Thursday , 20 September 2018
Home / Featured Articles / സ്വര്‍ഗത്തിലെ പാസ്‌പോര്‍ട്ട്‌

സ്വര്‍ഗത്തിലെ പാസ്‌പോര്‍ട്ട്‌

ഓശാന ഞായറാഴ്ച പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ പള്ളിയുടെ പുറത്തെ മരച്ചുവട്ടിലിരുന്ന് കുരുത്തോലയില്‍ ചിത്രരൂപങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. പിന്നീടുള്ള ഒരു ദിവസം അവനെ തരത്തിന് കിട്ടി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ‘ന്യൂജെന്‍’ കുട്ടിയെ നിരീക്ഷിച്ചു. കാതില്‍ കടുക്കന്‍, കാലില്‍ കറുത്തചരട്. ഫ്രീക്കന്‍ തലമുടി. അതില്‍ കൂടുതല്‍ ഭയപ്പെടുത്തിയത് അവന്റെ കഴുത്തില്‍ തൂങ്ങിയാടുന്ന സാത്താന്റെ ചിഹ്നമുള്ള ലോക്കറ്റ് കണ്ടിട്ടാണ്.

പള്ളിയും മതാത്മക കാര്യങ്ങളും തികഞ്ഞ പുച്ഛമാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പള്ളിയിലെത്തുന്നു എന്നതൊഴിച്ചാല്‍ ഈശ്വരവിശ്വാസം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ആ കുട്ടിയോടും അവന്റെ മാതാപിതാക്കളോടും സഹതാപം തോന്നി. ദൈവഛായയില്‍ ജനിച്ച കുഞ്ഞില്‍ നിന്നും വളര്‍ന്നു വലുതായപ്പോള്‍ ആ ഛായ മാറി സാത്താന്യ ശൈലിയിലേയ്ക്കു മാറുന്ന വികൃത പരിണാമം.

ഒരിക്കല്‍ ഒരു യുവജന കൂട്ടായ്മയില്‍, ഈശോ വിശുദ്ധ കുര്‍ബാനയില്‍ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞപ്പോള്‍ 10% കുട്ടികളേ കൈയുയര്‍ത്തിയുള്ളൂ.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുട്ടികളില്‍ മതാത്മകതയുടെയും ഈശ്വര ചൈതന്യത്തിന്റെയും അംശം കുറഞ്ഞുപോയിരിക്കുന്നു. സ്വര്‍ഗത്തിന്റെ പാസ്‌പോര്‍ട്ടുമായി ഭൂമിയില്‍ സഞ്ചരിക്കേണ്ട പുതുതലമുറ എത്തിച്ചേരുന്നതോ!

തത്ത്വജ്ഞാനിയും നിരീശ്വരനും പ്രഭാഷകനുമായിരുന്ന വോള്‍ട്ടയര്‍ ‘ഈശ്വരനില്ലയെന്ന്’ ഓടിനടന്ന് പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ അദ്ദേഹം വലിയ നിരാശയിലായിരുന്നു. മരണദിനങ്ങളില്‍ അദ്ദേഹം ഭയാക്രാന്തനായി കാണപ്പെട്ടു. ‘നീ ഇവിടെയും! എനിക്കു നാശം’ എന്ന് അലറിക്കൊണ്ട് അട്ടഹസിച്ചു. ഒരു നായയെപ്പോലെ കുരച്ചുചാടി. അകാരണമായി ഭയപ്പെട്ടു. അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്ന നഴ്‌സ് പിന്നീട് പറഞ്ഞു: ഞാന്‍ അത്യധികം ഭയപ്പെട്ട ദിനങ്ങളായിരുന്നു അത്. ഒരു ലക്ഷം പൗണ്ട് (80 ലക്ഷം രൂപ) തരാമെന്ന് പറഞ്ഞാലും ഇതു പോലൊരു നിരീശ്വരന്റെ മരണസമയത്ത് കൂടെ നില്‍ക്കില്ല.

പുതു തലമുറയില്‍ ഈശ്വരചിന്ത കുറയാനുള്ള കാരണങ്ങള്‍ പലതാണ്. ജീവിത സാഹചര്യങ്ങള്‍, മാതാപിതാക്കളുടെ വിശ്വാസം, സുഹൃത്തുക്കള്‍, നവ മാധ്യമങ്ങളുടെ സ്വാധീനം അങ്ങനെ പലതും.. പലതും..

‘യഥാ, സംസ്‌കാര: തഥോ ജീവിതന’- നമ്മള്‍ ആര്‍ജിച്ച സംസ്‌കാരത്തിനനുസരിച്ചാണ് നമ്മുടെ ജീവിതവും. ഇന്ന് ഇന്റര്‍നെറ്റ്, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് വഴിയൊക്കെ കുട്ടികള്‍ക്ക് ലഭിക്കുന്ന അറിവുകള്‍ ശരിയായ അറിവുകളല്ല; അത്തരം അറിവുകള്‍ കുട്ടികളുടെ മൂല്യബോധത്തെയും സംസ്‌കാരത്തെയും, വാസനകളെയും കീഴ്‌മേല്‍ മറിക്കുന്നതും കാണാം.

പെന്‍ഗ്വിന്‍ പക്ഷി രണ്ടു മാസം അടയിരുന്നാണ് തന്റെ കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ആണും പെണ്ണും മാറിമാറിയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കും. ഓരോ അധ്യാപകനും കുഞ്ഞുങ്ങളുടെമേല്‍ അടയിരിക്കാന്‍ എത്രയോ നാളുകള്‍ ലഭിക്കുന്നുണ്ട്. ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളേക്കാള്‍ നാടന്‍കോഴി അടയിരുന്ന് വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നു രക്ഷനേടാനും അതിജീവന ക്ഷമതയുള്ളതുമായി നാം കാണാറുണ്ട്. ഓരോ ക്ലാസ്സിലും നന്മയുടെ, മൂല്യങ്ങളുടെ ദൈവികതയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ കഴിയണം. അധ്യാപകന്‍ ജീവിതം പകരുന്നതോടൊപ്പം ജീവിക്കാന്‍ കൂടി പഠിപ്പിക്കുകയാണ്. വിഷയമേതായാലും വിഷമേല്‍ക്കാതെ എങ്ങനെ ജീവിക്കണമെന്ന ജീവിതപാഠങ്ങള്‍ നല്‍കുന്നവയാകണം ഓരോ ദിനങ്ങളും.

സ്വര്‍ഗം ചുംബിച്ച കാലുകളാണ് നമ്മുടേത്. ഓരോ മുഷ്യന്റെയും അമൂല്യതയും   അപാരതയുംകണ്ടറിഞ്ഞ് ദൈവം നമ്മെ സ്‌നേഹിക്കുന്നു. ആല്‍ബേര്‍ കാമു പറയുന്നു: ”സ്വന്തമായുള്ളതെല്ലാം ഇന്നിന് കൊടുക്കാവുന്നതാണ് നാളെയോട് ചെയ്യാവുന്ന ഏറ്റവും വലിയ ഔദാര്യം”

സാഹചര്യങ്ങളല്ല മനുഷ്യനെ മാറ്റുന്നത്; മനോഭാവങ്ങളാണ്. ഉറച്ചബോധ്യങ്ങളും ഉന്നതമായ ജീവിതസമീപനങ്ങളും കുട്ടികളില്‍ നെയ്‌തെടുക്കുക. ഓരോ കുഞ്ഞും ഒരത്ഭുതമാണ്. നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും ഓരോ അത്ഭുതമാണ്. അതു കാണാന്‍ കഴിയാത്തവിധം, നമ്മെ അന്ധരാക്കാന്‍ വാച്ചിനെയോ കലണ്ടണ്ടറിനെയോ അനുവദിക്കരുതെന്നു മാത്രം .      jacob kechery

                                                                 ജേക്കബ് കോച്ചേരി

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co