Thursday , 20 September 2018
Home / Editorial / വിവേകപൂര്‍വം ഉപയോഗിക്കാം

വിവേകപൂര്‍വം ഉപയോഗിക്കാം

അതിവേഗത്തിലോ അമിതവേഗത്തിലോ ഉള്ള വളര്‍ച്ചയാണ് സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍-വിവര സാങ്കേതികവിദ്യയുടെ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് അതിവേഗം പുതിയവ പഴയതാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഒരു ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ കിട്ടാന്‍ 7-8 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിയിരുന്ന കാലത്തിന്റെ ഓര്‍മകള്‍ ഇന്നത്തെ 50 വയസ്സുകാര്‍ക്കെങ്കിലും ഉണ്ടാകും. പക്ഷേ, ഇന്നിപ്പോള്‍ രാജ്യാന്തര തലത്തിലുള്ള വീഡിയോ കോളുകള്‍പോലും വളരെകുറഞ്ഞ ചിലവിലോ പ്രത്യേകിച്ച് ചിലവൊന്നുമില്ലാതെയോ നടത്താം. മൊബൈല്‍ഫോണും ലാപ്‌ടോപ്കമ്പ്യൂട്ടറും ടാബുകളുമൊക്കെ എല്ലാവരുടെയും സന്തതസഹചാരിയായി മാറിയിരിക്കുന്നു. പ്രായമായവര്‍ക്കുപോലും തങ്ങളുടെ ദൂരെയുള്ള മക്കളോടും കൊച്ചുമക്കളോടും സംവദിക്കാന്‍ മേല്‍പറഞ്ഞതൊക്കെ അത്യാവശ്യമായിരിക്കുന്നു.

ആദ്യമുണ്ടണ്ടാക്കിയ കമ്പ്യൂട്ടറിന് വലിയൊരു സ്‌കൂള്‍ കെട്ടിടത്തിന്റെ വലിപ്പമുണ്ടായിരുന്നത്രേ. അത്രയും വലുതായിരുന്ന കമ്പ്യൂട്ടറിന്ന് ചെറുതായിചെറുതായി കൈപ്പിടിയിലൊതുങ്ങുന്ന ഒരു ഉപകരണമായിത്തീര്‍ന്നിരിക്കുന്നു. ഇത്രയുംവളര്‍ച്ച ഓട്ടോമൊബൈല്‍ രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ബസ്സുകള്‍ സോപ്പുപെട്ടിയെക്കാളും ചെറുതായേനെ!!!

ഇനിയൊരുതിരിച്ചുപോക്കില്ല എന്നതുതീര്‍ച്ചയാണ്. ജീവിതത്തിന്റെ സര്‍വമേഖലകളെയും സാങ്കേതികവിദ്യയുടെ മാറ്റങ്ങള്‍ സ്വാധീനിച്ചുകഴിഞ്ഞു.

ഇവയൊക്കെയുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് പ്രഭാഷകരും എഴുത്തുകാരും ഏറെ വാചാലരാണ്. ചതിക്കുഴികളിലും അപകടങ്ങളിലും ചെന്നുപെടുന്ന അനേകരുണ്ട് എന്നത് യാഥാര്‍ഥ്യം തന്നെ.

പുതിയകാലം തുറന്നുതരുന്ന വിവരവിസ്‌പോടനത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുകതന്നെവേണം. പക്വതയോടെയും വിവേകത്തോടെയും ആവശ്യമനുസരിച്ച് ഉത്തരവാദിത്വത്തോടെയും ഇവയൊക്കെ പ്രയോജനപ്പെടുത്താന്‍ കൗമാരക്കാരും യുവജനങ്ങളും മാത്രമല്ല മുതിര്‍ന്നവരും പഠിക്കേണ്ടതുണ്ട്.

ആധ്യാത്മികമായിവളരാനും ലോകത്തിന്റെ അതിര്‍ത്തികള്‍വരെ സുവിശേഷമറിയിക്കാനുമൊക്കെ ഇന്നത്തെ കാലഘട്ടവും സാങ്കേതികവിദ്യകളും തുറന്നുതരുന്ന സാധ്യതകള്‍ അനന്തമാണ്. ബൈബിള്‍ പഠിക്കാനും യാമപ്രാര്‍ഥനകള്‍ ചൊല്ലാനും മാത്രമല്ല അനേകരെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമൊക്കെ ടെക്‌നോളജിയുടെവളര്‍ച്ച ഫലപ്രദമായി ഉപയോഗിക്കാം. വിവേകരഹിതമായ ഉപയോഗംകൊണ്ട് സ്വയം പ്രദര്‍ശന വസ്തുവാക്കാം, മറ്റുള്ളവരെവെറുപ്പിക്കാം.

വി. മത്തായിയുടെ സുവിശേഷത്തില്‍ വായിക്കുന്നതുപോലെ ”…സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്‌ക്കളങ്കരുമായി…” നന്മതിന്മകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടുന്ന പുതിയസാങ്കേതിക വിദ്യാക്കാലത്ത് നാം ജീവിക്കേണ്ടതുണ്ട്.

സ്‌നേഹപൂര്‍വം,
chaഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com

Share This:

Check Also

വരൂ, നമുക്ക് ചിരിക്കാം

വരൂ, നമുക്ക് ചിരിക്കാംഅടുത്തയിടെ കണ്ട ഒരു പോസ്റ്ററിലെ വാക്യങ്ങള്‍ രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ‘വെള്ളിയാഴ്ചയാകാന്‍ കാത്തിരിക്കുന്നത് അവസാനിപ്പിക്കൂ, വേനല്ക്കാലമെത്താനും കാത്തിരിക്കേണ്ട, മറ്റാരെങ്കിലും …

Powered by themekiller.com watchanimeonline.co