Saturday , 23 June 2018
Home / Featured / മഴമേഘങ്ങൾ

മഴമേഘങ്ങൾ

വിദ്യാലയത്തിലെ വില്ലന്മാരായ മൂന്നുപേരെ പ്രധാനധ്യാപകന്‍ അടിച്ചത് മതിയായ കാരണമുള്ളതുകൊണ്ടായിരുന്നു. അവര്‍ ചെയ്ത കുറ്റത്തെഅധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് സ്‌കൂളിലേക്കു വരുന്നവഴി ചെറിയ കുട്ടികളെ ഉപദ്രവിച്ചു.സഹതാപമൂറുന്ന കുഞ്ഞു മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹം വടി കൈയിലെടുക്കുകയായിരുന്നു.

രാവിലെയുള്ള ഇടവേളയുടെ സമയത്ത് അടികൊണ്ട മൂന്നുപേരും അപ്രത്യക്ഷമായത് തന്ത്രപരമായിരുന്നു.സ്‌കൂളിന്റെ കോമ്പൗണ്ട് കടന്ന് അവര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് നടന്നു.

അഞ്ചുകിലോമീറ്ററോളം കാല്‍നടയായി നടന്നുവരുന്ന കുട്ടികളെ വഴിയില്‍ വച്ചുതന്നെ പോലീസ് കണ്ടു. സ്‌കൂള്‍ യൂണിഫോമില്‍ വിജനമായ വഴിയില്‍ കണ്ട വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍പരാതിയുടെ കെട്ടഴിച്ചു. ഹെഡ്മാസ്റ്ററിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.പോക്‌സോ നിയമപ്രകാരം കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കാന്‍ പാടില്ല. ഉച്ചകഴിഞ്ഞപ്പോള്‍ പോലീസ് സ്‌കൂളിലെത്തി. വിവരമറിഞ്ഞപ്പോള്‍ ഹെഡ്മാസ്റ്ററെ അറസ്റ്റു ചെയ്യണമെന്ന വാശിയില്‍ മൂവര്‍ സംഘവും.

കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂളിലെത്തി. കാര്യങ്ങളുടെ നിജസ്ഥിതി അവര്‍ക്ക് ബോധ്യപ്പെട്ടു. പോലീസ്ഓഫീസര്‍മാരോട് വളരെ ദീനമായി അവര്‍ തന്നെ അപേക്ഷിച്ചു. തങ്ങളുടെ മക്കളെ ശിക്ഷിച്ചതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും കുട്ടികളെ തങ്ങള്‍ തിരുത്തിക്കൊള്ളാമെന്നും രക്ഷിതാക്കള്‍ അറിയിച്ചതിന്‍പ്രകാരം കുട്ടികളെ ആശ്വസിപ്പിച്ച് പോലീസ്‌സംഘം തിരികെപ്പോയി.

ഈ സംഭവം അധ്യാപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.അങ്ങനെയെങ്കില്‍ തങ്ങള്‍ പഠിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നും അച്ചടക്കത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നും നിലപാടെടുക്കാന്‍ നിര്‍ബന്ധിതരായി.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ അധ്യാപകരുടെ ആത്മവിശ്വാസത്തെയും ആത്മാര്‍ഥതയെയും ഒട്ടൊന്നുമല്ല ഒഴുക്കിക്കളയുന്നത്. സമൂഹത്തിലെ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സോഷ്യല്‍ എന്‍ജിനീയേഴ്‌സായ അധ്യാപകര്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിന്നാണ് പലപ്പോഴുംകുട്ടികള്‍ക്ക് ശിക്ഷണം നല്‍കുന്നത്. മാതാപിതാക്കള്‍ക്കുപോലും കുട്ടികളുടെമേല്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. നാളെയുടെ നന്മകളെ എങ്ങനെ വാര്‍ത്തെടുക്കും?

ഇവിടെയാണ് ഈശോയുടെ വചനത്തിന്റെ പ്രസക്തി. ”നിങ്ങള്‍ പ്രാവുകളെപ്പോലെ നിഷ്‌ക്കളങ്കരും സര്‍പ്പങ്ങളെപ്പോലെ വിവേകിയും ആയിരിക്കണം.” കുട്ടികളുടെ പ്രായവും പരിസരവും പരിഗണിച്ചുവേണം ശിക്ഷണം നല്‍കുവാന്‍. അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തുകയും ശിക്ഷയര്‍ഹിക്കുന്നവരാണെന്ന ധാരണ അവരില്‍ ഉണ്ടാക്കുകയും ചെയ്താല്‍ ആ ശിക്ഷണം അവരുടെ മനസ്സില്‍ ഏല്‍ക്കും.

തിന്മയുടെ സ്വാധീനമാണ് ഗൗരവമായ തെറ്റുകളിലേയ്ക്ക് കുട്ടികളെ നയിക്കുക. അത്തരം കുട്ടികള്‍ക്ക് വൈരാഗ്യബുദ്ധിയും കൂടിയിരിക്കും. അത്തരക്കാരെ കരുതലോടെ സമീപിക്കുകയും അവര്‍ സാവധാനം തിരുത്തലുകള്‍ വരുത്തുകയും ചെയ്യും. ഇത്തരക്കാര്‍ വളരെ ന്യൂനപക്ഷമാണ്. അതുവച്ച് സാമാന്യവത്കരിക്കരുതെന്നു മാത്രം. നന്മയുടെ തണുത്ത തലോടലേകിയാല്‍ ഏത് കാര്‍മേഘവും മഴയായി തീരും. ആരോരുമറിയാതെ ഉള്ളില്‍ സ്‌നേഹം മാത്രം സൂക്ഷിച്ച അമ്മയുടെ കണ്ണുനീര്‍ കാണുമ്പോള്‍ ആ മഴ കരഞ്ഞും ചിരിച്ചും തോരാന്‍ മറന്നു പെയ്യും; തോരാമഴപോലെ!!

ജേക്കബ് കോച്ചേരിjacob

Share This:

Check Also

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ

യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. …

Powered by themekiller.com watchanimeonline.co