Wednesday , 24 April 2019
Home / Anubhavam / കാശ്മീരിലെ പള്ളിയും വി.കുര്‍ബാനയും

കാശ്മീരിലെ പള്ളിയും വി.കുര്‍ബാനയും

മനസ്സിലൊരു പ്രാര്‍ഥനയായിരുന്നു; ഈശോയേ, നിന്നെ അറിയാത്തവര്‍ക്ക് നിന്നെ പരിചയപ്പെടുത്തുവാന്‍ എന്നെ നീ ഉപകരണമാക്കേണമേ എന്ന്.

കാശ്മീരിലെ സാംബയില്‍ ജോലി ചെയ്യുന്ന സമയം. ഡല്‍ഹിയിലെ ജോലി കഴിഞ്ഞ് സാംബയില്‍ പുതിയ സ്ഥലത്ത് എത്തി. റെയില്‍വേസ്റ്റേഷനില്‍ മൂന്നു മലയാളി സുഹൃത്തുക്കള്‍ കാത്തു നിന്നിരുന്നു. അവരുടെകൂടെ പെട്ടിയും മറ്റു സാധനങ്ങളുമായി വണ്ടിയില്‍ കയറി നേരെ ക്യാമ്പില്‍ എത്തി. ജോലിയില്‍ പ്രവേശിച്ചു. പിറ്റേദിവസം രാവിലെ ഞങ്ങള്‍ ക്യാമ്പ് മുഴുവന്‍ കറങ്ങി. ക്യാമ്പിന്റെ ഒരു മൂലയില്‍ ഒരു പഴയ കെട്ടിടം അതിലൊരു മുറിയില്‍ ഈശോയുടെ തിരുഹൃദയത്തിന്റെ ഒരു പടവും ഒരു പഴയനക്ഷത്രവും തൂക്കിയിട്ടിരുന്നു. മുറി മുഴുവന്‍ മാറാമ്പല്‍ പിടിച്ചിരിക്കുന്നു. അന്നുതന്നെ ആ മുറി അടിച്ചുവാരി, വൃത്തിയാക്കി. നേരത്തെ ഉണ്ടായിരുന്ന പട്ടാളയൂണിറ്റുകള്‍ നോട്ടമില്ലാതെ ഇട്ടിരുന്ന ഈശോയുടെ വീട് ഞങ്ങള്‍ ഭംഗിയാക്കി അതില്‍ പ്രാര്‍ഥന തുടങ്ങി. മേല്‍ക്കൂരയില്‍ ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ അടച്ച്, പുതിയ കര്‍ട്ടനെല്ലാം തയ്പ്പിച്ച് ആ വീട് സമീപത്തുള്ള മന്ദിര്‍, ഗുരുദ്വാരകളുടേതിന് സമാനമായി മോടിപിടിപ്പിച്ചു. എല്ലാദിവസവും രാവിലെയും വൈകിട്ടും അവിടെ പ്രഭാതപ്രാര്‍ഥനയും കൊന്തയുമായി തുടങ്ങി.

ഞായറാഴ്ചയായി; പുറത്തെവിടെയാണ് പള്ളിയെന്നറിയില്ല. ദിവ്യബലിയില്‍ ഞായറാഴ്ചത്തെ കുര്‍ബാനയ്ക്കു പോകണമല്ലോ. എങ്കിലും ക്യാമ്പിലെ വലിയ അധികാരിയോടു ചോദിച്ചു. ഒരു മിനി ബസ് പള്ളിയില്‍ പോകുവാനായി അനുവദിച്ചു. എവിടെയാണ് പള്ളിയെന്നറിയില്ല. കുറച്ചകലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളിന്റെ മുകളില്‍ ഈശോയുടെ ഒരു രൂപവും താഴെ അമലോത്ഭവ മാതാവിന്റെ രൂപവും വച്ചിരിക്കുന്നതു കണ്ടതോര്‍മയുണ്ട്. ഞങ്ങള്‍ രാവിലെ 8-നു തന്നെ ആ മിനിബസില്‍ സ്‌കൂളിനെ ലക്ഷ്യമാക്കി യാത്രയായി. അവിടെച്ചെന്ന് വാതിലിന്റെ മുന്നിലുള്ള ബെല്ലടിച്ചു. ഒരു കന്യാസ്ത്രീയെത്തി വാതില്‍ തുറന്നു. ഞങ്ങളെക്കണ്ടപ്പോള്‍ അവര്‍ക്കത്ഭുതമായി. പ്രത്യേകിച്ച് പട്ടാളവണ്ടണ്ടിയും അതില്‍ കുറേപ്പേരും ഞായറാഴ്ച രാവിലെ മഠത്തിനുമുമ്പില്‍ നില്‍ക്കുന്നു! ആദ്യം കണ്ട സിസ്റ്റര്‍ അകത്തുപോയി മറ്റു സിസ്റ്റേഴ്‌സിനേയും വിളിച്ചുകൊണ്ടുവന്നു. അവര്‍ക്കൊത്തിരി സന്തോഷമായി. കുറേപ്പേര്‍ അതും പട്ടാളക്കാര്‍, പട്ടാളവണ്ടണ്ടിയില്‍ രാവിലെ കുര്‍ബാനയും അന്വേഷിച്ചു വന്നിരിക്കുന്നു. സിസ്റ്റേഴ്‌സ് പറഞ്ഞു, കുര്‍ബാന ഇവിടെയല്ല, കുറച്ച് അകെലയുള്ള ഒരു ഗ്രാമത്തില്‍ ഒരു പള്ളിയുണ്ട്. അവിടെയാണ് വി.കുര്‍ബാന. സിസ്‌റ്റേഴ്‌സും പള്ളിയില്‍ പോകുവാനുള്ള തയ്യാറെടുപ്പിലാണ്. ഞങ്ങളെകണ്ടപ്പോള്‍ അവര്‍ക്ക് ഒത്തിരി സന്തോഷമായി. നാടുവിട്ട് രാജ്യത്തെ കാക്കാനിറങ്ങിയവര്‍, പള്ളിയന്വേഷിച്ച്, കുര്‍ബാനയന്വേഷിച്ച് രാവിലെ എത്തിയതു കണ്ടപ്പോള്‍ കേരളത്തില്‍ നിന്നെത്തിയ സി.എം.സി സിസ്റ്റേഴ്‌സായ അവര്‍ക്ക് സന്തോഷമായി. അവര്‍ ഞങ്ങള്‍ക്ക് കാപ്പിയും, ബിസ്‌ക്കറ്റും തന്നു. ഞങ്ങളതു കഴിച്ചപ്പോഴേക്കും സിസ്റ്റേഴ്‌സും തയ്യാറായി. സിസ്റ്റേഴ്‌സിന്റെ ജീപ്പ് മുന്നിലും ഞങ്ങളുടെ മിനിബസ് പിന്നിലുമായി ഞങ്ങള്‍ പള്ളിയിലേക്കു യാത്രയായി.

ഏതാണ്ട് പത്തുമിനിറ്റു യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ പള്ളിയിലെത്തിച്ചേര്‍ന്നു. ഒരു കൊച്ചുപള്ളി. പള്ളിയില്‍ ആരും എത്തിയിട്ടില്ല. ഞങ്ങളെ പള്ളിയിലിരുത്തിയിട്ട് സിസ്റ്റേഴ്‌സ് സ്ഥലം വിട്ടു. രണ്ടു പ്രായം ചെന്ന കന്യാസ്ത്രീകള്‍ മാത്രം അവിടെ പള്ളിയിലിരുന്നു. ജപമാലയും തുടങ്ങി. ബാക്കി സിസ്റ്റേഴ്‌സ് അവിടെ ചുറ്റുവട്ടത്തുള്ള വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയിരിക്കുകയാണെന്നറിഞ്ഞു. എല്ലാവരെയും പള്ളിയിലേക്ക് കൊണ്ടുവരാന്‍. കുറേ കഴിഞ്ഞപ്പോള്‍ അച്ചന്റെ ജീപ്പ് വന്നു. സാംബിയയില്‍ നിന്നും 40 കി.മീ. അകലെ ഹിരാനഗറില്‍ നിന്നാണ് അച്ചന്‍ വരുന്നത്. അച്ചനും സിസ്റ്റേഴ്‌സും പിന്നെ കുറേ അവിടത്തെ ഗ്രാമവാസികളെയുംകൊണ്ട്.

ഞങ്ങള്‍ കൊന്ത ചൊല്ലിക്കഴിയാറായപ്പോള്‍ മറ്റു സിസ്റ്റേഴ്‌സും എത്തി. പള്ളി നിറയെ ആള്‍ക്കാരുമായി. എല്ലാവരും ആവേശത്തോടെ പാട്ടുകള്‍ പാടി കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ഒരു പുതിയ അനുഭവമായി. കുര്‍ബാന ഹിന്ദിയിലായിരുന്നു. മലയാളിയായ വൈദികന്‍ ഫാ.റിജോയും സിസ്റ്റേഴ്‌സും ഗായകസംഘവും വി.കുര്‍ബാന ഭംഗിയാക്കി.

കാഴ്ചസമര്‍പ്പണ സമയത്തെ ആ വിശ്വാസസമൂഹത്തിന്റെ പ്രവര്‍ത്തനം ഒരു പുതിയ അനുഭവമായി. അവിടെ എത്തിയ എല്ലാവരും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ബലിപീഠത്തിന്റെ മുന്നില്‍ വച്ചിരിക്കുന്ന പാത്രത്തില്‍ അവര്‍ കൂട്ടായ്മയര്‍പ്പിക്കാന്‍ എത്തുന്നു. മെഴുകുതിരിയോ, കുന്തിരിക്കമോ, ചന്ദനത്തിരിയോ, പണമോ, മിഠായിയോ എന്തെങ്കിലും അവര്‍ ഈശോയുടെ മുന്നില്‍ സമര്‍പ്പിച്ചിരിക്കും. മിക്കവാറും മുതിര്‍ന്നവരെല്ലാം വി.കുര്‍ബാന സ്വീകരണത്തിനായി വരിയായി നിന്നു. വിശ്വാസത്തില്‍ വളര്‍ന്നുവരുന്ന ഒരു പുതിയ ക്രിസ്തീയ സമൂഹം എത്ര ശുഷ്‌കാന്തിയോടെയാണ് വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ക്കത്ഭുതമായി കാഴ്ച സമര്‍പ്പണത്തിനു ലഭിച്ചവയില്‍ മൂന്നുനാലു പായ്ക്കറ്റു മിഠായിപ്പൊതികള്‍ ഉണ്ടായിരുന്നു. അത് വി.കുര്‍ബാന കഴിഞ്ഞയുടന്‍ തന്നെ പള്ളിയിലെത്തിയ എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. വിവാഹവാര്‍ഷികം, ജന്മദിനം തുടങ്ങിയ വിശേഷദിവസങ്ങളില്‍ അവര്‍ ഇങ്ങനെ മിഠായി വിതരണം ചെയ്തു. കുര്‍ബാന കഴിയുമ്പോള്‍ എല്ലാവരും അതു കഴിച്ചാണ് തിരിച്ചു പോകുന്നത്.

ഒരു പുതിയ സ്ഥലത്ത്, പ്രതികൂല കാലാവസ്ഥയില്‍പോലും നാടും വീടും ഉറ്റവരേയും ഉപേക്ഷിച്ച് യേശുവിന്റെ സുവിശേഷമായിത്തീരുന്ന ഈ കൊച്ചുകേരളത്തിന്റെ സുവിശേഷ ചൈതന്യമുള്‍ക്കൊണ്ട വൈദികന്റേയും സിസ്റ്റേഴ്‌സിന്റേയും പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ മനസ്സുനിറഞ്ഞു. വിശ്വാസതീക്ഷ്ണതയില്‍ നിലനിലല്‍ക്കാന്‍ നമ്മെ സഹായിക്കുന്ന നിരവധി സാഹചര്യങ്ങള്‍ക്ക് നടുവില്‍ ഇവിടെ കേരളത്തില്‍ ജീവിക്കുന്ന നമുക്ക് ഈ അനുഭവത്തിന്റെ വില അറിയില്ലായിരിക്കാം. എന്നാല്‍ ഇതും ഒരു യാഥാര്‍ഥ്യമാണ്. വിശ്വാസത്തില്‍ ജീവിച്ചും അത് പകര്‍ന്നുകൊടുത്തും ജീവിക്കുന്ന മിഷണറിമാരുടെ മുഖം പ്രാര്‍ഥനയില്‍ ഓര്‍ക്കാം.

ജോയി ചെറുവള്ളില്‍, ആമ്പല്ലൂര്‍

Share This:

Check Also

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് …

Powered by themekiller.com watchanimeonline.co