Wednesday , 24 April 2019
Home / Featured / ഞങ്ങളും നിങ്ങളും ശരിയാണ്‌

ഞങ്ങളും നിങ്ങളും ശരിയാണ്‌

പഴയ തലമുറയ്ക്ക് ‘തല’യില്ല, പുതുതലമുറയ്ക്ക് ‘മുറ’യില്ല.” അല്പം കാര്യമുണ്ടെന്ന് തോന്നാവുന്ന ഈ നിരീക്ഷണം നടത്തിയത് കുഞ്ഞുണ്ണിമാഷാണ്. വികൃതികളെ കൊണ്ട് മടുത്ത മാതാപിതാക്കള്‍ക്കും ഉപദേശം കേട്ടുമടുത്ത കുറുമ്പന്മാര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ കെയ്‌റോസുമായി പങ്കുവയ്ക്കുകയാണ് എര്‍ണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. സീതാലക്ഷ്മി.

ചീത്ത കാര്യങ്ങള്‍ അവര്‍ സ്വയം പഠിച്ചോളും. പക്ഷേ, നല്ല കാര്യങ്ങള്‍ നമ്മള്‍ കൃത്യമായി പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.

ഭാഗം ഒന്ന് – ഇളം തലമുറ

വികൃതികള്‍’, ‘അലമ്പന്മാര്‍’ ഇന്നു പല ചെറുപ്പക്കാരെക്കുറിച്ചും പറയാറുള്ള വിശേഷണം. സ്ഥിരം വഴിയില്‍ നിന്നും മാറി നടക്കുന്ന ഇളം തലമുറയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണമെന്തായിരിക്കാം?

ഈ വാക്ക് ഒരു വ്യക്തിത്വ വ്യതിചലനത്തെക്കുറിച്ചാണെങ്കില്‍ അത് തീര്‍ച്ചയായും മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ വ്യക്തിത്വത്തിലുള്ള പ്രശ്‌നങ്ങളുടെ പുതുതലമുറ പ്രതിഫലനമായി കാണാനാവും. മറിച്ചാണെങ്കിലോ, ഇതൊരു തലമുറ കൈമാറ്റത്തിന്റെയും ഇന്നത്തെ ചുറ്റുപാടുകളുടെയും ഒരു കൂടിച്ചേരലില്‍ നിന്നും ജനിക്കുന്ന ഒരു വ്യക്തിത്വ രൂപീകരണമാണ്. കുട്ടികളുടെ വ്യക്തിത്വ പ്രശ്‌നത്തെക്കുറിച്ച് എന്നോടു ചര്‍ച്ച ചെയ്യാന്‍ വരാറുള്ള പല മാതാപിതാക്കളും പറയാറുണ്ട്, ‘ഞാനും ചെറുപ്പത്തില്‍ ഇങ്ങനെയൊക്കെയായിരുന്നു’. പലപ്പോഴും ഞാനും ഇങ്ങനെയായിരുന്നു എന്നു കരുതുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന സന്ദേശം ‘ഇങ്ങനെയായിരിക്കുന്നത് നല്ലതാണ്’ എന്നല്ലേ എന്നതാണ് എന്റെ സന്ദേഹം.

വ്യക്തിത്വ വ്യതിചലനങ്ങള്‍ മുമ്പും ഉണ്ടായിരുന്നു എന്നാണോ?

അതേ. കാരണം, കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ചില കുടുംബങ്ങളില്‍ ഇത്തരം വ്യതിചലനങ്ങള്‍ കൂടുതല്‍ ആശാസ്യമാണ്. അതിനാല്‍തന്നെ കുട്ടി ഇതില്‍ വളരുന്നതില്‍ ഒരു പ്രശ്‌നവും ഇവര്‍ ഭാവിക്കാറില്ല. എന്നാല്‍, മറ്റൊരു കൂട്ടം കുടുംബങ്ങള്‍ ഇത്തരം സ്വഭാവങ്ങളോട് താദാത്മ്യം പാലിക്കാറില്ല അതിനാല്‍ കുട്ടിയില്‍ ഇത്തരം മാറ്റങ്ങള്‍ കാണുമ്പോള്‍തന്നെ അത് മനസ്സിലാക്കുകയും വളറെ ചെറുപ്പത്തില്‍ തന്നെ അതിനുള്ള പ്രതിവിധികള്‍ക്ക് ഊന്നല്‍ നല്കുകയും ചെയ്യാറുണ്ട്. ‘വ്യക്തിത്വത്തിലുണ്ടാകുന്ന ഏതെങ്കിലും ഒരു മാറ്റം മൂന്നു മാസത്തിലധികം തുടര്‍ന്നാല്‍ അതൊരു രോഗമായി മാറാം. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ പുറത്തിറങ്ങിയാല്‍ കാണുന്നതെന്തും വേണമെന്ന് പറഞ്ഞ് പിടിവാശി കൂടുന്ന കുട്ടികള്‍. വാശി കരച്ചിലും വഴക്കും കടന്ന് പനിയും മറ്റ് അസുഖങ്ങളും വരെ പിടിപെടുന്ന കുട്ടികളുണ്ട്.

ഇറുകിയ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെക്കാണുമ്പോള്‍ അല്ലെങ്കില്‍ ‘ഫ്രീക്ക്’ ആയി നടക്കുന്ന ആണ്‍കുട്ടികളെക്കാണുമ്പോള്‍ ഒരു വിഭാഗം ഇത് മോശമെന്നും മറ്റൊരു വിഭാഗം ഇതൊരു പ്രശ്‌നമല്ലെന്നും കരുതുന്നു?

ഇത് സത്യത്തില്‍ നമ്മുടെ സംസ്‌കാരമല്ലല്ലോ. നമ്മള്‍ പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുന്നതിന്റെ പ്രതിഫലനമല്ലേ ഇത്. ഇന്നത്തെ പല ചെറുപ്പക്കാര്‍ക്കും എതിര്‍ലിംഗത്തില്‍ പെട്ടവരോട് എങ്ങനെ പെരുമാറണം എന്നറിയില്ല എന്നത് യാഥാര്‍ഥ്യമാണ്. എല്ലാവര്‍ക്കും ഉള്ളതുകൊണ്ട് എനിക്കും ഒരു പെണ്‍ സുഹൃത്തോ ആണ്‍ സുഹൃത്തോ വേണമെന്നുള്ളത് ഒരു ‘ട്രെന്റായി’ മാറിയിരിക്കുന്നതുപോലെ തോന്നുന്നു. എല്ലാവരുമായി സൗഹൃദത്തിലാവുന്നത് നല്ലതാണ്. പക്ഷേ, ഒരു സൗഹൃദത്തില്‍ നിന്ന് പരസ്പരമുള്ള സ്പര്‍ശനത്തിലേക്ക് ഇത് കടക്കുന്നിടത്ത് അപകടം ആരംഭിക്കുന്നു. ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ നിശ്ശബ്ദതയാവാം ഒരാണ്‍ കുട്ടിയെ ഇതിന് പ്രചോദിപ്പിക്കുന്നത്. ധരിക്കുന്ന വസ്ത്രത്തേക്കാള്‍ നടക്കുന്ന രീതികളേക്കാള്‍ പ്രധാനപ്പെട്ടതാണ് എത്ര പക്വതയോടെ നമ്മുടെ എതിര്‍ ലിംഗത്തില്‍പ്പെട്ട ആളോട് ഇടപെടുന്നു എന്നുള്ളത്.

പുതിയ ‘ട്രെന്റി’നനുസരിച്ച് ഞാന്‍ ജീവിച്ചില്ലെങ്കില്‍ ഈ തലമുറയുടെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെടുമെന്ന് പേടിക്കുന്നവരോട്

ഞാന്‍ കരുതുന്നു, ഇത് ചെറുപ്പക്കാരുടെ കാഴ്ചപ്പാടിലുള്ള പ്രശ്‌നമാണ്. ‘ട്രെന്റ്’ എന്റെ തീരുമാനമാവണം, എന്റെ കുടുംബത്തിന്റെ കള്‍ച്ചറിനും എന്റെ നാടിന്റെ നന്മയ്ക്കും ചേര്‍ന്നതാണോ ‘ട്രെന്റ്’ എന്ന് ഓരോ ചെറുപ്പക്കാരനും ചിന്തിക്കുന്നത് നന്നായിരിക്കും.

ഭാഗം രണ്ട് – മുതിര്‍ന്നവര്‍

മുതിര്‍ന്ന തലമുറയിലുള്ള പലര്‍ക്കും ഇന്നത്തെ ചെറുപ്പക്കാര്‍ ഒരത്ഭുതമാണ്. അവര്‍ പലരും മോശം എന്നും കരുതിയിരുന്ന പലതും ഇന്ന് ട്രെന്റാണ്. എങ്ങനെ കാണുന്നു ഈ മാറ്റങ്ങളെ?

കാലം മാറുന്നു, സാഹചര്യങ്ങളും വ്യക്തികളും കുടുംബങ്ങളും പുത്തന്‍ മാറ്റങ്ങളെ മുറുകെ പുണരുന്ന കാഴ്ച സാധാരണമല്ലേ. അതുപോലെ തന്നെയാണ് നമ്മുടെ ചെറുപ്പക്കാരും. ഈ ചെറുപ്പക്കാരെ സംബന്ധിച്ച് അവര്‍ പുത്തന്‍ മാറ്റങ്ങളെ ഇത്തരത്തില്‍ ആശ്ലേഷിക്കുന്നതില്‍ വലിയ അപകടമുണ്ടെന്ന് കരുതേണ്ടതില്ല. ഇവിടെ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്, ഈ മാറ്റത്തിനനുസരിച്ച് യാത്ര ചെയ്യുന്നതിനിടയില്‍ അവര്‍ അടിസ്ഥാനപരമായ ‘ശുചിത്വബോധം’ കൃത്യമായി പിന്‍തുടരുന്നുണ്ടോ എന്ന ചോദ്യമാണ്. ഇവര്‍ക്ക് നീണ്ട മുടി ഉണ്ടായിക്കോട്ടെ പക്ഷേ, ഇവര്‍ കൃത്യമായി കുളിക്കുന്നുണ്ടോ, പല്ലു തേക്കുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഒരു തമാശയാണെന്നു കരുതരുത്. ഈ ട്രെന്റും മാറില്ലേ, തീര്‍ച്ചയായിട്ടും നാളെ പറ്റെ വെട്ടിയ മുടിയാവില്ല ട്രെന്റെന്ന് ആരു കണ്ടു.

ന്യൂജെന്‍ കുട്ടികള്‍ ഒരു പ്രശ്‌നക്കാരാണോ?

എപ്പോള്‍ വരെയാണോ അവര്‍ പക്വതയോടെ പെരുമാറുന്നത് അതുവരെ അവര്‍ ഒരു പ്രശ്‌നമാണെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക. നീണ്ട തലമുടിയുള്ള ഒരാണ്‍കുട്ടി എനിക്കെങ്ങനെയാണൊരു പ്രശ്‌നമാവുക, എനിക്കൊരു ശൈലി ഇഷ്ടമില്ല എന്നതുകൊണ്ട് അത് തെറ്റാണെന്നു കരുതുന്ന ഞാനല്ലേ കൂടുതല്‍ അപകടകാരി? എനിക്കിഷ്ടമില്ലെങ്കില്‍ ഞാന്‍ ശ്രദ്ധിക്കാതിരിക്കുക, അതല്ലേ ഞാന്‍ ചെയ്യേണ്ടത്. ഒരു കാര്യം മാത്രമാണെനിക്കു തോന്നുന്നത്. മാറുന്ന ലോകത്തിനനുസരിച്ച് നമ്മളും മാറാന്‍ തയ്യാറാകുക. ഉദാഹരണത്തിന് കുട്ടികള്‍ ഇന്റര്‍നെറ്റില്‍ താത്പര്യമുള്ളവരാണെങ്കില്‍ മാതാപിതാക്കളും അത് പഠിക്കാന്‍ തയ്യാറാവുക ഇതുവഴി ഇവര്‍ തമ്മിലുള്ള അന്തരം കുറയാന്‍ ഇതു സഹായിക്കും. ഇന്ന് കൗമാരക്കാരുടെ മാതാപിതാക്കള്‍ ധാരാളമായി ബുദ്ധിമുട്ടുന്ന കാഴ്ച കാണുന്നുണ്ട്. അവര്‍ പറയുന്നതിന് നേരെ വിപരീതമെന്ന് അവര്‍ കരുതുന്ന കുട്ടികളെ കാണുമ്പോള്‍..

ഇത് യഥാര്‍ഥത്തില്‍ വ്യക്തിത്വത്തിലുള്ള പ്രശ്‌നമാണോ അതോ വളര്‍ത്തുന്നതിലെ പ്രശ്‌നമാണോ?

സത്യത്തില്‍ കുട്ടികള്‍ക്ക് ഒരു ആറ് വയസാകുമ്പോഴേക്കും, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാനുള്ള പക്വത അവര്‍ക്കാവും. പക്ഷേ, ഈ പ്രായത്തില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കൃത്യമായി ആരും പറഞ്ഞു കൊടുക്കുന്നില്ല. അപ്പനെ അടിക്കരുതെന്നും അമ്മയോട് ചീത്തവാക്ക് പറയരുതെന്നും ആരും ആ കുട്ടിക്ക് മനസ്സിലാവുന്നതുപോലെ പറയുന്നില്ല എന്നതാണ് പ്രശ്‌നം. ഒന്നു ചിന്തിച്ചാല്‍ ചീത്ത കാര്യങ്ങള്‍ അവര്‍ സ്വയം പഠിച്ചോളും. പക്ഷേ, നല്ല കാര്യങ്ങള്‍ നമ്മള്‍ കൃത്യമായി പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.

ഇത് അവസാനം വരെ തുടരും അല്ലേ?

തീര്‍ച്ചയായും ഇത് തുടരും ഒരുപക്ഷേ, പിന്നീട് ഇത് സ്വഭാവ വൈകല്യമായോ കോണ്ടാക്ട് ഡിസോര്‍ഡര്‍ സാമൂഹ്യവിരുദ്ധ വ്യക്തിത്വം, എന്നിങ്ങനെ പലതിലേക്കും ഇത് വഴി തെളിക്കാം.

ഇവര്‍ക്കിടയില്‍ പക്വതയുള്ള നിലപാട് എങ്ങനെയെടുക്കാം?

മാറ്റത്തെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിക്കേണ്ടത് കുട്ടി വളര്‍ന്ന് വലുതായി, അപ്പനമ്മമാരുടെ മൂല്യങ്ങള്‍ക്ക് വ്യത്യസ്തരായി പ്രവൃത്തിച്ചു തുടങ്ങുമ്പോഴല്ല; അതിനു വളരെ മുമ്പാണ്. കുട്ടികള്‍ സ്വതന്ത്രരായി സ്വന്തം വരുമാനത്തിനനുസരിച്ച് ജീവിക്കുന്നതുവരെ മാതാപിതാക്കള്‍ക്ക് കൃത്യമായ തീരുമാനമെടുക്കുന്ന കുട്ടികളെ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ‘വേണ്ട’ എന്നു പറയുന്നതിനു പകരം എന്തുകൊണ്ട് അത് ‘വേണ്ട’ എന്നതില്‍ കുട്ടികള്‍ക്ക് ബോധ്യം കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

Jinto Mathew

ജിന്റോ മാത്യു

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co