Tuesday , 11 December 2018
Home / Anubhavam / ഭൂമിയില്‍ സ്വര്‍ഗം പണിയുന്നവരാകണ്ടേ?

ഭൂമിയില്‍ സ്വര്‍ഗം പണിയുന്നവരാകണ്ടേ?

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ആവുന്നത്ര പണം സമ്പാദിച്ച് സ്വന്തം കുടുംബത്തിലെ നില ഭദ്രമാമാക്കുക എന്ന ലക്ഷ്യത്തോടുകൂടെ ഈ ഊഷര ഭൂമിയിലെത്തുന്നവര്‍ കുറവല്ല. ആവശ്യത്തിനു വിശ്രമമില്ലാതെ, ഭക്ഷണംപോലും വേണ്ടവിധം കഴിക്കാതെ കഠിനാധ്വാനം ചെയ്യുന്നവരെ ഇവിടെ ധാരാളമായി കണ്ടിട്ടുണ്ട്. ഇനി സമയം നീക്കിയിരിപ്പുള്ള ചിലര്‍ അത് വിനോദത്തിനു നല്‍കി ആത്മീയതയ്ക്ക് ബാക്കിയൊന്നും വയ്ക്കാത്തവരുമുണ്ട്. എങ്കിലും യൗവനത്തില്‍ സൃഷ്ടാവിനെ മഹത്വപ്പെടുത്താന്‍ തന്റെ സമ്പാദ്യവും സമയവും കഴിവുകളും മടികൂടാതെ പകുത്തു നല്‍കുന്നവരും കുറവല്ല എന്നത് സന്തോഷവും പ്രതീക്ഷയും ഉളവാക്കുന്നതാണ്. പലപ്പോഴും അവരുടെ അര്‍പ്പണ മനോഭാവം നമ്മുടെ മുന്‍വിധികള്‍ക്കും അപ്പുറത്തായിരിക്കും.

ഈ അടുത്തകാലത്ത് ഒരു യൂത്ത് എന്നെ ഫോണില്‍ വിളിച്ച് മറ്റൊരു വ്യക്തി നേരിടുന്നസാമ്പത്തിക പ്രശ്‌നം അവതരിപ്പിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന്ഒരു തുക എല്ലാ മാസവും ശേഖരിച്ച് നല്‍കാമെന്ന് കരുതുകയാണ്. എന്റെ അഭിപ്രായം അറിയാനാണ് എന്നോടിത് പറഞ്ഞത്. തത്കാലം വേണ്ടെന്ന് മാത്രമേ ഞാനദ്ദേഹത്തോട് പറഞ്ഞുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളും എനിക്ക് നല്ലപോലെ അറിയാമായിരുന്നു. സഹോദര തുല്യനായ ഒരു സുഹൃത്തിനെ സഹായിച്ചതുമൂലം കടക്കെണിയിലായതാണ്. ബാധ്യത ലഘൂകരിക്കാനുള്ള വഴികള്‍ ആലോചിക്കുകയും പല ശ്രമങ്ങള്‍ ഞങ്ങളൊരുമിച്ച് നടത്തുകയും ചെയ്തിട്ടുള്ളതുമാണ്. എങ്കിലും മുകളില്‍ പറഞ്ഞ രീതിയിലുള്ള സഹായത്തിന് പച്ചക്കൊടി കാട്ടാന്‍ എനിക്കായില്ല. അതിന് ഒരു കാരണം, താങ്ങാവുന്നതിലും മേലെയല്ല ബാധ്യത എന്നതും ദൈവം മറ്റൊരു വഴി തുറന്നുതരും എന്ന വിശ്വാസവുമായിരുന്നു. മറ്റൊന്ന്, റീജനല്‍ ടീമിന്റെ ഉത്തരവാദിത്വത്തില്‍ നില്‍ക്കുന്ന ഒരാളോടുള്ള അമിതമായ സ്‌നേഹാവേശത്തില്‍ നമ്മള്‍ ചെയ്യുന്നത് പിന്നീട് തെറ്റായൊരു പാഠമാകാനുള്ള സാധ്യതയുമായിരുന്നു.

മാസങ്ങള്‍ക്കുശേഷം എന്റെ ഒരു സുഹൃത്തിന്റെ ഓഫീസിലേയ്ക്ക് പാര്‍ട്ട് ടൈം ക്ലാര്‍ക്കിന്റെ ഒഴിവ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍, ഞാനാദ്യം ചോദിച്ചത് ഈ യുവാവിനോടായിരുന്നു. സാമ്പത്തിക ക്ലേശത്തിന്റെ നടുവിലും ഈ യുവാവ് എന്നോട് പറഞ്ഞത് ”വേണ്ട ചേട്ടാ, അതില്‍ നിന്നും കിട്ടുന്ന പണം എനിക്കീ അവസ്ഥയില്‍ വലിയ ആശ്വാസമാകും. എന്നാലും വി. കുര്‍ബാനയുംനമ്മുടെ മീറ്റിംഗുകളും പാടെ ഒഴിവാക്കിക്കൊണ്ട് സമ്പാദ്യം കൂട്ടിയിട്ട് എന്താണ് കാര്യം? അതും തമ്പുരാന്‍ എന്നെ വിശ്വസിച്ചേല്പിച്ച ഉത്തരവാദിത്വങ്ങള്‍ മറന്നുകൊണ്ട്.” പിന്നീട് ഈ യുവാവ് മറ്റൊരാളെ കൂട്ടായ്മയില്‍ നിന്നുതന്നെ കണ്ടെത്തുകയും ആ ജോലിക്കായി പറഞ്ഞയക്കുകയും ചെയ്തു.

തമ്പുരാനെ പ്രതി വിട്ടുകൊടുക്കാനും അത്യാവശ്യത്തില്‍ കൂടുതലുള്ളത് വേണ്ടായെന്ന് പറയാനും കഷ്ടപ്പാടുകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അത് നല്ല മനസ്സോടെ സ്വീകരിക്കാനും നന്മയ്ക്കാണെന്ന് മനസ്സിലാക്കാനും നമുക്കു കഴിയുമ്പോള്‍ നാം ഭൂമിയില്‍ സ്വര്‍ഗം പണിയുന്നവരാകും. ഓരോ ദിവസവും കര്‍ത്താവിന്റെ സ്‌നേഹം പുതിയതാണെന്ന് നമുക്ക് തിരിച്ചറിയാനുമാകും .

പയസ്സ് തലക്കോട്ടൂര്‍, ഒമാന്‍

Share This:

Check Also

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് …

Powered by themekiller.com watchanimeonline.co