ്പോള്‍ വിവിധതരത്തിലുള്ള ആള്‍ക്കാരെ കാണുന്നു, ഇടപഴകുന്നു, സംസാരിക്കുന്നു ഇങ്ങനെയൊക്കെ വന്നപ്പോള്‍ എന്റെ സ്വഭാവത്തിനുതന്നെ ആകെ മാറ്റം വന്നുതുടങ്ങി. ആളുകളോട്സംസാരിക്കാനും, കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, ആരെയും നോവിക്കാതെ ഇടപെടാനും, സംഘാടക മികവും ഒക്കെ എന്നില്‍ വളര്‍ത്തിയതില്‍ മുന്നേറ്റത്തിനുള്ള പങ്ക് ചെറുതല്ല.

ജീസസ് യൂത്തായുളള കായികാധ്യാപകന്‍, ഈ ജീവിതശൈലി പ്രൊഫഷനില്‍ എത്രത്തോളം സഹായകമായിട്ടുണ്ട്?

ജീസസ് യൂത്ത് എന്നുള്ളത് ജീവിതശൈലി ആയതുകൊണ്ടുതന്നെ മുന്നേറ്റത്തില്‍ നിന്നുംകിട്ടിയ ഓരോ കാര്യങ്ങളും എന്നിലെ വ്യക്തിത്വ വികാസത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വ്യക്തിപരമായ പ്രാര്‍ഥനയ്ക്ക് മുടക്കം വരാതെ ഓരോ ദിവസവും കടന്നുപോരുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ്. പിന്നെ വ്യക്തികളെ അവരായിരിക്കുന്ന സഹാചര്യം മനസ്സിലാക്കി അവരെ സ്‌നേഹിക്കുക, കുട്ടികളില്‍ ടീം സ്പിരിറ്റ് വളര്‍ത്തുക, ഒരു ടീം എന്ന നിലയില്‍ അവരെ ഏക ലക്ഷ്യത്തിലേയ്ക്ക് ട്രെയിന്‍ ചെയ്‌തെടുക്കുക, അതിലെല്ലാം ഉപരി ‘ടീം പ്രെയര്‍’ അവരെ പരിശീലിപ്പിച്ചു. കായിക പരിശീലനം നേടുന്ന കുട്ടികളെല്ലാം ഒന്നിച്ചുചേര്‍ന്ന് രാവിലെയും വൈകുന്നേരവും പരിശീലനത്തിനിറങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ ഒരുമിച്ചുനിന്ന് പ്രാര്‍ഥിക്കും. അതിനുശേഷമാണ് പരിശീലനം തുടങ്ങുന്നത്.

‘ടീം പ്രെയര്‍’ അവരെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?

2009-ല്‍ മൊറോക്കോയില്‍ വച്ചുനടന്ന സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ നമ്മുടെ രാജ്യത്തു നിന്നും ഞാന്‍ അവിടെ പോയിരുന്നു. അന്ന് അവിടെപ്രബന്ധം അവതരിപ്പിച്ചപ്പോള്‍ എന്റെ പ്രബന്ധവിഷയമാരുന്നു ‘ടീം ബില്‍ഡിംഗ് ലീഡര്‍ഷിപ്പ്, തുറന്ന സംഭാഷണം, കൂട്ടായ പ്രാര്‍ഥന’ എന്നത്. ഒരു ടീമിനെ നല്ല റിസള്‍ട്ട് തരുന്ന മികവുറ്റ സംഘമാക്കി മാറ്റുന്നതില്‍ ഈ മൂന്നു മേഖലയുടെ പങ്ക് ആഴമായ പഠനത്തിനൊടുവില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിഷയമാക്കി അവതരിപ്പിച്ചു. അന്നത്തെ പഠനത്തില്‍ നിന്നും എനിക്കു കിട്ടിയ ഉത്തരമാണ് ഇത്, കൂട്ടായ പ്രാര്‍ഥന ഒരു ടീമിനെ പോസിറ്റീവായി സ്വാധീനിക്കുമെന്നത്. ടീമിനെ മാത്രമല്ല ഓരോ കായികതാരത്തിന്റെയും വ്യക്തി ജീവിതത്തിലും സമൂഹജീവിതത്തിലും മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇത് വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രാര്‍ഥനയുടെ സമയത്ത് അവരവര്‍ വിശ്വസിക്കുന്ന ദൈവത്തോടാണവര്‍ തങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത്.

കളിയെ ‘വെറും കളി’ ആയിട്ടാണ് നമ്മുടെ സമൂഹം കാണുന്നത്.പുതു തലമുറയ്ക്ക് കായികരംഗത്തോടുള്ള ആഭിമുഖ്യം എപ്രകാരമാണ്?

കായികരംഗത്തെ ‘കളി’യായി മാത്രം കാണുന്ന സമൂഹം ഇതാദ്യമല്ല. എന്നാല്‍ കളിയില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്ന മാതാപിതാക്കളുടെ പ്രവണത കൂടിവരുന്നത് ഇക്കാലത്താണ് എന്നുമാത്രം. അതിനവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം സമൂഹത്തില്‍ അവര്‍ക്കുള്ള നിലയ്ക്കും വിലയ്ക്കുമനുസരിച്ച് മക്കളെയും വിദ്യാസമ്പന്നരും സ്ഥിരവരുമാനമുള്ള ഉയര്‍ന്ന ജോലിക്കാരായും കാണാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. കായികമേഖല കൊണ്ടുനടക്കുമ്പോള്‍   പഠനത്തില്‍ പിന്നോക്കം പോകുമെന്ന ഭയമാണ് ഇതിന്റെ മറ്റൊരു കാരണം. പിന്നെകുട്ടികളാണെങ്കിലും പണ്ടത്തെപ്പോലെയല്ല, ശാരീരികാധ്വാനത്തെ മടുപ്പോടെയാണവര്‍ കാണുന്നത്. ഫിറ്റ്‌നസ് ട്രെയിനിംഗുകള്‍ക്കോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നതിനോ അവര്‍ക്കും വലിയ താത്പര്യമില്ല.

പുതുതലമുറയുടെ ശാരീരികക്ഷമതയെക്കുറിച്ച്?

ജീവിതശൈലിയില്‍ വന്ന കാര്യമായ മാറ്റം മുഴുവന്‍ കുട്ടികളുടെയും ശാരീരിക ക്ഷമതയെ മോശമായിത്തന്നെയാണ് സ്വാധീനിച്ചിട്ടുള്ളത്. ആരോഗ്യമില്ലാത്ത തലമുറയാണ് ഇന്നത്തെ സമൂഹത്തില്‍ കാണാന്‍ കഴിയുന്നത് ഭക്ഷണം കഴിക്കാന്‍പോലും സമയമില്ലാത്തവര്‍ ഒരു വശത്ത്, മറ്റൊരു വിഭാഗം ധാരാളം ഭക്ഷണം കഴിക്കുന്നു. എന്നാല്‍ അവയത്രയും നാവിന് രുചി പകരുന്നതും ശരീരത്തിന് രോഗം നല്കുന്നതുമായ വിഭവങ്ങളാണെന്ന് മാത്രം.

കളിക്കൂട്ടത്തില്‍ പൊതുവെ കാണുന്നത് അടങ്ങാത്ത പോരാട്ടവീര്യമാണ്. പോരാട്ടവീര്യം വര്‍ധിക്കുമ്പോള്‍ മൈതാനത്തിലെ മര്യാദകള്‍പോലും മറക്കുന്നവര്‍ അനവധിയാണ്?

കായിക പിശീലനത്തിലേര്‍പ്പെടുന്ന വ്യക്തിയെ പോരാട്ടവീര്യമുള്ളവരാക്കി മാറ്റുന്നതിനാണ് പരിശീലകര്‍ ശ്രദ്ധിക്കുക. കാരണം മികച്ച പോരാട്ടത്തിനൊടുവിലാണ് മികച്ച വിജയങ്ങള്‍ ടീമിനെ തേടിയെത്തുന്നത് അതുകൊണ്ടണ്ടുതന്നെ കായികതാരങ്ങള്‍ പൊതുവേ പോരാട്ടവീര്യമുള്ളവരാ
യിരിക്കും. ഈ ‘വീര്യം’ അവരുടെ ജീവിതത്തിലെ മിക്ക തലങ്ങളിലും പ്രതിഫലിക്കുന്നത് സ്വാഭാവികം. എങ്കിലും നിരവധി താരങ്ങള്‍ കളിക്കളത്തിലെ പോരാട്ടവീര്യം യഥാര്‍ഥ കായിക വീര്യത്തിനുമപ്പുറം കടക്കാതെ നോക്കുന്നവരാണ്.

കളിക്കളത്തിന് അകത്തും പുറത്തുമുള്ള ജീവിതം നോക്കിയാല്‍ പുതുതലമുറയ്ക്ക് അനുകരിക്കാന്‍ തക്കവിധം ഉയര്‍ത്തി കാണിക്കാവുന്ന ഒരു കായികതാരത്തെ പറയാമോ?

ഏറ്റവും അനുയോജ്യമായ ഉദാഹരണം, സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല മുഴുവന്‍ ജനതയ്ക്കും സച്ചിന്‍ റോള്‍മോഡലാണ്.

പുതുതലമുറയോടും അധ്യാപകനെന്ന നിലയില്‍ മാതാപിതാക്കളോടും പറയാനുള്ളത്.

നമ്മുടെ കുട്ടികള്‍ കളിച്ചു വളരട്ടെ അത് മത്സരത്തിന് വേണ്ടിയല്ല. മറിച്ച് ആരോഗ്യത്തിനു വേണ്ടി ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിന്റെ പ്രതിഫലനമാണ്. മാനസികവും ശാരീരിവുമായി ആരോഗ്യമുള്ളവര്‍ക്കേ ആരോഗ്യമുളള തലമുറയെ സൃഷ്ടിക്കാന്‍ സാധിക്കൂ .

                                                                                                                                                            എല്‍സീനാ ജോസഫ്‌

Share This:

Check Also

ചിരിയുടെ കുടപിടിച്ച് ലോകത്തെ നേടാം

ചിരിച്ചും ചിന്തിപ്പിച്ചും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ തീര്‍ത്ത് ക്രൈസ്തവ സഭയിലെ വലിയ തിരുമേനി ലോകത്തെ ആസ്വദിക്കുന്നു. നിറഞ്ഞമനസ്സും തുറന്നചിന്തയും ലോകത്തെ …

Powered by themekiller.com watchanimeonline.co