Thursday , 20 September 2018
Home / Articles / ഈ വസ്ത്രധാരണം ജീസസ് യൂത്തില്‍ ആകാമോ?

ഈ വസ്ത്രധാരണം ജീസസ് യൂത്തില്‍ ആകാമോ?


ജീസസ് യൂത്ത് പരിശീലനങ്ങളിലെ ചോദ്യോത്തരവേളകള്‍ ഏറെ രസകരമാണ്. രണ്ടു വര്‍ഷം മുന്‍പ് ഗോവയില്‍ വച്ചുനടന്ന ആനിമേറ്റര്‍ പരിശീലനത്തിനിടെ ഒരു Q & A സമയം. ഇന്നത്തെ യുവതലമുറയുടെ വേഷവിധാനങ്ങള്‍ അരോചകമാണെന്നാണ് ഒരാളുടെ ആകുലത. നീണ്ടമുടിയും ഒരു കാതില്‍ കമ്മലും കൈയില്‍ ടാറ്റൂവും അരക്കളസവും ഒക്കെയായി നടക്കുന്ന ചില ആണ്‍പിള്ളേര്‍. ഇത്തരത്തിലുള്ളവരെ ജീസസ് യൂത്ത് ഗ്രൂപ്പുകളില്‍ കയറാന്‍ അനുവദിക്കണമോ? മുന്നേറ്റത്തിനൊരു നാണക്കേടും മറ്റുള്ളവര്‍ക്ക് ഒരു ദുര്‍മാതൃകയുമല്ലേ ഈ വഷളന്മാര്‍?

ചെറിയൊരു നിമിഷം ആ മുറിയിലുള്ള എല്ലാവരുടേയും മുഖത്തേയ്ക്ക് ഞാനൊന്നു കണ്ണോടിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നിട്ടുള്ള അച്ചന്മാരും സിസ്റ്റേഴ്‌സും മുതിര്‍ന്ന അല്മായരുമടങ്ങുന്ന ആ സമൂഹം തീര്‍ച്ചയായും രണ്ടു രീതിയിലെങ്കിലും ആ ചോദ്യത്തോടു പ്രതികരിക്കുന്നു എന്ന് ആ മുഖഭാവങ്ങള്‍ സൂചിപ്പിച്ചു. ‘ഇന്നത്തെ ഈ തലതെറിച്ച യുവത്വം. അവര്‍ നമ്മുടെ നല്ല കുട്ടികളെ വഴിപിഴപ്പിക്കരുത്’. എന്നാല്‍ മറ്റൊരു വിഭാഗം, ‘ഈ ഒരു ഫരിസേയ മനോഭാവമാണോ നമുക്കു വേണ്ടത്’ എന്ന ഭാവത്തിലും.

അതിനു രണ്ടുമാസം മുന്‍പ് മുംബൈയിലെ ജീസസ് യൂത്ത് നേതൃസംഗമത്തിനിടെ ഉണ്ടായ ഒരു സംഭവം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ഇരുന്നൂറ്റി അമ്പതോളം ചെറുപ്പക്കാരും ധാരാളം ആനിമേറ്റര്‍മാരും എല്ലാം പങ്കെടുക്കുന്ന വലിയ സമ്മേളനം. അതിനിടെ പുണെയില്‍നിന്നുള്ള ഒരു പെണ്‍കുട്ടി എന്നെ സമീപിച്ച് ഒന്നു സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ ഉടന്‍തന്നെ ആ കുട്ടിയെ മാറ്റിനിര്‍ത്തി കാര്യം തിരക്കി. ‘ഞാന്‍ ഇട്ടിരിക്കുന്ന വസ്ത്രം വളരെ വള്‍ഗറാണോ?’ ആ കുട്ടി എന്നോട് തുറന്നടിച്ച് ചോദിച്ചു. ഒന്ന് അടിമുടി നോക്കിയിട്ട് ഞാന്‍ പറഞ്ഞു, ‘എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്തേ അങ്ങനെ ചോദിച്ചത്? ‘ആ കുട്ടി വിശദമായി പറഞ്ഞു: ഞാന്‍ സ്ലീവ്‌ലെസ് ഉടുപ്പാണ് ഇട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് നാട്ടുമ്പുറത്തുകാരായ കുട്ടികളെല്ലാമുള്ള ഈ സമൂഹത്തില്‍ ഇങ്ങനെയുള്ള ഉടുപ്പിടരുത് എന്ന് ഒരു സിസ്റ്റര്‍ എന്നെ വിളിച്ച് താക്കീതു ചെയ്തു. ഞാന്‍ അപ്പോഴാണ് ആകുട്ടിയുടെ ഉടുപ്പ് കൈയിറക്കമില്ലാത്തതാണ് എന്നത് ശ്രദ്ധിച്ചത്. എന്നാല്‍ അതില്‍ ഒരപാകത എനിക്ക് തോന്നിയതുമില്ല.

ആ പെണ്‍കുട്ടിയുടെ പ്രശ്‌നം, ഞാന്‍ വീട്ടിലും ഓഫീസിലും എല്ലായിടത്തും ഇടുന്ന വസ്ത്രങ്ങള്‍ സ്ലീവ് ഇല്ലാത്തതാണ്. ആദ്യമായാണ് അത് സഭ്യതയ്ക്ക് നിരക്കാത്തതാണെന്ന് ആരെങ്കിലും പറഞ്ഞത്. എനിക്ക് വേറെ ഉടുപ്പുകളില്ല. പുതിയ ഉടുപ്പു വാങ്ങിവന്നിട്ട് തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാം എന്നു ഞാന്‍ തീരുമാനിക്കണമോ? അതോ ഞാന്‍ ഇവിടെ നിന്നു പോകണമോ? ഒരു തര്‍ക്കഭാവത്തിലല്ല ആ കുട്ടി എന്നോടു സംസാരിച്ചത്, മറിച്ച് താന്‍ മറ്റുള്ളവര്‍ക്ക് വലിയ ഉതപ്പും പ്രലോഭനവും ആകുമോ എന്ന ആത്മാര്‍ഥമായ ചോദ്യമാണ് നിറകണ്ണുകളോടെ ആ കുട്ടി എന്നോടു ചോദിച്ചത്.

ഗോവയിലെ ആനിമേറ്ററിന്റെ ചോദ്യത്തിന് ഒരു കുസൃതിച്ചുവയില്‍ മറുപടി നല്‍കിത്തുടങ്ങാം എന്നു ഞാന്‍ കരുതി. ”ശരിയാണ്, നല്ലവര്‍ മാത്രമേ ജീസസ് യൂത്ത് ഗ്രൂപ്പുകളില്‍ ഉണ്ടാകാന്‍ പാടുള്ളു. വിശുദ്ധരല്ലാത്തവരെ മുന്നേറ്റത്തില്‍ വരാന്‍ അനുവദിക്കരുത്. യേശു എല്ലാ അലവലാതികളേയും തന്റെ കൂട്ടത്തില്‍ കൂട്ടുമായിരുന്നു. വ്യഭിചാരികളും അഴിമതിക്കാരും അതു
പോലെ സമൂഹത്തില്‍ അടുപ്പിക്കാന്‍ പറ്റാത്തവരേയും എല്ലാം കര്‍ത്താവ് തന്റെകൂടെ കൂട്ടി. എന്നാല്‍ ജീസസ് യൂത്ത് അങ്ങനെ താഴരുതല്ലോ. നാം വിശുദ്ധരെ മാത്രമേ നമ്മുടെകൂടെ കൂടാന്‍ അനുവദിക്കാന്‍ പാടുള്ളൂ”. ഞാന്‍ ഒരു ചെറുചിരിയോടെ പറഞ്ഞു നിര്‍ത്തി. എല്ലാവരും പൊട്ടിച്ചിരിച്ചു. എന്റെ ചിന്ത എല്ലാവര്‍ക്കും വ്യക്തമായി എന്ന് എനിക്കും തോന്നി.

പ്രശ്‌നക്കാരുമായി അടുത്തിടപഴകുന്ന യേശുവിനെക്കുറിച്ച് ഫരിസേയര്‍ വളരെ അസ്വസ്ഥരായി. അതിന് യേശു നല്‍കിയ മറുപടി ഏറെ സുന്ദരമായിരുന്നു. ”ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക.” (മത്താ 9:12,13).

കര്‍ത്താവിന്റെ ദൗത്യത്തിന് രണ്ടു പ്രധാന വശങ്ങളുണ്ടായിരുന്നല്ലോ. ‘പരിഭ്രാന്തരും നിസ്സഹായരുമായ’ പ്രശ്‌നക്കാരെ അവരുടെ അസ്വസ്ഥതയുടെ നടുവില്‍ അവിടുന്നു കണ്ടുമുട്ടി, മുന്‍വിധികളും വ്യവസ്ഥകളും ഒന്നും തടസ്സമാകാതെ ദൈവസ്‌നേഹത്തിലേക്കും തന്റെ വിശാല സൗഹൃദത്തിലേക്കും അവരെ സ്വാഗതം ചെയ്തു. എന്നാല്‍ ഇതില്‍നിന്നു കുറേ വ്യത്യസ്തമായി അവിടത്തെ ദൗത്യത്തിന്റെ മറ്റൊരുവശം ശിഷ്യരെ ഒരുക്കി സുവിശേഷ ദൗത്യത്തിനായി അയക്കുന്നതായിരുന്നു. ഒന്ന് കരുണയോടെയുള്ള കടന്നു ചെല്ലലാണെങ്കില്‍ മറ്റേത് പക്വതയിലേക്കുള്ള പരിശീലനവും ദൗത്യവുമായി പറഞ്ഞയയ്ക്കലും. ജീസസ് യൂത്ത് ശുശ്രൂഷയ്ക്കും വ്യക്തമായും ഈ രണ്ടു തലങ്ങളുണ്ടല്ലോ. ഇന്നത്തെ യുവതലമുറയ്ക്ക് യേശുവിലേയ്ക്കും സഭാകൂട്ടായ്മയിലേയ്ക്കും കടന്നുവരാനുള്ള ഒരു പടിവാതിലാകണം ഈ മുന്നേറ്റം. അങ്ങനെയെങ്കില്‍ മറ്റെല്ലാവരും തള്ളിപ്പറയുന്നവര്‍ക്ക് വിധിക്കപ്പെടാതെ അവര്‍ ആയിരിക്കുന്നതുപോലെ കടന്നുവരാന്‍ ജീസസ് യൂത്തില്‍ വേദികളുണ്ടാകണം. മുന്നേറ്റത്തിന്റെ മറ്റൊരുവശം ശിഷ്യത്വത്തിലും മിഷണറി ചൈതന്യത്തിലും വളര്‍ന്ന് ഒരുക്കി അയയ്ക്കപ്പെടാനുള്ള ഒരു സംവിധാനവും കൂടെയാകണം ഈ കൂട്ടായ്മ. മറ്റു പല പ്രസ്ഥാനങ്ങളില്‍ നിന്നും മുന്നേറ്റത്തെ വ്യത്യസ്തമാക്കുന്നതും ഈ രണ്ടു തലങ്ങളുടെ ഒത്തുചേരലാണ്. ഇത് പ്രശ്‌നങ്ങളുണ്ടാക്കില്ലേ? തീര്‍ച്ചയായും. ജീസസ് യൂത്ത് പ്രശ്‌നകലുഷിതരുടേയും വിശ്വാസപക്വത നേടിയവരുടേയും സഹയാത്രാവേദിയാകുന്നത് ഒരു തുടരന്വേഷണത്തിന്റേയും നവീകരണത്തിന്റേയും ആവശ്യകത മുന്നേറ്റത്തില്‍ എന്നും ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

മുംബൈ കഥ ഞാന്‍ പറഞ്ഞു തീര്‍ത്തില്ല. പൂനെക്കാരി കുട്ടിയോട് എന്തുപറയണം എന്ന് ഞാനൊന്നാലോചിച്ചു. യേശു എന്തു പറയുമായിരിക്കും, ഞാന്‍ സ്വയം ചോദിച്ചു. അസഹിഷ്ണുതയില്‍നിന്ന് ദൈവരാജ്യ പക്വതയിലേക്കുള്ള വിളിയായിരുന്നു പുതിയ തോല്ക്കുടം വേണം എന്ന ആഹ്വാനത്തിലൂടെ (മത്താ 9:17) യേശുനാഥന്‍ പ്രകടിപ്പിച്ചത്. ഈ ചിന്തകള്‍ക്കുശേഷം കുറച്ചു വിശദമായിതന്നെ ഞാന്‍ ആ കുട്ടിക്ക് മറുപടി നല്‍കി.

ഒന്ന്: മോളുടെ ഉടുപ്പ് സഭ്യതയ്ക്ക് നിരക്കാത്തതോ അരോചകമോ ആയി എനിക്കു തോന്നുന്നില്ല. രണ്ട്: ഇവിടെ ധാര്‍മികതയുടേയോ മൂല്യങ്ങളുടേയോ പ്രശ്‌നമല്ല. മറിച്ച് വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ കാര്യമേയുള്ളു. ഒരു സംസ്‌കാരത്തിലെ സാധാരണ വസ്ത്രധാരണരീതി മറ്റൊരു സംസ്‌കാരത്തില്‍ നിന്നു വരുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുമോ എന്ന ഒരു സന്ദേഹമാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്. മൂന്ന്: ഇവിടെ വന്നിരിക്കുന്നത് പുതുതായി ആധ്യാത്മികതയിലേക്ക് കടന്നുവരുന്നവരല്ല. മറിച്ച് അനേകവര്‍ഷം മുന്നേറ്റത്തില്‍ പ്രവര്‍ത്തിച്ച് നേതൃത്വ ശുശ്രൂഷകള്‍ ചെയ്യുന്നവരാണ്. തെറ്റായകാര്യങ്ങള്‍ വര്‍ജിക്കുമ്പോഴും വളര്‍ച്ചയുടെ പ്രധാന സൂചനയാകേണ്ടത് വ്യത്യസ്തതകളോടുള്ള സഹിഷ്ണുതയാണ്. നാല്: നമ്മുടേത് ഒരു മിഷണറി മുന്നേറ്റമാണ്. സംസ്‌കാരങ്ങള്‍ക്കും അപ്പുറം സുവിശേഷവുമായി പോകേണ്ടവനാണ് മിഷണറി. ഞാന്‍ പരിചയിച്ച വഴികള്‍ക്ക് അപ്പുറം പോകുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പ് സുവിശേഷവുമായി പോകുന്നവനുള്ള പരിശീലനത്തിന്റെ ഭാഗമാണ്. മുംബൈയില്‍ വച്ചു നടക്കുന്ന ഇന്നത്തെ സംഗമത്തില്‍ എല്ലാവരും കേരളസംസ്‌കാരത്തിനു ചേരുന്ന രീതികള്‍ സ്വീകരിക്കണം എന്നു ശഠിക്കുന്നതില്‍ എന്തൊക്കെയോ അപാകതയുണ്ട്.

പിരിയുന്നതിനു മുന്‍പ് ഞാന്‍ ആ കുട്ടിയോടു പറഞ്ഞു: ആ ശകാരവാക്കുകള്‍ വിട്ടുകളഞ്ഞേക്കുക. ദയവായി ഈ വസ്ത്രധാരണരീതി നിങ്ങളുടെ സാധാരണ ശൈലിയാണെങ്കില്‍ മറ്റാര്‍ക്കോവേണ്ടി അത് മാറ്റരുത്. ധാര്‍മികതയ്ക്ക് എതിരല്ലെങ്കില്‍ മനസ്സിനിണങ്ങിയ വസ്ത്രധാരണം കുട്ടിയുടെ അവകാശമാണ്. സന്തോഷപൂര്‍വം അതങ്ങനെയാകട്ടെ. പിന്നെ മറ്റൊരുകാര്യം, നാമെല്ലാം ഈ മുന്നേറ്റത്തില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബഹുസ്വരത ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൂചനയാണ്. ജീസസ് യൂത്തില്‍ വിവിധ രീതികളും സംസ്‌കാരങ്ങളും സന്തോഷത്തോടെ സഹവര്‍ത്തിക്കണം. കുട്ടി ജീസസ് യൂത്ത് സമ്മേളനങ്ങളില്‍ ദയവായി മലയാളിയാകാന്‍ ശ്രമിക്കരുത്, മറിച്ച് തനിമ കളയാതെ പുണെക്കാരിയായി വരണം. ആ വസ്ത്രധാരണം തുടരണം. അങ്ങനെ വരുമ്പോള്‍ ചിലരെങ്കിലും അത് അംഗീകരിക്കാന്‍ മടികാണിച്ചാല്‍ അപ്പോള്‍ ഉണ്ടാകുന്ന വിഷമം മറികടക്കണം. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വ്യത്യസ്തതകള്‍ കൈകോര്‍ത്തുള്ള വളര്‍ച്ചയ്ക്കു കുട്ടി നല്കുന്ന വലിയ സംഭാവനയായി അതിനെ കാണണം. ഈ വസ്ത്രധാരണം മാറ്റരുത്. അത് സന്തോഷപൂര്‍വം തുടരണം.Eddi

ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്

edward.edezhath@gmail.com

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co