Thursday , 20 September 2018
Home / Articles / നീല മേലങ്കിയും, നീല തിമിംഗലവും

നീല മേലങ്കിയും, നീല തിമിംഗലവും

എല്ലാവരും ഇപ്പോള്‍ ഭീതിയോടെ സംസാരിക്കുന്നത് ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ചാണ്. കേരളത്തില്‍ പോലും ഈ അപകടകരമായ ഗെയിമില്‍ രണ്ടായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു എന്ന് ഒരു ദൃശ്യമാധ്യമം വെളിപ്പെടുത്തിയതിനു പിറകേ, തലശ്ശേരിയിലും, തിരുവനന്തപുരത്തും നടന്ന രണ്ട് ആത്മഹത്യകള്‍ക്കും പിന്നിലും ഇതേ ഗെയിമാണെന്ന് സംശയമുണ്ട്.

2013-ല്‍ റഷ്യയില്‍ ആരംഭമെടുത്ത ഈ മരണക്കളി ലോകത്തില്‍ അനേക ചെറുപ്പക്കാരെ ഗെയിമിന്റെ അവസാന ചാലഞ്ച് എന്ന നിലയില്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു. പോലീസ് അധികൃതരുടെ കസ്റ്റഡിയിലുള്ള, കലാലയം പുറത്താക്കിയ റഷ്യന്‍ മനഃശാസ്ത്ര വിദ്യാര്‍ഥിയും 22 കാരനുമായ ഫിലിപ്പ് ബുഢീക്കിന്‍ ആണ് ഈ ഗെയിമിനു പിറകിലുള്ളത് എന്നതൊഴികെ ബാക്കി കാര്യങ്ങളെല്ലാം ഇനിയും രഹസ്യാത്മകമാണ്. ഭൂമുഖത്തെ ജൈവമാലിന്യങ്ങളെ തുടച്ചു നീക്കാന്‍ ആത്മഹത്യയിലൂടെ ചിലരെ ഇല്ലാതാക്കുക എന്ന പൈശാചിക ലക്ഷ്യമാണ് ഈ ഗെയിമിനു പിന്നിലെന്നാണ് ബുഡീക്കിന്‍ വെളിപ്പെടുത്തിയത്.

പഴയ ഒരു ജീസസ് യൂത്ത് ക്യാമ്പസ് മീറ്റിന്റെ തീം സോങ്ങിലെ ചില വരികള്‍ ഇങ്ങനെയായിരുന്നു: ‘സ്വന്തം ജീവന്റെ ശത്രുക്കളാകാതെ ഞങ്ങളെ നീ കാക്കണമേ’ ഒരുവന്‍ എങ്ങനെയാണ് തന്റെ ജീവന്റെ ശത്രുവായി മാറുന്നത്? എന്നതായിരുന്നു അന്നത്തെ ചിലരുടെയെങ്കിലും സംശയമെങ്കില്‍, ഇന്ന് അധികം ചിന്തിക്കാതെ, വളരെ എളുപ്പത്തില്‍ സ്വയമൊടുങ്ങുന്ന യൗവനങ്ങള്‍ ഓര്‍മിപ്പിക്കുന്നു, ശത്രു പുറത്തല്ല അകത്താണ്.

നിയമാവര്‍ത്തന പുസ്തകത്തില്‍ പറയുന്ന ”ജീവനും, മരണവും, അനുഗ്രഹവും, ശാപവും നിനക്ക് മുമ്പില്‍ വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം” എന്ന തിരുവെഴുത്തിന് (30:15) മരണത്തേയും, ശാപത്തേയും തിരഞ്ഞെടുക്കാനുള്ള വിവേകരഹിതമായ ഒരു തിടുക്കമാണ് ഇന്നത്തെ യുവതലമുറയുടെ മറുപടി.

ഒരു നാള്‍ തോക്കുകളും ആയുധങ്ങളും ഇല്ലാത്ത സൈബര്‍ പട്ടാളങ്ങള്‍ തമ്മില്‍ കമ്പ്യൂട്ടര്‍ യുദ്ധം വരുമെന്ന് ഗവേഷണങ്ങള്‍ പറഞ്ഞിരുന്നു. ആയുധരഹിതമായ ഇത്തരം യുദ്ധങ്ങളില്‍ കൊല്ലാനും, മോഷ്ടിക്കാനും, നശിപ്പിക്കാനും വരുന്ന ശത്രുവിനെക്കുറിച്ച് യോഹ 10:10-ല്‍ തിരുവചനം മുന്നറിയിപ്പ് തന്നത് ഇതിനോടുചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ”മരണ സംസ്‌ക്കാരം നമ്മെ കീഴടക്കാന്‍ വാ പിളര്‍ന്നു നില്ക്കുകയാണ്, ഉണരാന്‍ നമ്മള്‍ വൈകരുത്” എന്ന പ്രവചന സ്വഭാവമുള്ള പ്രബോധനം വര്‍ഷങ്ങള്‍ക്കു മുമ്പേ ധിഷണാശാലിയായ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ജീവന്റെ സുവിശേഷമെന്ന ചാക്രിക ലേഖനത്തില്‍ കുറിച്ച് വച്ചിരുന്നു.

ഇതിനിടയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്ലൂ വെയ്ല്‍ ഗെയിമിനെക്കുറിച്ചുള്ള ഗൂഗിള്‍ സേര്‍ച്ചുകളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാമതെത്തിയെന്നും, അതില്‍ കേരളമാണ് ഏറ്റവും മുന്നില്‍ എന്നുമാണ്. നമ്മുടെ ജീവിത വീക്ഷണത്തിലും, കുടുബ ബന്ധങ്ങളിലും ആത്മീയതയിലുമൊക്കെ വന്നുഭവിച്ച ആഴമില്ലായ്മയും, ആത്മാര്‍ത്ഥതയില്ലായ്മയും വെളിവാക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇത്. സര്‍പ്പത്തില്‍ നിന്നെന്നപോലെ ഓടിയകലേണ്ട തിന്മകളില്‍ ആവേശത്തോടെ മുഴുകുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുത്തതില്‍ ഇന്നത്തെ കുടുംബങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, മതപരിശീലകര്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. കെണികള്‍പിടിമുറുക്കാതെ ഇന്നലെ, നമ്മുടെ കുഞ്ഞുങ്ങളെ അമ്മമാര്‍ പൊതിഞ്ഞു പിടിച്ചത് മാതാവിന്റെ നീല മേലങ്കി കൊണ്ടായിരുന്നു. ആഗോളവത്കരണത്തിന്റ സന്തതികളാവാന്‍ തിരക്കുകൂട്ടുന്ന ആധുനിക മാതാപിതാക്കള്‍ ആഡംബരങ്ങളിലും, ആഘോഷങ്ങളിലും ജീവിതത്തെ കൊണ്ടാടുന്ന തിരക്കിനിടയില്‍ സത്യസന്ധമായ ആത്മീയതയുടെ ആ നീലമേലങ്കി മറന്നു പോവുകയായിരുന്നു. ഹൈ പ്രൊഫൈല്‍ ജോലികളും, വില കൂടിയ കാറുകളും, ഡിജെ പാര്‍ട്ടികളുമാണ് ജീവിതമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട നമ്മുടെ യുവത്വത്തെ മരണക്കളികളിലേക്കും, പോണ്‍ സ്റ്റാറിനെ ഒരു നോക്ക് കാണാനുള്ള അടക്കാനാവാത്ത വെമ്പലിലേക്കും തള്ളിയിട്ടത് ആരാണ്. ജന്മപാപമില്ലാതെ ഉദ്ഭവിച്ച പരിശുദ്ധ മറിയമേ! നിന്റെ നീല മേലങ്കിയാല്‍ ഒരിക്കല്‍ കൂSasi Immanuel-3ടെ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ എന്ന് ഈ അമലോത്ഭവ തിരുനാളില്‍ പ്രാര്‍ഥിക്കാം.

ശശി ഇമ്മാനുവല്‍

sasiimmanuel@gmail.com

Share This:

Check Also

സ്നേഹം അതല്ല ഇതാണ്

തിന്മയെ നന്മയെന്നുംനന്മയെ തിന്മയെന്നുംവിളിക്കുന്നവനു ദുരിതം!പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!” (ഏശ …

Powered by themekiller.com watchanimeonline.co