Tuesday , 12 December 2017
Home / Cover Story / ഒരു റിസ്റ്റ്ബാന്റ് സ്റ്റോറി
www

ഒരു റിസ്റ്റ്ബാന്റ് സ്റ്റോറി

ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളായി സമൂഹം പലപ്പോഴും കല്പിച്ചുകൂട്ടുന്നതു കുടുംബ മഹിമ, പാരമ്പര്യം, വിദ്യാഭ്യാസം, പ്രശസ്തി, വസ്ത്രധാരണം തുടങ്ങിയവയൊക്കെയാണ്. തീര്‍ച്ചയായും ഇതെല്ലാം ഒരു വ്യക്തിയുടെ രൂപീകരണത്തില്‍ പങ്കുവഹിക്കുന്നുണ്ട്. ആരും ജന്മംകൊണ്ടോ മനസ്സുകൊണ്ടോ മോശം ആകണമെന്നു ആഗ്രഹിക്കുന്നില്ല. അറിവില്ലായ്മകൊണ്ടോ, പറഞ്ഞു തിരുത്താന്‍ ആരും ഇല്ലാത്തതു കാരണവും ഗതികേടു നിമിത്തവും സമൂഹം അവരെ ഒറ്റപ്പെടുത്തുകയും ചിലപ്പോള്‍ അലമ്പന്മാരും അലമ്പത്തികളും എന്ന ഓമനപ്പേരില്‍ വിളിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ മാറിമറിയുന്ന ജീവിതങ്ങളെ അറിയാനും അവരോടുകൂടെ സഞ്ചരിക്കാനും ജീവിതത്തില്‍ ഒത്തിരി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, നാം കാണുന്ന നല്ല പിള്ളകളേക്കാള്‍ ചന്തമുള്ള മനസ്സായിരിക്കും അവരുടേത്. ഇതാ, മറക്കാനാവാത്ത ഒരു ഓര്‍മ:

17, വയസ്സുകാരന്‍ പയ്യന്‍ ഹോസ്പിറ്റലിലെ ഡി-അഡിക്ഷന്‍ വാര്‍ഡില്‍ അഡ്മിറ്റായപ്പോള്‍ വീട്ടുകാര്‍ക്കു തങ്ങാവുന്നതിലും വലിയ ഞെട്ടലും നാണക്കേടും ആയിരുന്നു. നാട്ടുകാരും ബന്ധുക്കളും അറിയുന്നതിനു മുമ്പേ ഡിസ്ചാര്‍ജ് ചെയ്തുകൊണ്ടുപോകാന്‍ അമ്മയ്ക്കും ചേട്ടനും തിടുക്കം. അവനാണെങ്കിലോ ആരോടും സംസാരിക്കാന്‍ കൂട്ടാക്കുന്നുമില്ല. വീട്ടുകാരുടെ നിര്‍ബന്ധം മൂലം കൗണ്‍സിലിങ്ങിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ സര്‍ പറഞ്ഞു. സംസാരിച്ചു കളയാം എന്നു കരുതി അവനെ വിളിച്ചു. ആദ്യമൊന്നും അവന്‍ ഒന്നും പറഞ്ഞില്ല, ചോദിക്കുന്നതിനു ബുദ്ധിമുട്ടി ഉത്തരം നല്‍കും, പിന്നീടു അവന്‍ പതിയെ മനസ്സുതുറന്നു. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന നല്ലൊരു കുടുംബം ആയിരുന്നു അവന്റേത്. അവന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ പെട്ടെന്നു മരിച്ചു. അവനും ചേട്ടനും തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ട്. പതിയെ ചേട്ടന്‍ അച്ഛന്റെ ബിസ്സിനസും കാര്യങ്ങളുമായി ജീവിതം തുടങ്ങി, അമ്മ മക്കളുടെ കാര്യം ശ്രദ്ധിക്കാതെ അച്ഛന്റെ ഓര്‍മയില്‍ ജീവിച്ചു. പതിയെ ഇവന്റെ ജീവിതം ഒറ്റപ്പെടലുകള്‍ക്കു വഴിമാറി. അങ്ങനെ സ്‌കൂളിലെ മുതിര്‍ന്ന ചേട്ടന്മാരുടെ കൈയില്‍ നിന്നു ലഹരിയുടെ ലോകം അവനു കിട്ടി. അതു സമ്മാനിച്ചതു പുതിയൊരു ജീവിതം ആയിരുന്നു. പത്താം ക്ലാസ്സ് എത്തിയപ്പോഴേക്കും മയക്കുമരുന്നു ഗ്യാങ്ങിലെ നേതാവായി അവന്‍ വളര്‍ന്നു. അവന്റെ കൈയിലും കാലിലും ഗ്യാങ്ങിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഉണ്ട്. ഇതൊന്നും അവന്റെ വീട്ടുകാരോ, അധ്യാപകരോ അറിഞ്ഞിരുന്നില്ല. പൊതുവേ ശാന്തസ്വഭാവക്കാരന്‍ പയ്യനായി അവന്‍ ജീവിച്ചു. അവന്റെ ജീവിതം അവനു തന്നെ മടുത്തു തുടങ്ങി, പ്ലസ്സ്‌വണ്ണിലെ മോഡല്‍ പരീക്ഷയുടെ അവസാന ദിവസം ജീവിതത്തിനോടു വിടപറയാനുള്ള ഒരുക്കവുമായാണ് അവന്‍ സ്‌കൂളില്‍ എത്തിയത്. പരീക്ഷാഹാളില്‍ ഇരുന്നു കരഞ്ഞ അവനെ ടീച്ചര്‍ പിടിച്ചു. അവന്‍ ടീച്ചറിനോടു എനിക്ക് ജീവിക്കണം എന്നു പറഞ്ഞു. അവിടെ നിന്നാണു അവന്റെ അവസ്ഥ വീട്ടുകാര്‍പോലും അറിയുന്നത്. ടീച്ചറുടെ സമയോചിതമായ ഇടപെടല്‍ നിമിത്തം അവന്‍ ഹോസ്പിറ്റലില്‍ എത്തി. അവനു പറയാനുണ്ടായിരുന്നതു വര്‍ഷങ്ങള്‍ പഴക്കമുള്ള ജീവിതാനുഭവങ്ങളും മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ചുള്ള അറിവുകളും ആയിരുന്നു. മൂന്നു മണിക്കൂറിലേറെ നീണ്ട സംസാരം കഴിഞ്ഞപ്പോള്‍ അവന്റെ മുഖത്തു കണ്ട ശാന്തത പെയ്‌തൊഴിഞ്ഞ കാലവര്‍ഷത്തേക്കാളും വലുതായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നിശ്ശബ്ദതയ്ക്കു ശേഷം അവന്‍ തുടര്‍ന്നു: വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാനിത്രയും സംസാരിക്കുന്നത്. എന്നെ ആരും ഇതുവരെ ഇങ്ങനെ കേട്ടിരുന്നിട്ടില്ല, അച്ഛന്‍ മരിച്ചശേഷം ഇതുവരെ ഞാനിങ്ങനെ സംസാരിച്ചിട്ടുമില്ല. എന്നോടു ആരെങ്കിലും ഒന്നു സംസാരിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ആകുമായിരുന്നില്ല. പക്ഷേ, ഞാന്‍ നിങ്ങളോടു സംസാരിച്ചതു ചിലപ്പോള്‍ എന്നെ മനസ്സിലാകും എന്നു കരുതിയാണ്. കാരണം, ചേച്ചിയുടെ കൈയില്‍ ഞാന്‍ ബാന്‍ഡ് കണ്ടിരുന്നു, സാധാരണ ഞങ്ങളെപ്പോലുള്ള അലമ്പന്മാരുടെ ട്രേഡ് മാര്‍ക്കാണ് ഇത്തരത്തിലുള്ള ബാന്‍ഡുകള്‍. അവനോടു ചിരിച്ചു കാണിച്ചെങ്കിലും ഉള്ളില്‍ പറഞ്ഞു ഇതൊരു അലമ്പന്റെകൂടെ കൂടിയതിന്റെ ട്രേഡ് മാര്‍ക്കാണല്ലോ! (ജീസസ് യൂത്തിന്റെ ജൂബിലിയുടെ മഞ്ഞ നിറത്തിലുള്ള ബാന്‍ഡ് ആയിരുന്നു അത്). ഡിസ്ചാര്‍ജ് ആയി പോയെങ്കിലും കൃത്യമായ ഇടവേളകളില്‍ അവര്‍ ഹോസ്പിറ്റലില്‍ വന്നിരുന്നു. പിന്നീട് 2-3 തവണകളേ അവനോടു സംസാരിക്കാന്‍ പറ്റിയിട്ടുള്ളൂ, ഇന്ന് അവന്‍ സുഖമായി അമ്മയുടെയും ചേട്ടന്റെയും കരുതലുള്ള പയ്യനായി ജീവിക്കുന്നു. ഒരു ബാന്‍ഡിനു ഇത്രയും സ്വാധീനം ഉണ്ടെന്നു തിരിച്ചറിഞ്ഞത് അന്നാണ്. നമ്മള്‍ നിസ്സാരമായി കാണുന്ന വസ്തുവില്‍ നിന്നുപോലും മാറ്റങ്ങളിലേക്കുള്ള അവസരം ലഭിക്കുന്നു. ജീവിതത്തില്‍ ‘അലമ്പന്‍’ കര്‍ത്താവിനെ കൂട്ടുപിടിച്ചതാണു ഒരു ജീവിതത്തില്‍ മാറ്റം നല്‍കാന്‍ അവസരം നല്‍കിയത്.

ഇതു ഒരു കുട്ടിയുടെ മാത്രം ജീവിതം. മറ്റുള്ളവരെ സ്വഭാവത്തിന്റെയും രൂപത്തിന്റെയും കോലത്തിന്റെയും പേരില്‍ വിധിക്കാതിരിക്കുന്നതു നന്നായിരിക്കും. ഓര്‍ക്കുക മറ്റുള്ളവരെ വിധിക്കാനും താഴ്ത്താനും എന്തു മേന്മയാണ് എനിക്കുള്ളത്?!

”നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?” (1 കോറി 4:7).

Resmi

രശ്മി ജെ. പുറക്കാടന്‍

Share This:

Check Also

nov14

വാപ്പസി

”മൂന്ന് ബുദ്ധഭിക്ഷുക്കളെ പരിചയപ്പെട്ടതില്‍ ഇളം പ്രായം തോന്നിക്കുന്ന ഭിക്ഷുവിന്റെ നാമം മനസ്സില്‍ പതിഞ്ഞു, ‘വാപ്പസി’ ചാന്ദ്രപ്രഭയുള്ള മുഖത്തോടു കൂടിയ ഭിക്ഷുവിന്റെ …

Powered by themekiller.com watchanimeonline.co