Wednesday , 24 April 2019
Home / Cover Story / അപ്പനും അമ്മയും അറിയാന്‍ സ്‌നേഹപൂര്‍വം മക്കള്‍

അപ്പനും അമ്മയും അറിയാന്‍ സ്‌നേഹപൂര്‍വം മക്കള്‍

അപ്പന്‍, സ്‌കൂളിലെ കണക്കധ്യാപകനാണ്. മകന്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയും. പക്ഷേ, മകന് കണക്കിനോട് അത്ര താത്പര്യം പോരാ. മറിച്ച് ശാസ്ത്ര പരീക്ഷണങ്ങളിലും യന്ത്ര നിര്‍മിതികളിലുമാണ് കൂടുതല്‍ താത്പര്യം. കര്‍ക്കശക്കാരനായ അപ്പന്റെ സ്വപ്നങ്ങള്‍ക്കൊപ്പം എത്താന്‍ കഴിയാതെ പോകുന്ന മകന്‍ ഒടുവില്‍ വീടുവിട്ടിറങ്ങുകയും കടുത്ത നിഷേധിയായി ജീവിക്കുകയും ചെയ്യുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ ‘സ്ഫടികം’ സിനിമയിലാണ് ഇങ്ങനെയൊരു അപ്പന്‍-മകന്‍ ബന്ധം ചിത്രീകരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍, കഠിനമായ ശിക്ഷണരീതി, സ്‌നേഹത്തെക്കാള്‍ ഉപരി ഭയം പഴയതലമുറയിലെ കുറേപ്പേരെങ്കിലും മാതാപിതാക്കളുമായുള്ള ബന്ധത്തെ ഓര്‍ക്കുന്നത് ഇങ്ങനെയായിരിക്കും. ഇന്ന് കാലം മാറി; ബന്ധങ്ങളുടെ സ്വഭാവവും. സ്വന്തം അപ്പനെപ്പോലും ‘ബ്രോ’ ആക്കാനും പുതിയ യുവത്വം മടിക്കില്ല എന്നുപോലും വിമര്‍ശിക്കപ്പെടുന്നു. മാറുന്ന ഈ കാലഘട്ടത്തില്‍ മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും കേരളത്തിലെ കലാലയയുവത്വം കെയ്‌റോസുമായി പങ്കുവയ്ക്കുന്നു.

ഫ്രണ്ടല്ല; ഫ്രണ്ട്‌ലിയാകണം!

മാതാപിതാക്കള്‍ ഫ്രണ്ട്‌സല്ല, പക്ഷേ, അവരുമായുള്ള ബന്ധം ഫ്രണ്ട്‌ലിയാവണം (സൗഹാര്‍ദപരം) എന്നാണ് എറണാകുളത്ത് ബിരുദ വിദ്യാര്‍ഥികളായ കൃഷ്ണപ്രഭയും സുഹൃത്തുക്കളും പറയുന്നത്. നല്ല സുഹൃത്തുക്കളോട് നമുക്ക് എന്തും തുറന്ന് പറയാന്‍ സാധിക്കും; അതുപോലെ മാതാപിതാക്കളോടും നമുക്ക് എല്ലാം തുറന്നുപറയാനും ചര്‍ച്ച ചെയ്യാനും സാധിക്കണമെന്നാണ് അനന്തുരാജന്റെ അഭിപ്രായം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്തരത്തിലുള്ള ‘തുറന്നു പറച്ചില്‍’ കുടുംബങ്ങളില്‍ നടക്കാത്തതെന്നാണ് ജീനു ജോസഫിന്റെവിലയിരുത്തല്‍. മാതാപിതാക്കള്‍ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ അത് ‘മിസ്യൂസ്’ ചെയ്യാതെ അവരര്‍ഹിക്കുന്ന ബഹുമാനം തിരികെ നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാണെന്ന് റെന്‍സനും ബിബിതയും ഓര്‍മിപ്പിക്കുന്നു. വളര്‍ന്നുവരുന്ന ഒരു കുട്ടിയുടെ സാഹചര്യം നിരീക്ഷിച്ചാല്‍ കൂടുതല്‍ ആശയവിനിമയം മാതാപിതാക്കളുമായിട്ടാണ് സംഭവിക്കുന്നത്. അതുകൊണ്ട് മക്കള്‍-മാതാപിതാക്കള്‍ ബന്ധം തികച്ചും സൗഹാര്‍ദപരമായിരിക്കണം എന്നത് മരിയറ്റും ആവര്‍ത്തിക്കുന്നു. പലപ്പോഴും കൗമാരക്കാരുടെയും യുവജനങ്ങളുടെയും പല  പ്രശ്‌നങ്ങള്‍ക്കും കാരണം കുടുംബങ്ങളില്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ഈ സാഹചര്യം മാറേണ്ടിയിരിക്കുന്നുവെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.

ചില നിയന്ത്രണങ്ങള്‍ അനിവാര്യം

മക്കള്‍ക്ക് അമിതമായ സ്വാതന്ത്ര്യം നല്‍കുന്നത് അപകടകരമാണെന്ന് തിരുവനന്തപുരത്ത് നിയമ വിദ്യാര്‍ഥികളായ അരുണ്‍ സെബാസ്റ്റ്യനും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് സമയം ചെലവിടുന്നതും മക്കള്‍ക്ക് മാതാപിതാക്കളോട് തുറന്ന് സംസാരിക്കാനുള്ള സാഹചര്യം കുടുംബത്തില്‍ ഉണ്ടാകുന്നതും വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇവരുടെ പക്ഷം. ആവശ്യമായ സമയത്ത് വഴക്ക് പറയാനും തെറ്റുകള്‍ തിരുത്താനും മടിക്കേണ്ടതില്ലെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേസ്വരം. അതേസമയം, അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ‘കൂട്ടിലെ തത്ത’യുടെ അവസ്ഥയാകരുതെന്ന് ആദിത്യ ഓമനക്കുട്ടനും ഓര്‍മപ്പെടുത്തുന്നു. അമിത നിയന്ത്രണത്തില്‍ വളര്‍ന്ന മക്കള്‍ കോളേജില്‍ എത്തുമ്പോള്‍ പെട്ടെന്ന് കൈവരുന്ന സ്വാതന്ത്ര്യം മൂലം വഴിതെറ്റി പോകുന്നത് ഇന്ന് പതിവുകാഴ്ചയാണത്രെ. പറക്കമുറ്റുന്ന കാലംവരെ മക്കള്‍ക്ക് നിയന്ത്രണങ്ങള്‍ നല്ലതാണ്, ഇത് തനിച്ച് ‘പറക്കുന്ന’ കാലത്ത് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചിട്ടയായി ജീവിക്കാന്‍ അവരെ സഹായിക്കുമെന്നാണ് നവീന്‍ സുരേഷിന്റെ അഭിപ്രായം. നിരന്തരം വഴക്കു പറയുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ചേര്‍ത്തലയില്‍ ബിരുദ വിദ്യാര്‍ഥിനിയായ സ്‌നേഹയുടെ നിരീക്ഷണം.

അപ്പനും അമ്മയും അല്‍പം ‘ടെക്കി’യാകാം

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പുതിയ തലമുറ അവരുടെ മാതാപിതാക്കളെക്കാള്‍ ഒരു പടിമുന്നിലാണ്. പുതിയ സാങ്കേതികരീതികള്‍ പഠിക്കുന്നതില്‍ പല മാതാപിതാക്കളും അത്ര തത്പരല്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഈ മേഖലയില്‍ മക്കളാണ് മിക്കവരുടെയും ഗുരു. മുതിര്‍ന്ന തലമുറയ്ക്ക് സാങ്കേതികവിദ്യയോടും അതുപയോഗിക്കുന്ന രീതിയോടും അല്‍പം വിമര്‍ശനാത്മക സമീപനമാണെന്നാണ് പാലായില്‍ ബിരുദവിദ്യാര്‍ഥികളായ അമല്‍ ടോമിന്റെയും സച്ചിന്‍ ഷാജിയുടെയും വിലയിരുത്തല്‍. പുത്തന്‍ ‘ടെക്ക്’ വിദ്യകള്‍ പഠിക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ താത്പര്യം കാണിക്കണമെന്ന് ഇവര്‍ പറയുന്നു. അപ്പോള്‍ മക്കള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കും. അപ്പനും അമ്മയും ടെക്കിയായാല്‍ തങ്ങളുടെ പല രഹസ്യങ്ങളും പുറത്താകുമെന്ന് ഭയപ്പെടുന്ന കൂട്ടരും ക്യാമ്പസുകളില്‍ കാണാം.

കുടുംബത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം

‘അമ്മേ, സെക്‌സ് എന്നു പറഞ്ഞാല്‍ എന്താണ്’ നാലാം ക്ലാസ്സുകാരന്റെ ചോദ്യംകേട്ട അമ്മയും ചേച്ചിയുമൊന്ന് ഞെട്ടി. ജാള്യതയും ആശ്ചര്യവും കൂടി കലര്‍ന്ന മുഖഭാവം. ഒടുവില്‍ അച്ഛന്‍ വരട്ടെ എന്നായി. അച്ഛന്റെ അവസ്ഥയും ഇതുതന്നെ. ഒടുവില്‍ രണ്ടും കല്‍പിച്ച് അച്ഛന്‍ ഗഹനമായ വിശദീകരണം നല്‍കി കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍ നിന്നുകിട്ടിയ അപേക്ഷ ഫോം കാണിച്ച് ഈ കോളത്തില്‍ (Sex)) അപ്പോള്‍ എന്ത് എഴുതണം എന്നായി മകന്‍! അച്ഛനും അമ്മയ്ക്കും ശ്വാസം നേരെവീണത് അപ്പോഴാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഒരു വിഷയമാണ് ഇപ്രകാരം നര്‍മത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പ്രാഥമികമായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ പലപ്പോഴും മാതാപിതാക്കള്‍ മടിക്കുന്നു. കൗമാരപ്രായം എന്തിനോടും കൗതുകം തോന്നുന്ന പ്രായമാണ്, ഈ പ്രായത്തില്‍ പ്രാഥമിക ലൈംഗികവിദ്യാഭ്യാസം മാതാപിതാക്കളില്‍ നിന്നുലഭിക്കുന്നത് ഉത്തമം. പലപ്പോഴും സുഹൃത്തുക്കളും നിലവാരം കുറഞ്ഞ പുസ്തകങ്ങളും നല്‍കുന്ന വിവരങ്ങള്‍ കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നുവെന്ന് കോട്ടയത്ത് സൈക്കോളജി വിദ്യാര്‍ഥിനിയായ ദിവ്യ അഭിപ്രായപ്പെടുന്നു.

മാതാപിതാക്കള്‍ റോള്‍ മോഡല്‍സ്

ആരാണ് ജീവിതത്തില്‍ റോള്‍ മോഡല്‍സ് എന്നു ചോദിച്ചാല്‍ സച്ചിനെന്നും ബച്ചനെന്നും ഒരു ‘ഗുമ്മിനു’ പറയാമെന്നു മാത്രം. യഥാര്‍ഥ ജീവിതത്തില്‍ സ്വന്തം മാതാപിതാക്കളാണ് ഞങ്ങളുടെ പ്രായത്തിStudents-2ല്‍ പലരുടെയും റോള്‍മോഡല്‍സ് എന്ന് കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥികളായ ട്രീസ ജെയിംസും ഷബാന അസ്മിയും പറയുന്നു. തന്നെക്കാള്‍ അര നൂറ്റാണ്ട് കൂടുതല്‍ ജീവിച്ച ഉപ്പ കരിയര്‍ ഉള്‍പ്പെടെ ജീവിതത്തിലെ നിര്‍ണായകമായ സമയങ്ങളില്‍ നല്‍കിയ പിന്തുണ വാക്കുകള്‍ക്ക് അതീതമാണെന്ന് ഷബാന. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്നും അമ്മയെപ്പോലെ ആവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വിഷ്ണു ദത്ത സാക്ഷ്യപ്പെടുത്തുന്നു. മാതാപിതാക്കള്‍ക്കും കുറവുകള്‍ ഉണ്ടാകാം, മക്കള്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന ‘വലിയ’ ചിന്തയും ഇവര്‍ പങ്കുവയ്ക്കുന്നു. മാതാപിതാക്കള്‍ മക്കള്‍ക്ക് സമഗ്രമായ പരിശീലനം നല്‍കണമെന്നാണ് മുഹമ്മദ് ജസീറിന്റെ അഭിപ്രായം. കരിയര്‍ തെരഞ്ഞെടുക്കുന്നതിലും ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലുമെല്ലാം മാതാപിതാക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഈ വിദ്യാര്‍ഥികൂട്ടം വിശ്വസിക്കുന്നു. പുതിയ തലമുറയുടെ രീതികള്‍ പലതും പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്. സിനിമകളില്‍ കാണുന്നതല്ല തങ്ങളുടെ നിലപാടുകള്‍ എന്ന് ഇവര്‍ ഉറക്കെപ്പറയുന്നു. പൊതുവേ ജീവിതത്തില്‍ തിരക്കേറുമ്പോഴും അവിടവിടെ ബന്ധങ്ങളില്‍ വിള്ളലുകള്‍ കാണുമ്പോഴും അച്ഛനും അമ്മയും ആണ് ജീവിതത്തില്‍ ‘ഹീറോസ്’ എന്ന് ഉറക്കെ പറയാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന പുതിയ തലമുറയുടെ ‘ഹീറോസും’ ഇവരായിരിക്കട്ടെ.

അരുണ്‍ ആന്റണി

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co