Thursday , 20 September 2018
Home / Anubhavam / മൂന്നാമതൊരാള്‍

മൂന്നാമതൊരാള്‍

അമ്മയുടെ വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത്. സ്ഥലകാലബോധമില്ലാത്ത ഉറക്കമായിരുന്നതിനാല്‍ അല്പനേരമെടുത്തു അതില്‍നിന്നു മുക്തമാകാന്‍. ചെറിയ പനിച്ചൂടുണ്ടായിരുന്നതിനാല്‍ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് മരുന്നു കഴിച്ചു കിടന്നതാണ്. പയ്യെ താഴെ വന്നപ്പോഴേക്കും വീട്ടിലുള്ളവരെല്ലാം ഞായറാഴ്ചത്തെ അടിപൊളി ഊണും കഴിഞ്ഞ് ഏമ്പക്കവുംവിട്ട് കമ്പ്യൂട്ടറിന് മുന്നില്‍സ്ഥാനം പിടിച്ചിരിക്കുന്നു. എന്റെ അപ്പനും അമ്മയും ന്യൂജെന്‍ ആയതുകൊണ്ടല്ല കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നത്, മറിച്ച് മാട്രിമോണിയല്‍ സൈറ്റില്‍ എനിക്ക് പറ്റിയ ഒരാളെ കണ്ടു പിടിക്കാനുള്ള ശ്രമമാണ്. ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്റെ റോളില്‍ എന്റെ പത്താം ക്ലാസ്സുകാരനായ കസിനും കളത്തിലുണ്ട്. പൊതുവെ ആദ്യഘട്ട സെലക്ഷന്‍ കഴിയുമ്പോള്‍ എന്റെ അഭിപ്രായം അറിയാന്‍ വിളിക്കാറുണ്ട്. അങ്ങനെ എന്റെ വിളികാത്ത് കമ്പ്യൂട്ടര്‍ ഇരുന്ന മുറിയിലെ കട്ടിലില്‍ ഞാന്‍ വീണ്ടും കിടപ്പായി.

കുറച്ചു കഴിഞ്ഞ് എന്റെ സഹോദരി ഓടിയെത്തി കമ്പ്യൂട്ടറിന്റെ മുമ്പില്‍ സ്ഥാനം പിടിച്ചു. സാധാരണ വിശേഷങ്ങള്‍ ഓരോന്നായി വിളമ്പാറുള്ള കക്ഷി മോണിട്ടര്‍ നോക്കി ഒറ്റയിരിപ്പാണ്. വന്നിരിക്കുന്ന ആലോചനകള്‍ വീണ്ടും നോക്കിയപ്പോള്‍ ചേച്ചിക്കു പരിചയമുള്ള ഒരു പെണ്‍കുട്ടി. പിന്നെ അവളെപ്പറ്റിയുള്ള വര്‍ണനകളായിരുന്നു. അതൊക്കെ കേട്ടാല്‍തോന്നും പരിശുദ്ധ കന്യമറിയം കഴിഞ്ഞാല്‍ അവളാണ് നല്ല പെണ്‍കുട്ടിയെന്ന്. എനിക്ക് പിന്നെ ഇതൊന്നും പുത്തിരിയല്ല. എന്നെപ്പറ്റിതന്നെ എന്തൊക്കെ നുണകള്‍ പറഞ്ഞിരിക്കുന്നു. ഞാന്‍ നല്ലവനാണ്, മിടുക്കനാണ്. നമുക്കറിയാം നമ്മുടെ കൈയിലിരിപ്പ്. ഇത്രയും പറഞ്ഞസ്ഥിതിക്ക് കക്ഷിയുടെ ഫോട്ടോ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, അത് എന്റെ ആക്രാന്തമായി കരുതിയാലോ എന്നുവിചാരിച്ച് ഇല്ലാത്ത മസ്സിലും പിടിച്ച് കട്ടിലില്‍ തന്നെ കിടന്നു. ‘എടാ നീ ഇതുവന്നു നോക്കിയെ’ എന്നു പറഞ്ഞപ്പോള്‍ ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഒന്നു നോക്കി. പെണ്‍കുട്ടിയെ കാഴ്ചയില്‍ ഇഷ്ടപ്പെട്ടെങ്കിലും അതൊന്നും പുറമേ കാണിക്കാതെ ഒരു സാധാരണ മലയാളിയുടെ മറുപടികൊടുത്തു’ ഹാ! കുഴപ്പമില്ല. അതിനെ തുടര്‍ന്ന് എന്റെ ആദ്യ പെണ്ണുകാണലിനു കളമൊരുങ്ങി. മുമ്പൊരുകൂട്ടര്‍ എന്നെ വന്നുകണ്ടെങ്കിലും ആ പെണ്‍കുട്ടിക്ക് ‘ഭാഗ്യം’ ഉള്ളതുകൊണ്ട് ആ ആലോചന മുന്നോട്ടുപോയില്ല. ഉച്ചവിശപ്പ് ഉച്ചിയില്‍ എത്തി നിന്നതുകൊണ്ട് അമ്മയേയും കൂട്ടി അടുക്കളയിലേക്ക് പോയി. അപ്പോഴും ചേച്ചി പെണ്‍കുട്ടിയെ പറ്റിയുള്ള വിവരണം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.

ദൈവം ഓരോരുത്തര്‍ക്കും ചേര്‍ന്ന ഇണയെ തുണയായി നല്കുമെന്നാണ് വിശ്വാസം. വിവാഹത്തിനു മുമ്പ് പ്രാര്‍ഥിച്ചു ഒരുങ്ങിയ കുറച്ചുപേരെ അടുത്തറിയാം. ആദ്യം എന്റെ പ്രാര്‍ഥന എന്റെ സങ്കല്പങ്ങള്‍ അനുസരിച്ച ഒരാളെ ഭാര്യയായി ലഭിക്കണം എന്നായിരുന്നു. പിന്നീട് എന്റെ ചിതറിയ ചിന്തകളും താത്വികമായ അവലോകനങ്ങളും സര്‍വോപരി കൈയിലിരിപ്പും സഹിക്കാന്‍ ഒരു സാധാരണ പെണ്‍കുട്ടിക്ക് സാധിക്കില്ല എന്ന തിരിച്ചറിവുള്ളതിനാല്‍ എനിക്കുവേണ്ടി നിശ്ചയിച്ച പെണ്‍കുട്ടിക്ക് എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം എന്നെ മാറ്റണമേ എന്നായി പ്രാര്‍ഥന.

എന്തായാലും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുകയും ഞങ്ങളുടെ വിവാഹം വിചാരിച്ചതിലും മനോഹരമായി ഉറപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അടുത്ത പ്രതിസന്ധി. കല്യാണം ഉറപ്പിച്ചാല്‍ പിന്നെ ചെക്കനും പെണ്ണും ദിവസവും കുറച്ചുനേരമെങ്കിലും സംസാരിക്കണം എന്നാണ് ഇപ്പോഴത്തെ ആചാരം. അല്ലെങ്കില്‍ ചെറുക്കനോ പെണ്ണിനോ വല്ല പ്രശ്‌നവും ഉണ്ടോ എന്നു തുടങ്ങി സംശയങ്ങള്‍ ഉടലെടുക്കും. ഞാന്‍ എങ്ങനെ ശ്രമിച്ചാലും 10-15 മിനിറ്റ് കഴിഞ്ഞാല്‍ വിഷയ ദാരിദ്ര്യമാകും. പണ്ട് വളരെ നേരം സംസാരിച്ചോണ്ടിരുന്ന കാമുകികാമുകന്മാരെ ഒരു ദാക്ഷിണ്യവും കൂടാതെ ഞാന്‍ കളിയാക്കിയതൊക്കെ ഓര്‍മയില്‍ വന്നു. ഞാന്‍ ഫോണില്‍ ‘ബബബ’ അടിക്കുമല്ലോ എന്നു ടെന്‍ഷനടിച്ചിരുന്നപ്പോളാണ് ആ ചിന്ത വന്നത്. എനിക്കുവേണ്ട ഇണയെ തന്ന ദൈവം തന്നെ ബാക്കിയുള്ളതും ചെയ്തുതരണം. അങ്ങനെ താനുമായി വിവാഹം ഉറപ്പിച്ച പെണ്ണിനോട് നന്നായി സംസാരിക്കാന്‍ ദൈവത്തോട് സഹായം അഭ്യര്‍ഥിച്ച ലോകത്തിലെ ആദ്യ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ചിലപ്പോള്‍ ഞാനായിരിക്കും. എന്തായാലും ആ അഭ്യര്‍ഥന ഏറ്റു.

വിവാഹ ഒരുക്ക കോഴ്‌സ്, ആഭരണം മേടിക്കാന്‍ പോകല്‍, സാരിമേടിക്കാന്‍ പോകല്‍ തുടങ്ങിയ നിര്‍ബന്ധിത നാട്ടുനടപ്പുകളോട് ആദ്യമായി ഇഷ്ടം തോന്നി. പരസ്പരം കാണുന്നതിനു പരിമിതികള്‍ ഉള്ളതിനാല്‍ ഇങ്ങനെയുള്ള വിരളമായ അവസരങ്ങളിലാണ് നേരില്‍ കാണാന്‍ സാധിച്ചത്. പിന്നെ ദിവസേനയുള്ള ഫോണ്‍ വിളികളാണ് പരസ്പരം അടുക്കാന്‍ സഹായിച്ചത്. സംസാരിക്കുമ്പോള്‍ ഉള്ള വിഷയ ദാരിദ്ര്യം പടികടന്നു പോയതുപോലും ഞാന്‍ അറിഞ്ഞില്ല. ഞങ്ങളുടെ ഇടയില്‍ മൊട്ടിട്ട പ്രണയം ജീവിതാന്ത്യം വരെ നിലനില്ക്കണമെന്നാണ് അള്‍ത്താരയുടെ മുമ്പില്‍ താലിചാര്‍ത്തിയപ്പോള്‍ പ്രാര്‍ഥിച്ച ഒരുകാര്യം. പൊതുവേ ഹോംസിക്ക്‌നസ്സ് ഉള്ള ഭാര്യക്ക് ഞാനുമായുള്ള സംസാരം മൂലം വീടുവിട്ടു പോകുമ്പോള്‍ ഉണ്ടാകാറുള്ള വിഷമം വിവാഹദിനത്തില്‍ ഉണ്ടായില്ലെന്നും ഈ ദിനത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും പറഞ്ഞപ്പോള്‍ ഞാന്‍ പുളകിതനായി. എങ്കിലും അതിന്റെ ക്രെഡിറ്റൊന്നും സഹായിച്ച ദൈവത്തിനു അപ്പോള്‍ കൊടുത്തില്ല.

വിവാഹം കഴിഞ്ഞു ഒരുമിച്ചു ജീവിച്ചു തുടങ്ങിയപ്പോള്‍ ഒരുകാര്യം മനസ്സിലായി. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും രണ്ടറ്റത്താണ്. ഫാനിന്റെ സ്പീഡ് മുതല്‍ ഭക്ഷണം, വസ്ത്രം അങ്ങനെ ഞങ്ങളുടെ വ്യത്യാസങ്ങളുടെ പട്ടിക വലുതായിക്കൊണ്ടിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി, പ്രത്യക്ഷത്തില്‍ ഞങ്ങള്‍ അകല്‍ച്ചയിലല്ലെങ്കിലും അന്തര്‍ധാര അത്ര സജീവമല്ല. ഭാര്യയുമായി ‘പ്രണയം’ പോയിട്ടു ‘പ്ര’ പോലും മനസ്സില്‍ നിന്നു വരാത്ത അവസ്ഥ. അതുകൊണ്ട് സ്വയം ശ്രമം ഉപേക്ഷിച്ചു വീണ്ടും ദൈവത്തില്‍ അഭയം പ്രാപിച്ചു.

കല്യാണം കഴിപ്പിച്ചു തന്നാല്‍ മാത്രം പോരാ. ഞങ്ങളുടെ വിവാഹജീവിതത്തിലുടനീളം ഉണ്ടാകണമെന്നും പ്രാര്‍ഥിച്ചു. ആ ഇടയ്ക്ക് എനിക്ക് ജോലിയില്‍ ഒരുവലിയ പ്രതിസന്ധി കടന്നുവന്നു. പൊതുവെ ഇങ്ങനെയുള്ള അവസരങ്ങളില്‍ കുറ്റപ്പെടുത്തലുകള്‍ കേട്ടാണ് ശീലം. തകര്‍ന്നിരുന്ന എന്നെ ഭാര്യ ഒരു കുറ്റവും പറയാതെ ചേര്‍ത്തുപിടിച്ചു. പിന്നീട് ഞാന്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും മുക്തനായപ്പോള്‍ വളരെ ശാന്തമായി എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പോരായ്മ ഉണ്ടായോ എന്ന് തിരിഞ്ഞു നോക്കാന്‍ നിര്‍ദേശിച്ചു. അന്നു ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ പോരായ്മകളുടെ നികത്തലാണ് എന്നെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഭാര്യയുടെ ശക്തിയെന്ന്. ഞങ്ങളുടെ ഇടയില്‍ വീണ്ടും പ്രണയം തളിര്‍ത്തു.

ഭാര്യയുടെ എം.ടെക്ക് പഠന സമയത്താണ് ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. യൂണിവേഴ്‌സിറ്റിയില്‍ നാലാം റാങ്കോടെയാണ് ഭാര്യ പാസ്സായത്. ഇതു നേടാനായത് എന്റെ യും അകമഴിഞ്ഞ പിന്തുണ കൊണ്ടാണന്ന് ഭാര്യ എല്ലാവരോടും പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പുളകിതനായി. ഇത്തവണ ക്രെഡിറ്റ് ദൈവത്തിനുതന്നെ കൊടുത്തു. കാരണം ദൈവാനുഗ്രഹം കൊണ്ടാണ് ഇത് കൈവരിച്ചത് എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു.

ഒരു മനുഷ്യായുസ്സ് സന്തോഷങ്ങളും ദു:ഖങ്ങളും ഒക്കെ നിറഞ്ഞ ഒരു പാക്കേജാണെന്ന് തോന്നാറുണ്ട്. അതില്‍ ബോധപൂര്‍വം പങ്കാളിയുടെ നന്മകള്‍ ഓര്‍മിച്ച് വയ്ക്കാനും പോരായ്മകള്‍ മറക്കാനും തുടങ്ങുമ്പോള്‍ വിവാഹജീവിതത്തിന്റെ മാധുര്യം നുണയാന്‍ തുടങ്ങും. ഭര്‍ത്താവിന്റെയും ഭാര്യയുടെയും പരിശ്രമങ്ങള്‍ ക്കൊപ്പം മരണംവരെ നിലനില്‍ക്കുന്ന സ്‌നേഹത്തില്‍ തുടരാനും മരണം വേര്‍പെടുത്തുമ്പോള്‍ ഈശ്വരനെ പ്രാപിക്കാനും വിവാഹജീവിതത്തില്‍ മൂന്നാമതൊരാളിന്റെ സാന്നിധ്യവും നിര്‍ബന്ധമായും ഉണ്ടാകണം, ദൈവമെന്ന മൂന്നാമതൊരാള്‍.

അലക്‌സി ജേക്കബ്‌

Share This:

Check Also

വിശ്വാസത്തിൻെറ വിത്തുപാകാൻ ക്ഷണം കിട്ടിയവർ

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും …

Powered by themekiller.com watchanimeonline.co