Saturday , 23 June 2018
Home / Anubhavam / യേശുവിന്റെ നാട്ടില്‍ പ്രാര്‍ഥനയോടെ

യേശുവിന്റെ നാട്ടില്‍ പ്രാര്‍ഥനയോടെ

വിശുദ്ധനാട് കാണണം എന്നത് വളരെ നാളുകളായുള്ള ആഗ്രഹവും പ്രാര്‍ഥനയും ആയിരുന്നു. ഇത്ര പെട്ടെന്ന് അത് സാധ്യമാകുമെന്ന് വിചാരിച്ചിരുന്നില്ല. കെയ്‌റോസിനു നന്ദി.

വിശുദ്ധനാട്ടിലെ ഓരോ വിശുദ്ധ സ്ഥലവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോ ആത്മീയ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. യേശുവിന്റെ പാദങ്ങള്‍ പതിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള പത്തുദിവസത്തെ യാത്ര എന്നെ കുറെയേറെ വിചിന്തനങ്ങള്‍ക്കിടയാക്കി. അത് ആത്മീയമായ ഒരു ഉണര്‍വിലേക്കും അര്‍ഥവും ആഴവുംനിറയുന്ന ആത്മീയ ബോധ്യങ്ങളിലേക്കും നയിച്ചു. ഇസ്രായേലില്‍ എത്തിയ ആദ്യ ദിവസം ജോര്‍ദാന്‍ നദിയുടെ പടവുകളില്‍വച്ച് നടത്തിയ ജ്ഞാനസ്‌നാനവ്രത നവീകരണം ഓര്‍മയില്‍ നില്‍ക്കുന്നു. ബഹുമാനപ്പെട്ട പള്ളിവാതുക്കല്‍ അച്ചന്‍ ജോര്‍ദാന്‍ നദിയിലെ ജലം നെറുകയില്‍ ഒഴിച്ച് ത്രിതൈ്വക ദൈവത്തിന്റെ നാമത്തില്‍ പ്രാര്‍ഥിച്ചപ്പോള്‍ യേശുവിന്റെ ജ്ഞാനസ്‌നാനം മനസ്സില്‍ തെളിഞ്ഞു. ”ഇവന്‍ എന്റെ പ്രിയ പുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (മത്താ 3:17) എന്ന് സ്വര്‍ഗം എന്നെയും നോക്കി പറയാനിടയാകണേ എന്ന് ആഗ്രഹിച്ചു. സാത്താനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിച്ച് നന്മയെ മുറുകെ പിടിച്ചു ദൈവപൈതലായി ജീവിച്ച് അങ്ങേ പിതാവിനെ പ്രസാദിപ്പിക്കുവാന്‍ എന്നെയും അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ഥിച്ചു.

സായാഹ്നത്തില്‍ ഗലീലി കടലിലൂടെയുള്ള ബോട്ടു യാത്ര മനോഹരമായിരുന്നു. യേശുവിന്റെ പാദസ്പര്‍ശനമേറ്റ അതേ ജലം. ദൈവപുത്രനെ അനുസരിച്ച അതേ കടലും കാറ്റും. അത്ഭുതത്തോടെ വെള്ളത്തിലേക്ക് നോക്കി മനസ്സില്‍ സ്‌തുതി തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഇതേ ജലത്തില്‍ മുങ്ങിപ്പോയ ആ വലിയ മുക്കുവനെ ഓര്‍ത്തു (മത്താ 14:30). അല്പ വിശ്വാസി എന്ന ശബ്ദം എന്റെ ഹൃദയത്തിലും പ്രതിധ്വനിച്ചു. ജീവിതനൗകയ്ക്കുചുറ്റും തിരമാലകള്‍ ഉയരുമ്പോള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ ക്രിസ്തുവിനെ മാത്രം നോക്കാന്‍ ഞാന്‍ ഇനിയും ഒരുപാട് മുങ്ങി പൊങ്ങേണ്ടിയിരിക്കുന്നു. ബോട്ടിന്റെ ഒരു മൂലയില്‍ ഇരുന്നു ഞാന്‍ പ്രാര്‍ഥിച്ചു. ദൈവമേ എന്നെ വിശ്വാസത്തില്‍ ആഴപ്പെടുത്തണമേ.

യേശുവിന്റെ കബറിടവും കാല്‍വരിയും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചര്‍ച്ച് ഓഫ് ഹോളി സെപള്‍ച്ചര്‍ (Church of Holy Sepulchre)) കുമ്പസാരം കഴിഞ്ഞു കാല്‍വരിയില്‍ യേശുവിന്റെ കുരിശ് നിന്നിരുന്ന സ്ഥലത്തിന്റെ മുന്നില്‍ മുട്ടുകുത്തി പാപം സ്‌നേഹത്തെ മുറിവേല്‍പിച്ചപ്പോള്‍, പാപമില്ലാത്തവന്‍ എനിക്കായി കുരിശില്‍ തറക്കപ്പെട്ടതു ഇവിടെയാണ് എന്ന യാഥാര്‍ഥ്യം ഹൃദയത്തെ വല്ലാതെ ഭാരപ്പെടുത്തി. നിന്റെകുരിശിലെ സ്‌നേഹം അനുദിനം ഓര്‍ത്തു ജീവിക്കാന്‍ കൃപയേകണേ എന്ന പ്രാര്‍ഥനയോടെ കാല്‍വരിയുടെ കല്‍പടവുകള്‍ ഇറങ്ങുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു.

ദൈവികമായ ഒരു ശാന്തത ഇന്നും യേശുവിന്റെ കല്ലറക്കു ചുറ്റും നിറഞ്ഞുനില്ക്കുന്നു. മുട്ടിന്മേല്‍ നിന്ന് കല്ലറയില്‍ ചുംബിച്ച നിമിഷം പറഞ്ഞറിയിക്കാനാവാത്ത പ്രത്യാശയും സമാധാനവും എന്റെ ഹൃദയത്തില്‍ തിരതല്ലി. അവന്‍ ഇവിടെയില്ല. ഉയിര്‍പ്പിക്കപ്പെട്ടു(ലൂക്ക 24:5) എന്നത് ക്രിസ്തീയ ജീവിതത്തിനു പ്രചോദനവും ജീവിതത്തില്‍ വലിയ വലിയ പ്രതീക്ഷകളും തരുന്നുണ്ട്. സന്തോഷത്തോടെ യേശുവിന്റെ കല്ലറയില്‍ നിന്ന് പുറത്തേക്കു നടക്കുമ്പോള്‍ സഭയോട്ചേര്‍ന്ന് ഞാനും മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു; ‘കര്‍ത്താവേ അങ്ങേ മരണം ഞങ്ങള്‍ പ്രഘോഷിക്കുന്നു, ഉയിര്‍പ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങേ വരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു’.

abhishekh

 

അഭിഷേക് മാനുവല്‍ ജോസ്‌

Share This:

Check Also

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ

യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. …

Powered by themekiller.com watchanimeonline.co