Wednesday , 20 February 2019
Home / Cover Story / വിശ്വാസ വെളിച്ചത്തില്‍ കായികമേഖല

വിശ്വാസ വെളിച്ചത്തില്‍ കായികമേഖല

പ്രായഭേദമന്യേ നിരന്തരം ആവേശത്തിലാഴ്ത്തുന്ന കായിക മത്സരങ്ങളില്‍ പങ്കാളിയാവാനും കാഴ്ചക്കാരനാവാനും എല്ലാ യുവജനങ്ങളും എന്നും ഉത്സുകരാണ്. മെയ്ക്കരുത്തും ബുദ്ധി വൈഭവവും ഒന്നിച്ചുകൊണ്ടണ്ടുപോകുന്ന കായിക താരങ്ങള്‍ ദൈവവിശ്വാസത്തിലും ദൈവാശ്രയബോധത്തിനും എത്രത്തോളം പ്രാധാന്യം അവരവരുടെ ജീവിതത്തിലൂടെ നല്‍കുന്നുവെന്ന് ഒന്നു കണ്ണോടിക്കാം.

കായികതാരങ്ങള്‍ ശരീരത്തേയും മനസ്സിനെയും കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും പരിപോഷിപ്പിക്കുന്നതോടൊപ്പം ആത്മാവിനു വേണ്ട ആത്മീയ പരിപോഷണത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് അവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ലോകത്തിലെ മഹാത്മാരായ കായികതാരങ്ങളില്‍ ഒരുവനായ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി ദീര്‍ഘനാള്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായി നിലകൊള്ളുന്ന ജമൈക്കകാരന്‍ ഉസൈന്‍ ബോള്‍ട്ട് വലിയ ഒരു ക്രിസ്തീയ വിശ്വാസി ആണെന്നത് നമുക്ക് വലിയ പ്രചോദനമാണ്.

ഉസൈന്‍ ബോള്‍ട്ട് പറയുന്നതു കേള്‍ക്കുക: ”യേശുവിലുള്ള എന്റെ അടിയുറച്ച വിശ്വാസം വ്യക്തി ജീവിതത്തിലും വിജയങ്ങളിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മത്സരത്തിനു മുന്‍പും ശേഷവും ഞാന്‍ കുരിശടയാളം വരയ്ക്കാറുണ്ട്. അത് യേശുവിലുള്ള എന്റെ വിശ്വാസത്തിന്റെ പ്രകടനം ആണ്. മത്സരങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രാര്‍ഥിക്കാറുണ്ടണ്ട്, മത്സരങ്ങള്‍ക്കുശേഷം ഞാന്‍ നന്ദി പറയാറുമുണ്ട്. എന്നെ ഞാനാക്കിയതില്‍ ദൈവത്തിന്റെ പങ്ക് വലുതാണെന്ന് ഞാന്‍ എല്ലാ വേദിയിലും ഏറ്റു പറയാറുണ്ട്”.

ബോള്‍ട്ട് തന്റെ വിശ്വാസവും നന്ദിയും ഏറ്റ് പറയുന്ന മറ്റൊരു രീതി പലര്‍ക്കും അറിയാത്തതാണ് മത്സരങ്ങള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചേഷ്ട വളരെ പ്രശസ്തമാണ്. ഇടതുകൈ മുകളിലോട്ട് ഉയര്‍ത്തി പിടിച്ചിട്ടുള്ള ആ നില്‍പ് വളരെ ആകര്‍ഷകമാണ്. ഈ നില്പിന്റെ അര്‍ഥം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്., അദ്ദേഹത്തിന്റെ കഴുത്തില്‍ രണ്ട് ലോക്കറ്റ് ഉണ്ട്. മിറാക്കുലസ് മെഡല്‍ എന്നറിയപ്പെടുന്നു, ഒന്നു പരിശുദ്ധ മാതാവിന്റെയും രണ്ടാമത്തേത് തിരുഹൃദയത്തിന്റെയും. അദ്ദേഹത്തിന്റെ വലതു കൈയുടെ ചൂണ്ടുവിരല്‍ ചൂണ്ടുന്നത് ലോക്കറ്റിലേക്കും ഇടതു കൈയുടെ ചൂണ്ടുവിരല്‍ ചൂണ്ടുന്നത് സ്വര്‍ഗത്തിലേക്കും. പരിശുദ്ധ മാതാവിലൂടെ യേശുവിന് ഈ നേട്ടം സമര്‍പ്പിക്കുന്നു എന്നാണ് ഇതിന്റെ അര്‍ഥം വ്യക്തമാക്കുന്നത്.

ലോകം കണ്ട മഹാന്മാരായ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി അറിയപ്പെടുന്ന ലിയോണല്‍ മെസ്സി അദ്ദേഹത്തിന്റെ യേശുവിലുള്ള വിശ്വാസം ഏറ്റു പറയുന്നത് മുള്‍മുടി ധരിച്ച യേശുവിന്റെ മുഖം അദ്ദേഹത്തിന്റെ വലതു കൈയില്‍ ടാറ്റു ആയി ചിത്രീകരിച്ചുകൊണ്ടാണ്. കൂടാതെ ഓരോ ഗോളിനു ശേഷവും മുകളിലേക്ക് (സ്വര്‍ഗത്തിലോട്ട്) നോക്കി ദൈവത്തിന് നന്ദി പറയുന്നതും കാണാം.

ലോകപ്രശസ്ത ഫുട്‌ബോള്‍താരം ബ്രസീലുകാരന്‍ നെയ്മര്‍ ഉള്‍പ്പടെ ഒത്തിരി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ തങ്ങളുടെ ജേഴ്‌സിക്ക് താഴെയുള്ള ബനിയനില്‍ ‘ഐ ബിലോങ്ങ് ടു ജീസസ്’ എന്ന് എഴുതി വച്ചിട്ടുണ്ടണ്ടാകും. നേട്ടങ്ങള്‍ കൈവരുമ്പോള്‍ ജഴ്‌സി ഉയര്‍ത്തി പിടിച്ച് ബനിയനില്‍ എഴുതിയ ഈ വാചകം മറ്റുള്ളവരെ കാണിക്കുന്നത് അവരുടെ വിശ്വാസപ്രകടനമാണ്.

പത്മശ്രീ, ഖേല്‍ രത്‌ന, അര്‍ജുന തുടങ്ങിയ ശ്രേഷ്ഠ അവാര്‍ഡുകള്‍ നേടുകയും ഇന്ത്യയുടെ മാനം ലോകകായിക വേദികളില്‍ എന്നും കാത്തുസംരക്ഷിച്ചിട്ടുള്ള അഞ്ജു ബോബി ജോര്‍ജിന്റെ ദൈവവിശ്വാസ ശൈലി വേറിട്ടതാണ്. ദൈവവിശ്വാസം പ്രകടിപ്പിക്കുന്നതിനേക്കാളും ഇഷ്ടം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് എന്നാണ് അഞ്ജു പറയുന്നത്. ‘ഞാന്‍ മത്സരിക്കുന്ന കാലഘട്ടത്തില്‍ എന്റെ ഒപ്പം മത്സരിച്ചിരുന്ന ലോകതാരങ്ങള്‍ അനുവദനീയമല്ലാത്ത മരുന്നുകളുടെ സഹായത്തോടെ പ്രകടനം മെച്ചപ്പെടുത്തുന്നതായി എനിക്ക് അറിയാം. പക്ഷേ, എന്റെ സത്യസന്ധതയെ പ്രതി, ദൈവത്തെ പ്രതി നേരായ മാര്‍ഗത്തിലൂടെ മാത്രമേ ഞാന്‍ മത്സരിച്ചിട്ടുള്ളൂ. പ്രകടനം മെച്ചപ്പെടുത്തിയിട്ടുള്ളൂ. ഈ സത്യസന്ധതക്ക് ദൈവം നല്‍കിയ അനുഗ്രഹമാണ് 2005 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം. മത്സരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ലഭിച്ചത് വെങ്കല മെഡല്‍ ആയിരുന്നു പക്ഷേ 12 വര്‍ഷങ്ങള്‍ക്കുശേഷം IAAFപ്രഖ്യാപിച്ചു, സ്വര്‍ണവും, വെള്ളിയും നേടിയവര്‍ അനുവദനീയമല്ലാത്ത മരുന്നുകളുടെ സഹായത്തോടെയാണ് ഈ പ്രകടനം നടത്തിയത്, അവരെ അയോഗ്യരാക്കുകയും എനിക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും ചെയ്തു’. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏതെങ്കിലും ഒരു മെഡല്‍ ഇന്ത്യക്കുവേണ്ടി നേടിയ ഏക വ്യക്തി എന്ന നിലയില്‍ അഞ്ജു ബോബി ജോര്‍ജിനെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം.

റിയോ ഒളിംപിക്‌സില്‍ നീന്തല്‍ കുളത്തില്‍ നിന്ന് നാലു സ്വര്‍ണം കൈപിടിയില്‍ ഒതുക്കിയ കാറ്റി ലെഡെക്കി എന്ന പെണ്‍കുട്ടി പറയുന്നത് ‘എല്ലാ മത്സരങ്ങള്‍ക്കു മുമ്പും ഞാന്‍ പ്രാര്‍ഥിക്കും. പരിശുദ്ധ മറിയമേ… എന്ന മനോഹരമായ പ്രാര്‍ഥനയാണ് എനിക്കിഷ്ടം, ഈ പ്രാര്‍ഥന എന്റെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കാറുണ്ട്”. കാറ്റി അവകാശപ്പെടുന്നത് വേദോപദേശ പഠനം ജീവിതത്തിലും കായിക ജീവിതത്തിലും സഹായിച്ചിട്ടുണ്ട് എന്നാണ്. ഒളിംപിക്‌സില്‍ 23 സ്വര്‍ണം കരസ്ഥമാക്കി ലോക റെക്കോര്‍ഡിന് ഉടമയായ ഇതിഹാസ നീന്തല്‍ താരം 2012 ഏതന്‍സ് ഒളിംപിക്‌സിനു ശേഷം മദ്യപാനത്തിന് അടിമയായി രണ്ടു പ്രാവശ്യം മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടു. രണ്ടാമത്തെ അറസ്റ്റിനുശേഷം ജീവിതത്തോടുതന്നെ വിരക്തി അനുഭവപ്പെട്ടു എന്നാണ് ഫെല്‍പ്‌സ് എഴുതിയത്. റിഹാബിലിറ്റേഷന്‍ ചികിത്സക്കിടയില്‍ റിക്ക് വാരന്‍ എഴുതിയ ആത്മീയ പുസ്തകം ‘ദി പര്‍പ്പസ് ഡ്രിവന്‍ ലൈഫ്’ വായിക്കാനിടയായി. ഈ പുസ്തകം യേശുവിനെ കണ്ടുമുട്ടുന്നതിനും ജീവിതത്തില്‍ വലിയമാറ്റം ഉണ്ടാക്കുന്നതിനുംഇടയാക്കി. തുടര്‍ന്ന് പരിശീലനം ആരംഭിക്കുകയും റിയോ ഒളിംപിക്‌സില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കി. ഇത് കായിക താരങ്ങളില്‍ ചിലരുടെ മാത്രം ഉദാഹരണങ്ങള്‍ എത്രയോ സംഭവങ്ങള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും. നേട്ടങ്ങളില്‍ ലോകത്തിന്റെ ഔന്നത്യത്തില്‍ എത്തുമ്പോഴും തന്റെ കഴിവ് മാത്രമല്ല ദൈവത്തിന്റെ അനുഗ്രഹവും തന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് ഏറ്റുപറയാന്‍ മടികാണിക്കാത്ത നല്ല മാതൃക ഇവര്‍ കാണിച്ചു തരുന്നു.

(ലേഖകന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ആണ്)

ഡോ. സ്റ്റാലിന്‍ റാഫേല്‍

stalinraphel@gmail.com

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co