Thursday , 20 September 2018
Home / Articles / ”കരിസ്മാറ്റിക് നവീകരണം കൃപയുടെ ഒഴുക്കാണ്”

”കരിസ്മാറ്റിക് നവീകരണം കൃപയുടെ ഒഴുക്കാണ്”

”കരിസ്മാറ്റിക് നവീകരണം കൃപയുടെ ഒഴുക്കാണ്”

റോമില്‍വച്ചു നടന്ന കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ജീസസ് യൂത്ത് മുന്നേറ്റത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗങ്ങളിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

കരിസ്മാറ്റിക് നവീകരണം എക്യുമെനിക്കലാണ്

സര്‍ക്കസ്മാക്‌സിമസ് എന്ന വേദിയില്‍വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെകൂടിയിരുന്നവരോടു പറഞ്ഞു: ”കരിസ്മാറ്റിക് നവീകരണം കൃപയുടെ ഒഴുക്കാണ്. അത് ജന്മമെടുത്തത് കത്തോലിക്കാ സഭയിലാണോ? അല്ല, വിവിധ സഭകളില്‍ സമാനഫലങ്ങളോടെ എക്യുമെനിക്കലായാണ് അത് ജന്മംകൊണ്ടത്. നവകത്തോലിക്കാ കരിസ്മാറ്റിക്കുകള്‍ക്ക് പന്തക്കുസ്തക്കാര്‍ വേണ്ട പിന്തുണയും പഠനങ്ങളും നല്‍കി. കരിസ്മാറ്റിക് നവീകരണം എക്യുമെനിക്കലായതിനു കാരണം ഐക്യം സൃഷ്ടിക്കുന്ന പരിശുദ്ധാത്മാവാണ്”. മാര്‍പാപ്പ തുടര്‍ന്നു പറഞ്ഞു: ”പരിശുദ്ധാത്മാവ് കത്തോലിക്കരെയും പന്തക്കുസ്തക്കാരെയും ഒരുമിച്ചു കൊണ്ടുവന്നു. യേശു കര്‍ത്താവാണെന്ന് ഏറ്റുപറയാനും ദൈവപിതാവിന്റെ എല്ലാ മക്കളോടുമുള്ള സ്‌നേഹം വിളംബരം ചെയ്യാനുമായി അതിനാല്‍ ഒരുമിച്ചു നടക്കുക, ഒരുമിച്ചു പ്രവര്‍ത്തിക്കുക, പരസ്പരംസ്‌നേഹിക്കുക”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്തക്കുസ്താ മുന്നേറ്റമെന്നും അറിയപ്പെടുന്ന പരിശുദ്ധാത്മാവിന്റെ ഈ മുന്നേറ്റത്തില്‍, അതിന്റെ ജനിതക ഘടനയില്‍ ഉള്ളത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്, ക്രൈസ്തവ ഐക്യം പടുത്തുയര്‍ത്താനുള്ള ദൈവവിളിയും-ജോവാനി ട്രേറ്റിനോ എന്ന പാസ്റ്റര്‍ പറഞ്ഞു. ”കത്തോലിക്കാ കരിസ്മാറ്റിക്കുകാര്‍ക്കും പന്തക്കുസ്തക്കാര്‍ക്കും എപ്പോഴും ഒന്നുചേര്‍ന്നു പോകാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, ഫ്രാന്‍സീസ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് വ്യക്തമായി ഒരു പുതിയ കാലം തന്നെ തുറന്നിരിക്കുന്നു; പ്രത്യേകിച്ച് നമ്മള്‍ തമ്മിലുള്ള ബന്ധത്തിന്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവാഞ്ചലിക്കല്‍ നേതാക്കളോടായി ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു: ‘നമുക്കൊരുമിച്ചു നടക്കാം, ഒരുമിച്ച് ദരിദ്രരെ സഹായിക്കാം. ഉപവിയുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാം, വിദ്യാഭ്യാസത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാം. അന്നേ സമയം, ദൈവശാസ്ത്രജ്ഞര്‍ തങ്ങളുടെ ഭാഗം നിര്‍വഹിച്ച് ക്രിസ്തീയ ഐക്യത്തിനായുള്ള പരിശ്രമങ്ങളെ സഹായിക്കട്ടെ പക്ഷേ, നാമെപ്പോഴും യാത്രയിലാണ്, ഒരിക്കലും നിര്‍ത്താതെ, ഒരുമിച്ചുള്ള യാത്രയില്‍.

പന്തക്കുസ്താ ദിവസത്തിലെ വി. കുര്‍ബാനയില്‍ പ്രസംഗമധ്യേ ക്രൈസ്തവര്‍ തങ്ങള്‍ക്ക് പൊതുവായുളളതിനു പകരം തങ്ങളുടേതായ വ്യത്യസ്തകളിലൂന്നിയാല്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്ന വൈവിധ്യത്തിലുള്ള ഐക്യത്തെ തടയാനിടവരുമെന്ന് മാര്‍പാപ്പ പറഞ്ഞു. ഇതു സംഭവിക്കുന്നത് നാം വേര്‍പെട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോഴാണ്, ചേരിതിരിഞ്ഞ് ഗ്രൂപ്പുകളാകുമ്പോഴാണ്; വിട്ടുവീഴ്ചയില്ലാത്ത വായുനിബദ്ധമായ നിലപാടുകളെടുക്കുമ്പോഴാണ്; നമ്മുടെ സ്വന്തം ആശയങ്ങളിലും പ്രവര്‍ത്തനരീതികളിലും കുടുങ്ങിക്കിടക്കുമ്പോഴാണ്; ഒരുപക്ഷേ, മറ്റുള്ളവരേക്കാള്‍ മെച്ചമാണ് നാമെന്ന് ചിന്തിക്കുമ്പോഴാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍, മൊത്തത്തിനു പകരം ഒരു ഭാഗം നാം തെരഞ്ഞെടുക്കുന്നു, സഭയുടേതാകുന്നതിനു മുമ്പ് ഈ ഗ്രൂപ്പിലോ ആ ഗ്രൂപ്പിലോ പെട്ടവനാകുന്നു. യേശുവിന്റെ ഭാഗത്തു നില്‍ക്കുന്നതിനു മുമ്പേ ‘ഇടതു’ ക്രൈസ്തവനോ ‘വലതു’ ക്രൈസ്തവനോ ആകുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

പരിശുദ്ധാത്മാവ് ഓരോ ശിഷ്യന്റെമേലും വന്നിറങ്ങുകയും പിന്നീട് അവരെ എല്ലാവരെയുംകൂട്ടായ്മയിലേക്ക് ഒരുമിച്ചു കൊണ്ടുവരുകയും ചെയ്യുന്നു. ഓരോരുത്തര്‍ക്കും അവിടന്ന് സൃഷ്ടിച്ച പുതിയ കൂട്ടായ്മയുടെ നന്മയ്ക്കായി ഓരോ ദാനവും നല്‍കുന്നു. വൈവിധ്യവും ഐക്യവും സൃഷ്ടിക്കുന്നത് ഒരേ ആത്മാവുതന്നെയാണ്. അങ്ങനെ നവമായ, വെവിധ്യം നിറഞ്ഞ ഒരുമയിലുള്ള ജനത്തെ രൂപപ്പെടുത്തുന്നു-സാര്‍വത്രിക സഭയെ.

ഐക്യമില്ലാതെ വൈവിധ്യത്തെ അന്വേഷിക്കുകയെന്നതാണ് ആദ്യത്തെ പ്രലോഭനം. ഇതിനു വിപരീതമായ പ്രചോദനമാണ് വൈവിധ്യത്തിനിടം കൊടുക്കാത്ത ഐക്യം അന്വേഷിക്കുന്നത്. ഇവിടെ ഐക്യമെന്നത് ഏകരൂപതയാകുന്നു. അവിടെ എല്ലാവരും എല്ലാകാര്യങ്ങളും ഒരുമിച്ച് എപ്പോഴും ഒരുപോലെ ചിന്തിച്ച്, ഒരേ രീതിയില്‍ പ്രവര്‍ത്തിക്കണം. പരിശുദ്ധാത്മാവിനോടു നാം പ്രാര്‍ഥിക്കുന്നത് അവിടത്തെ ഐക്യം സ്വീകരിക്കാനുള്ള കൃപയ്ക്കായാണ്. വ്യക്തിപരമായ മുന്‍ഗണനകളെ മാറ്റിവച്ച് അവിടത്തെ സഭയെ ആശ്ലേഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഐക്യം. ഇത് എല്ലാവരുമായുള്ള ഐക്യത്തിന്റെ ഉത്തരവാദിത്വം അംഗീകരിക്കാനാണ്, ഭിന്നതയുടെ വിത്തുവിതയ്ക്കുന്ന പരദൂഷണവും അസൂയയുടെ വിഷവും നീക്കുന്നതിനാണ്. കാരണം സഭയിലെ പുരുഷന്മാരും സ്ത്രീകളും കൂട്ടായ്മയുടെ പുരുഷന്മാരും സ്ത്രീകളുമാണ്. സഭയെ നമ്മുടെ അമ്മയും പരിശുദ്ധാത്മ സന്തോഷം പങ്കുവച്ച് ആതിഥേയത്വമരുളുന്ന തുറന്ന ഭവനവുമായി അനുഭവിക്കാന്‍ കഴിയുന്ന ഒരു ഹൃദയത്തിനു വേണ്ടിക്കൂടിയാണ് നാം പ്രാര്‍ഥിക്കുന്നത്.

പരിശുദ്ധാത്മ സ്‌നാനം എല്ലാസഭാതനയര്‍ക്കുമുള്ളതാണ്

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വാക്കുകളില്‍ ”കൃപയുടെ ഈ ഒഴുക്ക് ചിലര്‍ക്കു മാത്രമല്ല സഭ മുഴുവനും വേണ്ടിയുള്ളതാണ്, നമ്മിലാരും യജമാനന്മാരോ സേവകരോ അല്ല, നാമെല്ലാവരും ഈ കൃപയുടെ ഒഴുക്കിനെ സേവിക്കുന്നു.” ഇതു ശ്രവിച്ചപ്പോള്‍, 2015-ല്‍ സാന്‍ ജിയോവാനി ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് മൂന്നാമത്തെ ആഗോള വൈദിക ധ്യാനത്തിന് മാര്‍പാപ്പ നല്‍കിയ ദൗത്യം ഞാനോര്‍ത്തു: ”നിങ്ങളെല്ലാവരോടും ഓരോരുത്തരോടും ഞാന്‍ ആവശ്യപ്പെടുന്നു, കരിസ്മാറ്റിക് നവീകരണത്തിലെ കൃപയുടെ നീര്‍ച്ചാലായി, നിങ്ങള്‍ നിങ്ങളുടെ ഇടവകകളിലും സെമിനാരിളിലും സ്‌കൂളുകളിലും ‘ആത്മാവിലുള്ള ജീവിതം’ എന്ന സെമിനാറുകള്‍ സംഘടിപ്പിക്കുക, നിങ്ങളുടെ പരിശുദ്ധാത്മ സ്‌നാനവും വേദോപദേശവും പങ്കുവയ്ക്കുക. കാരണം അതുണ്ടായത് പരിശുദ്ധാന്മാവിന്റെ പ്രവര്‍ത്തനത്താല്‍ ജീവിതങ്ങളെ മാറ്റിമറിച്ച യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലൂടെയാണ്”.

ശനിയാഴ്ച നടന്ന ജാഗരണ പ്രാര്‍ഥനയില്‍, പരിശുദ്ധ പിതാവ് കരിസ്മാറ്റിക് നവീകരണത്തെ സഭയിലെ പരിശുദ്ധാത്മാവിന്റെ 50 വര്‍ഷം മുമ്പ് ആരംഭിച്ച പരമാധികാര പ്രവൃത്തിയായി വിശേഷിപ്പിച്ചു. അദ്ദേഹം തുടര്‍ന്നു: ”50 വര്‍ഷങ്ങളായുള്ള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം, ആത്മാവിന്റെ കൃപയുടെ നീര്‍ച്ചാല്‍! എന്തുകൊണ്ടാണത് കൃപയുടെ ദാനമായിരിക്കുന്നത്? കാരണം അതിന് സ്ഥാപകനോ നിയമസംഹിതയോ ഭരണചക്രമോ ഇല്ല. തീര്‍ച്ചയായും, ഈ കൃപയുടെ ദാനത്തില്‍ വിവിധ ആവിര്‍ഭാവങ്ങളുണ്ട്. അവ തീര്‍ച്ചയായും സഭയെ ശുശ്രൂഷിക്കാനായി ആത്മാവിന്റെ പ്രചോദനത്താല്‍ വിവിധ വരങ്ങളുപയോഗിച്ചുള്ള മനുഷ്യരുടെ പ്രവര്‍ത്തനങ്ങളാണ്. പക്ഷേ, ഈ നീര്‍ച്ചാലിനെ അണക്കെട്ടുപോലെ പിടിച്ചു നിറുത്താനാവില്ല, പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കാനുമാവില്ല. സഭാശുശ്രൂഷയ്ക്കായി ഈ കൃപയുടെ നീര്‍ച്ചാലില്‍ നിന്ന് ഉരുത്തിരിഞ്ഞ ഇത്തരം മനോഹരമായ ആവിര്‍ഭാവങ്ങളിലൊന്നാണ് ജീസസ് യൂത്ത് എന്നതില്‍ നമുക്കഭിമാനിക്കാം. നവീകരണ മുന്നേറ്റത്തോട് കൂടുതല്‍ കരുത്തോടും തീക്ഷ്ണതയോടും കൂടി മുന്നോട്ടു പോകണമെന്നും പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നു. ”50 വര്‍ഷങ്ങള്‍ ജീവിതത്തില്‍ ഒന്നു നില്ക്കാനും വിചിന്തനം ചെയ്യാനും അനുയോജ്യമായസമയമാണ്. പകുതി ജീവിതം പിന്നിട്ടതിന്റെ വിചിന്തന സമയമാണിത്. അതേസമയം ഞാന്‍ നിങ്ങളോടു പറയുന്നു, ഇത് കൂടുതല്‍ ശക്തിയോടെ മുന്നോട്ടു പോകാനുള്ളസമയവുമാണ്. കാലത്തിനനുസരിച്ച് നമ്മില്‍ അടിഞ്ഞുകൂടിയ പൊടിപടലങ്ങള്‍ ഉപേക്ഷിച്ച്, ലഭിച്ചതിന്നെക്കെ നന്ദി പറഞ്ഞ് പുതിയതിനെ പരിശുദ്ധാത്മ പ്രവര്‍ത്തനത്തിലുള്ള ആത്മവിശ്വാസത്തോടെ നേരിടാനുള്ള സമയം.

നാല് അടിസ്ഥാനങ്ങള്‍

കര്‍ദിനാള്‍ സ്യൂനെന്‍നിന്റെ മാലൈന്‍സ് രേഖകളെ ആധാരമാക്കി ഫ്രാന്‍സീസ് മാര്‍പാപ്പ നാല് അടിസ്ഥാനങ്ങളെ നിര്‍വചിക്കാന്‍ ശ്രമിച്ചു. സഭയിലുള്ള എല്ലാവരുമായി പരിശുദ്ധാത്മ സ്‌നാനം പങ്കുവയ്ക്കുക, ഇടതടവില്ലാതെ കര്‍ത്താവിനെ സ്തുതിക്കുക, വിവിധ സഭകളിലും ക്രിസ്തീയ കൂട്ടായ്മകളിലുമുള്ള ക്രൈസ്തവരോട്, പ്രാര്‍ഥനയിലും ഉപവിപ്രവര്‍ത്തനങ്ങളിലും ചേര്‍ന്നു നടക്കുക. ഏറ്റം ദരിദ്രരായവരെയും രോഗികളെയും ശുശ്രൂഷിക്കുക; ഇതാണ് കത്തോലിക്കാ കരിസ്മാറ്റിക് മുന്നേറ്റമേ നിന്നില്‍നിന്നും കൃപയുടെ ഈ നീര്‍ച്ചാലില്‍ പ്രവേശിച്ചിരിക്കുന്ന നിങ്ങളെ
ല്ലാവരില്‍ നിന്നും സഭയും മാര്‍പാപ്പയും പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച നടന്ന ജഗരണ പ്രാര്‍ഥനയില്‍ റോമിലെ ഭവനരഹിതതയവര്‍ക്കായി പ്രത്യേകം ഇരിപ്പിടങ്ങള്‍ മുന്‍ഗണനയോടെ മാറ്റിവച്ചിരുന്നു. മാര്‍പാപ്പയുടെ വാക്കുകളില്‍, ആവശ്യത്തിലിരിക്കുന്നവനെ സഹായിക്കുന്നില്ലെങ്കില്‍, പരിശുദ്ധാത്മവില്‍ സ്‌നാനപ്പെട്ടതും സ്തുതിക്കാനറിയാവുന്നതുമൊക്കെ അപര്യാപ്തമാണ്. പരിശുദ്ധാത്മ സ്‌നാനം, സ്തുതിപ്പ്, മനുഷ്യരെ ശുശ്രൂഷിക്കുക ഇവ മൂന്നും അഭേദ്യമാം വിധം ഒന്നിക്കപ്പെട്ടതാണ്. എനിക്ക് ആഴത്തില്‍ സ്തുതിക്കാന്‍ കഴിയും പക്ഷേ, സഹായം ഏറ്റവും ആവശ്യമായവനെ ഞാന്‍ സഹായിക്കുന്നില്ലെങ്കില്‍ അത് അപര്യാപ്തമാണ്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പറയുന്നതു പോലെ, ”അവരുടെയിടയില്‍ ദരിദ്രരായി ആരുമുണ്ടണ്ടായിരുന്നില്ല.” (അപ്പ 4:34)

നമ്മുടെ പ്രാര്‍ഥനാരീതിയെ ഉറപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് സ്തുതിപ്പിന്റെ ശക്തിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം പറഞ്ഞു; ഈ അനുഭവത്തോടൊപ്പം നിങ്ങള്‍ സ്തുതിപ്പിന്റെ ശക്തിയെക്കുറിച്ച് സഭയെ നിരന്തരം ഓര്‍മിപ്പിക്കുകയാണ്. ദൈവം സൗജന്യമായി ചൊരിയുന്ന സ്‌നേഹത്തിനുള്ള നന്ദിയുടെ പ്രകടനമാണ് സ്തുതി. ഇത് ചിലര്‍ക്ക് പ്രീതികരമാകണമെന്നില്ല. പക്ഷേ, ഇത് തീര്‍ച്ചയായും ബൈബിള്‍ പാരമ്പര്യത്തില്‍ പൂര്‍ണമായും ഉള്‍പ്പെടുന്നതാണ്. ദാവീദ് ജയഘോഷത്തോടെ വാഗ്ദാന പേടകത്തിനു മുമ്പില്‍ നൃത്തം ചെയ്തതായി നാം കാണുന്നു. അതേ സമയം ദാവീദ് ദൈവത്തെ സ്തുതിച്ചപ്പോള്‍ അതില്‍ നാണക്കേട് വിചാരിച്ച ‘മിഷേന്‍ മനോഭാവമുള്ള’ ക്രൈസ്തവരുടെ കൂട്ടത്തില്‍ നാം പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ജൂബിലി കൃപയുടെ സമയമാണ് – കൃപയുടെ ഈ ഒഴുക്കിലൂടെ ദൈവം നമ്മുടെ ജീവിതത്തില്‍ ചെയ്ത വിസ്മയാവഹമായ കാര്യങ്ങളെക്കുറിച്ച് കൃതജ്ഞതയോടെ വിചിന്തനം ചെയ്യാനും, വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച പ്രതിബദ്ധതയോടെ അവിടുത്തെ ദൗത്യവുമായി മുന്നോട്ടു പോകാനുമുള്ള ശക്തി സ്വീകരിക്കാനുമുള്ള സമയം. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രാര്‍ഥനയില്‍ നമുക്കും പങ്കുചേരാം.

പലപ്പോഴും നമ്മുടെ പാപങ്ങളുടെ ചാരം കൊണ്ട് നാം മൂടി വയ്ക്കാറുണ്ടെങ്കിലും നമ്മുടെ ഹൃദയങ്ങളിലും സഭയിലും ജ്വലിക്കുന്ന സ്‌നേഹാഗ്നി പരിശുദ്ധാത്മാവാണ്.

നമുക്ക് പ്രാര്‍ഥിക്കാം: എന്റെ ഹൃദയത്തിലും സഭയുടെ ഹൃദയത്തിലും വസിക്കുന്ന, സഭയെ വൈവിധ്യത്തില്‍ രൂപപ്പെടുത്തുകയും നയിക്കുകയും ചെയ്യുന്ന ദൈവാത്മാവേ, കര്‍ത്താവേ, വരണമേ. ജീവിക്കാന്‍ ജലമെന്നപോലെ ഞങ്ങള്‍ക്ക് അങ്ങയെ ആവശ്യമാണ്. ഞങ്ങളില്‍ പുതുതായി എഴുന്നെള്ളി വരണമേ, ഞങ്ങളെ ഐക്യമെന്തെന്ന് പഠിപ്പിക്കണമേ, ഞങ്ങളുടെ ഹൃദയങ്ങളെ നവീകരിച്ച് അവിടന്ന് ഞങ്ങളെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാനും ക്ഷമിച്ചതു പോലെ ക്ഷമിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേന്‍.

മനോജ് സണ്ണിManoj Sunny

Share This:

Check Also

സ്നേഹം അതല്ല ഇതാണ്

തിന്മയെ നന്മയെന്നുംനന്മയെ തിന്മയെന്നുംവിളിക്കുന്നവനു ദുരിതം!പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!” (ഏശ …

Powered by themekiller.com watchanimeonline.co