Thursday , 20 September 2018
Home / Editorial / സന്തോഷിക്കാനുള്ള സമയം

സന്തോഷിക്കാനുള്ള സമയം

ഇത് സന്തോഷത്തോടെ ദൈവസ്തുതികള്‍ അര്‍പ്പിക്കാനുള്ള സമയം. 1967-ല്‍ അമേരിക്കയിലെ ഡ്യൂക്കെയ്ന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഇടയില്‍ തുടക്കം കുറിക്കപ്പെട്ട കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി നാളുകള്‍. ഇരിങ്ങാലക്കുടയില്‍ ആളൂരിലെ ലൂമന്‍ യൂത്ത് സെന്ററില്‍വച്ച് പതിനായിരങ്ങളെ സാക്ഷി നിറുത്തി ജൂബിലി ആഘോഷം, ‘അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമം’ നടക്കുന്നു.

എന്തെല്ലാം നന്മകളാണ് ഈ പരിശുദ്ധാത്മ മുന്നേറ്റം സഭയ്ക്കും സമൂഹത്തിനും നല്കിയത്. എത്രയെത്ര ജീവിതങ്ങളാണ് മാറിമറിഞ്ഞത്, നന്മയുള്ളതായത്. 30-ലധികം രാജ്യങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയ ജീസസ്‌യൂത്ത് എന്ന യുവജന മുന്നേറ്റവും, മാധ്യമരംഗത്ത് അത്ഭുതങ്ങള്‍ തന്നെ ഒരുക്കുന്ന ശാലോമുമൊക്കെ ഉള്‍പ്പെട്ട ദൈവാനുഗ്രഹത്തിന്റെ പട്ടിക അന്തമില്ലാതെ നീളുന്നു. കരിസ്മാറ്റിക് നവീകരണത്തിലൂടെ ദൈവികസ്പര്‍ശം അനുഭവിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതം എങ്ങനെയായിത്തീര്‍ന്നേനെ എന്ന് അത്ഭുതപ്പെടുന്ന, ഞാനുള്‍പ്പെടെയുള്ള പതിനായിരങ്ങളുണ്ട്. അംഗീകാരവും, ബഹുമാനവും വരുന്നതിനു മുമ്പ്, പരിഹാസവും അവഹേളനവും മറന്ന് തങ്ങളുടെ ഉള്ളിലനുഭവിച്ച ദൈവസ്‌നേഹാഗ്നിയെ ജ്വലിപ്പിക്കാനും പടര്‍ത്താനും മുമ്പേ നടന്നവരെനന്ദിയോടെ ഓര്‍ക്കണം. ഊണും ഉറക്കവും ഉപേക്ഷിച്ച്, ദൈവം തങ്ങളെ ഏല്പിച്ച ദൗത്യം നിറവേറ്റാന്‍, നവീകരണത്തിന്റെ ചൈതന്യം പകരാന്‍, വിശ്രമമറിയാതെ പണിയെടുത്തവര്‍ അനേകമാണ്.

കുറെ ഭക്തരെ സൃഷ്ടിക്കുകയല്ല, പക്വതയുള്ള അല്മായ ശിഷ്യരെ, പ്രേഷിതരെ വളര്‍ത്തുകയെന്നതാണ് നവീകരണത്തിന്റെ ഭാവിദൗത്യം. കുറച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമിടയിലെ പരിശുദ്ധാത്മ ഇടപെടലിലൂടെ തുടക്കമിട്ട ഈ മുന്നേറ്റത്തിന്റെ അല്മായഭാവം കാത്തുസൂക്ഷിക്കുകതന്നെ വേണം. തെറ്റുകളും കുറ്റങ്ങളും കണ്ടെത്തി തിരുത്തുന്നതിനൊപ്പം സിദ്ധികള്‍ തിരിച്ചറിഞ്ഞ് സഭയുടെ വളര്‍ച്ചയ്ക്ക് ഉപയുക്തമായി കരിസ്മാറ്റിക് നവീകരണത്തെ മാറ്റണം. ഏറെ നന്ദിയോടെ, സന്തോഷത്തോടെ, കരിസ്മാറ്റിക് നവീകരണത്തിന്റെ തന്നെ ഒരു ഫലമായ ‘കെയ്‌റോസ്’ അഖിലലോക മലയാളി കരിസ്മാറ്റിക് …സംഗമത്തിന് പ്രാര്‍ഥനാശംസകള്‍ നേരുന്നു.

പുതിയ കാലഘട്ടത്തിലെ കൗമാരക്കാരും യുവജനങ്ങളും മാതാപിതാക്കളും പേരന്റിങ്ങും

പുതിയ വീഞ്ഞ് സൂക്ഷിക്കാന്‍ പുതിയ തോല്ക്കുടങ്ങള്‍ തന്നെവേണം. ഇന്നലെകളില്‍ സ്വീകാര്യമായിരുന്ന രീതികള്‍ ഇന്നത്തെ കാലഘട്ടത്തില്‍ സ്വീകാര്യമാകണമെന്നില്ല. ജീവിതങ്ങളും രീതികളും സാഹചര്യങ്ങളും വല്ലാതെ മാറിപ്പോയിരിക്കുന്നു. ‘ന്യൂ ജനറേഷന്‍’ കാലഘട്ടത്തില്‍ പ്രസക്തമാവുന്ന പേരന്റിങ് എങ്ങനെയാവാം എന്നൊരന്വേഷണം കെയ്‌റോസ് നടത്തുകയാണീ ലക്കത്തില്‍.                                                                                      Untitled-1

 സ്‌നേഹപൂര്‍വം,

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com

Share This:

Check Also

വരൂ, നമുക്ക് ചിരിക്കാം

വരൂ, നമുക്ക് ചിരിക്കാംഅടുത്തയിടെ കണ്ട ഒരു പോസ്റ്ററിലെ വാക്യങ്ങള്‍ രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ‘വെള്ളിയാഴ്ചയാകാന്‍ കാത്തിരിക്കുന്നത് അവസാനിപ്പിക്കൂ, വേനല്ക്കാലമെത്താനും കാത്തിരിക്കേണ്ട, മറ്റാരെങ്കിലും …

Powered by themekiller.com watchanimeonline.co