Thursday , 20 September 2018
Home / Featured Articles / അജ്‌ഞാത പുഷ്‌പങ്ങൾ

അജ്‌ഞാത പുഷ്‌പങ്ങൾ

വര്‍ഷാരംഭത്തിലെ ക്‌ളാസ്സ്‌   ദിനങ്ങള്‍. പുതിയ ക്ലാസില്‍നിന്ന് ഉയരുന്ന ആരവം കേട്ടിട്ടാണ് മജുസാര്‍ ക്ലാസിലേക്ക് ഓടി ചെന്നത്. ഒരുവന്റെ നെഞ്ചില്‍ കയറിയിരുന്ന് മറ്റൊരുവന്‍ ഇടിക്കുകയാണ്. ഇടികൊള്ളുന്നവന്റെ ആര്‍ത്തനാദവും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നവരുടെ ആക്രോശങ്ങളും ക്ലാസിനെ ഭേദിച്ച് പുറത്തേക്കൊഴുകി. അധ്യാപകന്‍ ക്ലാസില്‍ വന്നതൊന്നും കുട്ടികളറിഞ്ഞില്ല. നെഞ്ചിലിരുന്ന് ഇടിക്കുന്നവനെ തള്ളിമാറ്റി കിടക്കുന്നവനെ വലിച്ചെഴുന്നേല്‍പിക്കുന്നതിനിടയില്‍ ആക്രമണകാരിയെ അധ്യാപകന്‍ ശകാരിച്ചു.

അവന്‍ പല്ലുകള്‍ ഞെരിച്ച് അധ്യാപകനെ നോക്കി വിറച്ചുനിന്നു. അടുത്ത ആക്രമണം തനിക്കെതിരെയെന്ന് അദ്ദേഹം കരുതി. പെട്ടെന്ന് മേശപ്പുറത്തിരുന്ന ബാഗും വലിച്ചെടുത്ത് പുറത്തേക്കോടി. സമചിത്തത വീണ്ടെടുത്ത അധ്യാപകന്‍ അവന് മുന്നിലെത്താന്‍ മറ്റൊരു വഴിയിലൂടെ ഓടി. റോഡില്‍ വച്ച് അവനെ വട്ടം പിടിച്ചുനിറുത്തി. റോഡരുകിലെ കടയില്‍ നിന്ന് വാങ്ങിയ ഏതാനും മിഠായികളുടെ സഹായത്തോടെ അവനെ ക്ലാസി ലെത്തിച്ചു.

പതുക്കെ അവനുമായി അദ്ദേഹം അടുത്തു. ആക്രമണസ്വഭാവത്തിന് ശമനം വന്നു. പിന്നീട് അവനുണ്ടാക്കുന്ന ശണ്ഠകളുടെ ഉത്തരവാദിത്വവും അവനെ പറഞ്ഞു മനസ്‌സിലാക്കേണ്ട ചുമതലയും വന്നു. സംസാരത്തിലെ അവ്യക്തത മാറി. അവന്റെ അമ്മ സ്‌കൂളില്‍ വന്നപ്പോഴാണ് കൂടുതല്‍ അറിഞ്ഞത് ഏഴാംക്ലാസ്സുവരെ നന്നായി പഠിച്ചിരുന്ന ആ കുട്ടിക്ക് ഒരപകടത്തെതുടര്‍ന്ന് തലയ്ക്ക് ക്ഷതം സംഭവിച്ചു.പിന്നീടാണ് മന്ദപഠിതാവിന്റെ തരത്തിലേക്ക് അവന്‍ മാറിപ്പോയത്. വീട് കടല്‍ത്തീരത്തായതിനാല്‍ ഞണ്ടിനെ പിടിച്ച് കള്ളുഷാപ്പില്‍ കൊടുത്ത് ആ പണംകൊണ്ട് ഇഷ്ടമുള്ളവര്‍ക്ക് മിഠായി വാങ്ങിക്കൊടുക്കലാണ് ഇഷ്ടന്റെ രീതി. ഹൈസ്‌കൂള്‍ കാലങ്ങളില്‍ അധ്യാപകന്റെ തണലില്‍ അവന്‍ ശാന്തനായിത്തീര്‍ന്നു. പിന്നിടിപ്പോള്‍ ബസ്‌ക്ലീനറായി ജോലി ചെയ്യുന്നു. മജുസാറിന്റെ പിതാവ് മരിച്ചതറിഞ്ഞ് വളരെ ദൂരെയുള്ള അദ്ദേഹത്തിന്റെ വീട് തേടിയെത്തി. തിരിച്ചുപോകാന്‍ അറിയാതിരുന്ന അവനെ അദ്ദേഹം വീട്ടിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ അവന്റെ മുഖം വികസിക്കും; കണ്ണു നിറയും; പ്രത്യേകമായൊരു ചിരി പരക്കും. ഓടിവന്ന് കൈയില്‍പിടിച്ച് ദീര്‍ഘസമയം മുഖത്തേക്കു നോക്കി നില്‍ക്കും, കെടാത്ത ചന്ദ്രിക പോലെ.

ഏത് മരുഭൂമിയിലും സ്വര്‍ഗഗേഹം പടുത്തുയര്‍ത്താന്‍ കഴിയുന്ന സ്‌നേഹം നമ്മില്‍ നിന്ന് പ്രസരിക്കുമ്പോള്‍ ചുറ്റുപാടുകളും അവിടെയുള്ള മനുഷ്യരും ഹരിതവര്‍ണമാകും. ചില മരങ്ങള്‍ക്ക് ഉയര്‍ന്നുപൊങ്ങിവരാന്‍ ദൃഢതയുണ്ട്. എന്നാല്‍ ചില വല്ലികള്‍ക്ക് മറ്റ് മരങ്ങളെ ആശ്രയിക്കേണ്ടിവരും. അവ വളര്‍ന്ന്
മരങ്ങളില്‍ ചുറ്റിനിന്ന് പുഷ്പിക്കും. നിലത്തുകിടന്ന് ചവിട്ടേല്‍ക്കുന്ന ചെറുവല്ലികള്‍ ചുറ്റുമുണ്ടോയെന്ന് നമുക്കു ശ്രദ്ധിക്കാം. അവ പുഷ്പം വിരിയിച്ച് സുഗന്ധം പരത്താന്‍ കഴിവുള്ളവയാണ്.

jacobജേക്കബ് കോച്ചേരി

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co