Tuesday , 11 December 2018
Home / Articles / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

ഫാസിസം കടന്നുവരുന്ന വഴികള്‍

മറ്റുരാജ്യങ്ങളിലെചരിത്രത്തെക്കുറിച്ച് പലരും അജ്ഞരാണ്. അതുപോകട്ടെ, സ്വന്തം രാജ്യത്തെ ചരിത്രംപോലും പലര്‍ക്കും അറിയണമെന്നില്ല. അവനവന്റെ നിലനില്പിന് അപ്പുറത്തേക്ക് ദീര്‍ഘദൃഷ്ടി പായിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിനച്ചിരിക്കാത്ത വിനാശകരമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുമ്പോള്‍ മാത്രമാണ് തങ്ങളകപ്പെട്ടിരിക്കുന്ന ദുര്‍ഘടാവസ്ഥയെ തിരിച്ചറിയാന്‍ കഴിയുന്നത്. അപ്പോഴേക്കും മുന്നോട്ടുള്ള പ്രയാണം അസാധ്യമാക്കും വിധം വിഭിന്നാശയ ധാര്‍ഷ്ട്യത്തിന്റെ കൊടിയ കരതയ്ക്കിരയാവുകയും ചെയ്യും. ഇറ്റലി, ജര്‍മനി, സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, ചൈന, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ ചരിത്രങ്ങള്‍ അനുഭവപാഠങ്ങളായി നാം മനസ്സിലാക്കണം. ഇവയില്‍ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പുകളിലൂടെയാണ് ഏകാധിപതികള്‍ അധികാരത്തില്‍ വന്നത്. ജനകീയ ജനാധിപത്യം ലക്ഷ്യമാക്കി വിപ്ലവം നടന്ന നാളുകളില്‍ ക്രമേണ ജനതയെന്നാല്‍ പാര്‍ട്ടിയും പാര്‍ട്ടിയെന്നാല്‍ നേതാവെന്നുമുള്ള അവസ്ഥ കൈവരുകയും എന്തിനെയും അടിച്ചമര്‍ത്തുന്ന സ്ഥിതിയിലേക്കെത്തുകയും ചെയ്തു. ആരുടെ ഉന്നമനത്തിനാണോ അധികാരം ലക്ഷ്യംവച്ചിരുന്നത്, അവര്‍ക്കെതിരെ ഹിംസാത്മക നടപടികളിലേക്കെത്തിയ ചരിത്ര പാഠങ്ങളാണ് മേല്‍പറഞ്ഞ രാജ്യങ്ങളില്‍ സംഭവിച്ചത്.

ഏതൊരുപ്രസ്ഥാനത്തിനും വ്യക്തിക്കും തെറ്റുവരാമെന്നിരിക്കേ സ്വതന്ത്ര ചിന്തകള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തില്‍ ഇടം വേണം. പ്രതിപക്ഷം എന്നത് ഭരണപക്ഷത്തെ എന്തിനും എതിര്‍ക്കാനുള്ള വേദിയല്ല, ഭരണവീഴ്ചകളും കൊള്ളരുതായ്മകളും ചൂണ്ടിക്കാണിച്ച് ജാഗ്രതയോടെ ജനാധിപത്യത്തിന്റെ കാവലാളാകാനുളള അവസ്ഥയാണ്. തിരുത്തപ്പെടലുകള്‍ ഇല്ലാതെവന്നാല്‍ ജനതയും ഭരണകൂടവുമായി അകല്‍ച്ചയുണ്ടാകും.

ആദ്യമേതന്നെ ഭീകരാവസ്ഥസൃഷ്ടിച്ചുകൊണ്ടല്ല ഫാസിസത്തിന്റെ നടപടികള്‍ ആരംഭിക്കുന്നത്. 1933-ല്‍ ജര്‍മനിയില്‍ യഹൂദരുടെ കടകള്‍ ബഹിഷ്‌കരിച്ചുകൊണ്ടാണ് നാസികള്‍ ആദ്യചുവടുവയ്ക്കുന്നത്.കടകളുടെ പുറത്ത് ‘ആര്യന്‍’ എന്നും ‘ജൂതന്‍’ എന്നും വേര്‍തിരിച്ച് അടയാളപ്പെടുത്തി. ക്രമേണ ജനങ്ങള്‍ ഈ ചിന്തയിലേക്കുവന്നു. ഇന്ന് പുസ്തകംതീയിടുന്നവര്‍ നാളെ മനുഷ്യനെ തീയിടും എന്നു പറയുന്നു.പശുവിനെ സംരക്ഷിക്കുന്നവര്‍ മനുഷ്യനെ കൊല്ലുന്ന നിലയിലേക്കെത്തുന്നു.

ഓരോ വ്യക്തിയും തങ്ങള്‍ ചെയ്യുന്ന ജോലിയുടെ സദാചാരം സംരക്ഷിച്ചിരുന്നുവെങ്കില്‍ ഒരു ഫാസിസത്തിനും എവിടെയും കടന്നുകയറാന്‍ കഴിയില്ലായിരുന്നു. ജര്‍മനിയില്‍ നിയമജ്ഞരും ചികിത്സകരും ശാസ്ത്രജ്ഞരും വ്യവസായികളും സത്യസന്ധരായിരുന്നുവെങ്കില്‍ യഹൂദരെയും കമ്യൂണിസ്റ്റുകളെയും ജിപ്‌സികളെയും പോളിഷ് വരേണ്യ വിഭാഗത്തെയും അവയവ ഭംഗം വന്നരെയും ദുര്‍ബലരെയും വിചാരണ കൂടാതെ കൊലചെയ്യുകയും ക്യാംപുകളില്‍ തൊഴില്‍ ചൂഷണം നടത്തുകയും പീഡനപരീക്ഷണങ്ങള്‍ നടത്തുകയും നാസികള്‍ക്ക് എളുപ്പമാവില്ലായിരുന്നു. എവിടെ ഫാസിസ്റ്റുകള്‍ പിടിമുറുക്കിയിട്ടുണ്ടോ അവിടെയൊക്കെ സ്വകാര്യ സേനകളുണ്ടണ്ടായിരുന്നു.

ജര്‍മനിയില്‍ നാസിസം ക്രമേണയാണ് ബുദ്ധിജീവികളുടെയും വിദ്യാര്‍ഥികളുടെയുമൊക്കെ പ്രതീക്ഷയിലേക്കു വന്നത്. അടുത്തകാലത്ത് ഭാരതത്തില്‍നടന്ന നോട്ടുപിന്‍വലിക്കല്‍ തന്നെഎടുക്കുക. കള്ളപ്പണം പിടിക്കാനെന്ന ന്യായീകരണമുണ്ടണ്ടതിന്. എന്നാല്‍, അധികം കള്ളപ്പണം കിട്ടിയതായി അറിവില്ല.വന്‍കിടക്കാര്‍ക്ക് വായ്പ കൊടുക്കാന്‍ അതുവഴി ബാങ്കുകളിലേക്ക് ഇഷ്ടംപോലെ പണം വന്നുചേര്‍ന്നു. അതൊന്നും തിരിച്ചുകിട്ടുമെന്നുറപ്പില്ല. കടബാധ്യതയാല്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും അവരുടെവായ്പകള്‍ എഴുതിത്തള്ളാന്‍ മടികാണിക്കുന്നു. ഈവര്‍ഷം ജി.ഡി.പി. വളര്‍ച്ചകുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, വസ്തുതകളെ നിരാകരിച്ചുകൊണ്ടണ്ടുള്ള സ്ഥിതിവിവരണക്കണക്കുകളുടെ കളി പ്രത്യാശയുടെ ധൂമപടലമാണുയര്‍ത്തുന്നത്. സൂക്ഷ്മ നിരീക്ഷണം നടത്തുമ്പോള്‍ ജര്‍മനിയുടെ ചരിത്രത്തിലുള്ള നാസി പാഠങ്ങളുടെ ആവര്‍ത്തനം ഭാരതത്തിലും കാണാന്‍ കഴിയും. ഭരണകൂടത്തിന്റെ ഓരോ നടപടികളിലും അതീവ ജാഗ്രതയോടെ നിരീക്ഷണം നടത്തിയില്ലെങ്കില്‍ ഫാസിസം അതിന്റെ കരാളഗസ്തങ്ങള്‍ ജനത്തിനുനേരെ തിരിച്ചുവയ്ക്കും. തിന്നാനും ധരിക്കാനും മാത്രമല്ലവിശ്വസിക്കാനുള്ള അവകാശംകൂടി കുഴിച്ചുമൂടപ്പെടും (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ജൂണ്‍ 18).

കാന്ധമാലിലെഏഴു സഹനപുത്രന്മാര്‍

2008 ഓഗസ്റ്റ് 23-നാണ് ഒഡിഷയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി നിഗൂഢമായവിധത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന്‌വര്‍ഗീയവാദികള്‍ അതിന്റെ ഉത്തരവാദിത്വം ക്രൈസ്തവരുടെമേല്‍ ചുമത്തി. പിന്നീട് ആഴ്ചകളോളം അക്രമപരമ്പര അരങ്ങേറി. നൂറോളം ക്രൈസ്തവരാണ് അന്ന് രക്തസാക്ഷികളായത്. 300 ദേവാലയങ്ങളും 6000-ത്തിലേറെ ക്രൈസ്തവ ഭവനങ്ങളും ആ ദിനങ്ങളില്‍ തകര്‍ക്കപ്പെട്ടു. 56000-ത്തോളം ക്രൈസ്തവരാണ് അന്ന് പെരുവഴിയിലായത്. അതില്‍ഭൂരിപക്ഷവും വനങ്ങളിലേക്ക് ഓടിയൊളിച്ചു. ഇതിന്റെ പേരില്‍ ഇന്നും നിരപരാധികളായ ഏഴു ക്രൈസ്തവര്‍ ജയിലില്‍ പീഡനമേറ്റുകിടപ്പുണ്ടണ്ട്. കാന്ധമാലിലെ ഈ ഏഴു യുവാക്കള്‍ക്കുവേണ്ടണ്ടിയും പ്രാര്‍ഥന നമ്മുടെ ദേവാലയങ്ങളില്‍ ഉയരണം.

മെട്രോ സംസ്‌കാരം സ്വീകരിക്കുമെങ്കില്‍

വിമര്‍ശനങ്ങളേറെയുണ്ടെങ്കിലും മെട്രോ വികസനത്തിന്റെ പ്രതീകംതന്നെയാണ്. സമയകൃത്യത, ബഹളങ്ങളോ ആരവങ്ങളോ ഇല്ലായ്മ, ട്രെയിനുള്ളിലെ ശീതീകരിച്ച താപനില, സ്റ്റേഷനും പരിസരത്തുമുള്ളവൃത്തി, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ കഴിയായ്ക തുടങ്ങി യാത്രയുടെ നല്ല സംസ്‌കാരംപരിശീലിക്കാന്‍ ഉപകരിക്കുന്നു. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഉചിതമായ നടപടി എടുക്കണം. മെട്രോ യാത്രകള്‍ യാത്രയിലെ അച്ചടക്കത്തെ പഠിപ്പിക്കുന്നു. ഇത് മറ്റു ഗതാഗത മേഖലയിലെ യാത്രകളിലും ശീലമാകാന്‍ കാരണമാകും. തുടക്കംമുതലേ മെട്രോ നിയമങ്ങള്‍ വിട്ടുവീഴ്ചചെയ്യാതെ തുടര്‍ന്നാല്‍ പുതിയൊരു യാത്രാസംസ്‌കാരം കേരളത്തില്‍ രൂപപ്പെടാനും അതു സഹായകരമാകും.

സണ്ണി കോക്കാപ്പിള്ളില്‍su

sunnykokkappillil@gmail.com

Share This:

Check Also

മഴത്തുള്ളിക്കാലം

ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രിയുടെ ‘പ്രൊഫസ്സ് മിശിഹാ’ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ഡസ്‌കില്‍ നിന്നാണ് വിളി വന്നത്, അലക്‌സി ജേക്കബ് ആണോ …

Powered by themekiller.com watchanimeonline.co