Thursday , 20 September 2018
Home / Featured / e – ലോകം അറിഞ്ഞതിനുമപ്പുറത്ത്

e – ലോകം അറിഞ്ഞതിനുമപ്പുറത്ത്

ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ പ്രായോഗിക തലത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ദൈനംദിനജീവിതത്തില്‍ ഈ വിപണിയുടെ (ഇന്റര്‍നെറ്റ് അധിഷ്ഠിത വിപണി) സാധ്യതയെക്കുറിച്ച ഗവേഷണം നടത്തുകയും ചെയ്യുന്ന കോട്ടയം മാങ്ങാനം സ്വദേശി ശ്രീ. ബ്രിജേഷ് ജോര്‍ജ് ജോണ്‍ കുട്ടിക്കാനം മരിയന്‍ ഓട്ടണമസ് കോളേജിലെ കോര്‍പ്പറേറ്റ് റിലേഷന്‍സ് മേധാവിയും അസ്സോസിയേറ്റ് പ്രഫസറുംIPSR സൊല്യൂഷന്‍ ലിമിറ്‌റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്. കേരളത്തിലെ പ്ലെയ്‌സ്‌മെന്റ് ഓഫീസേഴ്‌സിന്റെ കൂട്ടായ്മയായ CTIPS കേരളയുടെ ചെയര്‍മാനാണ്. ഇന്റര്‍നെറ്റ് ഇടങ്ങളില്‍ ക്രിയാത്മകമായി വ്യാപരിക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ കെയ്‌റോസ് വായനക്കാര്‍ക്കുവേണ്ടി പങ്കുവയ്ക്കുകയാണ് മനുഷ്യവിഭവശേഷി പരിശീലകന്‍ കൂടിയായ ശ്രീ. ബ്രിജേഷ്.

‘ഇ’ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഇടയായതിനെക്കുറിച്ച് പറയാമോ?

ആറേഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്തെക്കുറിച്ച് കാര്യമായി നിരീക്ഷിച്ച് തുടങ്ങുന്നത്. പുതിയ ഒരു മേഖലയെ പരിചയപ്പെടാനുളള കൗതുകവും ജിജ്ഞാസയും അതിനു പിന്നലുണ്ടായിരുന്നു. ഇന്റര്‍നെറ്റിനെ അടുത്തറിഞ്ഞപ്പോള്‍ അതിന്റെ വലിയ സാധ്യതകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ തോന്നി. അങ്ങനെയാണ് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ സമാഹാരം ‘ഷോപ്പിങ്ങിന് ഓണ്‍ലൈന്‍’ എന്നപേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

അറിവും വിവരങ്ങളും അനായാസം ലഭ്യമാക്കുന്നതില്‍ ഇന്റര്‍നെറ്റ് വലിയ വിജയമാണ്. ഇത് യുവതലമുറയുടെ (കുട്ടികളുടെ) ചിന്താശേഷിയും ക്രിയാത്മകതയും നശിപ്പിക്കുന്ന സ്പൂണ്‍ ഫീഡിങ് ആണെന്ന് ആക്ഷേപമുണ്ട്. അങ്ങനെയെങ്കില്‍ ക്രിയാത്മകമായി എങ്ങനെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം?

റേഡിയോ കേള്‍ക്കുന്നത് ഭാവനയെ ഉണര്‍ത്തുകയും വായന ചിന്താശേഷി വളര്‍ത്തുകയും ചെയ്യാന്‍ സഹായകരമാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ ദൃശ്യരൂപത്തില്‍ ലഭിക്കുന്ന പലതരം ഉള്ളടക്കങ്ങളിലൂടെ അതിവേഗം സര്‍ഫ് ചെയ്ത് നീങ്ങുന്നത് ഇതിനു സഹായിക്കുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം യുവതലമുറയുടെ ക്രിയാത്മകത നശിപ്പിക്കുന്നു. ട്രോള്‍ കളികളിലൂടെ PSC കോച്ചിംഗ് വരെ നടത്തുന്ന ക്രിയാത്മക സമീപനങ്ങള്‍ സമീപകാലത്ത് കാണാന്‍ ഇടയായി. യുവത്വത്തിന്റെ പ്രതികരണ ശബ്ദമായി ട്രോള്‍ മാറുന്നത് ഇത്തരം സമീപനത്തിന്റെ നല്ല ഉദാഹരണമാണ്. എഡിറ്റിംഗ്, ഫോട്ടോഗ്രഫി മുതലായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മകളും സംഗീതം, അഭിനയം തുടങ്ങിയ കലകളെ വളര്‍ത്തുന്ന ഡബ്‌സ്മാഷ് (Dubmash) പോലുള്ള സങ്കേതങ്ങളും ക്രിയാത്മകത വളര്‍ത്തുന്നവയാണ്.

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങിനെ ക്രമീകരിക്കണം എന്നതില്‍ പല മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പമുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?

റിലയന്‍സിന്റെ ജിയോ വിപണിയില്‍ എത്തിയതുമുതല്‍ ഡേറ്റാ ലഭ്യത പലമടങ്ങ് വര്‍ധിച്ചു. ഈ സാധ്യത ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വന്‍വര്‍ധനവിന് കാരണമായി. തുടര്‍ന്നും ഈ പ്രവണത കാണാന്‍ ഇടയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ മാതാപിതാക്കന്മാര്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം കമീകരിക്കാന്‍ പ്രാപ്തിയുള്ളവരാകണം. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അവരില്‍ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തണം. കൗമാരക്കാരുടെ തലച്ചോര്‍ രൂപപ്പെടുന്ന കാലഘട്ടത്തില്‍ അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഏകാഗ്രത നശിപ്പിക്കുകയും സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മണിക്കൂറുകള്‍ ഫോണിലും പേഴ്‌സ്ണല്‍ കംപ്യുട്ടറുകളുടെ മുമ്പിലും ചിലവഴിക്കുന്നവരുടെ ശാരീരിക വളര്‍ച്ചയും ആരോഗ്യവും വലിയ വെല്ലുവിളി നേരിടുന്നു. അമിത ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കന്മാര്‍ ബോധവാന്മാര്‍ ആകുകയും കുട്ടികളെ പറഞ്ഞ് തിരുത്തുകയുമാണ് വേണ്ടത്. ചെറുപ്രായത്തില്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ കുട്ടികള്‍ കണ്ടെത്തുന്ന ശരിയും തെറ്റുമായ പല അറിവുകളും അവരുടെ ചിന്തയെ സ്വാധീനിക്കുന്നവയാണ്.

കൗമാരക്കാര്‍ക്കുവേണ്ടി ഒരു സമീകൃത ഇന്റര്‍നെറ്റ് സമയ ക്രമീകരണം നിര്‍ദേശിക്കാമോ?

ഒരാളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ആണ് ഇന്റര്‍നെറ്റ് ഉപയോഗം ക്രമീകരിക്കേണ്ടത്. കൗമാരക്കാര്‍ക്ക് പഠന ഉപകരണമായി ഇന്റര്‍നെറ്റിനെ കണക്കാക്കുകയാണെങ്കില്‍ ദിവസം ഒരു മണിക്കൂര്‍ ആണ് ഞാന്‍ നിര്‍ദേശിക്കുന്ന സമയ പരിധി. സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി നെറ്റില്‍ നിന്ന് തിരഞ്ഞെടുക്കുവാന്‍ കുട്ടികളെ ശീലിപ്പിക്കണം. ഉദാഹരണമായി ബൈജൂസ് എന്ന പോര്‍ട്ടലില്‍ വൈവിധ്യമാര്‍ന്ന പഠന സഹായികള്‍ ലഭ്യമാണ്. ഇതുപോലെ ലഭ്യമായ അനേകം വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. ബൈജൂസ്,www,byjus,com (ആപ്ലിക്കേഷനായും ലഭ്യമാണ്) യുണിമെന്റേഴ്‌സ്, മെന്റെര്‍മെറ്റ്‌സ് തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.

എങ്ങിനെയാണ് ഒരു കുട്ടിയില്‍ ആഗോള വ്യക്തിത്വം മാതാപിതാക്കന്മാരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് രൂപപ്പെടുത്താന്‍ കഴിയുന്നത്?

ഇത് നമ്മുടെ ചിന്താരീതിയുമായി ബന്ധപ്പെട്ടതാണ്. തിങ്ക് ഗ്ലോബലി, ആക്ട് ലോക്കലി എന്ന് പറയാറുണ്ട്. നമ്മുടെ പരിമിതമായ ചുറ്റുപാടില്‍ നിന്ന് ലോകത്തിന്റെ ചലനങ്ങളെയും സാധ്യതകളെയും കാണാനും അറിയാനും ഇന്റര്‍നെറ്റ് സഹായിക്കുന്നു. സ്വന്തം അഭിരുചി, താത്പര്യങ്ങള്‍, സ്വപ്നങ്ങള്‍ എല്ലാം കണ്ടെത്താനും നേടിയെടുക്കാനും ഇന്റര്‍നെറ്റിലൂടെ സാധിക്കും. പഠനമേഖല തിരയാനും അഭിരുചിക്കും കഴിവിനും ചേര്‍ന്ന ജോലി തേടി കണ്ടെത്താനും ഇന്റര്‍
നെറ്റ് സഹായിക്കും. ഇതാണ് ആഗോള വ്യക്തിത്വ രൂപീകരണത്തിന്റെ അടിസ്ഥാനം.

തീര്‍ത്തും അവികസിതമായ മേഖലകളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കാം. അതിന് എന്തൊക്കെ ക്രമീകരണങ്ങളാണ് ഒരുക്കേണ്ടണ്ടത്?

മാസിവ് ഓണ്‍ ലൈന്‍ ഓപ്പണ്‍ കോഴ്‌സ് MOOC നല്‍കുന്ന പരിശീലനത്തിലൂടെ ആര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ ലോക നിലവാരത്തിലുള്ള അറിവ് നേടാന്‍ അവസരമുണ്ട്. വിദഗ്ധരായ അധ്യാപകരോട് തത്സമയം സംവദിക്കാന്‍ കഴിയുന്ന സെമിനാര്‍ പോലുള്ള സങ്കേതങ്ങളും നിലവിലുണ്ട്. നഗരത്തില്‍ ഇരുന്നുകൊണ്ട് ഉള്‍ഗ്രാമത്തിലെ വിദ്യാര്‍ഥി സമൂഹത്തോട് ഇത്തരത്തില്‍ സംവദിക്കുന്ന അനേകം അധ്യാപകരുണ്ട്.

വീഡിയോയയിലൂടെ ആശയവിനിമയം നടക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് ബന്ധം ഇതിനാവശ്യമായി വരും.

ഇന്റര്‍നെറ്റ് യുവതലമുറയുടെ ആത്മീയ, സാമൂഹിക ഇടപെടലിനെ നിയന്ത്രിക്കുന്നുണ്ടോ?

യുവതലമുറ ഇന്റര്‍നെറ്റിലൂടെ പരസ്പരബന്ധം പുലര്‍ത്തുന്നു എങ്കിലും ആത്മീയവും, സാമൂഹികുമായ ഒത്തുചേരലുകളില്‍ താത്പര്യം കുറയുന്നതായി കാണുന്നു. മനുഷ്യന്‍ തമ്മില്‍ നേരിട്ടുള്ള ഇടപെടലുകള്‍ നടക്കുന്ന കൂട്ടായ്മകള്‍ ആസൂത്രണം ചെയ്യാന്‍ യുവതലമുറ മുന്‍കൈ എടുക്കുന്നില്ല. ഇത്തരം ഒത്തുചേരലുകള്‍, ക്യാമ്പുകള്‍, നേരമ്പോക്ക് കൂട്ടായ്മകള്‍ മുതലായ പുതു
തലമുറയില്‍ കുറഞ്ഞുവരുന്നത് നല്ല പ്രവണതയല്ല.

സോഷ്യല്‍ മീഡിയായില്‍ പാലിക്കാവുന്ന ഒരു പെരുമാറ്റചട്ടം നിര്‍ദേശിക്കാമോ?

ജോലി, വിവാഹം തുടങ്ങി ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മുമ്പ് ഉദ്യോഗാര്‍ഥിയുടെ വരന്റെ, വധുവിന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ വിലയിരുത്തുന്നത് ഇന്ന് സര്‍വ സാധാരണമാണ്. നമ്മുടെ പ്രതികരണങ്ങള്‍, പോസ്റ്റുകള്‍, താത്പര്യങ്ങള്‍ എല്ലാം വ്യക്തിത്വത്തെ അളക്കുന്ന മാനദണ്ഡങ്ങളായി മാറുമ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വളറെ പക്വതയുള്ള നിലപാടുകള്‍ സ്വീകരിക്കണം. തീവ്രമായ പ്രതികരണങ്ങള്‍, പൊങ്കാല ഇടല്‍, വിധ്വേഷ പ്രചാരണം മുതലായ പ്രവണതകള്‍ ഒഴിവാക്കുക. മറ്റുള്ളവരുടെ അഭിപ്രായത്തെ Amal Tomമാനിക്കാന്‍ ശീലിക്കുക.

അമല്‍ ടോം ജോര്‍ജ്‌

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co