Thursday , 20 September 2018
Home / Anubhavam / ചേരാത്തത് എന്നും ചേരാതെതന്നെ കിടക്കും

ചേരാത്തത് എന്നും ചേരാതെതന്നെ കിടക്കും

അവരുടെ കണ്ണുകളില്‍ ഒട്ടും തിളക്കമുണ്ടായിരുന്നില്ല.കവിളെല്ലുകള്‍ തെളിഞ്ഞുകാണാം. എവിടെയോ കളഞ്ഞുപോയ യൗവനത്തിന്റെ ബാക്കി തുടിപ്പുകള്‍ കുറെയൊക്കെ നിലനില്ക്കുന്നുണ്ട്. സകല പ്രത്യാശയുമറ്റതുപോലെ – ശാപത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ ഉച്ചരിക്കുന്നുണ്ട്.

”ഒരുകാരണവശാലും ഞാനതു സമ്മതിക്കില്ല” അവര്‍ കട്ടായം പറഞ്ഞു.

”കുറേ വര്‍ഷങ്ങളായി പൊങ്ങാത്ത ചുമടുമായി ഞാന്‍ നടക്കുന്നു. അവര്‍ക്കിപ്പോള്‍ ജോലികിട്ടിയിട്ടേ ഉള്ളൂ. എനിക്കു കുറച്ച് ആശ്വാസമാകുമെന്നു ഞാന്‍ വിചാരിച്ചു. ഇപ്പോള്‍ അവള്‍ വീട്ടിലേക്കുവരുന്നു പോലുമില്ല. സ്വന്തംവഴി നോക്കി പോകുന്നുപോലും.”

”അല്‍ഫോന്‍സ ശാന്തമാകൂ…, പ്രശ്‌നങ്ങള്‍ തെളിച്ചു പറയൂ…”

”എനിക്കു പറ്റിയതുപോലെ മറ്റാര്‍ക്കും സംഭവിക്കരുത്. അനുഭവിച്ചറിഞ്ഞവര്‍ക്കേ അതു മനസ്സിലാവുകയുള്ളൂ…”

മകളുടെ പ്രശ്‌നവുമായി വന്നതാണ്. പറഞ്ഞുകേട്ടതില്‍ നിന്നും അമ്മയ്ക്കും എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നുതോന്നുന്നു. എന്നാല്‍ കാര്യത്തിലേക്ക് പെട്ടെന്നു വരുന്നുമില്ല. സാവധാനം പ്രശ്‌നങ്ങളിലേക്കു കടക്കുകയായിരിക്കും നല്ലതെന്നു തോന്നിയതിനാല്‍ ഇങ്ങനെ പറഞ്ഞു: ”നമുക്കു കുറച്ചുനേരം പ്രാര്‍ഥിക്കാം.”

അവരെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും സമര്‍പ്പിച്ച് കുറച്ചുനേരം പ്രാര്‍ഥിച്ചു. പെയ്യാന്‍ ഒരുങ്ങുന്ന മഴമേഘങ്ങള്‍ പോലെയായിരുന്നു അപ്പോഴും അല്‍ഫോന്‍സയുടെ മുഖം. ദൃഷ്ടി ഒരിടത്തും ഉറച്ചു നില്ക്കുന്നുമില്ല.

”അല്‍ഫോന്‍സ, നല്ല പേരാണല്ലോ!”

”പേരു മാത്രമേയുള്ളൂ”

”സഹനത്തിന്റെ മാലാഖയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ”

”ഞാന്‍ സഹനത്തിന്റെ പിശാചാണ്”

”ഇങ്ങനെയൊന്നും പറയരുത്. ഏതു കാര്യത്തിനും പരിഹാരമില്ലാതെവരുമോ?”

”ഉണ്ടാകുമോ? ഞാന്‍ മരിച്ചുകളയുമെന്നു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, പോയി മരിച്ചുകൊള്ളാന്‍. അവള്‍ക്കു ജീവിക്കണം പോലും. അതും ആരുടെ കൂടെ?”

എന്താണെന്നറിയില്ല. പിന്നീട് ഒട്ടും നിറുത്താതെയുള്ള വിവരണമായിരുന്നു അല്‍ഫോന്‍സായുടേത്. മൂന്നു മക്കളെ തന്റെ ചെറിയ ജോലി കൊണ്ടുമാത്രം വളര്‍ത്തിയ കാര്യങ്ങള്‍ ഉദ്വേഗത്തോടെയാണു കേട്ടത്. ബി.എസ്.സി. നഴ്‌സിങ് കഴിഞ്ഞ മൂത്തമകളാണ് കഥാപാത്രം. എയ്മി ജോലിയില്‍ കയറിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. ഇളയവരെ പഠിപ്പിക്കണമെങ്കില്‍ കുറച്ചെങ്കിലുംഎയ്മിയുടെ സഹായംകൂടിയേ തീരൂ. ഇനിയും ഒറ്റയ്ക്കു തുഴയാന്‍ ആകുന്നില്ല. ജോലി കിട്ടിയപ്പോള്‍ ഉടനെ വിവാഹം നടത്തണമെന്ന് അവള്‍ പറയുന്നു. അതും രക്തബന്ധുവായ ചെറുക്കന്‍. രണ്ടുവയസ്സ് പ്രായം കുറവാണ് ചെറുക്കന്.

”അവളുടെ പല ആവശ്യങ്ങള്‍ക്കും അവന്‍ കൂടെ പോയിട്ടുണ്ട്. എന്തിനാണ് അവനെ മാത്രം ഇത്ര ബുദ്ധിമുട്ടിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവനുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ പറയുന്നു അവനുമായി ഉടനെ വിവാഹം കഴിക്കണമെന്ന്.”

”ആദ്യം പറഞ്ഞല്ലോ, എനിക്കു പറ്റിയതു പോലെ മറ്റാര്‍ക്കും സംഭവിക്കരുതെന്ന്. അങ്ങനെ പറയാന്‍ കാരണമെന്ത്?”

അല്‍ഫോന്‍സ തന്റെ ജീവിതകഥ വെളിപ്പെടുത്തിയപ്പോഴാണ് മകളുടെ ബന്ധത്തെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നു മനസ്സിലായത്. മധ്യകേരളത്തിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു അവര്‍. കോളേജില്‍ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയായിരുന്നു അല്‍ഫോന്‍സ. അതുകൊണ്ടുതന്നെ പലആണ്‍കുട്ടികളുടെയും സ്വപ്നങ്ങളില്‍ അവള്‍ പാറിനടന്നു. എന്നാല്‍, ആര്‍ക്കും അവള്‍ പിടികൊടുത്തില്ല. അത്യാവശ്യം പാടാനുള്ള കഴിവുള്ളതുകൊണ്ട് കോളേജിലെ വിശേഷാവസരങ്ങളില്‍ അല്‍ഫോന്‍സായുടെ ഗാനമുണ്ടാകുമായിരുന്നു. അങ്ങനെയാണ് ഗിറ്റാര്‍ വായിക്കുന്ന മാര്‍ട്ടിനെ പരിചയപ്പെടുന്നത്. പരിചയം പങ്കുവയ്ക്കലായി.

പി.ജി. കഴിഞ്ഞപ്പോള്‍ വിവാഹം ചെയ്തയയ്ക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. അപ്പോഴേക്കും അവരുടെ മനസ്സുകള്‍ തമ്മില്‍ വല്ലാതെ അടുത്തിരുന്നു. മാര്‍ട്ടിന്‍ ഒരുസാധാരണ കുടുംബത്തില്‍ നിന്നുവരുന്നതാണ്. പക്ഷേ, പ്രധാനപ്രശ്‌നം ഇതല്ലായിരുന്നു. മാര്‍ട്ടിന് അല്‍ഫോന്‍സയേക്കാള്‍ മൂന്നുവയസ്സു പ്രായം കുറവാണ്. അല്‍ഫോന്‍സയുടെ കുടുംബക്കാര്‍ ഈ ആലോചനയെ നഖശിഖാന്തം എതിര്‍ത്തു. വീട്ടില്‍ മുറിയിലടച്ചു. എന്നാല്‍, എല്ലാവരുടെയും കണ്ണുവെട്ടിച്ച് അവള്‍ മാര്‍ട്ടിന്റെ അടുത്തേക്ക് ഇറങ്ങിപ്പോയി. പിന്നീട് അല്‍ഫോന്‍സയുടെ വീട്ടുകാര്‍ മുന്‍കൈ എടുത്ത് അവരുടെ വിവാഹം പള്ളിയില്‍വച്ച് ലളിതമായി നടത്തിക്കൊടുത്തു. അല്‍ഫോന്‍സയുടെ പിതാവ് ഇങ്ങനെ പറഞ്ഞു: ”മോളെ ചേരാത്തത് എന്നും ചേരാതെ തന്നെ കിടക്കും. എനിക്കു നല്ല വേദനയുണ്ട്.”

പിന്നീട് സംഭവിച്ചത് ഇങ്ങനെയായിരുന്നു. വിവാഹത്തിന്റെ പുതുമോടി കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാതായി. ഗിറ്റാറുമായി അലഞ്ഞുനടന്നു. മദ്യം ബലഹീനതയായി മാറിയപ്പോള്‍ മരണത്തിലേക്കുള്ള വാതില്‍ വേഗം തുറക്കപ്പെട്ടു. തുടര്‍ന്നുള്ള ജീവിതത്തോണി അല്‍ഫോന്‍സ തനിച്ചു തുഴയേണ്ടിവന്നു. അന്നു പിതാവിന്റെ വാക്കുകള്‍ നുസരിച്ചിരുന്നുവെങ്കില്‍!

സണ്ണി കോക്കാപ്പിള്ളില്‍

Share This:

Check Also

വിശ്വാസത്തിൻെറ വിത്തുപാകാൻ ക്ഷണം കിട്ടിയവർ

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും …

Powered by themekiller.com watchanimeonline.co