Wednesday , 20 March 2019
Home / Anubhavam / യാത്രയ്‌ക്കൊടുവിൽ മിച്ചം വന്നവ

യാത്രയ്‌ക്കൊടുവിൽ മിച്ചം വന്നവ

മിഷണറിയാവുക, മിഷന്‍ ലക്ഷ്യം വച്ച് യാത്രകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തികഞ്ഞ സന്യാസികള്‍ക്കോ ആത്മീയാചാര്യന്മാര്‍ക്കോ സന്യാസം വ്രതമെടുത്തവര്‍ക്കോ മാത്രം പറഞ്ഞിരിക്കുന്ന ദൗത്യമാണ് എന്നാണ് പൊതുധാരണ. അല്ല. ഈ ജീവിതയാത്രക്കിടയില്‍ ഒരിക്കലെങ്കിലും അപരനെ അറിയാന്‍ ഒരു യാത്ര നീ നടത്തിയില്ലെങ്കില്‍ ജീവിതത്തിന്റെ യഥാര്‍ഥ സൗന്ദര്യം നീ ആസ്വദിക്കാതെ പോയി എന്നര്‍ഥം.

”നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോ 16: 15).

മനുഷ്യജീവിതത്തില്‍ ആരും പൂര്‍ണതയില്‍ എത്തുന്നില്ല. ഞാനും പൂര്‍ണതയില്‍ അല്ല. എന്നാല്‍ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഒട്ടനവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം എന്ന ബോധ്യമാണ് ഗുജറാത്ത് മിഷനു പോകാന്‍ നിമിത്തമായത്. ഗുജറാത്ത് മിഷന്‍ യാത്രയിലൂടെ ഈശോയുടെ വലിയ പരിപാലനം മനസ്സിലായതിലൂടെയാണ് ഇത് എഴുതുവാന്‍ ഞാന്‍ നിയോഗിതയായി തീര്‍ന്നതും. ഞങ്ങളുടെ ഈ യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ ദൈവസ്‌നേഹത്തിന്റെ കരുതല്‍ ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു. പോയതു മുതല്‍ വന്നതുവരെയുള്ള ദിവസങ്ങള്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനും നല്കാന്‍ കഴിയാത്ത വിധം പാഠങ്ങളും അറിവുകളും തിരിച്ചറിവുകളും
നല്കിയാണ് അവസാനിച്ചത്.

ഗുജറാത്ത് – മനസ്സില്‍ ആദ്യം തെളിയുക വരണ്ടഭൂമി. കുടിവെള്ളം തേടി കുടവുമായി ദൂരേക്ക് നടക്കുന്ന കാലടികള്‍. കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള ആളുകളെക്കാണാന്‍ പ്രാര്‍ഥനയോടെ നടത്തിയ യാത്ര. ട്രെയിനിലെ നേരമ്പോക്കുകള്‍ക്കിടയിലെ തമാശകള്‍ പോലും യാത്രയെ സമര്‍പ്പിച്ച് കാഴ്ചവച്ചു. ജപമാല ചൊല്ലി പ്രാര്‍ഥിച്ചു. ഒടുവില്‍ കേട്ടറിവുകളില്‍ ചിലതൊക്കെ യാഥാര്‍ഥ്യവും കൂടുതല്‍ ഉള്‍ക്കാഴ്ച തരുന്നതുമായിരുന്നു.

ഈ യാത്രയില്‍ ഞങ്ങള്‍ പലരെയും കണ്ടു. ഒത്തിരി ഗ്രാമങ്ങളില്‍ പോയി. വ്യത്യസ്തങ്ങളായ കുടുംബങ്ങള്‍, വ്യത്യസ്തങ്ങളായ ജീവിതശൈലി, വ്യത്യസ്തങ്ങളായ ഭാഷാശൈലി. എങ്കിലും അപരിചിതരായ ഞങ്ങളെ വലിയ സ്‌നേഹത്തോടെയാണ്പരിപാലിച്ചത്. അപരിചിതയായ എന്നെ അവരുടെ വീട്ടില്‍ അവരില്‍ ഒരാളായി എന്നെ കണ്ടു. എന്നെ അവര്‍ സ്‌നേഹിച്ചു. പ്രാഥമികാവശ്യങ്ങള്‍ക്കിടയില്‍ ഒരിക്കള്‍ പോലും ഒളിക്ക്യാമറകളെ കുറിച്ച് ഞാന്‍ അസ്വസ്ഥപ്പെട്ടില്ല. കുടിവെള്ളത്തില്‍ ലഹരിയുടെ അംശത്തെ ഭയക്കാന്‍ തോന്നിയില്ല.

സാമ്പത്തികമായും വിദ്യാഭ്യാസ രംഗത്തും നമ്മളില്‍ നിന്ന് നോക്കുമ്പോള്‍ ഒരുപക്ഷേ, അവര്‍ ചെറുതായിരിക്കും. എന്നാല്‍, സ്‌നേഹവും പരിപാലനവും നമ്മള്‍ അവരെ കണ്ടു പഠിക്കേണ്ടതാണ്. ഭാഷാ എനിക്ക് ഒട്ടും അറിയില്ലായിരുന്നു. എന്റെ ഒരു നോട്ടത്തിലൂടെ എന്റെ ചിരിയിലൂടെ, ഞാന്‍ എന്താണോ ഉദ്ദേശിക്കുന്നത് അത് മനസ്സിലാക്കാനും സാധിക്കുമെന്ന് എനിക്ക് ബോധ്യമായി. ഭാഷയല്ല സ്‌നേഹമാണ് വലുത് എന്ന് ഞാന്‍ അവരില്‍ നിന്നും മനസ്സിലാക്കി. ഞാന്‍ ചൊല്ലിയ പ്രാര്‍ഥനയുടെ അര്‍ഥം അവര്‍ക്ക് മനസ്സിലായിക്കാണില്ല. എങ്കിലും ഭക്തിപൂര്‍വം അതിലവര്‍ പങ്കുചേര്‍ന്നു.

ഈ യാത്രയിലൂടെ വിശപ്പും ദാഹവും നന്നായി അനുഭവിച്ചു. ആ ദിനങ്ങളിലാണ് ഞാന്‍ വിശക്കുന്നവരുടെ അവസ്ഥ ആലോചിച്ചത്. ജലത്തിനുവേണ്ടി ദാഹിക്കുന്നവരെപ്പറ്റി ഞാന്‍ ചിന്തിച്ചത്. ആ നിമിഷം മുതല്‍ വിശക്കുന്നവരെയും ദാഹിക്കുന്നവരെയും ഓര്‍ക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും എനിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. രുചിയില്ലെന്ന് പറഞ്ഞ് ഭക്ഷണം മാറ്റിവയ്ക്കുന്ന പതിവ് മാറി. വെള്ളത്തിന്റെ ഉപയോഗത്തില്‍ സുക്ഷ്മത വന്നു. റൊട്ടിക്ക് നല്ല രുചി തോന്നാറുണ്ടിപ്പോള്‍.

ഞാന്‍ ഏത് അവസ്ഥയിലാണോ ആ അവസ്ഥയില്‍ ജീവിക്കാനും അതിനോട് പൊരുത്തപ്പെടാനും ഞാന്‍ തീരുമാനം എടുത്തു. അങ്ങനെ ദൈവത്തോടു കൂടുതല്‍ ചേര്‍ന്ന് ഈ ജീവിതം മുമ്പോട്ട് പോകുന്നു. ഈ മിഷന്‍ യാത്ര എന്നില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്തി. ഞാനും ഈശോയുമായുള്ള ബന്ധം ആഴത്തില്‍ തന്നെ നിലകൊള്ളുന്നു. എന്റെ ജീവിതത്തില്‍ എല്ലാം എനിക്ക് ഈശോ നല്‍കുന്നതാണ്. സുഖമായാലും ദു:ഖമായാലും ഈശോ എനിക്ക് സ്‌നേഹത്തോടെ തരുന്നു എന്ന ബോധ്യം ഇപ്പോള്‍ ഉണ്ട്. ഗുരുവും കൂട്ടുകാരനുമായി കൂടെ നടക്കുന്ന അവന്റെ കരുതലിന്റെ സൗന്ദര്യം ശരിക്കും വേറെതന്നെ.

ഈ മിഷന്‍ യാത്രയിലൂടെ ഞാന്‍ നേടിയത് എന്നെത്തന്നെയാണ്. അതിനാല്‍ ഈശോ ഈ മിഷന്‍യാത്ര നഷ്ടത്തിലേക്കല്ല ലാഭത്തിലേക്കാണ് വഴി നടത്തിയത്. ഇതൊരുയാത്രയുടെ അവസാനമല്ല തുടങ്ങാനിരിക്കുന്ന വലിയ യാത്രയ്ക്കുള്ള ടേണിംഗ് പോയന്റാണ്.Rintu Anson

റിന്റു ആന്‍സന്‍

 

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co