Thursday , 20 September 2018
Home / Articles / Vartha Vicharam / കുട്ടികളുടെ റിയാലിറ്റിഷോകള്‍ വരുത്തിവച്ച സംസ്‌കാരിക അപചയങ്ങള്‍

കുട്ടികളുടെ റിയാലിറ്റിഷോകള്‍ വരുത്തിവച്ച സംസ്‌കാരിക അപചയങ്ങള്‍

കുട്ടികളുടെ റിയാലിറ്റിഷോകള്‍ വരുത്തിവച്ച സംസ്‌കാരിക അപചയങ്ങള്‍

ഒരു പ്രായത്തിലുള്ളവരും തങ്ങളുടെ വരുതിയില്‍ നിന്ന് പുറംതള്ളപ്പെടാന്‍ ഇടയാകരുതെന്നു കരുതി ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ പരിപാടികളുമായി ചാനലുകാര്‍ മത്സരിക്കുകയാണ്. 2010-നു ശേഷമാണ് കുട്ടികളെയും കൈയിലെടുക്കാന്‍ ചാനലുകാര്‍ ഉദ്യമം ആരംഭിച്ചത്. അതിനുവേണ്ടി ആദ്യമായി കുട്ടികളുടെ റിയാലിറ്റിഷോകള്‍ തുടങ്ങി. വിവിധ തരത്തിലുള്ള സംഗീതധാരകള്‍ക്കനുസരിച്ച് വേഗത്തിലുള്ള നൃത്തമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. വിവധതരത്തിലുള്ള സംഗീത രീതികളിലേയ്ക്ക് വേഗത്തില്‍ നൃത്തം ചെയ്ത് അവര്‍ കഴിവു പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ വേഷങ്ങളും അഴിച്ചെറിയുന്നു. ഉദാഹരണമായി നാടന്‍ സംഗീതത്തില്‍ നൃത്തം ചെയ്തിരുന്ന വ്യക്തി പാശ്ചാത്യ സംഗീതത്തിലേയ്ക്കു മാറുമ്പോള്‍ അതിനു യോജ്യമായ വിധത്തില്‍ വസ്ത്രങ്ങളും അഴിച്ചെറിയാന്‍ മടി കാണിച്ചിരുന്നില്ല. ഇങ്ങനെ ചെയ്യുന്നതില്‍ മാതാപിതാക്കള്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, ഈ കാഴ്ചകള്‍ കാണുന്ന കുട്ടികളില്‍ മറ്റുചില ചിന്തകള്‍ രൂപപ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ ജീവിതത്തിന്റെ ഭാഗമായി അവരുടെ ഉള്ളില്‍ നിറഞ്ഞു. പിന്നീട് ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ കൗമാരത്തിലേയ്ക്കു കയറിയ കുട്ടികളുടെ റിയാലിറ്റിഷോകള്‍ അരങ്ങുതകര്‍ത്തു. സാധാരണ സിനിമയില്‍ പോലും കാണാത്തവിധം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൊറിയോഗ്രാഫര്‍മാരുടെ ഭാവനയ്‌ക്കൊത്ത് അരങ്ങു നിറഞ്ഞാടി. പലതും സഭ്യതയുടെ അതിരുകള്‍ തകര്‍ക്കുന്നതായിരുന്നു. ഇത്രയും ഇഴുകിച്ചേര്‍ന്നുള്ള ശാരീരിക പ്രകടനങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നടത്തണമോയെന്ന് ചില ജഡ്ജിമാര്‍ക്കെങ്കിലും അഭിപ്രായം പറയേണ്ടിവന്നു. കുഞ്ഞുങ്ങളെ അര്‍ഥമറിയാതെ ഓരോ വിധത്തില്‍ കളി നടത്തുമ്പോള്‍ അവര്‍ വലുതാകുമ്പോള്‍ അതിനെക്കാളേറെ പ്രകടനം നടത്താന്‍ അവരുടെ മനസ്സു പ്രേരിപ്പിക്കും. കാഴ്ചക്കാരിലും കടന്നുവരുന്നത് ഈ പ്രവണത തന്നെയാണ്. ആണ്‍പെണ്‍ അതിര്‍വരമ്പുകളെ ഇല്ലാതാക്കിയാല്‍ സ്വതന്ത്രരതിയിലേക്കുള്ള ഒരു കുതിച്ചുചാട്ടത്തിന് അത് ആക്കം കൂട്ടും. ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് സമൂഹത്തെ എത്തിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്നവര്‍ നമ്മുടെയിടയിലുണ്ടെന്ന് നാം തിരിച്ചറിയണം.

ഓരോ ചാനലുകളും അവതരിപ്പിക്കുന്ന പുതിയ പരിപാടികള്‍ക്കു പിന്നില്‍ എന്തെങ്കിലും വിപണിസാധ്യതകളോ ധാര്‍മികപ്രശ്‌നങ്ങളോ മറഞ്ഞിരിപ്പുണ്ടാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എത്ര അനായാസമാണ് കുഞ്ഞുങ്ങളുടെ ഭക്ഷണരീതികളെ മാറ്റിമറിച്ചത്? പുതുതലമുറയെ ജങ്ക്ഫുഡുകള്‍ക്ക് അടിപ്പെടുത്തിയതില്‍ ചാനലുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പരമ്പരാഗതമായി തുടര്‍ന്നുപോന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലത്തെ മാറ്റിമറിക്കുമ്പോള്‍ കൃത്രിമ ഭക്ഷ്യോത്പാദകര്‍ക്കും, തുടര്‍ന്ന് രോഗങ്ങള്‍ കടന്നുവരുമ്പോള്‍ മരുന്നു കമ്പനികള്‍ക്കും അത് കൊയ്ത്ത് ആകുന്നു.

എന്തിനും പോരുന്ന സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടുള്ള സീരിയലുകള്‍ കുടുംബങ്ങളില്‍ ഇന്ന് അനേകം തകര്‍ച്ചകള്‍ക്ക് കാരണമാകുന്നുണ്ട്. മുതിര്‍ന്നവരോടു ചേര്‍ന്ന് പല കുഞ്ഞുങ്ങളും ഇതിന്റെയൊക്കെ ഉപഭോക്കളാകുന്നുവെന്നത് വരാനുള്ള ദുരന്തത്തിന്റെ മുന്നോടിയാണ്. ഒരു ചെറിയഗണത്തെ മാറ്റി നിറുത്തിയാല്‍ ഉത്തരവാദിത്വവും ജാഗ്രതയും ഇല്ലാതെ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന ചാനല്‍ പരിപാടികളെ നെഞ്ചേറ്റുന്നവര്‍ സമൂഹത്തിന്റെ ധാര്‍മികാധ:പതനത്തിനു കൂട്ടു നില്‍ക്കുകയാണു ചെയ്യുന്നത് 2172-ാം ലക്കം കലാകൗമുദിയില്‍ മന:ശാസ്ത്രജ്ഞനായ ഡോ. ആര്‍. ജയപ്രകാശ് എഴുതിയ ലേഖനം കാലിക പ്രസക്തി ഉള്ളതാണ്.

കാനഡയും കേരളവും തമ്മില്‍

ലോകത്തിലെ ഏഴാമത്തെ സന്തുഷ്ട രാജ്യവും മൂന്നാമത്തെ മികച്ച രാജ്യവുമായ കാനഡയും കേരളവും തമ്മില്‍ ഒരു താരതമ്യപഠനം നടത്തുന്നത് രസാവഹമായി തോന്നി. വലുപ്പത്തില്‍ ഒരുപാടു വ്യത്യസ്തമാണെങ്കിലും ജനസംഖ്യയില്‍ ഏതാണ്ട് തുല്യമാണ്. ഏതു പദവിയിലുള്ളവരും ഒരേ സ്റ്റൈലിലുള്ള ഭവനമാണ് കാനഡയില്‍ നിര്‍മിച്ചിരിക്കുന്നത്. വീടുകള്‍ തമ്മില്‍ മതില്‍ കെട്ടി വേര്‍തിരിക്കലില്ല. ഇവിടെ ഒരാള്‍ ഭവനം പണിയാന്‍ നോക്കുമ്പോള്‍ ആദ്യം അയല്‍ക്കാരന്റെ വീടിനേക്കാള്‍ വ്യത്യസ്തമാക്കാന്‍ അഥവാ വലുപ്പം കൂട്ടാന്‍ ശ്രമിക്കും. വീടു പണിയുന്നതിനേക്കാള്‍ മുമ്പ് മതില്‍ കെട്ടിയിരിക്കുംതാനും. ഇവിടെ ഏറ്റവും പുതിയ കാറുകള്‍ സ്വന്തമാക്കാന്‍ ഇടത്തരക്കാര്‍ മത്സരിക്കുമ്പോള്‍ കാനഡയില്‍ കോടീശ്വരന്മാര്‍പോലും എണ്‍പതുകളിലെ വാഹനമാണ് ഉപയോഗിക്കുന്നത്.

മികച്ച രീതിയിലുള്ള റോഡുകളാണ് കാനഡയില്‍ പണിതിരിക്കുന്നത്. അതിനാല്‍ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യേണ്ട ആവശ്യം വളരെക്കുറവ്. കേരളത്തില്‍ മിക്ക റോഡുകള്‍ക്കും ആയുസ്സ് ഏതാനുംമാസങ്ങളാണ്. അവിടെ റോഡു സൈഡില്‍ പരസ്യങ്ങള്‍ വിരളമാണ്. കേരളത്തില്‍ ഇതിന്റെ ആധിക്യത്തെപ്പറ്റി ചിന്തിക്കുമ്പോഴാണ് മനുഷ്യന്റെ സ്വഭാവത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്നത്. മാധ്യമങ്ങളില്‍ അതിരുവിട്ട നിഷേധവാര്‍ത്തകളോ സെന്‍സേഷണല്‍ വാര്‍ത്തകളോ കുറവായിരിക്കും. ആറുമീറ്റര്‍ അകലെയുള്ള കടയില്‍പോയി ഉപ്പുവാങ്ങാന്‍ പോലും ബൈക്കു ഉപയോഗിക്കുന്നവരാണ് ഇവിടെയധികവും. എന്നാല്‍ കാനഡയില്‍ വ്യായാമത്തിനായി സൈക്കിള്‍ സവാരി നടത്തുന്നവരാണ് കൂടുതലും. അതും ഹെല്‍മറ്റ് ഉപയോഗിച്ചു കൊണ്ടാണുതാനും. ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് അധ്യാപകര്‍ക്കും പിന്നെ പോലീസിനും അഗ്നിശമന സേനാനികള്‍ക്കുമാണ്. ഒരു കുട്ടി സ്‌കൂളില്‍ വന്നില്ലെങ്കില്‍ അധ്യാപകന്‍ വീട്ടില്‍ വിളിച്ച് കാരണം അന്വേഷിച്ചിരിക്കും. സത്യസന്ധത, അര്‍പ്പണബോധം, ആത്മാര്‍ഥത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് ജനങ്ങള്‍.

ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കുന്നവരാണെന്ന മിഥ്യാഭിമാനം നാം പുലര്‍ത്തുന്നു. ‘ഠ’വട്ടത്തിലിരുന്ന് ലോകത്തെ മുഴുവന്‍ വിമര്‍ശിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ലോകനേതാക്കന്മാരെവരെ പഠിപ്പിക്കുകയും വിരട്ടുകയും ചെയ്യുന്നു. ആധികാരികമായി ഏതു വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്നു! എന്നാല്‍, നാം ഇനിയും എത്രമാത്രം മാറേണ്ടതുണ്ട്. സമ്പന്നരാജ്യങ്ങളെ പഴിച്ചും വിപ്ലവം പറഞ്ഞും കടുകട്ടിയായ ആശയവാദങ്ങളില്‍ രമിച്ചും ജീവിതം പാഴാക്കുന്നവരാണോ നാം? ഏപ്രില്‍ 23-ലെ സണ്‍ഡേ ദീപികയില്‍ കാനഡയെക്കുറിച്ചുള്ള ലേഖനം സ്വയം വിലയിരുത്താന്‍ പ്രേരണയായി  .

 sunസണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി …

Powered by themekiller.com watchanimeonline.co