Thursday , 20 September 2018
Home / Cover Story / ഞങ്ങള്‍ അലമ്പന്മാര്‍ ആലംബമില്ലാത്തവര്‍

ഞങ്ങള്‍ അലമ്പന്മാര്‍ ആലംബമില്ലാത്തവര്‍

അലമ്പന്മാര്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഞങ്ങള്‍ എഴുതുന്ന തുറന്ന കത്ത്:

കട്ട കലിപ്പിലാണു ഞങ്ങള്‍! ഞങ്ങളോട് ദേഷ്യപ്പെടുന്നതിലോ ഞങ്ങളെ ഒഴിവാക്കുന്നതിലോ അല്ല, ഞങ്ങളെ മനസ്സിലാക്കാത്തതിന്. ഞങ്ങള്‍ക്ക് ആലംബമില്ലാത്തതാണ് ഞങ്ങളെ അലമ്പന്മാരാക്കുന്നത്. ഞങ്ങളുടെ പ്രായത്തില്‍ നിങ്ങള്‍ ചിന്തിച്ചതും ചെയ്തതുമൊക്കെയായ കുസൃതികള്‍ക്ക് ഒരു ‘ന്യൂജെന്‍ ടച്ച്’ കൊടുക്കാനെ ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളൂ. നീണ്ട മുടിയും ഒതുക്കമില്ലാത്ത താടിയും അലസ വസ്ത്രധാരണവും എക്കാലത്തും ഉണ്ടായിരുന്നു, യേശുവിനുപോലും! അന്നൊക്കെ അലമ്പന്മാര്‍ എന്ന ലേബലില്‍ നിന്ന് നിങ്ങള്‍ രക്ഷപെട്ടത് നിങ്ങളെ കേള്‍ക്കാനും കൂടെ നടക്കാനും മനസ്സുകാണാനും മുതിര്‍ന്ന തലമുറയിലെ വെളിച്ചമുള്ള കുറച്ചുപേര്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. പക്ഷേ, ഞങ്ങള്‍ അലമ്പന്മാര്‍, ആലംബമില്ലാത്തവര്‍! ഇന്ന് സ്ഥിതി അതല്ല. ഞങ്ങളെ കാണുന്നതിനേക്കാള്‍ ഒഴിവാക്കാനാണ് പലര്‍ക്കും താത്പര്യം; കണ്ടാല്‍തന്നെ മാറിനിന്ന് ഞങ്ങളെക്കുറിച്ച് പരസ്പരം അടക്കം പറയാന്‍ ഇഷ്ടം ചിലര്‍ക്ക്; ഞങ്ങളോട് സംസാരിക്കുന്നവരോ, ഞങ്ങള്‍ക്ക് പരിചിതമല്ലാത്ത ഭാഷയും ജാംബവാന്റെ കാലത്തെ സ്വാനുഭവങ്ങളുടെ ഉച്ചഭാഷിണികളും.കാട്ടുകുതിരകളാണ് ഞങ്ങള്‍. ഞങ്ങളുടെ ശക്തിയും വേഗവും നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്നത് ഞങ്ങളുടെ കാലിന്റെ കുതിഞരമ്പ് വെട്ടിയാലല്ല, മൂക്കില്‍ കടിഞ്ഞാണ്‍ ഇട്ടുകൊണ്ടാണ്. എന്നാല്‍, ഞങ്ങള്‍ അലമ്പന്മാര്‍, ആലംബമില്ലാത്തവര്‍!

യേശുവും ഞങ്ങളെപ്പോലെ കാലത്തോട് കലഹിച്ചവനാണ്, ബദല്‍ ശൈലികള്‍ രൂപപ്പെടുത്തിയവനാണ്. നല്ല സമരിയാക്കാരന്റെയും ധൂര്‍ത്ത പുത്രന്റെയും വേറിട്ടകഥകള്‍ പറഞ്ഞ് ഹിറ്റാക്കിയവനാണ്. സാബത്തില്‍ രോഗശാന്തി നല്‍കിയും ചുങ്കക്കാരന്റെയും വേശ്യകളുടെയും സമരിയാക്കാരുടെയും കൂടെ സെല്‍ഫികളെടുത്ത് സ്വന്തം പ്രൊഫൈല്‍ പിക്ചര്‍ നിരന്തരം മാറ്റിക്കൊണ്ടിരുന്നവനാണ്. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന ഗവര്‍മെന്റ് നിയമത്തെ ശത്രുസ്‌നേഹംകൊണ്ട് പൊളിച്ചടുക്കിയവനാണ് കുഷ്ഠരോഗികളെ തൊടരുത് എന്ന പോലീസ് ട്രാഫിക് നിയമത്തെ ലംഘിച്ച് അവരെ തൊടുക മാത്രമല്ല സൗഖ്യപ്പെടുത്തി സ്വന്തം ഫാന്‍സ്‌ക്ലബ്ബില്‍ ചേര്‍ത്തവനുമാണ്. എന്നാല്‍ ഞങ്ങള്‍ അലമ്പന്മാര്‍, ആലംബമില്ലാത്തവര്‍!

ഞങ്ങള്‍ നിരാശരല്ല; ഇപ്പോഴത്തെ ഫ്രാന്‍സിസ് പാപ്പയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. 2018 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ ഞങ്ങളാണല്ലൊ താരങ്ങള്‍! അതിനുള്ള ഒരുക്ക രേഖയുടെ അവസാനഭാഗത്ത് ഫ്രാന്‍സിസ് പാപ്പ നിങ്ങളോട് പറയുന്ന ആ നാലു കാര്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ ഞങ്ങളുടെ ഫ്രീക്ക് ലുക്ക്‌സും വേര്‍ഡ്‌സും വഴി പറയാതെ പറഞ്ഞത്. ആ നാലു കാര്യങ്ങള്‍ ഇവയാണ്. ഞങ്ങളുടെ വേഗത്തില്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നടക്കുക, ഞങ്ങളുടെ കണ്ണുകളിലൂടെ ഈ ലോകത്തെ നോക്കിക്കാണുക, നിശ്ശബ്ദതയില്‍ ആര്‍ദ്രതയോടെ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് നോക്കുക. അപ്പോള്‍ ഞങ്ങളുടെ ‘വിളി’ ഞങ്ങള്‍ തിരിച്ചറിഞ്ഞുകൊള്ളും. ഞങ്ങള്‍ക്ക് പറയാനുള്ളതും മുതിര്‍ന്ന തലമുറ ഞങ്ങളോട് ചെയ്യേണ്ടതുമായ കാര്യങ്ങള്‍ MP3 ഫോര്‍മാറ്റിലാക്കി ഫ്രാന്‍സിസ് പാപ്പ എത്ര ലളിതമായാണ് പറഞ്ഞിരിക്കുന്നത്? ഈ പാപ്പ കിടുക്കി, കലക്കി, തിമിര്‍ത്തു.

യേശുവും ഞങ്ങളെപ്പോലെ അലമ്പന്‍ കാറ്റഗറിയില്‍ പെടാതിരുന്നത് അവന് ആലംബമായി പിതാവുണ്ടായിരുന്നതുകൊണ്ടാണ്. പിതാവു നല്‍കിയ ആലംബമാണ് യേശുവിന്റെ വിളിയും ദൗത്യവും പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. ഞങ്ങള്‍ക്കിടയിലും ‘രക്ഷകന്മാര്‍’ ധാരാളം. നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്കു വേണ്ടത് പിതാവിനടുത്ത സഹഗമനത്തില്‍ നിന്ന് കുരുത്ത കരുതലും വാത്സല്യവും. ഞങ്ങള്‍ കാത്തിരിക്കുന്നു.Fr-Cheriachan

ഫാ. ചെറിയാന്‍ നേരേവീട്ടില്‍

Share This:

Check Also

വിശ്വാസം പരിശീലിച്ച്കുട്ടികള്‍ വളരട്ടെ

ലാളിത്യമുള്ള ജീവിതശൈലിയും തീക്ഷ്ണമായ വിശ്വാസബോധ്യങ്ങളും കൈമുതലാക്കി അര്‍പ്പണബോധത്തോടെ അപ്പസ്‌തോലിക ശുശ്രൂഷയില്‍ മുന്നേറുകയാണ് കാഞ്ഞിരപ്പിള്ളി രൂപതയുടെ സഹായമെത്രാനായ അഭിവന്ദ്യ ജോസ് പുളിക്കല്‍ …

Powered by themekiller.com watchanimeonline.co