Thursday , 20 September 2018
Home / Articles / Vartha Vicharam / നക്‌സലിസത്തിന്റെ 50 -]o വാർഷികം

നക്‌സലിസത്തിന്റെ 50 -]o വാർഷികം

നക്‌സലിസം എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയുടെ മനസ്സില്‍ വരുന്ന ചിന്ത കാട്ടിലൂടെ തോക്കുമായി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു നടക്കുന്ന കുറച്ചു ഭീകരവാദികളെപറ്റിയുള്ളതാണ്. 1970-കളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ വര്‍ഷങ്ങളോളം ചര്‍ച്ചാവിഷയമായതും അന്നത്തെ സകലമനുഷ്യരും കാതുകൂര്‍പ്പിച്ചിരുന്നതുമായ ചരിത്രമാണത്. അതിന്റെ അലയടികള്‍ നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും ഉയര്‍ന്നുകൊണ്ടിരുന്നു. പാവപ്പെട്ടവന്റെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവെങ്കിലും ഉന്മൂലനസിദ്ധാന്തം
പ്രായോഗികമാക്കിയപ്പോള്‍ ചൂഷകന്റെ തല ഏതു സമയവും കഴുത്തില്‍ നിന്നും വേര്‍പെടാം എന്ന അവസ്ഥ സംജാതമായി. തൊഴിലാളി ചൂഷകരായ ജന്മിമാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭയപ്പെടാന്‍ കാരണമില്ലെങ്കിലും ഏതു സമയത്തും ഒരു നക്‌സല്‍കൂട്ടം മുമ്പില്‍വന്നു ചാടാം എന്ന ഭയം അന്ന് മിക്ക കേരളിയരിലും ഉണ്ടായിരുന്നു. കുന്നിക്കല്‍ നാരായണന്‍, ഭാര്യ മന്ദാകിനി, അവരുടെ പുത്രിയും ഇപ്പോള്‍ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ നേതാവുമായ അജിത, വര്‍ഗീസ്, ഫിലിപ്പ് എം. പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍ തുടങ്ങിയവരൊക്കെയായിരുന്നു പ്രസ്ഥാനത്തിന്റെ അന്നത്തെ കേരളീയ നേതാക്കള്‍. കെ. വേണു, സിവിക് ചന്ദ്രന്‍, എം. സുകുമാരന്‍, കവി സച്ചിദാനന്ദന്‍, ടി. എന്‍. ജോയ് തടങ്ങി നിരവധി സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഈ പ്രസ്ഥാനത്തോടു ചേര്‍ന്നുപോയവരാണ്. സമൂഹത്തിന്റെ പൊതുചിന്തകളില്‍ വലിയ മാറ്റം വരുത്തിയ ജനകീയ സാംസ്‌കാരികവേദി പ്രവര്‍ത്തനങ്ങള്‍, കവിയരങ്ങുകള്‍, തെരുവുനാടകങ്ങള്‍ ഒക്കെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലിടം നേടിയ രാജന്‍ കേസ് നക്‌സലിസത്തിന്റെ ബാക്കി പത്രവുമാണ്.

പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലെ നക്‌സല്‍ ബാരി ഗ്രാമത്തില്‍ അരങ്ങേറിയ ജന്മിവിരുദ്ധ സമരമാണ് പില്ക്കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിന് അടിസ്ഥാനമായത്. 1967-ലായിരുന്നു അത്. അന്ന് അവിടെയുള്ള ജന്മിമാരുടെ അമിതചൂഷണത്തിനെതിരേ പാവപ്പെട്ടവര്‍ സംഘടിച്ച് അവരെ വകവരുത്തി. ചാരുമജുംദാറിന്റെ നേതൃത്വമായിരുന്നു തീവ്രവിപ്ലവകാരികളെ നയിച്ചിരുന്നത്. മാവോസെതൂങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നടന്ന കമ്യൂണിസ്റ്റ് ജനകീയ വിപ്ലവം ഇവര്‍ക്കു പ്രചോദനമായി. ചാരുമജുംദാറിനെപ്പോലെ മറ്റൊരു നേതാവായിരുന്നു കനുസന്യാല്‍. ഇദ്ദേഹം ആന്ധ്രയിലും ജനകീയ വിപ്ലവത്തിന് നേതൃത്വംവഹിച്ചു.

ആന്ധ്രയിലെ ശ്രീകാകുളം ജില്ലയില്‍ 1968-71 കാലഘട്ടത്തില്‍ അരങ്ങേറിയ സായുധവിപ്ലവം ആദിവാസികളുടെ മേലുള്ള ചൂഷണത്തിനെതിരെയായിരുന്നു. സാമ്പത്തികമായും ശാരീരികമായുമുള്ള ചൂഷണത്തിനെതിരെ നൂറുകണക്കിനു സ്ത്രീകള്‍ സംഘടിച്ച് പല ജന്മികളെയും വകവരുത്തുകയുണ്ടായി.

ചത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ 1990-കള്‍ മുതല്‍ നക്‌സല്‍ സമരം നടക്കുന്നുണ്ട്. ധാതുസമ്പത്തും വനവിഭവങ്ങളും ഏറ്റവും സമൃദ്ധിയായുള്ള സ്ഥലമാണത്. ടാറ്റ, എസ്സാര്‍, ജിന്‍ഡാല്‍, മിത്തല്‍ തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്മാര്‍ ആദിവാസികളെ ആട്ടിയോടിച്ച് ചുളുവിലയ്ക്ക് ഖനനാവശ്യത്തിന് സ്ഥലം കരസ്ഥമാക്കുന്നതിനെതിരെയാണ് അവിടെയുള്ള സമരങ്ങള്‍ ഈയിടെ കത്തോലിക്കാ സഭയും കമ്പനികളുടെ ചൂഷണത്തിനെതിരേ രംഗത്തു വരുകയുണ്ടായി.

നക്‌സലൈറ്റു പ്രസ്ഥാനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പാവപ്പെട്ടവന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ രംഗത്തു വന്നതെന്നു കാണാന്‍ കഴിയും.അവര്‍ ജീവിതംതന്നെ മുഴുവനായി ഇതിനുവേണ്ടി ഉഴിഞ്ഞുവച്ചവരാണ്. സമരം നടത്തുക, ഒളിവില്‍ പോകുക, വര്‍ഷങ്ങളോളം കുടുംബവുമായി ബന്ധമില്ലാതെ വനത്തില്‍ കഴിയുക, പോലീസ് പിടിക്കുമ്പോള്‍ അതികഠിനമായ ഡനമേറ്റുവാങ്ങുക തുടങ്ങി സഹനത്തിന്റെ ഒരു തീരായാത്രയിലൂടെ കടന്നുപോയവരാണു പലരും. ഇന്ന് ഇവരെപ്പറ്റി പഠിക്കുമ്പോള്‍ ഇവരില്‍ പലരും നിരാശയിലാണ്. ‘വസന്തത്തിന്റെ ഇടിമുഴക്കം’ വരുമെന്ന് വെറുതെ തെറ്റിദ്ധരിച്ചു. ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ഭക്തിമാര്‍ഗത്തിലായി. ചിലര്‍ സാധാരണജീവിതത്തിലേക്കു കടന്നുവന്നു. മറ്റുചിലര്‍ ജീവിക്കാന്‍ പല വഴികളും തേടി. സമൂഹത്തിന്റെ ചിന്തകളില്‍ ചില പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായെങ്കിലും മാര്‍ഗത്തിന്റെ അധാര്‍മികത സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതശൈലിക്ക് കാരണമാകാന്‍ സാധിച്ചില്ല.

ഇതേ ആവശ്യങ്ങള്‍ക്കായി യേശു മാര്‍ഗത്തില്‍ പലയിടത്തും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവരാരും നിരാശയിലല്ല. തങ്ങളുടെ ലക്ഷ്യം മാറ്റിനിറുത്തി അവരാരും തിരിച്ചുപോകുന്നുമില്ല. നന്മയ്ക്കായിട്ടാണെങ്കിലും ഒരു പ്രവൃത്തി മാര്‍ഗത്തിന്റെ മഹനീയതയാല്‍ ഫലസിദ്ധി കൈവരിക്കുന്നതിന്റെ ആന്തരികത നാം തിരിച്ചറിയേണ്ടത് ഇത്തരം പഠനങ്ങളിലൂടെയാണ്. 2017 മെയ് 21-27ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏവരും വായിച്ചിരിക്കേണ്ട നക്‌സല്‍ പ്രസ്ഥാന ചരിത്ര പാഠമാണ്.

ഒരു മുഖ്യന്റെ ‘പ്രജാവാത്സല്യം’

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുദ്ധത്തിലോ അപകടത്തിലോ മരിച്ചവരുടെ വീടുകളില്‍ നേരിട്ടെത്തി സഹായം നല്കാന്‍ മനസ്സുകാണിക്കുന്നു. ആ ഭവനത്തില്‍ ചെല്ലുന്നതിനു മുമ്പ് എസി, സോഫാ, ടൗവല്‍, കര്‍ട്ടന്‍ മുതലായവ എത്തിക്കും. മുഖ്യമന്ത്രി പോയിക്കഴിയുമ്പോള്‍ അധികാരികള്‍ അതുതിരിച്ചു കൊണ്ടുപോകും. പ്രജകളോടു സ്‌നേഹം തോന്നുമ്പോള്‍ ചിലരിങ്ങനെയാണ്. ഇത്തരം ദന്തഗോപുരവാസികളൊക്കെ അധികാരികളായി വരാന്‍ അവിടത്തെ ജനം എന്തു പിഴച്ചു ആവോ?

സാത്താനാരാധന ശരിയോ? 

സാത്താന്‍ ആരാധന ഇന്നുമുണ്ടോ എന്നു സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് 2017 മെയ് 4-10-ലെ സത്യദീപത്തിന്റെ കവര്‍‌സ്റ്റോറി. അതിന്റെ തുടക്കം, അടയാളങ്ങള്‍, ഇന്നത്തെ വിനോദലോകത്തില്‍ അതിന്റെ പ്രസക്തി, സംഗീതത്തിലുള്ള ഇടപെടല്‍, ഭക്തവസ്തുക്കളിലെ കടന്നുകയറ്റം, ഫ്രീമേസണ്‍റി സംഘത്തിന്റെ നിഗൂഢലക്ഷ്യങ്ങള്‍, വീജ ബോര്‍ഡ് കളിയെന്ന അപകടക്കെണി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ലഘുവായി വിവരിച്ചിരുന്നു. ഇത്തരം നിരവധി മാര്‍ഗങ്ങളിലൂടെ സാത്താന്‍ ആരാധനയിലേക്കു കടക്കാന്‍ സാധ്യത ഏറെയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

സണ്ണി കോക്കാപ്പിള്ളില്‍su

sunnykokkappillil@gmail.com

Share This:

Check Also

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി …

Powered by themekiller.com watchanimeonline.co