Saturday , 23 June 2018
Home / Cover Story / എന്റെ കൂള്‍ ഡാഡി

എന്റെ കൂള്‍ ഡാഡി

‘പഠിക്കാനും ചെയ്യാനുമൊക്കെ ഉള്ളത് കഴിഞ്ഞശേഷം മതി ബാക്കി കാര്യങ്ങള്‍..” അതല്ലെങ്കില്‍ പിന്നെ, ”പരീക്ഷ സമയത്ത് ഓരോ പ്രോഗ്രാം എന്നും പറഞ്ഞ് നടന്നോ, ഒന്നും പഠിക്കരുത്.” വേറൊരു കൂട്ടര്‍ ”ഇതും കൊണ്ട് നടന്നിട്ട് എന്താ ഇത്ര പ്രയോജനം. നീ ഇല്ലെങ്കിലും വേറെ ആരെങ്കിലും കാര്യങ്ങളൊക്കെ ചെയ്‌തോളും.” കുട്ടികള്‍ പള്ളിയുമായോ അല്ലാതെയോ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അനുമതി ചോദിച്ചാല്‍ നല്ലൊരു ശതമാനം മാതാപിതാക്കളുടെയും മറുപടി മുകളില്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒന്നായിരിക്കും. പല കൂട്ടുകാരും പറഞ്ഞു കേട്ടിട്ടുള്ള കഥയാണിത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ ഡാഡി എത്ര വ്യത്യസ്തനായ മനുഷ്യനാണെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

കര്‍ണാടകയിലെ കൂര്‍ഗിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ചെറുപ്പം മുതല്‍ ജീസസ് യൂത്തിനെ കണ്ടുവളര്‍ന്ന സാഹചര്യം. ഡാഡിയുടെ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളും പ്രോഗ്രാമുകളും എന്റെയും ജീവിതചര്യയുടെ ഭാഗമായിരുന്നു.

മമ്മി പറഞ്ഞു തന്ന വിശുദ്ധരുടെ കഥകളും ഡാഡി ഈശോയ്ക്കുവേണ്ടി ചെയ്യുന്ന ശുശ്രൂഷകളും എന്നെയും മുന്നേറ്റത്തിലേക്ക് അടുപ്പിച്ചു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യം ഞാനൊരു ഫുള്‍ടൈമറെ കാണുന്നത്. ചേച്ചി പോയശേഷം അതേപ്പറ്റി ചോദിച്ചപ്പോള്‍ ഫുള്‍ടൈമര്‍ എന്നാല്‍ എന്താണെന്ന് ഡാഡി പറഞ്ഞുതന്നു. കൂടെ ഒരു കാര്യം കൂടി പറഞ്ഞു, ”ഈ ലോകത്ത് നീ മറ്റെന്തിലും ഉപരിയായി ഈശോയ്ക്ക് മുന്‍തൂക്കം കൊടുക്കണം. അപ്പോള്‍ ഈശോ നിന്റെ കാര്യത്തിലും പ്രത്യേകം കരുതലുള്ളവനായിരിക്കും.” അന്നൊന്നും അതിന്റെ അര്‍ഥം വ്യക്തമായിരുന്നില്ല. പഠനവും ക്ലാസ്സുമൊക്കെ ആയി ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ ഡാഡി ഇടയ്ക്കിടയ്ക്ക് ചോദിക്കും ”ഈശോയ്ക്ക് വേണ്ടി ആത്മാക്കളെ നേടാന്‍ ശ്രമിക്കാറുണ്ടോ?” എന്ന്. ഈ ഡാഡി എന്തേ ഇങ്ങനെ പെരുമാറുന്നത് എന്ന് സംശയം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്നെ ശരിക്കും ചിന്തിപ്പിച്ചു. ”പഠിച്ചു നേടുന്നതിനും വിലയുള്ളത് ഈശോയ്ക്കുവേണ്ടി ആത്മാക്കളെ നേടുന്നതിലാണ്. അതാണ് ഞാനും നിന്നില്‍ നിന്ന് ആഗ്രഹിക്കുന്നത്”.

ഈ മറുപടി എന്റെ ജീവിതത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഡാഡി പറഞ്ഞതുപോലെ കര്‍ത്താവിനുവേണ്ടി ഇറങ്ങി. ബാക്കിയുള്ള സമയം പഠിച്ചു. ആകെ കിട്ടുന്ന കുറച്ച് സമയം ഏറ്റവും നന്നായി പഠിക്കാനും അവയെ ഏറ്റവും മികച്ച രീതിയില്‍ പരീക്ഷയ്ക്ക് ഉപയോഗിക്കാനും ദൈവം ഇടയാക്കി. എസ്.എസ്.എല്‍.സി, +2, ഡിഗ്രി പരീക്ഷകളെല്ലാം പല പ്രോഗ്രാമുകളുടെയും കാര്യങ്ങള്‍ക്കിടയില്‍ സമയം കണ്ടെത്തി പഠിച്ചതാണ്. എന്നാല്‍ പരീക്ഷയെല്ലാം മികച്ച മാര്‍ക്കോടെ പാസ്സാകാന്‍ കഴിഞ്ഞു.

ഭാവിയെക്കുറിച്ച് ആകുലതയില്ലാതെ ആത്മാക്കളെ നേടുന്നതില്‍ ആനന്ദം കണ്ടെത്താന്‍ പഠിപ്പിച്ച ഡാഡി ആണ് എന്റെ സൂപ്പര്‍ ഹീറോ!l

 ലിന്‍സി രൂപ

(25-ാം ബാച്ച് ഫുള്‍ടൈമര്‍)

Share This:

Check Also

സാന്ത്വനസ്പര്‍ശങ്ങളിലൂടെ സ്വാസ്ഥ്യമൃതിയിലേക്ക്‌

പായാധിക്യത്തിന്റെ അവശതകൊണ്ടോ, രോഗാവസ്ഥ മൂര്‍ച്ഛിച്ചോ മരണവക്കില്‍ എത്തിനില്‍ക്കുന്ന വ്യക്തിയെയുമായി ആശുപത്രിയില്‍ എത്തിയാല്‍ രോഗിയെ പ്രവേശിപ്പിക്കുക ഐ.സി.യു.വില്‍ ആകുന്നത് സ്വാഭാവികം. പിന്നെ …

Powered by themekiller.com watchanimeonline.co