Thursday , 20 September 2018
Home / Featured Articles / നമ്മുടെ യുവജനങ്ങള്‍ നേരത്തെ വിവാഹിതരാകട്ടെ.

നമ്മുടെ യുവജനങ്ങള്‍ നേരത്തെ വിവാഹിതരാകട്ടെ.

”ആണ്‍കുട്ടികള്‍ 25 വയസ്സിനു മുമ്പും പെണ്‍കുട്ടികള്‍ 23 വയസ്സിനു മുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം നമ്മുടെ രൂപതയില്‍ ഒരു നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു”- മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, താമരശ്ശേരി രൂപതാ മെത്രാന്‍താമരശ്ശേരി രൂപതയുടെ എപ്പാര്‍ക്കിയല്‍ അസംബ്ലിക്കുശേഷം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിവാഹാപ്രായം സംബന്ധിച്ച് ഇത്ര ഗൗരവമായ നിര്‍ദേശം മുന്നോട്ടു വച്ചത്. ഈ നിര്‍ദേശം ഗൗരവമേറിയ നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ചെറുതായെങ്കിലും വിമര്‍ശനങ്ങള്‍ക്കും കാരണമായി. കുടുംബം, വിവാഹം എന്നീ വിഷയങ്ങളില്‍ പുതുതലമുറ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുമ്പോള്‍ ‘നേരത്തേ വിവാഹം’ എന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കാനുണ്ടായ സാഹചര്യവും പ്രാധാന്യവും മനസ്സിലാക്കേണ്ടതാണ്. രൂപതാ അസംബ്ലിയിലെ നിര്‍ദേശങ്ങളെപ്പറ്റിയും വിവാഹം-കുടുംബം എന്നീ വിഷയങ്ങളിലെ സഭാപരവും വ്യക്തിപരവുമായ കാഴ്ചപ്പാടുകളെക്കുറിച്ചും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കെയ്‌റോസിനോടു സംസാരിക്കുന്നു.

താമരശ്ശേരി രൂപതയുടെ എപ്പാര്‍ക്കിയല്‍ അസംബ്ലി ആണ്‍കുട്ടികള്‍ 25 വയസ്സിന് മുമ്പും
പെണ്‍കുട്ടികള്‍ 23 വയസ്സിനു മുമ്പും വിവാഹം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ടല്ലോ. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടു വയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?

സമീപകാലത്ത് സീറോ മലബാര്‍ സഭയില്‍ നടത്തിയ ഒരു സര്‍വേയിലെ ചില വെളിപ്പെടുത്തലുകള്‍ നമ്മുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. സീറോ മലബാര്‍ സഭയില്‍ മാത്രം 30 വയസ്സിന് മുകളില്‍ പ്രായമുള്ള ഏഴായിരത്തോളം യുവാക്കള്‍ അവിവാഹിതരാണ്. താമരശ്ശേരി രൂപതയില്‍ മാത്രം 1500 യുവതീ യുവാക്കള്‍ അവിവാഹിതരാണ്. ഇവരില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇനിയൊരു വിവാഹം എളുപ്പമല്ല. പഠനത്തിനുശേഷം അഥവാ നല്ലൊരു ജോലി നേടിയശേഷം വിവാഹം എന്നതാണ് മിക്കവരുടെയും കാഴ്ചപ്പാട്. പഠിക്കാന്‍ മോശമായ ആണ്‍കുട്ടികള്‍ കൃഷിയിലേക്കോ ചെറുതൊഴിലിലേക്കോ തിരിയുന്നു. പലപ്പോഴും ഇവര്‍ വിവാഹം
പതുക്കെ മതി എന്നു നിശ്ചയിക്കുന്നു. ആണ്‍കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോവുകയും
പെണ്‍കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടി മുന്നോട്ടു പോവുകയും ചെയ്യുന്ന സാഹചര്യങ്ങളും വിരളമല്ല. ഇത്തരം സാഹചര്യങ്ങള്‍ എല്ലാംതന്നെ വിവാഹപ്രായം വര്‍ധിക്കുന്നതിന് പ്രധാനകാരണങ്ങള്‍ ആണ്. ഈ സാഹചര്യങ്ങള്‍ അസംബ്ലിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഓരോ കൂട്ടായ്മയില്‍ നിന്നും, ഇടവകയില്‍ നിന്നും വന്ന നിര്‍ദേശമായിരുന്നു വിവാഹപ്രായത്തെ സംബന്ധിച്ചത്.ഇതാണ് അസംബ്ലിയില്‍ പൊതുവായ തീരുമാനമായി അഥവാ നിര്‍ദേശമായി മുന്നോട്ടു വച്ചത്.

നേരത്തെ വിവാഹം കഴിക്കണം എന്നുള്ള നിര്‍ദേശത്തിന്റെ സാമൂഹികവും സഭാപരവുമായ പ്രാധാന്യം?

യുവതീ യുവാക്കള്‍ അവിവാഹിതരായി നില്‍ക്കുന്നത് സമൂഹത്തിന്റെ അസ്തിത്വത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്. മറ്റൊരു പ്രധാനകാര്യം എല്ലാ ക്രൈസ്തവരിലും വിശ്വാസം വരുന്ന തലമുറയ്ക്ക് കൈമാറ്റം ചെയ്യുക എന്നൊരു വലിയ ദൗത്യം നിക്ഷിപ്തമാണ്. അവിവാഹിതര്‍ക്ക് ഈ ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കാതെ വരുന്നു. വൈകി വിവാഹം കഴിക്കുന്നത് കുഞ്ഞുങ്ങളുടെ ജനനത്തേയും ബാധിക്കുന്നു; പലപ്പോഴും വൈകിയുള്ള വിവാഹം കൂടുതല്‍ മക്കള്‍ ഉണ്ടാകുന്നതിന് തടസ്സമായി നില്‍ക്കുന്നു. ഇത് അടുത്ത ഒരു തലമുറയുടെ അഥവാ നമ്മുടെ സമൂഹത്തിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുന്നു. വിവാഹത്തെ ദൈവികമായിതന്നെ കാണാന്‍ സാധിക്കണം. വചനത്തില്‍ പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ അംഗസംഖ്യയില്‍ കുറവു വരരുത്, നിങ്ങള്‍ അംഗങ്ങളില്‍ വര്‍ധിച്ച് കഴിയുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രഹം
നല്‍കും”. അതിനാല്‍ ഇതൊരു ദൈവിക നിയമമാണ്. അതോടൊപ്പം മക്കള്‍ ജനിക്കാന്‍ പ്രകൃതിയും ഒരു സമയം നല്‍കിയിരിക്കുന്നു. ഇതു രണ്ടും നാം മാനിക്കേണ്ടതുണ്ട്.

വിവാഹ ജീവിതം എന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് മാത്രമാണെന്ന വിശ്വാസം ഇന്ന് യുവാക്കളുടെ ഇടയില്‍ ബലപ്പെടുന്നുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

വിവാഹം ഒരു കൂദാശയാണ്. അതൊരു ദൈവിക രഹസ്യമാണ്. ദൈവമാണ് രണ്ടു വ്യക്തികളെ
യോജിപ്പിക്കുന്നത്; അതുകൊണ്ട് ഇതൊരു ‘അഡ്ജസ്റ്റ്‌മെന്റ്’ അല്ല. എന്റെ ഒരു അനുഭവം
പങ്കുവയ്ക്കട്ടെ; പത്തുമക്കളുള്ള ഒരു കുടുംബത്തിലെ അപ്പച്ചനേയും അമ്മച്ചിയേയും                    പരിചയപ്പെടാനിടയായി. ഇവരുടെ മക്കളെ എനിക്ക് നേരെത്തെ പരിചയമുണ്ട്. അപ്പച്ചന്‍ രോഗിയായി ഹോസ്പിറ്റലില്‍ കിടന്ന സമയത്ത് മൂന്നുനാലുതവണ പ്രാര്‍ഥിക്കാനും അവരെ സന്ദര്‍ശിക്കാനും ഞാന്‍ പോയിരുന്നു. ഞാന്‍ പോയ സമയത്തെല്ലാം സഹായത്തിനായി മക്കളുടെകൂടെ എണ്‍പതു വയസ്സുള്ള അമ്മച്ചിയേയും കാണാനിടയായി. മക്കള്‍ കൂടെ ഉണ്ടായിട്ടും ഹോസ്പിറ്റലില്‍ അമ്മച്ചി വന്നു നില്‍ക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അപ്പച്ചനെ പിരിഞ്ഞിരിക്കാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു അമ്മച്ചിയുടെ മറുപടി. ഈ പ്രായത്തിലും ഒരു മാസത്തോളം ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കൂടെ നില്‍ക്കുന്ന ഈ അമ്മയെ കാണുമ്പോള്‍ വിവാഹം അഡ്ജസ്റ്റ്‌മെന്റാണെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക. വിശ്വാസമില്ലാത്തവരെ അങ്ങനെ പറയൂ. പ്രാര്‍ഥനാനുഭവമുള്ള വ്യക്തികള്‍ക്ക് ഇങ്ങനെ ഒരിക്കലും പറയാന്‍ സാധിക്കുകയില്ല. വിവാഹജീവിതം ഒരു ബലിയര്‍പ്പണമാണ്; അല്ലാതെ അഡ്ജസ്റ്റ്‌മെന്റല്ല!

ഇന്ന് കൗമാരപ്രായം മുതല്‍ ഗേള്‍ഫ്രണ്ടണ്ട്, ബോയ്ഫ്രണ്ട് ബന്ധങ്ങള്‍ സര്‍വസാധാരണമാണ്. ഇതിനെ എങ്ങനെ നോക്കി കാണുന്നു?

ചെറുപ്രായത്തില്‍ ഇത്തരം ബന്ധങ്ങളിലൂടെ കടന്നുപോകുന്നത് അവിവേകമാണ്; ഈ കാലഘട്ടത്തില്‍ അവര്‍ക്ക് തിരിച്ചറിവാകുന്നില്ല എന്നതാണ് സത്യം. ഒരിക്കല്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വളരെ നിഷ്‌ക്കളങ്കയായി ക്ലാസ്സില്‍ അവള്‍ക്കു മാത്രമെ ബോയ്ഫ്രണ്ട് ഇല്ലാത്തതായി ഉള്ളൂ എന്നു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഇത്തരം പ്രവണതകള്‍ അധ:പതനത്തിലേയ്‌ക്കേ നയിക്കൂ. ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. നമ്മുടെ നാട്ടില്‍ പതിനെട്ടു വയസ്സിനു താഴെയുള്ള ഒരാള്‍ കുറ്റം ചെയ്താല്‍, അത് കുറ്റകൃത്യമല്ലല്ലോ. അവര്‍ക്ക് വ്യത്യസ്ത നിയമമല്ലേ. തിരിച്ചറിവും വൈകാരിക പക്വതയും ആകാത്ത പ്രായത്തിലുള്ള ഇത്തരം പ്രവണതകള്‍ ഒരിക്കലും നന്മയിലേയ്ക്ക് നയിക്കുകയില്ല.

യുവതീ യുവാക്കള്‍ ജീവിതപങ്കാളിയെ സ്വയം കണ്ടെണ്ടത്തുന്ന രീതി ഇന്ന് കൂടി വരുന്നു. ഈ സാ
ഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുന്ന രീതിയോട് പൂര്‍ണമായി യോജിക്കുവാന്‍ എനിക്കാ
വില്ല, എന്നാല്‍ പക്വതയെത്തിയ ശേഷം മാതാപിതാക്കളുടെ സമ്മതത്തോടും അറിവോടുംകൂടി ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് തെറ്റില്ല. വിവാഹത്തിനു മുമ്പ് രണ്ടുപേരും പരസ്പരം
കൂടുതല്‍ മനസ്സിലാക്കേണ്ടണ്ടതുണ്ട്. അതുപോലെ തന്നെ നമ്മുടെ കുടുംബ-സാമൂഹിക വ്യവസ്ഥിതികളെ മാനിക്കുകയും വേണം.

അറേഞ്ച്ഡ് മാര്യേജ് ആണെങ്കില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ ചെറുക്കന്റെയും പെണ്ണിന്റെയും സ്വഭാവത്തേക്കാള്‍ സാമ്പത്തികവും ജോലിയും മുഖ്യ മാനദണ്ഡങ്ങളാകുന്നില്ലേ?ഉദാഹരണത്തിന് വിദേശത്ത് ജോലിയുള്ളവര്‍ക്ക് മുന്‍ഗണനയെന്നത് വിവാഹ പരസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന വാചകം?

ഈ പ്രവണതയോട് എനിക്ക് പൂര്‍ണമായും യോജിക്കാനാവില്ല. ജോലിസ്ഥിരതയും പണവും എല്ലാം
ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്, പക്ഷേ അതിന് ഒന്നാം സ്ഥാനം കൊടുക്കേണ്ടതില്ല. ഓരോ വ്യക്തിയും അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പങ്കാളിയെ കണ്ടെത്തുന്നത് നല്ലതുതന്നെ. പക്ഷേ, ഭൗതികമായ കാര്യങ്ങളെക്കാള്‍ പ്രാര്‍ഥനയിലാണ് കുടുംബങ്ങള്‍ വളരേണ്ടത്. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബങ്ങള്‍ വളരുന്നു. ഇത്തരത്തിലൊരു കാഴ്ചപ്പാടോടെയാണ് രൂപതയില്‍ എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കുന്ന ദമ്പതികളെ ഫൊറോനാ തലത്തില്‍ ഒരുമിച്ച് ചേര്‍ത്തതും പ്രോത്സാഹിപ്പിച്ചതും.

കേരളത്തിലെ കാര്യമെടുത്താല്‍ പൊതുവേ ചെലവേറുന്നതും അത്യാര്‍ഭാടമാകുന്നതും ക്രിസ്ത്യന്‍ വിവാഹങ്ങളാണ്. ഇതു നിര്‍ബന്ധമായും നിയന്ത്രിക്കേണ്ട തിന്മയല്ലേ?

ആര്‍ഭാടവും ധൂര്‍ത്തും വലിയൊരു തിന്മയാണ്.അത് ക്രിസ്ത്യാനിക്ക് ചേര്‍ന്നതല്ല. അതുപോലെ,
വിവാഹം ഒരു കൂദാശയാണ്; പരിശുദ്ധ വിവാഹം ((Holy Matrimony)) എന്നാണ് നാം വിളിക്കുന്നത്. ഇതൊരു Social Event അല്ല. ഇവന്റ് മാനേജുമെന്റുകാര്‍ നടത്തേണ്ടതുമല്ല. ചിയര്‍ ഗേള്‍സ്, കിടന്നും പറന്നും ഫോട്ടോ എടുക്കുന്ന രീതികള്‍ എന്നിവയെല്ലാം വിവാഹത്തിന്റെ കൗദാശിക ഭാവത്തേയും ഗൗരവത്തേയും ഇല്ലാതാക്കുന്നതാണ്. അനാവശ്യമായി പണം ധൂര്‍ത്തടിക്കുന്നവര്‍ക്ക് ലാസറിനുനേരെ കണ്ണടച്ച ധനവാന്റെ അവസ്ഥയാണ് വരാനിരിക്കുന്നതെന്ന് ഓര്‍ക്കണം. സഭയുടെ നാഥന്‍ ദാരിദ്ര്യത്തില്‍ ജനിച്ച്, ദാരിദ്ര്യത്തില്‍ ജീവിച്ച്, ദാരിദ്ര്യത്തില്‍ തന്നെ മരിക്കുകയായിരുന്നു എന്ന കാര്യം മറക്കരുത്.

ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനു കൂടുതല്‍
സ്വീകാര്യതയുണ്ട്. വലിയവിപ്ലവമാണെന്ന പ്രചാരണവുമുണ്ട്. എങ്ങനെ പ്രതികരിക്കുന്നു?

സ്വന്തം ഗോത്രത്തില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാവൂ, എന്ന് പഴയ നിയമത്തില്‍ പഠിപ്പിക്കുന്നു. അന്യമതസ്ഥരില്‍നിന്ന് വിവാഹം കഴിക്കുമ്പോള്‍ അവരുടെ ആചാരവും വിശ്വാസവും നാം സ്വീകരിക്കേണ്ടിവരും. ചിലപ്പോള്‍ ഇതൊരു ‘”Compromising’-ല്‍ ഒതുങ്ങും. ഈ രീതി യഥാര്‍ഥത്തില്‍ ഏകദൈവവിശ്വാസത്തിന് എതിരായി തീരുന്നു. ഇതിനെ ദൈവകല്പനയുടെ ലംഘനമായി കാണണം. ഇത്തരം വിവാഹങ്ങള്‍ വ്യക്തികളുടെയും അവരുടെ മക്കളുടെയും
വിശ്വാസജീവിതത്തെ ബാധിക്കുന്നു. മാതാപിതാക്കള്‍ ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളത് ആശ്വാസകരമാണ്.

വിവാഹം, ലൈംഗികത, കുടുംബജീവിതം, പേരന്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ ബോധനം നമ്മുടെ യുവാക്കള്‍ക്ക് ഇക്കാലത്ത് ലഭിക്കേണ്ടതല്ലേ? ഇക്കാര്യ
ത്തില്‍ മാതാപിതാക്കള്‍ക്ക് എന്തുചെയ്യാനാകും?

വളരെയധികം പ്രസക്തമായ ഒരു ചോദ്യമാണിത്. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല പരിശീലനം യുവാക്കള്‍ക്ക് ആവശ്യമാണ്. അതില്‍ മാതാപിതാക്കളുടെ പങ്ക് നിര്‍ണായകമാണ്. മക്കള്‍ക്ക് ജന്മം നല്‍കാനും അവരെ വിശ്വാസത്തില്‍ വളര്‍ത്താനുമുള്ള വലിയൊരു ഉത്തരവാദിത്വം മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്. പലപ്പോഴും മക്കളുടെ ഭൗതിക വളര്‍ച്ചയില്‍ മാത്രമാകുന്നു മാതാപിതാക്കളുടെ ശ്രദ്ധ. മക്കളുടെ ആത്മീയ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പ്രത്യേകിച്ച് ജീവന്റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് നല്ല അവബോധം ഉണ്ടാകണം. അത് മക്കള്‍ക്ക് കൈമാറണം. ജീവനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ തടയണം. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ അപ്പസ്‌തോലിക പ്രബോധനമായ ‘മനുഷ്യ ജീവനി’ല്‍ ഊന്നി പറഞ്ഞത് ജീവന്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചും ജീവനെതിരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുമായിരുന്നു. അന്നത്തെ പുരോഗമന യൂറോപ്യന്‍ സംസ്‌കാരം അതിനെ പുച്ഛിച്ചു തള്ളി. ഇന്നത്തെ യൂറോപ്യന്‍ ജനതയുടെ കുടുംബ-സാമൂഹിക അവസ്ഥ നോക്കൂ, എത്ര ശോചനീയം! ഇപ്രകാരം ജീവന്റെ പ്രാധാന്യത്തെക്കുറിച്ചും മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ചും ജീവിതത്തിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനെക്കുറിച്ചുമെല്ലാം മാതാപിതാക്കള്‍ മക്കള്‍ക്ക് അറിവു പകര്‍ന്നുകൊടുക്കണം. ഇതിനായി മാതാപിതാക്കളെ പരിശീലിപ്പിക്കേണ്ടതുണ്ട്. പലപ്പോഴും മക്കളുടെ കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മാതാപിതാക്കളുടെ ഒരു തലോടലും സ്‌നേഹപൂര്‍ണമായ ഇടപെടലും മക്കള്‍ക്ക് വലിയൊരു ആശ്വാസമാകുന്നു.

അവസാനമായി വിവാഹപ്രായത്തെ സംബന്ധിച്ച് ഒരു ചോദ്യം കൂടി- അസംബ്ലിയിലെഏറ്റവും ശക്തമായ നിര്‍ദേശം വിവാഹപ്രായത്തെ സംബന്ധിച്ചതാണല്ലോ നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ ഈ നിര്‍ദേശത്തിന്റെ പ്രായോഗികത എങ്ങനെയാണ്?

ഭൗതികമായി ചിന്തിച്ചാല്‍ നമ്മുടെ മുമ്പില്‍ നിരവധി വെല്ലുവിളികള്‍ കാണാം. പക്ഷേ, ഇതിനെ വിശ്വാസത്തിന്റെ കണ്ണിലൂടെ കാണാന്‍ സാധിക്കണം. ഒരു കുടുംബം രൂപപ്പെടുത്തുന്നതും പുതിയ തലമുറയെ വിശ്വാസത്തില്‍ വളര്‍ത്തുന്നതും വലിയ ദൈവിക ദൗത്യമാണ്. അതുകൊണ്ട് വെല്ലുവിളികള്‍ നിറഞ്ഞ ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ ഇതൊരു പ്രവാചകദൗത്യമായി നാം ഓരോരുത്തരും സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം .

റെജി കരോട്ട് & അരുണ്‍ ആന്റണി

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co