Wednesday , 20 February 2019
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

വിണ്ണില്‍ നിന്നും പാതാളത്തിലേക്ക്‌

ചിലസിനിമകള്‍ കാണുമ്പോള്‍ ഇതിനു ജീവിതവുമായിവല്ല ബന്ധമുണ്ടോയെന്നുസംശയിക്കാറുണ്ട്. എന്നാല്‍, യാഥാര്‍ഥ്യം കഥയെക്കാള്‍ അതിശയോക്തിപരമാകുമ്പോഴാണ് അത് ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നത്. സംഭവവും പശ്ചാത്തല വിവരണങ്ങളും അണിയറ നീക്കങ്ങളും ഒക്കെ മാധ്യമങ്ങള്‍ ഗംഭീരമായി ആഘോഷിക്കുന്നതുകൊണ്ട് സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു കടക്കുന്നില്ല. കുറച്ചു സൗന്ദര്യവും അഭിനയശേഷിയും അതു പ്രകടിപ്പിക്കാനുള്ള സാഹചര്യവും ഒത്തുവന്ന ചിലരെ മേയ്ക്കപ്പിന്റെ ഗരിമയില്‍ ആകാശത്ത് എടുത്തുയര്‍ത്തി നക്ഷത്രത്തിളക്കം നല്കി പതിപ്പിച്ചു വച്ചതില്‍ ജനങ്ങള്‍ക്കും വലിയ പങ്കുണ്ട്. കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചതോ, കലയിലൂടെ നേരിന്റെവഴി പ്രകാശിപ്പിക്കണമെന്നോ ആഗ്രഹിക്കുന്ന ചിലരെമാറ്റി നിറുത്തിയാല്‍ ഗണ്യമായ ഒരുവിഭാഗം പേരിനും പ്രശസ്തിക്കുംവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു മേഖലയെ യഥാര്‍ഥ ജീവിതമാണെന്നു തെറ്റിദ്ധരിക്കുന്നവര്‍ ധാരാളമുണ്ട്. സമ്പത്തും ലൈംഗികതയും ലഹരിയും ഇഴപിരിഞ്ഞുകിടക്കുന്ന സിനിമാമേഖലയില്‍ ആധിപത്യത്തിനു വേണ്ടിയുള്ള തീരായുദ്ധങ്ങള്‍ നിറഞ്ഞാടുന്നു. മേഖലയെ അപ്പാടെ കൈപ്പിടിയിലൊതുക്കാന്‍ സര്‍വസന്നാഹങ്ങളുമൊരുക്കി നെട്ടോട്ടമോടുന്ന താരരാജാക്കന്മാരുടെ ജീവിതരീതിയെ അമ്പരപ്പോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ഒരെഴുത്തുകാരന്‍ സൃഷ്ടിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം അഭിനേതാക്കളിലേക്കു സന്നിവേശിപ്പിക്കുമ്പോഴാണ് താരാരാധന ഉണ്ടാകുന്നത്. കഥാപാത്രത്തിന്റെ സര്‍വഗുണങ്ങളും വേഷമിട്ട വ്യക്തിയില്‍ ദര്‍ശിക്കുന്നു. മണ്ണിലും ചെളിയിലും ചവിട്ടി നടന്നവനെ മേഘങ്ങളുടെയും അപ്പുറത്ത് പ്രതിഷ്ഠിക്കുന്നു. പിന്നെപ്പിന്നെ ആരാധകരില്‍ രോമാഞ്ചമണിയിച്ചുകൊണ്ട് ആകാശത്തുനിന്നും വല്ലപ്പോഴും ദര്‍ശനമരുളാന്‍ താരരാജാക്കര്‍ ഇറങ്ങിവന്നെങ്കിലായി.

അര്‍ഹതയില്ലാത്തവരുടെ ശിരസ്സില്‍ ആരും കിരീടം വയ്ക്കരുത്. അകത്തളങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീര്‍ണതയുടെ ബാലപാഠങ്ങള്‍പോലും പലരും മനസ്സിലാക്കുന്നില്ല. ക്രിസ്തീയ നാമം വഹിക്കുന്ന ചിലസ്ഥാപനങ്ങളില്‍ പോലും ആഘോഷങ്ങള്‍ക്ക് പൊലിമവരുത്താന്‍ ഇത്തരം ‘ഗഹനചാരി’കളെ കെട്ടിഎഴുന്നള്ളിച്ചുകൊണ്ടുനടക്കുന്നതു കണ്ടിട്ടുണ്ട്. ഇതില്‍നിന്നും എന്തു ക്രിസ്തീയസന്ദേശമാണു കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്കു നല്കുന്നതെന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചോദ്യം ഇതാണ്: ക്രിസ്തീയ സഭയില്‍ ആരാണ് നക്ഷത്രം? ജീവിതം അനാഥര്‍ക്കായി ഉഴിഞ്ഞുവച്ചവര്‍, രോഗികള്‍ക്കു താങ്ങും തണലുമായവര്‍, മാനസിക പ്രശ്‌നങ്ങളുള്ളവരെ സ്വഭവനത്തില്‍വരെ സ്വീകരിച്ചുശുശ്രൂഷിച്ചവര്‍, ക്രിസ്തീയ ധാര്‍മികതയ്ക്കുവേണ്ടി തൂലികയിലൂടെ അടരാടുന്നവര്‍, ക്രിസ്തുവിനെപ്രതി അനേകം തുടക്കങ്ങള്‍ക്ക് കാരണമായവര്‍-താരങ്ങള്‍ ധാരാളമായി സമൂഹത്തിലുണ്ട്. അവര്‍ക്ക് അംഗീകാരമോ ആദരവോ കൊടുക്കണമെന്നല്ല, അവരുടെ സന്ദേശത്തെ മറ്റുള്ളവര്‍ക്ക് പ്രചോദനമേകാന്‍ തക്കവിധം പ്രകാശിപ്പിക്കാനുള്ള സാഹചര്യത്തെ നാം പലപ്പോഴും കളഞ്ഞുകുളിക്കുന്നുവെന്നത് ദു:ഖകരമായസത്യമായി അവശേഷിക്കുന്നു.

നഴ്‌സുമാര്‍ – അവര്‍ക്കും ഒരു ജീവിതമുണ്ട്‌

”ഏതൊന്നും ഉത്പാദനം കൂടുമ്പോള്‍ ഡിമാന്റുകുറയും. ചെറിയ വേതനത്തിനു ജോലി ചെയ്യാന്‍ ധാരാളം പേരുണ്ട്”. ഒരു ചാനല്‍ ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരാള്‍ പറഞ്ഞതാണിത്. അതുകൊണ്ട് നഴ്‌സുമാരുടെ സമരം അനാവശ്യമാണ് എന്നു ധ്വനിയുണ്ട് ആ വാക്കുകളില്‍. നാലോ അഞ്ചോ വര്‍ഷത്തെ പഠനം. ശരാശരി നാലുലക്ഷം ലോണ്‍. സ്വന്തമായ ജീവിതം കണ്ടെത്തണം. പറ്റുമെങ്കില്‍ മാതാപിതാക്കളെ സഹായിക്കണം. എടുത്ത വായ്പ അടയ്ക്കണം. കൂടുതലും ദരിദ്ര, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍. ഇവര്‍ കാരണമാണത്രേ ആശുപത്രി നഷ്ടത്തിലോടുന്നത്! ശമ്പളം കൂടുതല്‍ ആവശ്യപ്പെട്ടാല്‍ നാളെമുതല്‍ വരേണ്ട എന്നു പറയും. ഡോക്ടര്‍മാര്‍ക്കു കൊടുത്തുകഴിഞ്ഞാല്‍ പിന്നെ മിച്ചമൊന്നും ഇല്ലപോലും. അതുകൊണ്ട് ഈ മിണ്ടാപ്രാണികളെ എന്നും അടിച്ചമര്‍ത്താം. നൈറ്റ്ഡ്യൂട്ടി എന്നു പറഞ്ഞാല്‍ ചിലയിടങ്ങളില്‍ 14-ഉം 15-ഉം മണിക്കൂര്‍വരെ. ചെയ്യുന്ന ജോലിയുടെ പ്രാധാന്യമെങ്കിലും മറ്റുള്ളവര്‍ ചിന്തിക്കണമായിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഒന്നുംകൂസാതെ ജോലിചെയ്യുന്നവര്‍, വീട്ടുകാര്‍ പോലും അറപ്പുകാണിക്കുന്ന വിസര്‍ജനാദികള്‍ കൈകാര്യംചെയ്യുന്നവര്‍, കണ്ണിനു കൗതുകകരമല്ലാത്ത, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകള്‍ കാണേണ്ടിവരുന്നവര്‍, ഏറെ വെല്ലുവിളികള്‍ എപ്പോഴും ഏറ്റെടുക്കേണ്ടിവരുന്ന ജോലി. അതു കാണാനുള്ള ശേഷി അധികാരികള്‍ക്കുണ്ടായില്ല.

ഏതൊരു തൊഴിലിടങ്ങളിലും യൂണിയനുകള്‍ ശക്തമാകുന്നതില്‍ തൊഴില്‍ ചൂഷണത്തിനും പങ്കുണ്ട്. ഇപ്പോള്‍ രൂപീകൃതമായിരിക്കുന്ന നഴ്‌സസ് യൂണിയനുകള്‍ ശക്തമായതില്‍ പ്രധാനപങ്ക് മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യം തന്നെയാണ്. നഴ്‌സുമാരുടെ സമരത്തിന്റെ ധാര്‍മികതയെപ്പറ്റി നിരവധി വ്യക്തികളോടു സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കുംതന്നെ നഴ്‌സുമാരോട് അനുഭാവമായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അന്യായമാണെന്ന് ആരും പറയുന്നതു കേള്‍ക്കാനിടയായില്ല. മാത്രമല്ല, മാനേജ്‌മെന്റുകള്‍ക്കനുകൂലമായി സമൂഹത്തിലെ ഒരുവ്യക്തിപോലും സംസാരിക്കുന്നതു കേട്ടില്ല. വിദേശരാജ്യങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വേതനത്തില്‍ വലിയവ്യത്യാസമില്ല എന്ന കാര്യം ഏവരും ഓര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ നഴ്‌സുമാരുടെ അവകാശങ്ങള്‍ ന്യായമാണെന്നു വാദിക്കാന്‍ ആ വിഭാഗത്തില്‍നിന്ന് ആരെയും കണ്ടില്ല. മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും പൂര്‍ണ പിന്തുണ നഴ്‌സുമാര്‍ക്കുണ്ടായിരുന്നു. അത് ന്യായമായ ആവശ്യമാണെന്നുബോധ്യപ്പെട്ടതിനാലാണ്. തൊഴില്‍ചെയ്യുന്നവര്‍ക്ക് ജീവിക്കാനാവശ്യമായവേതനം നല്കണമെന്നാണ് സഭയുടെ കാഴ്ചപ്പാട്. ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തില്‍ അത്‌വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വേതനം അര്‍ഹിക്കുന്ന ഒരുവിഭാഗമായ നഴ്‌സുമാരെ സര്‍ക്കാര്‍ പോലും അടുത്തകാലത്താണ് മാന്യമായ വേതനവ്യവസ്ഥ നല്കി അംഗീകരിച്ചത്. ചിലകാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സ്വകാര്യ മേഖലയ്ക്കു കഴിഞ്ഞില്ല എന്നത് ഒരു വീഴ്ചതന്നെയാണ്. ആരോഗ്യമേഖലയില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ഇനിയെങ്കിലുംSunny Chettan-3 കൂട്ടായ പരിശ്രമം ഉണ്ടാകട്ടെ.

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

വാര്‍ത്താവിചാരം

ടൂറിസത്തിലൂടെ വികസനമോ? ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് …

Powered by themekiller.com watchanimeonline.co