Thursday , 20 September 2018
Home / Anubhavam / ങ്ങൂമി എന്ന ഓര്‍മപ്പെടുത്തല്‍

ങ്ങൂമി എന്ന ഓര്‍മപ്പെടുത്തല്‍

ആ വാര്‍ത്ത ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്… ഉള്ളില്‍ എരിയുന്ന നെരിപ്പോടുകളില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് നാളുകള്‍ക്കുമുമ്പ് ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചത് ഒരു പെങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അന്ന് അവന്റെ ഉത്തരം ഇതായിരുന്നു: ”വിശാലമായ ഈ ലോകത്തില്‍ നിന്ന് നീ നിന്റെ പെങ്ങളെ കണ്ടെത്തുക.”

എന്റെ മിഷന്‍ തുടങ്ങുന്നതും അവിടെനിന്നാണ്. അരുണാചലിലെ ലാജു (അരുണാചലിലെ ഒരു ഇടവക). എന്റെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരത്തിന്റെ പേരതായിരുന്നു. ജനസംഖ്യാ അനുപാതത്തില്‍ സ്ത്രീ പുരുഷനേക്കാള്‍ മുന്നിലുള്ള ഒരു ഗ്രാമം. അധ്വാനിക്കാനും പത്തിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കാനും മാത്രം ശക്തരായ സ്ത്രീത്വം ഉള്ള ജനത. വിശേഷണങ്ങള്‍ ഏറെയുള്ള ഗ്രാമത്തില്‍ ഒരു താത്കാലിക അധ്യാപക തസ്തികയിലേക്ക് ഞാന്‍ വിളിക്കപ്പെട്ടു. ആഴ്ചയില്‍ കുറച്ചുദിവസം മാത്രം പ്രവര്‍ത്തിക്കുന്ന ശമ്പളം വാങ്ങാന്‍ മാത്രം സ്‌കൂളില്‍ വരുന്ന അധ്യാപകരുള്ള നാട്ടില്‍ ശരിയായ വിദ്യാഭ്യാസം നല്‍കുക എന്നത് ഒരുകൂട്ടം മിഷണറിമാരുടെ വിളി ആയിത്തീര്‍ന്നു. ആ കൂട്ടത്തില്‍ ഞാനും ചുളുവില്‍ ഒരധ്യാപകനായി. അങ്ങനെയിരിക്കെയാണ് ഞാന്‍ അവളെ കാണുന്നത്. അവര്‍ അവളെ വിളിച്ചിരുന്നത് ‘ങ്ങൂമി’ എന്നാണ്. കാഴ്ചയില്‍ അവള്‍ ഒരു മാലാഖയായിരുന്നു. പഠനത്തില്‍ അവള്‍ പിന്നോട്ടായിരുന്നതുകൊണ്ടോ സ്‌കൂളില്‍ ചേരാന്‍ വൈകിയതുകൊണ്ടോ എന്തോ അവള്‍ അഞ്ചാം ക്ലാസ്സില്‍ അവളെക്കാള്‍ ചെറിയകുട്ടികളോടൊപ്പമാണിരുന്നത്. പഠനത്തില്‍ അല്പം പിന്നോട്ടായിരുന്നതുകൊണ്ട് ഇടയ്ക്ക് തണുപ്പുള്ള ക്ലാസ്സ്‌റൂമിന്പുറത്തിറങ്ങി നില്‍ക്കുന്നതായും കാണാറുണ്ട്. ഇടയ്ക്ക് കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഞാന്‍ ക്ലാസ്സില്‍ വരുമ്പോഴും അവള്‍ അലസമായി പുറത്തേക്കുനോക്കി ഇരിക്കുന്നതും കാണാമായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ എന്റെ വായില്‍ നിന്ന് ഒരുപാട് വഴക്കുകളും കേട്ടിരുന്നു. ഉള്ളില്‍ അവളെയോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ട്. എങ്കിലും അതെല്ലാം നന്മയ്ക്കായി മാറാനാണ് എന്നു കരുതി ആശ്വസിച്ചു. മിഷന്റെ അവസാനമാണ് ഞാന്‍ അവളുടെ ഗ്രാമത്തില്‍ പോകുന്നത്. അവിടെ അവള്‍ മിടുക്കിയായി ഓടിനടന്നതും, എന്നോട് മിണ്ടിയതും, ഒരു ചിരി നല്‍കി കൈ കഴുകുന്നതിനുള്ള വെള്ളം നീട്ടിയതും ഓര്‍ക്കുന്നു. അന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ഒരിക്കലും നടക്കാത്ത വീരവാദങ്ങള്‍, MLA കശ്മലന്റെ വായില്‍നിന്നു കേട്ട ആ ദിവസത്തിലും, അവള്‍ അവളുടെ കൂട്ടുകാരികളോടൊപ്പം നൃത്തമാടി. അതിന്റെ ഓര്‍മയ്ക്കായി എന്റെ ഫോണില്‍ ഒരിക്കലും ചിരിമാറാത്ത ഒരു മനോഹരമായ ചിത്രം സമ്മാനിച്ചു. എന്റെ മിഷന്റെ നല്ല ഓര്‍മയ്ക്കായുള്ള സമ്മാനം എനിക്ക് നല്‍കി. ഈ മാസം ലാജുവില്‍ വോഡാഫോണ്‍ ആദ്യമായി ഇന്റര്‍നെറ്റും സമ്മാനിച്ചു. ഇന്ന് ആദ്യമായി എനിക്ക് അവിടത്തെ പുതിയ വിദ്യാര്‍ഥിയുടെ മെസ്സേജ് ലഭിച്ചു. ഞാന്‍ അവനെ സന്തോഷിപ്പിക്കാനായി അവരുടെ ചിത്രങ്ങളില്‍ ചിലത് അയച്ചുകൊടുത്തു. അപ്പോഴാണ് ഞാന്‍ ആ വാര്‍ത്ത കേട്ടത്.

”ബ്രദര്‍, ഒരു മോശം വാര്‍ത്ത പറയട്ടെ. നിങ്ങള്‍ അയച്ചു തന്ന ചിത്രത്തിലെ ആ ചിരിക്കുന്ന ”ങ്ങൂമി” എന്ന കുട്ടി ഏതോ മാരകമായ അസുഖം ബാധിച്ചു നമ്മളെ വിട്ടു കടന്നുപോയി.”

ഒരു നിമിഷം എന്നെ നിശ്ശബ്ദത കീഴടക്കി. പിന്നെ അവളുടെ ചിരിക്കുന്ന മുഖം എന്നെ വലിച്ചുകീറി. ഒരിക്കല്‍പോലും അവള്‍ക്ക് സാന്ത്വനിപ്പിക്കുന്ന വാക്കുകള്‍ കൊടുക്കാതെ പോയതില്‍ കുറ്റബോധം എന്നെ കാര്‍ന്നുതിന്നുന്നു.

വിശ്വസ്തതയുടെ നൂറില്‍ ഒന്ന് മാത്രമേ ഞാന്‍ ആ ഉത്തരവാദിത്വത്തോട് നല്‍കിയുള്ളൂ. എങ്കിലും, ഒരു അധ്യാപകനു മാത്രം മനസ്സിലാകുന്ന മനോവ്യാപാരത്തിലൂടെ ഞാന്‍ കടന്നുപോകുകയാണ്.

സ്വന്തം കുഞ്ഞു നഷ്ടപ്പെട്ടവന്റെ വേദനയോട് തുല്യമായ, ശോകഗ്രസ്ഥമായ വേദന നെഞ്ചിനകത്ത് നിറയുന്നു. ഉള്ളില്‍ ഞാന്‍ അറിയാതെ കരയുകയാണ്. അര്‍ഥം എന്തെന്നറിയാത്ത കരച്ചില്‍.

ങ്ങൂമി, നീയൊരു നല്ല ഓര്‍മയാണ്. സ്വര്‍ഗം നിനക്ക് നല്ല അധ്യാപകരെയും അതിനെക്കാള്‍ നല്ല കൂട്ടുകാരെയും തരട്ടെ.donet

ഡോണറ്റ് ഡേവിസ്

Share This:

Check Also

പ്രതിസന്ധികളിലൂടെ എന്നെ നടത്തുന്ന ദൈവം

വചനപ്രഘോഷണ മേഖലയില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, എന്റെ എല്ലാ പ്രശ്‌നങ്ങളും എടുത്തുമാറ്റി വഴി നടത്തുന്ന …

Powered by themekiller.com watchanimeonline.co