Thursday , 17 January 2019
Home / Cover Story / സ്‌നേഹം സകലതും സഹിക്കുന്നു

സ്‌നേഹം സകലതും സഹിക്കുന്നു

തോമസ്-അല്‍ഫോന്‍സാ ദമ്പതികളുടെ മൂന്നാമത്തെ കുട്ടി. രണ്ടു പെണ്‍മക്കള്‍ക്കുശേഷം ഉള്ള ആണ്‍കുഞ്ഞാണ്. അതുകൊണ്ട് എല്ലാവരുടെയും ഒത്തിരി ലാളനയും സ്‌നേഹവും കിട്ടി. പ്രത്യേകിച്ച് രണ്ട് ചേച്ചിമാരുടെയും മമ്മിയുടെയും.

എന്റെ +2 പഠനത്തിന്റെ അവസാനം പപ്പായ്ക്ക് പെട്ടെന്ന് റ്റി.ബി. ബാധിച്ചു. തുടര്‍ന്ന് പപ്പായുടെ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നു കിടപ്പായി. ഇപ്പോള്‍ ഏതാണ്ട് 12 വര്‍ഷമായി. ഞാന്‍ ബി.എ. പഠിക്കാന്‍ കോളേജില്‍ ചേര്‍ന്നു, എന്റെ ആദ്യവര്‍ഷം നല്ലകുട്ടിയായി മമ്മിക്ക് ഒരു സഹായമായിരുന്നു. പിന്നെ ഞാന്‍ പല കൂട്ടുകെട്ടുകളില്‍പ്പെട്ട് ഉഴപ്പാന്‍ തുടങ്ങി. പഠനത്തില്‍ നിന്നും ശ്രദ്ധമാറി, മദ്യപാനം, പുകവലി, അങ്ങനെ എല്ലാത്തിനും അടിമയായി. വീട്ടില്‍ നില്‍ക്കുന്നത് ഉഴപ്പാന്‍ ഒരുതടസ്സമായതുകൊണ്ട് ‘ഒത്തിരി പഠനത്തില്‍ ശ്രദ്ധിക്കാനുണ്ട് അതിന് ഗ്രൂപ്പ് സ്റ്റഡി ആവശ്യമാണ്. അതിനാല്‍ ഞങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ മുറിയെടുത്ത് താമസിക്കുകയാണ്. അതിനാല്‍ എല്ലാ ദിവസവും വീട്ടില്‍ വരാന്‍ സാധിക്കില്ല’ എന്നൊക്കെപ്പറഞ്ഞ് മമ്മിയെ ഞാന്‍ നന്നായി പറ്റിച്ചിരുന്നു.

ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ത്തന്നെ ജോലി കിട്ടി ഇന്ത്യയ്ക്ക് പുറത്തേക്ക് പോയി. ഒരു വര്‍ഷത്തിനുശേഷം തിരിച്ച് വീട്ടില്‍ വന്നു. അപ്പോഴേക്കും ഞാന്‍ നല്ലൊരു ഉഴപ്പനായി മാറിയിരുന്നു. തുടര്‍ന്നു ഞാന്‍ നാട്ടില്‍തന്നെ തന്നെ ജോലി നോക്കി. ആദ്യമാദ്യം ഞാന്‍ വൈകി വരുന്നതിന്റെ കാരണം വാതില്‍ തുറന്നു തരുമ്പോള്‍ മമ്മിക്ക് മനസ്സിലായില്ല. ഞാന്‍ മദ്യപിച്ചിട്ടു വരുന്നതുകൊണ്ട് മദ്യത്തിന്റെ മണം കിട്ടാതിരിക്കാന്‍ ഞാന്‍ മറ്റുപല മാര്‍ഗങ്ങളും സ്വീകരിച്ചു.

അവസാനം മമ്മിക്ക് എന്റെ രീതിയിലും സംസാരത്തിലും വന്ന മാറ്റം മനസ്സിലായി. മമ്മിയുടെ പേരുപോലെതന്നെ ശരിക്കും മമ്മിയൊരു അല്‍ഫോന്‍സാമ്മ തന്നെയായിരുന്നു. മമ്മിക്ക് മനസ്സിലായിട്ടും എന്നെ മമ്മി വഴക്കു പറഞ്ഞില്ല. എനിക്കുവേണ്ടി കണ്ണുനീര്‍ ഒഴുക്കി പ്രാര്‍ഥിക്കാന്‍ തുടങ്ങി. പലപ്പോഴും രാത്രിയില്‍ വാതില്‍ തുറന്നുനോക്കുമ്പോള്‍ എനിക്ക് കരച്ചിലിന്റെ സ്വരം കേള്‍ക്കാമായിരുന്നു. രാവിലെ എണീറ്റു വരുമ്പോഴും മമ്മി മാറിനിന്ന് കരയുന്നതും മുട്ടിപ്പായി പ്രാര്‍ഥിക്കുന്നതും കാണാം. ഒരിക്കല്‍ പോലും ദുശ്ശീലത്തിന്റെ പേരില്‍ പപ്പയും മമ്മിയും വഴക്കിടാനോ ഒന്നും വന്നിട്ടില്ല. കുറ്റപ്പെടുത്തി സംസാരിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഞാന്‍ ഒരു ധ്യാനത്തിനുപോയി. അതെന്റെ ജീവിതത്തിലെ വഴിത്തിരിവിന് കാരണമായി. തുടര്‍ന്ന്, എന്റെ ജീവിതം ഈശോയ്ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ സാധിച്ചു. അതിനു പിന്നില്‍ മമ്മിയുടെയും പപ്പയുടെയും പ്രാര്‍ഥനയും ത്യാഗവും സഹനവുമുണ്ട്. മമ്മി ഒരിക്കലും പരാതി പറയുന്നത് കണ്ടിട്ടില്ല. ഞാന്‍ പാടികള്‍ക്കായി പോകുമ്പോഴും സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നപ്പോഴും
ജോലി ഇല്ലാതിരുന്ന സമയത്തും അത് സ്‌നേഹത്തോടെ അവര്‍ ഉള്‍ക്കൊണ്ടു. ദൈവത്തിനുവേണ്ടി ആണല്ലോ മകന്‍ നടക്കുന്നത് എന്ന ഉത്തമബോധ്യത്തോടെ എന്നെ പപ്പയും മമ്മിയും ബലപ്പെടുത്തി. ”സ്‌നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു, സകലത്തെയും അതിജീവിക്കുന്നു, സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല” (1 കോറി 13:7-8). എനിക്ക് എന്റെ മാതാപിതാക്കളെ ഓര്‍ക്കുമ്പോള്‍ ഈ വചനം ആണ് എന്റെ മനസ്സില്‍ കടന്നു വരുന്നത്. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എങ്ങനെയാണ് ഇവര്‍ക്ക് ഇങ്ങനെ ക്ഷമിക്കാനും സഹിക്കാനും പറ്റുന്നത്? ”ദൈവം തന്നു. ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ”. പപ്പാ എപ്പോഴും പറയുന്ന വചനം ആണ്, പപ്പായ്ക്ക് ഒരിക്കലും ഒന്നിനെക്കുറിച്ചും പരാതിയില്ല, പ്രത്യാശമാത്രം. അതു ഞങ്ങളെ മുമ്പോട്ടു നയിക്കുന്നു.

ആന്റോ തോമസ്‌

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co