Tuesday , 12 December 2017
Home / Cover Story / എന്റെ മാനസാന്തരം
concon

എന്റെ മാനസാന്തരം

പണ്ട് എനിക്കൊരു വൃത്തികെട്ട സ്വഭാവമുണ്ടായിരുന്നു. ആണ്‍പെണ്‍ ഭേദമില്ലാതെ ആരെയും കയറിയങ്ങ് ഉപദേശിക്കുക. ഇര അല്പം അലമ്പാണെന്നുതോന്നിയാല്‍ പിന്നെ ഉപദേശം കൂടുതല്‍ ശക്തിപ്രാപിക്കും. അഞ്ചാറു ധ്യാനം കൂടിയതിന്റെ ആത്മവിശ്വാസമായിരുന്നു എനിക്ക്. എന്റെ ചുറ്റുമുള്ള അലമ്പന്മാരെ പറഞ്ഞുനന്നാക്കാന്‍ ഉടയതമ്പുരാന്‍ എന്നെ ഏല്പിച്ചിരിക്കുന്നുവെന്നാണ് ഞാന്‍ വിചാരിച്ചത്. ഞാന്‍ ഉപദേശിച്ചില്ലെങ്കില്‍ അവര്‍ നശിക്കുമെന്നും ഞാന്‍ ഉറച്ചുവിശ്വസിച്ചു. പക്ഷേ, ഫ്രീ ആയിക്കൊടുത്തിട്ടുപോലും ഒരുത്തനും എന്റെ ഉപദേശം ചെവിക്കൊണ്ടില്ല. എന്റെ ഉപദേശം കേള്‍ക്കാത്ത അലമ്പന്മാര്‍ ജീവിതത്തില്‍ നശിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അല്ല ഞാന്‍ അങ്ങനെ ആഗ്രഹിച്ചു. പക്ഷേ, അതുംതെറ്റി, കാലം ചെന്നപ്പോള്‍ അവരില്‍ ഭൂരഭാഗവും ഉപദേശിയെക്കാള്‍ നല്ലനിലയിലെത്തുകയാണു ചെയ്തത്.

ഇതില്‍നിന്ന് ഞാന്‍ രണ്ടു കാര്യങ്ങള്‍ പഠിച്ചു. ഒരാളെ നന്നാക്കാന്‍ വാക്കുകള്‍കൊണ്ട് ഉപദേശിക്കുക എന്നത് ലോകത്തെ ഏറ്റവും പരാജയപ്പെട്ടൊരു തന്ത്രമാണ്. രണ്ട്. അലമ്പാണെന്നു നമ്മള്‍ വിചാരിക്കുന്ന പലരും അലമ്പല്ല. അടുത്തകാലത്തെ ചില കുര്‍ബാന പ്രസംഗങ്ങളാണ് എന്റെ ഭൂതകാലത്തെ വീണ്ടും ഓര്‍മിപ്പിച്ചത്. പള്ളിയില്‍ വരാത്തവരെ അച്ചന്‍ വേദനയോടെ ഉപദേശിക്കുകയാണ്. പള്ളിയില്‍ വരാതിരുന്നാലുണ്ടാകുന്ന ദോഷവശങ്ങളും ആ യുവ പുരോഹിതന്‍ വിശദമായി പറയുന്നു. എന്നാല്‍, പള്ളിയില്‍ വന്നവരാണ് ഇതെല്ലാം കേള്‍ക്കേണ്ടിവന്നത് എന്നതല്ലേ കഷ്ടം. മാത്രമല്ല, പള്ളിയില്‍ വരാത്തവര്‍ ഇതുകേള്‍ക്കുന്നുമില്ല. ഇത്തരം പ്രസംഗങ്ങളുടെ പ്രസക്തിയില്ലായ്മയെക്കുറിച്ച് പ്രസംഗകരെ ആരുപറഞ്ഞുമനസ്സിലാക്കും. അവര്‍ പളളിയില്‍ വന്നില്ലെങ്കില്‍ അവരെത്തേടി പള്ളി അങ്ങോട്ടുചെല്ലുകയല്ലാതെ മറ്റെന്തു മാര്‍ഗമാണുള്ളത്? കൂട്ടംവിട്ട കുഞ്ഞാടിനെ തേടിയെത്തുന്ന ഇടയന്റെ കഥ പിന്നെയെന്താണ്? ആലയില്‍നിന്ന് ഇടയന്‍ ആടുകളെ ഉപദേശിച്ചുവിളിച്ചുവരുത്തിയതായും പറയുന്നില്ല. എന്നുവച്ചാല്‍ അലമ്പന്മാരുടെ അടുത്തേക്കുപോകാതെ, ഒപ്പംനില്‍ക്കാതെ അവരെ തിരികെയെത്തിക്കാനാകില്ലെന്നു ചുരുക്കം. പ്രസംഗങ്ങളിലെ ഉപദേശം കുറച്ചില്ലെങ്കില്‍ പള്ളിയില്‍ ഇനിയും ആളുകള്‍ കുറയാനാണു സാധ്യത.

നശിക്കാന്‍ സാധ്യതയുള്ളവരെ ഉള്‍പ്പെടുത്തി നാം തയാറാക്കുന്ന ലിസ്റ്റിലും വലിയ തെറ്റുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. ഉപദേശം കേട്ടില്ലെന്ന കാരണത്താല്‍ അവരെല്ലാം നശിക്കണമെന്നത് ഉപദേശിയുടെ ആഗ്രഹം മാത്രമാണ്. എന്നാല്‍, അവര്‍ കേള്‍ക്കാത്തത് ആ ഉപദേശം തങ്ങള്‍ക്ക് ആവശ്യമില്ലാതിരുന്നതുകൊണ്ടാണെന്ന് ഉപദേശി തിരിച്ചറിയുന്നുമില്ല. പള്ളിയില്‍ നാം കാണാത്തവരെല്ലാം പള്ളിക്കുപുറത്താണെന്ന് ഉറപ്പിക്കുന്നതെങ്ങനെ? മാത്രമല്ല, പള്ളിയില്‍ വരാത്തവരിലും കുറ്റമാരോപിക്കാന്‍ നമുക്കാകുമെന്നു തോന്നുന്നില്ല. കാരണം ആരെയും വിധിക്കരുതെന്ന് പള്ളിപണിതവന്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

ജോര്‍ജ് ജോണ്‍

Share This:

Check Also

nov10

വ്യത്യസ്തമീ കുടുംബം

ജോമോനും ജസ്ലിനും ഹാപ്പിയാണ്, 17 മുതല്‍ മൂന്നുവയസ്സുവരെ പ്രായമുള്ള അവരുടെ എട്ടു മക്കളും. വര്‍ഷങ്ങളായി യു.എ.ഇ-ലായിരുന്ന ഇവര്‍ ഇപ്പോള്‍ എറണാകുളത്തു …

Powered by themekiller.com watchanimeonline.co