Thursday , 20 September 2018
Home / Articles / മാറ്റം – നൊമ്പരപ്പെടുന്ന പുറപ്പാട്‌

മാറ്റം – നൊമ്പരപ്പെടുന്ന പുറപ്പാട്‌

മാറ്റം നാമെല്ലാം ഏറെ കേട്ടിരിക്കുന്ന ഒരു വാക്ക്, എന്താണത്?

ആയിരിക്കുന്ന ഒരു അസ്ഥിത്വം മാറി മറ്റൊന്നാകുന്നു എന്നു പറയാം. അഥവാ ഉണ്ടായിരുന്ന ഒന്ന് മാറി പുതിയത് വരുന്നുവെന്നും ആകാം. അത് മനസ്സിലാക്കുവാന്‍ നാം പ്രകൃതിയിലേക്ക് നോക്കിയാല്‍ മതി. ഒന്നും നിലനില്‍ക്കുന്നില്ല ആയിരിക്കുന്ന അവസ്ഥയില്‍, ഒന്നുകില്‍ വളരുന്നു അല്ലെങ്കില്‍ തളരുന്നു, ഏതുകാര്യവും അങ്ങനെ തന്നെ.

അതുകൊണ്ടാണ് ഈശാ പറഞ്ഞത് ”ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അതേപടി ഇരിക്കും” എന്ന്. ഇവിടെ ഗുരു പറഞ്ഞ അഴുകല്‍ ആണ് മാറ്റം എന്നു പറയുന്നത്. ഒരു ഗോതമ്പു മണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടം. തന്റെ അസ്ഥിത്വം മുഴുവന്‍ ഉരിഞ്ഞുവച്ചു, പുതിയ ചെടിയായി മാറുന്ന ഘട്ടം. ഒരിക്കല്‍ ചെടിയായാല്‍ മുമ്പ് അഴുകിയ വിത്തിന്റെ നൊമ്പരം പിന്നീട് അവന്‍ ഓര്‍ക്കാറില്ല.

ഈ ഒരു മാറ്റത്തിന്റെ മറ്റൊരു പതിപ്പ് മുട്ടയിലും കാണുവാന്‍ നമുക്ക് സാധിക്കും. ഒരു മുട്ട, തള്ളക്കോഴിയുടെ കീഴില്‍ ചൂടേറ്റു കോഴിയായി രൂപപ്പെടുന്നു. ആ പരിക്രമണത്തിന്റെ അവസാന ഘട്ടത്തില്‍, പൂര്‍ണ കോഴിയായി മുട്ടയിലായിരിക്കുന്ന അവസ്ഥ അഥവാ, അവന്റെ ഞെരുക്കത്തിന്റെ പൂര്‍ണത, അതില്‍ മാറ്റം എന്നത് വേദനിക്കുന്ന ഒന്നാണ് എന്ന ഗുരുവരന്റെ വാക്കുകള്‍ കാണുവാന്‍ നമുക്കു സാധിക്കും. പിന്നെ അവന്‍ ഒരിക്കലും തിരിച്ച് ഒരുമുട്ട ആകില്ല. പൂര്‍ണ വളര്‍ച്ചയെത്തി, തന്നെ കഷ്ടിച്ചു മാത്രം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന മുട്ടക്കുള്ളില്‍ നീണ്ട കൊക്കുകള്‍കൊണ്ട് തോട് കുത്തി പൊട്ടിക്കും. പിന്നെയും കാത്തിരിപ്പാണ് അമ്മയുടെ ചൂടേറ്റ്, അന്തരീക്ഷവായുശ്വസിച്ച് കുറെ കഴിയുമ്പോള്‍ ആ മുട്ടത്തോട് പൊട്ടിക്കാനുള്ള ആരോഗ്യം കൈവരുന്നു. ഒരു പൂര്‍ണ കോഴിആയിട്ട് അവന്‍ പുറത്തുവരുന്നു. മുട്ടത്തോടു പൊട്ടുന്നതിനു തൊട്ടുമുമ്പുള്ള ഏതാനും നിമിഷങ്ങളാവും അവന്റെ ജീവിതത്തില്‍ അവന്‍ ഏറെകഷ്ടപ്പെട്ടിരിക്കുക അല്ലെങ്കില്‍ നൊമ്പരപ്പെട്ടിരിക്കുക. അഥവാമാറ്റം എന്നതിന്റെ ഉഛസ്ഥായില്‍ എത്തിനിന്നപ്പോള്‍ അത് വലിയ നൊമ്പരം അവന് സമ്മാനിച്ചിരിക്കാം. ഭാവിയിലെ വലിയ ആയുധങ്ങള്‍ ആയ കൊക്കും നഖവും പോലും ശരീരത്തില്‍ കുത്തിക്കയറി വേദനകള്‍ നല്‍കിയിട്ടുണ്ടാവാം. എന്നാല്‍ ആ മാറ്റം പിന്നീട് ഒരിക്കലും മുട്ടത്തോടിനു തന്നെ ഉള്‍ക്കൊള്ളുവാന്‍ അല്ലെങ്കില്‍ ഒതുക്കുവാന്‍ കഴിയില്ല എന്ന സത്യത്തിലേക്ക് അവന്‍ എത്തുന്നു. ഒരുവേള അവന്‍ ആഗ്രഹിച്ചാല്‍ പോലും.

പ്രിയമുള്ളവരെ, നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നൊമ്പരങ്ങളും ഇതുപോലെ ചിലമാറ്റങ്ങളുടെ തുടക്കം ആവാം. ഈ ഒരു വേദനക്കുശേഷം, ശക്തനായി അതിജീവിക്കുന്നത് ഇതുപോലെ ഒരു വേദന പിന്നീട് ഒരിക്കലും നമ്മെ തകര്‍ക്കുവാനോ തളര്‍ത്തുവാനോ പറ്റില്ല എന്ന ഉറപ്പോടെയാണ്. മുട്ട തള്ളയുടെ ചൂട് വേണ്ടാഎന്നുവച്ചാലും, ഗോതമ്പ് മണി മണ്ണില്‍ അലിയാന്‍ തയ്യാറാകാതിരുന്നാലും, ജീര്‍ണ്ണത അല്ലാതെ മറ്റൊരു സാധ്യത ഇല്ല എന്നു നാം മനസ്സിലാക്കുന്നതുപോലെ നമ്മെ നാം ആക്കുവാനും ചില നൊമ്പരങ്ങള്‍ ആവശ്യമാണ്.

ഒരിക്കല്‍, തന്നെ ഞെരുക്കിയ മുട്ടത്തോടിനെ ഒരുകോഴിയും പിന്നീട് ഭയപ്പെടാറില്ല. അതേപോലെ ഇന്നത്തെ സഹനങ്ങളും നൊമ്പരങ്ങളും നാളത്തെ പ്രവര്‍ത്തിപരിചയങ്ങള്‍ ആയിമാറും. അഥവാ മാറ്റം എന്നത് നൊമ്പരപ്പെടുന്ന ഒരു പുറപ്പാടാണ്, കൂടുതല്‍ ശക്തിയിലേക്കും സ്‌നേഹത്തിലേക്കും. അവിടെയാണ്ഗുരു പറഞ്ഞ ‘അഴിയുന്നെങ്കിലോഏറെ ഫലം പുറപ്പെടുവിക്കും’ എന്ന വാക്കിന്റെവിശാലത, അത് ഇന്നത്തെ നൊമ്പരങ്ങള്‍ നാളത്തെ ജീവിതത്തിന്റെ പ്രായോഗീകത കൂടിആണ് എന്നത്.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മാറ്റം എന്നത് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ പദ്ധതി മാറ്റി ദൈവം തന്റെ പദ്ധതി നിര്‍വഹിക്കുന്നതാണ്. പരിശുദ്ധ അമ്മയുടെ ജീവിതം അതിന് ഉത്തമ ഉദാഹരണം ആണ്. അവള്‍ക്ക് തന്റെ ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന പദ്ധതി ദൂതനിലൂടെ ദൈവം മാറ്റിപ്പറഞ്ഞപ്പോള്‍, ‘ഇതാകര്‍ത്താവിന്റെ ദാസി” എന്നു പറഞ്ഞതിനെ ശിരസാവഹിച്ച മറിയത്തെ, രക്ഷകന്റെ അമ്മയാക്കിയതും, നൊമ്പരം നിറഞ്ഞ മാറ്റത്തിന്റെ ഗുണഫലം ആണെന്നും മനസ്സിലാക്കി, ദൈവം ഒരുക്കുന്ന മാറ്റങ്ങളാകുന്ന നൊമ്പരങ്ങളെ സ്വീകരിച്ച്, മറിയത്തെപ്പോലെ ഏറെ ഫലം പുറപ്പെടുവിക്കുന്നവരാകുവാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

റോബിന്‍ തോമസ്‌

Share This:

Check Also

സ്നേഹം അതല്ല ഇതാണ്

തിന്മയെ നന്മയെന്നുംനന്മയെ തിന്മയെന്നുംവിളിക്കുന്നവനു ദുരിതം!പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!” (ഏശ …

Powered by themekiller.com watchanimeonline.co