Thursday , 20 September 2018
Home / Featured / മക്കളെ നേടാം കൂളായി

മക്കളെ നേടാം കൂളായി

ഈ ടീച്ചര്‍ പഠിപ്പിച്ചുതുടങ്ങിയിട്ട് മുപ്പതുവര്‍ഷമാകുന്നു. സിലബസിനപ്പുറം വിദ്യാര്‍ഥികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതുകൊണ്ട് അവരുടെ പ്രിയപ്പെട്ട അധ്യാപിക. പ്രശസ്ത നേതൃുത്വ പരിശീലക, കൗണ്‍സിലര്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക. ഒപ്പം മൂന്നു ആണ്‍മക്കളുടെ അമ്മ കൂടിയായ ഡോ. ആന്‍സി ജോര്‍ജ് മാറുന്ന കാലത്തെ പേരന്റിങ് ശൈലികള്‍ വായനക്കാരോട് പങ്കുവയ്ക്കുന്നു.

മാറുന്ന കാലം, മാറുന്ന കുട്ടികള്‍

പണ്ട് കുട്ടികള്‍ക്ക് അധ്യാപകരോട് ഒരു റെസ്പെക്റ്റബിള്‍ ഡിസ്റ്റന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സമപ്രായക്കാരോട് എന്ന പോലെയാണ് അവര്‍ നമ്മളോട് ഇടപെടുന്നത്. മനസ്സില്‍ തോന്നുന്നത് വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അത് ഒരുതരത്തില്‍ നല്ലതാണ്.

യുവജനങ്ങള്‍ പ്രശ്നങ്ങളെ കുറേക്കൂടി ഭയമില്ലാതെ, തുറവിയോടെ കാണുന്നവരാണ്. അവര്‍ സ്വാതന്ത്ര്യവും അംഗീകാരവും ലഭിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്.

എന്നാല്‍ ഇതിനിടയില്‍ മറ്റൊരു വിഭാഗമുണ്ട്. അവര്‍ സ്വയം വില കുറച്ചുകാണും. ഇടുങ്ങിയ ചിന്താഗതിയോടെ, ഉള്ളിലേക്ക് ഒതുങ്ങി, ലോകത്തെ കാണുന്നവര്‍. ഇക്കൂട്ടര്‍ ചില സമയത്ത് പൊട്ടിത്തെറിച്ചേക്കാം. ഇങ്ങനെയുള്ള കുട്ടികളില്‍നിന്ന് നിഗൂഢമായി കിടക്കുന്ന ധാരാളം തിന്മകള്‍ സമൂഹത്തിലേക്ക് പകര്‍ന്നേക്കാം.

പരിഗണനകിട്ടാത്തവരോട് പരിഗണന

തീര്‍ച്ചയായും ഇങ്ങനെയുള്ളവര്‍ക്കാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ക്ഷമയോടെ, കരുതലോടെ, കരുത്തോടെ പ്രാര്‍ഥനയോടെ നിലകൊണ്ടാലേ ഈ വിഭാഗത്തെ നമുക്ക് നേടാന്‍ കഴിയൂ. Anybody can love lovable persons, Loving unlovable person is the challenge.

നല്ല കുട്ടിയെ സ്നേഹിക്കാന്‍ ആര്‍ക്കും പറ്റും. നമ്മുടെ പരിഗണന ഇല്ലെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ കഴിയും. എന്നാല്‍ മോശക്കാരെന്നു പറഞ്ഞ് സമൂഹം തഴയുന്ന കുട്ടികളെ നമ്മള്‍ ശ്രദ്ധിച്ചാല്‍ അവരിലൂടെ ഒത്തിരി നന്മകള്‍ കൊണ്ടുവരാന്‍ കഴിയും. അതിനു  മുന്നിട്ടിറങ്ങാന്‍ ദൈവികമായ ഒരു പ്രചോദനം കൂടിയേതീരൂ. അല്ലാത്ത പ്രചോദനങ്ങള്‍ സാവധാനം മടുപ്പിക്കും.

കോളേജില്‍ നിന്ന് വീട്ടിലേക്കു എത്തുമ്പോള്‍

ഭര്‍ത്താവ് ജോര്‍ജ് ജോസഫ് കോട്ടയത്ത് കൃഷിവകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറാണ്. എനിക്ക് മൂന്നു മക്കളാണുള്ളത്. മൂത്തമകന്‍ ബെനെറ്റ് ദുബായിലും രണ്ടാമത്തെ മകന്‍ വിക്ടര്‍ ബാംഗ്ലൂരിലും എഞ്ചിനീയര്‍മാരാണ്. ഇളയമകന്‍ എമ്മാനുവല്‍ ആനക്കല്ല് സെന്റ ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥി. ക്ലാസ്സില്‍ കുട്ടികളോടെനിക്ക് കരുണ കാണിക്കാന്‍ പറ്റുന്നതിനൊരുകാരണം എനിക്ക് മൂന്നാണ്‍കുട്ടികള്‍ ഉള്ളതിനാലാണ്. എന്റെ മക്കള്‍ക്ക് എന്ത് ലഭിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അത് ക്ലാസ്സിലെ കുട്ടികള്‍ക്ക് നല്‍കും.

എന്റെ കുട്ടി ക്ലാസ്സില്‍ മോശമായി പെരുമാറിയാല്‍, ഉടനെ അവനെ അധ്യാപിക ശപിച്ചാല്‍ എനിക്ക് വിഷമമാകില്ലേ? അതുപോലെതന്നെയല്ലേ ക്ലാസ്സിലെ കുട്ടികള്‍ക്കും അനുഭവപ്പെടുക. മക്കള്‍ക്ക് ഞാന്‍
പക്വതയുള്ളതും നിശ്ചയദാര്‍ഢ്യമുള്ളതുമായ പ്രത്യുത്തരമാണ് കൊടുക്കാറുള്ളത്.

വസ്ത്രധാരണം, പഠനത്തിന്റെ സമയക്രമീകരണം, തുടങ്ങിയ കാര്യങ്ങളില്‍ ഡെമോക്രാറ്റിക്കാണ്. അതായത് അവരുടെ ഇഷ്ടങ്ങള്‍കൂടി പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണ് ഞാന്‍ നല്‍കുക. എന്നാല്‍ അധ്യാപകരോടുള്ള പെരുമാറ്റം, സണ്‍ഡേസ്‌കൂള്‍ പങ്കാളിത്തം, കൂദാശസ്വീകരണം തുടങ്ങിയ കാര്യങ്ങളില്‍ കാര്‍ക്കശ്യപൂര്‍ണമായ നിലപാടുമാണ് ഞാന്‍ സ്വീകരിക്കാറുള്ളത്.

കാലത്തിന്റെ മാറ്റങ്ങളെ അംഗീകരിക്കണം

പണ്ട് കുട്ടികള്‍ക്ക് പുസ്തകം വായിക്കുന്നതായിരുന്നു ഇഷ്ടം. പിന്നീട് ടിവിയിലായി ഇഷ്ടം. മൊബൈല്‍ഫോണ്‍ വന്നതോടെ ആ സ്ഥാനം പിന്നെയും മാറി. ഇങ്ങനെ കുട്ടികളുടെ ഇഷ്ടങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. മാറിയ കാലത്തെ കുട്ടികളുടെ സാഹചര്യങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം സ്ഥായിയായ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനും മാതാപിതാക്കള്‍ തയ്യാറാകണം. ഉദാഹരണത്തിനു ഗുരുജനങ്ങളോടുള്ള ആദരവ്, മുതിര്‍ന്നവരോടുള്ള ബഹുമാനം, ദൈവഭയം, സഹോദരസ്നേഹം തുടങ്ങിയ കാര്യങ്ങള്‍. അതേസമയം ചെറുപ്പക്കാരുടെ കണ്ണിലൂടെ കാര്യങ്ങളെ കാണാനുള്ള ഒരു ഉള്ളലിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള ഈ പെരുമാറ്റരീതി കൈവരിക്കാന്‍ കാഴ്ചപ്പാടിലുള്ള മാറ്റമാണ് ആദ്യം ഉണ്ടാകേണ്ടത്.

പ്രാര്‍ഥിച്ച് ഒരുങ്ങണം മക്കളുടെ വിവാഹത്തിനായി

ഇന്ന് കല്യാണം കഴിഞ്ഞയുടനെ ധാരാളം വിവാഹമോചനങ്ങള്‍ നടക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവര്‍ പ്രാര്‍ഥിച്ചൊരുങ്ങാതെ പുതുജീവിതത്തിലേക്ക് കടക്കുന്നു എന്നതാണ്. എല്ലാകാര്യത്തിലുമെന്നപോലെ മക്കളുടെ വിവാഹകാര്യങ്ങളിലും കുടുംബം ഒന്നിച്ചു പ്രാര്‍ഥിക്കണം. നമ്മള്‍ തിരഞ്ഞെടുക്കുന്ന പങ്കാളികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. എന്നാല്‍ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മോശമാകില്ലല്ലോ. അടുത്ത വര്‍ഷം മകന്റെവിവാഹം നടത്താന്‍ പ്ലാന്‍ ചെയ്യുകയാണ്. അതുകൊണ്ടുതന്നെ, ദൈവത്തിന് ഇഷ്ടമുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കാന്‍ അവനെ സമര്‍പ്പിച്ച് കുടുംബമൊന്നാകെ ഒരുവര്‍ഷത്തോളം പ്രാര്‍ഥിച്ചൊരുങ്ങാനാണ് തീരുമാനം.

മടിക്കരുത് കുറവുകള്‍ ഏറ്റുപറയാന്‍

കുട്ടികള്‍ മാതാപിതാക്കളുടെ കണ്ണാടിയാണ്. നമ്മുടെ കുട്ടികളുടെ തെറ്റുകള്‍ കാണുമ്പോള്‍ അതൊരു കണ്ണാടിയായി അനുഭവപ്പെടണം; നമ്മുടെ കുറവുകളിലേക്ക് തിരിക്കുന്ന കണ്ണാടി. അവനിലെ കുറവ് നമ്മള്‍ നല്‍കിയ പരിശീലനത്തിലെ അപാകതയോ, നമ്മള്‍ നല്‍കിയ മാതൃകയിലെ അപര്യാപ്തതയോ ആകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ”എന്നിലെ സ്വഭാവദൂഷ്യം നീ അനുകരിക്കരുത്, നീ അങ്ങനെ ഒരു കുട്ടി ആകേണ്ടവനല്ല” എന്ന് മക്കളോട് പറയാന്‍ മാതാപിതാക്കള്‍
മടിക്കണ്ടേണ്ട കാര്യമില്ല. മദ്യപാനിയായ അപ്പന്‍ മകനോട് ഈ കാര്യത്തില്‍ എന്നെ അനുകരിക്കരുത് എന്ന് പറയണം. അപ്പോള്‍ അവിടെ ഒരു സത്യസന്ധതയുണ്ട്, ഒരു തുറവിയുണ്ട്. അത് കുട്ടികളെ സ്വാധീനിക്കും.

ദുശ്ശീലങ്ങള്‍ക്ക് അടിപ്പെടുന്ന കുട്ടിയോട്

ഇന്നത്തെ കുട്ടികള്‍ ലഹരിമരുന്നിനും മറ്റു ദുശ്ശീലങ്ങള്‍ക്കും അടിപ്പെടാനുള്ള പ്രധാന കാരണം അവര്‍ യഥാര്‍ഥ സന്തോഷം അറിയുന്നില്ല എന്നതാണ്. സഹപാഠികളുടെയും മീഡിയയുടെയും സ്വാധീനം കൂടുകയും മാതാപിതാക്കളുടെ സ്വാധീനം കുറയുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ വിശ്വാസചൈതന്യത്തില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അതാണ്. ആത്മീയ സന്തോഷത്തിലേക്ക് വന്ന ഒരാളില്‍ ലോകത്തിന്റെ താത്ക്കാലിക സുഖങ്ങള്‍ ഒട്ടും ആവേശം ജനിപ്പിക്കില്ല.

സ്നേഹംകൊണ്ടു മാത്രമേ ഒരു കുട്ടിയെ നേടിയെടുക്കാന്‍ കഴിയുകയുള്ളൂ

വഴി തെറ്റി പോകുന്ന മക്കളെ നേര്‍വഴിയിലേക്ക് നയിക്കാന്‍ നമുക്ക് കഴിയും. മക്കളുടെ കുറവുകളില്‍ ശ്രദ്ധിക്കാതെ അവരിലുള്ള നന്മകളില്‍ ശ്രദ്ധ കൊടുക്കുക. ഉദാഹരണത്തിന് ലഹരിക്ക് അടിമയായിട്ടുള്ള മകനോട് ”നീ നല്ല കുട്ടിയാണ് എല്ലാതരത്തിലും നിന്നെ ഞാന്‍ സ്നേഹിക്കുന്നു, എന്നാല്‍ ഈ ഒരു ദുശ്ശീലം മാത്രം മാറ്റിയാല്‍ നീ എല്ലാവരുടെയും കണ്ണിലുണ്ണിയായിത്തീരും, എല്ലാരും നിന്നെ സ്നേഹിക്കും, എല്ലാറ്റിനും ഉപരിയായി ദൈവം നിന്നെ സ്നേഹിക്കും” എന്നുപറയണം. ഇങ്ങനെയൊരു നയം സ്വീകരിച്ചാല്‍ അനേകം കുട്ടികളെ നേടിയെടുക്കാന്‍ നമുക്ക് കഴിയും. മൊബൈല്‍ ഫോണിനു അടിമയായ ധാരാളം കുട്ടികളെ കാണാറുണ്ട്. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയല്ല അവയെ വിവേകത്തോടെ ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് മാതാപിതാക്കള്‍ചെയ്യേണ്ടത്. കുട്ടികള്‍ വളരെ ആയാസരഹിതമായി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും മിഴിച്ചുനില്‍ക്കാറുണ്ട്. എന്നാല്‍ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാനുള്ള സിദ്ധി മാതാപിതാക്കള്‍ നേടിയെടുത്താല്‍ പല പ്രശ്നങ്ങളും തടയാന്‍ കഴിയും.

തിരിച്ചും കോപിക്കേണ്ട; അതൊരു നിലവിളിയാണ്

മക്കള്‍ നമ്മളോട് ദേഷ്യപ്പെട്ടാല്‍ തല്ലാന്‍ ചെല്ലരുത്, പകരം അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവര്‍ എത്ര ഉറക്കെ ശബ്ദം വയ്ക്കുന്നോ, അത് അവരുടെയുള്ളില്‍ നിന്നുയരുന്ന കരുണക്കായുള്ള
നിലവിളിയാണെന്ന് മനസ്സിലാക്കുക. നിലവിളിയില്‍ ഒരുയാചനയുണ്ട്; അലര്‍ച്ചയ്ക്കുള്ളിലെ യാചന. അവരെ മനസ്സിലാക്കുക, പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുക. സ്വസ്ഥതയുള്ളപ്പോള്‍ അവര്‍ സന്തോഷത്തോടെ തിരിച്ചുവന്നുകൊള്ളും.

കുട്ടികളോട് പ്രസംഗിക്കേണ്ട; കാണിച്ചുകൊടുക്ക്

‘A Perosn filled with joy preaches without preaching’ എന്നാണല്ലോ മദര്‍തെരേസ പറയുന്നത്. ‘സന്തോഷം നിറഞ്ഞ ഒരു വ്യക്തി വാക്കുകളില്ലാതെ പ്രസംഗിക്കുന്നു’. അടുത്തിടയ്ക്ക് നല്ല മഴയുള്ള ഒരു ദിവസം പള്ളിയില്‍ നിന്ന് വരുംവഴി കാറില്‍നിന്നിറങ്ങി പിതാവ് മഴനനഞ്ഞു വരുന്ന ഒരു സാധു സ്ത്രീക്ക് കുട നല്‍കുന്നു. ഇതുകണ്ട തൊട്ടടുത്ത സീറ്റിലിരുന്ന മകന്റെ കണ്ണിലെ തിളക്കം വലുതായിരുന്നു. അവനോടു അപ്പന്‍ ഇനി സ്നേഹത്തെക്കുറിച്ചോ കരുതലിനെക്കുറിച്ചോ ഒന്നും പ്രസംഗിക്കേണ്ട കാര്യമില്ല. കാരണം അതെന്താണെന്ന് അപ്പനിലൂടെ അവന്‍ കണ്ടുകഴിഞ്ഞു.

കുട്ടികള്‍ കേള്‍ക്കുന്ന ഉപദേശങ്ങളെക്കാള്‍ കാണുന്ന മാതൃകക്ക് മൂല്യം നല്‍കുന്നവരാണ്. ചെറുപ്പത്തില്‍തന്നെ ഇത്തരം സത്ചിന്തകള്‍കൊണ്ട് അവരുടെ മനസ്സ് നിറയ്ക്കണം. എട്ടുവയസ്സ്‌വരെ കുട്ടികളുടെ ഉപബോധമനസ്സ് കാര്യമായി വളരുന്നില്ല. ആ കാലഘട്ടത്തില്‍ മനസ്സില്‍ പതിയുന്ന കാര്യങ്ങള്‍ ജീവിതത്തിലെന്നും അവന്റെ കൂടെയുണ്ടാകും. വെറുതെ കാണിച്ചുകൊടുത്താല്‍ പോരാ. സന്തോഷത്തോടെ വേണം ചെയ്യാന്‍. അപ്പന് പ്രാര്‍ഥിക്കുമ്പോള്‍ സന്തോഷമുണ്ട്, ഭിക്ഷക്കാരന് ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മയ്ക്ക് സന്തോഷമുണ്ട്. ഈ തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. മാതാപിതാക്കളുടെ തേജസ് നിറഞ്ഞ മുഖമാണ് ഈ തോന്നല്‍ ഉണ്ടാക്കിയെടുക്കുക.

ഞാന്‍ എന്റെ മാതാപിതാക്കളെ സന്തോഷത്തോടെ ശുശ്രൂഷിക്കുമ്പോള്‍ ഇതുകാണുന്ന എന്റെ മക്കള്‍ക്ക് ആ പാഠം ഹൃദിസ്ഥമാകുന്നു. പ്രായമാകുമ്പോള്‍ അവരും അതുതന്നെ അനുകരിക്കും.

മറക്കാതിരിക്കാം, ‘സന്തോഷം നിറഞ്ഞ ഒരു വ്യക്തി വാക്കുകളില്ലാതെ പ്രസംഗിക്കുന്നു’.

ni

നിതിന്‍ ഉറുമ്പേനിരപ്പേല്‍

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co