Tuesday , 12 December 2017
Home / Editorial / നോഹ പെട്ടകം പണിയാതിരുന്നെങ്കില്‍
sep3

നോഹ പെട്ടകം പണിയാതിരുന്നെങ്കില്‍

പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ബൈബിള്‍ സീരിയലായി ടിവിയില്‍ വന്നിരുന്ന കാലം. ഇടയ്ക്ക് എപ്പോഴോ കാണിനിടയായ ഒരു എപ്പിസോഡില്‍ നോഹയുടെ  പെട്ടക നിര്‍മാണമായിരുന്നു ചിത്രീകരിച്ചിരുന്നത്. ദൈവത്തിന്റെ നിര്‍ദേശമനുസരിച്ച് നിര്‍മാണം തുടങ്ങിയ നോഹയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നാട്ടുകാര്‍. എതിര്‍പ്പൊന്നും വകവയ്ക്കാതെ തന്റെ പണി തുടരുന്ന നോഹ. പിന്നീട് നോഹയ്ക്കും പെട്ടകത്തിനും എന്തു സംഭവിച്ചു എന്ന് നമുക്കറിയാം. പൊതു സമൂഹത്തിന്റെയോ, അധികാരികളുടെയോ ചിന്തകള്‍ക്കും സമീപനങ്ങള്‍ക്കും അനുസരിച്ചല്ലാതെ പ്രവര്‍ത്തിച്ചവരൊക്കെ എല്ലാക്കാലത്തും ഒറ്റപ്പെടുത്തപ്പെട്ടിട്ടുണ്ട്.

റിച്ചാര്‍ഡ് ബാക്ക് എന്ന എഴുത്തുകാരന്റെ ജോനാഥന്‍ ലിവിങ്ങ്സ്റ്റണ്‍ ഡീഗള്‍ എന്ന കഥയുടെ സംഗ്രഹം 1988-ല്‍ നടന്ന ആദ്യത്തെ കാമ്പസ് മീറ്റില്‍ ഗ്രൂപ്പ് പഠനത്തിനായി ഉപയോഗിച്ചിരുന്നു. കടല്‍ക്കാക്കകളുടെ സാധാരണ ജീവിതത്തിനപ്പുറം കടലിനക്കരയിലേക്ക് പറക്കുക എന്ന അന്നുവരെ ആരും ശ്രമിച്ചിട്ടില്ലാത്ത ലക്ഷ്യത്തിനായി ഇറങ്ങിപ്പുറപ്പെടുകയും, വീട്ടിലും, നാട്ടിലും നിന്ന് അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്യുന്നതായിരുന്നു കഥയുടെ ഇതിവൃത്തം. പിന്നീട് വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ ആര്‍പ്പും ആരവുമായി  പ്രവാചകതുല്യം ജോനാഥനെ സ്വീകരിക്കുന്ന ജനക്കൂട്ടത്തിനെയും കാണാം.

അന്നത്തെ കാമ്പസ് മീറ്റിനു വേണ്ടിത്തന്നെയാണെന്ന് തോന്നുന്നു would you dare to be that leaf’ (നിങ്ങള്‍ വ്യത്യസ്തമായ ആ ഇലയാകുമോ) എന്ന ചോദ്യത്തോടെ മനോഹരമായി തയ്യാറാക്കിയ പച്ചനിറത്തിലുള്ളൊരു ബ്രോഷറുമുണ്ടായിരുന്നു.

ഒഴുക്കിനൊത്ത് നീന്തുന്നവരാകാതെ, സ്വന്തം തനിമയും വ്യക്തിത്വവും തിരിച്ചറിഞ്ഞ് ദൈവരാജ്യത്തിനും സുവിശേഷത്തിനുമായി ജീവിതം സമര്‍പ്പിക്കാന്‍ കലാലയ യുവത്വത്തെ പ്രോത്സാഹിപ്പിക്കുക, വെല്ലുവിളിക്കുക എന്നതായിരുന്നു ആ ബ്രോഷറിന്റെയും പഠന കഥയുടെയും ഉദ്ദേശം. അനേകര്‍ ആ വെല്ലുവിളി ഏറ്റെടുത്തതിനാലാണ്, അനേകം, രാജ്യങ്ങളിലേയ്ക്ക് ഈ യുവജന മുന്നേറ്റം പടര്‍ന്നു പടര്‍ന്നു പടരാനിടയായത്.

ഈ പ്രപഞ്ചം മുഴുവന്‍ വൈവിധ്യങ്ങളല്ലേ. ഓരോ മനുഷ്യരെയും വ്യത്യസ്തരായി, അനന്യരായി സൃഷ്ടിച്ചിരിക്കുന്നുവെന്നല്ലേ നാം മനസ്സിലാക്കുന്നത്. വ്യത്യസ്തമായ ചിന്തകളും, ശൈലികളും, രീതികളും പ്രോത്സാഹിപ്പിക്കപ്പെടുന്നിടത്തായിരിക്കില്ലേ നന്മ കൂടുതല്‍ വിളയുക. മുടിയുടെ നീളക്കൂടുതല്‍ കൊണ്ടും, വേഷത്തിന്റെ പ്രത്യേകതകള്‍കൊണ്ടും പെരുമാറ്റ ശൈലികളുടെയും വാക്കുകളുടെയും വൈവിധ്യം മൂലവും കുറ്റപ്പെടുത്തുന്ന ചെറുപ്പക്കാരെ മനസ്സിലാക്കുന്നതിനുള്ള പരിശ്രമമാണ് ഇത്തവണത്തെ കെയ്‌റോസ് നടത്തുന്നത്. വ്യത്യസ്തതകള്‍ അംഗീകരിക്കപ്പെടുന്ന, സഹിഷ്ണുതയുള്ള, നന്മ നിറഞ്ഞ ലോകം വിരിയട്ടെ..Untitled-1

സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com

Share This:

Check Also

councelling

‘അശ്ലീലകല’യുടെ അപകടങ്ങള്‍

തലക്കെട്ടിനൊരു പന്തികേടുണ്ടോ? അശ്ലീലത്തെ കലയെന്നു വിളിക്കാമോ എന്ന ചോദ്യം ഉയരാം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉപയോഗിച്ചിരിക്കുന്ന വാക്കായതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു. …

Powered by themekiller.com watchanimeonline.co