Thursday , 20 September 2018
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

വിചിത്രമായ ആശുപത്രിലോകം

ഇക്കഴിഞ്ഞ ഫെബ്രുവരി13-ന് ദേശീയ ഔഷധ വില നിര്‍ണയസമിതി (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി) നടത്തിയ പ്രഖ്യാപനം മെഡിക്കല്‍ രംഗത്തെ അധാര്‍മികമായ വാണിജ്യപ്രവണതകളെ വ്യക്തമാക്കുന്നതായിരുന്നു. ഹൃദയധമനികളില്‍ ഘടിപ്പിക്കുന്ന സ്റ്റെന്റിന് ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില മാത്രമേ ഈടാക്കാവൂ എന്നതായിരുന്നു അത്. വിലയെ സംബന്ധിച്ച് അറിയുമ്പോഴാണ് ജനം കണ്ണു മിഴിക്കുന്നത്. 23,500 രൂപ മുതല്‍ ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില ഇനിമുതല്‍ 7,200 രൂപയ്ക്കു നല്കണം. 55,000രൂപ മുതല്‍ 1.90 ലക്ഷം വരെ വില ഈടാക്കിയിരുന്ന ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകളും ബയോ ഡീ ഗ്രേഡബിള്‍ സ്റ്റെന്റുകളും ഇനി 29,600 രൂപയ്ക്കും വില്ക്കണം. ഇങ്ങനെ വിറ്റാലും ലാഭം ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മേഖലയില്‍ നടന്ന കൊള്ള എത്ര ഗൗരവമേറിയതായിരുന്നു!

ദേശീയ ഔഷധ വിലനിര്‍ണയ സമിതിയുടെ തീരുമാനം വന്നതിനു പിറ്റേന്നുതന്നെ ഏറ്റവും മികച്ച
സ്റ്റെന്റുകള്‍ വിതരണം ചെയ്യുന്ന അബോട്ട് ഫാര്‍മ എന്ന കമ്പനി തങ്ങളുടെ ഉത്പന്നങ്ങള്‍ ആശുപത്രികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി. സാധാരണ മെറ്റല്‍ സ്റ്റെന്റുകള്‍ ധമനിയിലെ തടസ്സം മാറ്റി മറ്റൊരു കുഴല്‍പോലെ പ്രവര്‍ത്തിക്കുകയാണു ചെയ്യുന്നത്.
ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകള്‍ മരുന്നുള്ളതായതിനാല്‍ ധമനിയിലെ തടസ്സത്തെ അലിയിച്ചുകളയും. എന്നാല്‍ ബയോ ഡീ ഗ്രേഡബിള്‍ സ്റ്റെന്റ് ആണെങ്കില്‍ തടസ്സം മാറിയാല്‍ സ്വയം അലിഞ്ഞ്
ഇല്ലാതാകുന്നവയാണ്. ഇത്തരം സ്റ്റെന്റുകള്‍ 1.9 ലക്ഷം രൂപയ്ക്കാണ് വില്ക്കുന്നത്. പുതിയ
നിയമപ്രകാരം വിലകുറച്ച് സ്റ്റെന്റു വില്ക്കാന്‍ വിദേശകമ്പനികള്‍ തയ്യാറാവുകയില്ല. ഇപ്പോള്‍ 60 ശതമാനത്തോളമാണ് അവരുടെ വിഹിതം. അവര്‍ പിന്മാറിയാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയൊരു വാണിജ്യ അവസരമാണ് കൈവരുന്നത്. രാജ്യത്ത് ശരാശരി നാലു ലക്ഷം ആന്‍ജിയോപ്ലാസ്റ്റികള്‍ നടക്കുന്നുണ്ടെന്നാണ് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ കണക്കു കൂട്ടുമ്പോള്‍ ഏകദേശം അഞ്ചുലക്ഷം സ്റ്റെന്റുകള്‍
വേണം. വിലകൂടിയ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകളാണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്.

ഇപ്പോഴത്തെ പരമാവധി വില്പന വില കണക്കാക്കിയാല്‍ 1,480 കോടി രൂപയുടെ കച്ചവടം നടക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം കൊള്ളലാഭം എടുത്തുവിറ്റതിനാല്‍ 7,000 കോടി രൂപയുടെ കച്ചവടം നടന്നുവെന്നു കണക്കുകൂട്ടലില്‍ മനസ്സിലാകും. യഥാര്‍ഥത്തില്‍ അതില്‍ 5,000 കോടി രൂപ ആ വിധത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടണ്ട്. കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത് ഹൃദയചികിത്സയ്ക്കാണ്. ഇതില്‍ നല്ലൊരു പങ്ക് സ്റ്റെന്റു വാങ്ങാനും ഉപയോഗിച്ചു.

മരുന്നു കമ്പനിക്കാരും വിതരണക്കാരും ആശുപത്രിക്കാരും മാത്രം പറയുന്നതുകേട്ടു വിശ്വസിക്കുന്ന മണ്ടന്‍മാരായി നാം മാറരുത്. സത്യത്തെ എന്നും മൂടിവയ്ക്കാന്‍ കഴിയുകയില്ല. മുന്‍പൊ
രിക്കല്‍ ഈ പംക്തിയില്‍ സ്റ്റെന്റിന്റെ നിര്‍മാണച്ചെലവ് വളരെ കുറവാണെന്നും കൊള്ളലാഭം എടുക്കുന്നുണ്ടെന്നും എഴുതിയപ്പോള്‍ ആക്ഷേപമുന്നയിച്ചവരുണ്ട്. അനീതി കാണുമ്പോള്‍ അതു വിധിയെന്നു കരുതി സഹിക്കാന്‍ മാത്രമല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിനെതിരേ പോരാടാനും നമുക്കു കഴിയണം. പ്രവാചകന്മാര്‍ കാണിച്ചുതന്ന മാതൃക അതാണ്. അധികാരികളോടു പോരാടിത്തന്നെയാണ് ഈശോ മരണമേറ്റുവാങ്ങിയതും.

സമ്പത്തു ചെലവഴിക്കാന്‍   വഴി കാണാതെ                                                                                                                                                                                                                                                                                                                                  1965-കളില്‍ അരിക്ഷാമം കൊടുമ്പിരി കൊള്ളുന്നകാലം. ഒരു കിലോ അരിക്കുവേണ്ടി കിലോമീറ്ററുകള്‍ നടന്നവരുണ്ട്. റേഷന്‍കടയില്‍ കിട്ടുന്ന അമേരിക്കന്‍ പശപ്പച്ചരിപോലും ആര്‍ത്തിയോടെ കഴിച്ചവരുണ്ട്. ചോറു വെന്തുകഴിഞ്ഞാല്‍ പശപോലെ ഒട്ടിച്ചേര്‍ന്നിരിക്കുമായിരുന്നു. നിവൃത്തികേടുകൊണ്ടാണ് പലരും അതൊക്കെ അന്ന് അകത്താക്കിയത്. അത് അന്നത്തെക്കാലം. ഇന്ന് കേരളം വിരുന്നുകളുടെയും ഊട്ടു നേര്‍ച്ചകളുടെയും നാടാണ്. എങ്ങോട്ടു തിരിഞ്ഞാലും സദ്യമാത്രം. വിവാഹം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വിളിക്കാതിരുന്നെങ്കില്‍ എന്നു പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. കാരണം, മിക്കവാറും എന്നും സദ്യ തന്നെയാണ്. ഇതു മനസ്സിലാകണമെങ്കില്‍ 1960-70 കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാകണം. അന്ന്
കല്യാണം പോലെയുള്ള ചടങ്ങുകള്‍ക്ക് ആര്‍ത്തിയോടെ കാത്തിരിക്കുന്നവരുണ്ടായിരുന്നു.

ഭക്ഷണകാര്യത്തില്‍ സമൃദ്ധിയില്‍ നാം ജീവിക്കുമ്പോള്‍ തിന്നുതീര്‍ക്കാനാവാതെ പലപ്പോഴും ആയാസപ്പെടുമ്പോള്‍, ഭക്ഷണക്കുറവിനാല്‍ മരണപ്പെടുന്ന കുഞ്ഞുങ്ങള്‍ അധികം അകലെയല്ലാതെ ഉണ്ടെന്ന കാര്യം മറക്കരുത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ മല്‍ഘാട്ട് എന്ന സ്ഥലം ആദിവാസി ഗ്രാമങ്ങള്‍ നിറഞ്ഞതാണ്. അവിടത്തെ ധര്‍ണി, ചിക്കല്‍ധാര എന്നീ താലൂക്കുകളില്‍ കഴിഞ്ഞ എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആറായിരത്തോളം കുഞ്ഞുങ്ങളും അമ്മമാരും പോഷകാഹാരക്കുറവിനാല്‍ മരണപ്പെടുകയുണ്ടായി. പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കുപോകുന്ന അമ്മമാരാണ് അവിടെയുള്ളത്. വൈകുന്നേരംവരെ വിശന്നു കരയുന്ന കുട്ടികള്‍. ഇത്തരം ദൃശ്യങ്ങളൊന്നും മലയാളികള്‍ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. കൊട്ടാരം പോലുള്ള ഭവനങ്ങളുണ്ടാക്കുന്നവരും ചെറിയൊരു ചടങ്ങിനുപോലും ജനസഞ്ചയത്തെ വിളിച്ച് സദ്യ നല്കുന്നവരും ഇത്തരം സേവനമേഖലകളെ മറക്കരുത്. വിശന്നുകരയുന്ന ഓരോ കുഞ്ഞിന്റെയും നിലവിളി നെഞ്ചിനെ കുത്തിപ്പിളര്‍ക്കണം. സുഭിക്ഷതയില്‍ നന്ദി പറഞ്ഞുകൊണ്ട് ഹാലേലൂയ പാടി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായി മാറിയെന്നു ധരിച്ചുവശായി തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയായെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. വിശിഷ്ട വിഭവങ്ങളുടെ ആസ്വാദ്യഗന്ധത്തില്‍ ഇടവിടാതെ ചെകിടിച്ചിരിക്കുമ്പോഴും വിശപ്പിനാല്‍ കത്തുന്ന കുഞ്ഞുങ്ങളുടെ കുടലിന്റെ എരിയുന്ന ഗന്ധം വേദനയോടെ നുകരാനും നമ്മുടെ നാസികകള്‍ ഇനിയും തുറന്നു പിടിക്കണം.

ഇറോം ശര്‍മിളയോടു ചെയ്തതു ശരിയോ?

തന്റെ ജനതയ്ക്കുവേണ്ടി സമാനതകളില്ലാത്ത പോരാട്ടം. പതിനാറു വര്‍ഷത്തെ നിരാഹാരസമരം. യൗവനം മുഴുവന്‍ ബലികഴിക്കപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇത്രയധികം ത്യാഗമനുഭവിച്ച ഒരു വ്യക്തിയെ എത്രമാത്രം ആദരവോടെ ആയിരിക്കും ഒരുദേശം പ്രതിഷ്ഠിക്കുന്നത്? അവര്‍ ആ ദേശത്തിന്റെ പിതാവായി/മാതാവായി മാറേണ്ടതാണ്. മണിപ്പൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്കു ലഭിച്ച വോട്ട് വെറും 90. താന്‍ ആര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചുവോ അവര്‍ കാണിച്ച നന്ദി പ്രകടനം! ജനാധിപത്യത്തിനു കളങ്കമാണിത്. അവരോട് ഇത്രയും തിരസ്‌കരണം ഒരു നാട് ചെയ്യരുതായിരുന്നു. കുറ്റവാളികളും അഴിമതിക്കാരും മാഫിയാബന്ധമുളളവരും വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ യൗവനത്തിന്റെ ഏറ്റവും നല്ല ഭാഗം ജനങ്ങള്‍ക്കുവേണ്ടി പോരാടാന്‍ വിട്ടുകൊടുത്ത ഒരു വ്യക്തിയോട് ഇത്രയും വേണ്ടിയിരുന്നില്ല.

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി …

Powered by themekiller.com watchanimeonline.co