Thursday , 20 September 2018
Home / Cover Story / അലമ്പനെന്ന അപരന്‍

അലമ്പനെന്ന അപരന്‍

പൊതുസമൂഹത്തിന്റെ രേഖീയമായ കണിശതകളുടെയും ഇസ്തിരിയിട്ട യുക്തിബോധത്തിന്റെയും ഭൂമികയിലെ വിചിത്രമായ ഏങ്കോണിപ്പുകളാണ് അലമ്പന്മാരെന്ന സമാന്തര ജീവികള്‍. അപ്പനമ്മമാര്‍ സ്വന്തം തലയില്‍ കൈവച്ച് ‘നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെ’ന്ന് പ്‌രാകി വിടുകയും സാറന്മാര്‍ ചന്തിക്കു നല്ല പെട കൊടുത്ത് നിരന്തരം ക്ലാസ്സിനു വെളിയില്‍ നിറുത്തുകയും ചെയ്തതില്‍ നിന്നാണ് അവരില്‍ ചിലരുടെയെങ്കിലും തുടക്കം. വ്യക്തിത്വസമ്പന്നതകളും സമയവും സമ്പത്തും ധൂര്‍ത്തടിച്ചു മുടിഞ്ഞ പുത്രന്മാരെന്ന് അവരെ അപരവത്കരിക്കാനും എന്നും പടിക്കു പുറത്തുതന്നെ നിറുത്തുന്നതിനുമാണ് മുഖ്യധാരാ സമൂഹത്തിന്റെ താത്പര്യം. അധികമാരും അടുത്തു പോയിട്ടില്ലാത്തതുകൊണ്ട് പരസ്യമായ വീമ്പുപറച്ചിലുകള്‍ക്കും വീരസ്യം കാട്ടലുകള്‍ക്കുമപ്പുറമുള്ള അവരുടെ സ്വകാര്യസങ്കടങ്ങളും ഇരുളിലെ കണ്ണീര്‍ച്ചാലുകളും നമ്മളാരും കണ്ടിട്ടില്ല.

ഓരോ ബാല്യ-കൗമാരത്തിനും വ്യത്യസ്തമായ ക്രിയാത്മക പ്രേരണകളും ഭാവനാത്മക സ്വാതന്ത്ര്യസ്വപ്നങ്ങളുമാണുള്ളത്. അതുമനസ്സിലാക്കാതെ സ്‌നേഹരഹിതമായ നിയമകാര്‍ക്കശ്യവും അച്ചടക്കബാഹുല്യവും ഒരേപോലെ വിളമ്പിക്കൊടുത്ത്, അതിദാരുണമായി അവരെ അടിച്ചമര്‍ത്തിയത് അധികാരപ്പെട്ടവര്‍ തന്നെയാണ്. മുടിനീട്ടിയും താടിവളര്‍ത്തിയും പ്രണയിച്ചും പാട്ടുപാടിയും ചോദ്യം ചോദിച്ചും തര്‍ക്കുത്തരം പറഞ്ഞും സംഘം ചേര്‍ന്നും അലഞ്ഞുനടന്നും കാലം കഴിച്ചവരുണ്ട്. പാരമ്പര്യത്തിന്റെ ഏകമുഖഭാവങ്ങളോടു കലഹിച്ച് സ്വയം പുതുക്കാനും വ്യത്യസ്തമായി ആവിഷ്‌കരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നുള്ള വെളിച്ചം ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചില്ല. അനുഭാവപൂര്‍വം ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ പലരും ‘ആടുതോമ’യുടെ പൂര്‍വകാലം ഒഴിവാക്കി കൂടുതല്‍ ദൂരം താണ്ടുമായിരുന്നു.

ഒടുവിലെന്തൊക്കെപ്പറഞ്ഞാലും പത്താംക്ലാസ്സിനു മുന്‍പ് പഠിപ്പുനിറുത്തിയവരും പ്രീഡിഗ്രി തോറ്റവരുമൊക്കെയായ ഇത്തരം വിരുദ്ധന്മാരാണ് കൂടുതല്‍ സമൂഹബദ്ധരായി ജീവിച്ചതെന്നു തോന്നുന്നുണ്ട്. വണ്ടിയോടിക്കലും തട്ടുകട നടത്തലും കൃഷിപ്പണിയും വീടുനോട്ടവുമൊക്കെയായി അവരില്‍ പലരും നാട്ടില്‍ തന്നെയുണ്ട്. കെട്ടുകല്യാണവും അടിയന്തിരവും പാലുകാച്ചലും ചോറൂണുമൊക്കെ വട്ടമെത്തിക്കാന്‍ ഇവരുടെ സഹായമില്ലാതെ പറ്റില്ല. പ്രായംചെന്ന കാരണവന്മാര്‍ക്ക് കുഴമ്പിട്ടുകുളിക്കാനും കൂട്ടിരിക്കാനും പരദേശിവാസികളായ മക്കള്‍ക്കു കഴിയാത്തതിനാല്‍ അതിനും ഇവരുടെ കൈയെത്തണം. പണ്ടു ചന്തിതല്ലിപ്പൊളിച്ച സാറിന് ബസ്സില്‍ ഇരിപ്പിടം കൊടുക്കുന്നതും, സ്റ്റാഫ്‌റൂമില്‍ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ച ടീച്ചറിനോട് ഇടയ്ക്കിടെ വഴിവക്കില്‍ നിന്ന് കുശലം ചോദിക്കുന്നതും പഴയ അലമ്പുടീമുകള്‍ തന്നെയാണ്. ”ജോമോന്റെ സുവിശേഷങ്ങളി”ലേതു പോലെ ശുഭപര്യവസായിയായ കഥാന്ത്യം പ്രതീക്ഷിച്ചൊന്നുമല്ല; ഉള്ളില്‍ നിന്നങ്ങനെ വന്നുപോകുന്നതാണ്‌കേട്ടോ.

സ്‌കൂള്‍കാലത്തെ വലിയ വഴക്കാളിയും പലരുടെയും പേടിസ്വപ്നവുമായിരുന്ന ഒരാള്‍ ഓട്ടോ ഓടിച്ച് സമാധാനത്തോടെ കുടുംബം പുലര്‍ത്തുന്നുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനിടയിലെ പ്രശ്‌നങ്ങള്‍മൂലം അവന്റെ ഭാര്യ എന്നേയ്ക്കുമായി തളര്‍ന്ന് അബോധാവസ്ഥയിലായിപ്പോയി. കഠിനചെലവുകളുടെയും ബാധ്യതകളുടെയും നടുവിലും കുഞ്ഞുങ്ങളെ വളര്‍ത്തി പ്രസന്നത നിറഞ്ഞ പുഞ്ചിരിയോടെ അവന്‍ ജീവിതത്തെ നേരിടുന്നു. മറ്റൊരാള്‍ പി.ജി. പഠനത്തിന്റെ തുടക്കത്തില്‍ അധികാരികളുമായുള്ള ചില കലഹങ്ങള്‍ മൂലം കലാലയം വിട്ടിറങ്ങിയതാണ്. കൂലിപ്പണിയും മദ്യപാനവുമൊക്കെയായി അങ്ങനെ കഴിയുന്നതിനിടയില്‍ പുരപ്പുറത്തിരുന്ന് ഒരു ദിവസം പണിയെടുക്കുമ്പോഴാണ് അയാള്‍ക്ക് ബോധോദയമുണ്ടായത്. വൈകുന്നേരം ഒരു പൈന്റടിക്കാനുള്ള കാശിനു മാത്രമായി പണിതിട്ടെന്തിനാണ്? പിന്നെ പ്രവേശനപ്പരീക്ഷയൊക്കെയെഴുതി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റിലെത്തി. പി.ജിയും എം.ഫിലും പൂര്‍ത്തിയാക്കി, ഇപ്പോള്‍ ഗവേഷകനാണ്. അടുത്തകാലത്ത് അറിയപ്പെടുന്ന അക്കാദമീഷ്യനും ആക്ടിവിസ്റ്റും ആര്‍ട്ടിസ്റ്റുമൊക്കെയായ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറെ നീതിരഹിതമായും അകാരണമായും അധികാരികള്‍ പുറത്താക്കിയ സംഭവമുണ്ടായി. അദ്ദേഹത്തെ തിരിച്ചെടുക്കുവോളം വിദ്യാര്‍ഥികള്‍ നടത്തിയ സാംസ്‌കാരിക പ്രതിരോധ സമരത്തിന്റെ മുന്നിലും പിന്നിലും അവന്‍ സജീവമായിരുന്നു.

ഹാരിസെന്നു പേരെടുത്തു വിളിക്കാന്‍ വിദ്യാര്‍ഥികള്‍ പോലും സ്‌നേഹാദരവുകളോടെ ധൈര്യപ്പെടുന്ന അലമ്പനായ ആ ഡയറക്ടറെക്കുറിച്ചു കൂടി രണ്ടുവാക്കു പറയാം. അലക്കിത്തേച്ച വെള്ളക്കുപ്പായമിട്ട അധികാര ഫരിസേയത്വത്തിനു മുന്നില്‍ അയാളുടേതും അടച്ചുറപ്പില്ലാത്ത അരാജകത്വ ജീവിതമാണ്. മനുഷ്യത്വത്തിന്റെയും മാനുഷികനിലപാടുകളുടെയും കാര്യത്തില്‍ അയാള്‍ തുടരുന്ന ധൂര്‍ത്തമായ ഔദാര്യമാവട്ടെ, ഏവരേയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ആറേഴുകൊല്ലത്തിലധികം ആത്മാര്‍ഥമായി പ്യൂണ്‍ജോലി ചെയ്ത താത്ക്കാലിക ജീവനക്കാരിയായ ഒരു സാധുസ്ത്രീയെ സര്‍വകലാശാലയിലെ പുതിയ രാഷ്ട്രീയ അധികാരികള്‍ ജനതാത്പര്യാര്‍ഥമുള്ള പുനര്‍നിയമനങ്ങള്‍ക്കായി യാതൊരു മുന്നറിയിപ്പുമില്ലാതെ പലര്‍ക്കുമൊപ്പം പിരിച്ചുവിട്ടു. സ്വന്തം പോക്കറ്റിലെ പണംകൂടി പങ്കിട്ടു നല്കി അവരെ ഡിപ്പാര്‍ട്ടുമെന്റില്‍ തുടരാനനുവദിച്ചതാണ് മാഷിനെതിരെയുള്ള ആരോപണങ്ങളിലൊന്ന്! അപ്പോള്‍ ഈ പറയുന്ന പലതരം അലമ്പുകള്‍ കൊണ്ട് മാത്രം ആളുകളെ നിര്‍ണയിക്കാമെന്നു കരുതരുത്.

മുക്കുവരും ചുങ്കക്കാരും വേശ്യകളുമൊക്കെ മുഖ്യധാരയുടെ അപരങ്ങളില്‍ സമാന്തരജീവിതങ്ങളായി പുലര്‍ന്നവരാണ്. തീരം അതിന്റെയെല്ലാം അരികായിരുന്നു. നസ്രത്തിലെ മരപ്പണിക്കാരന്‍ അലഞ്ഞതൊക്കെ ആ പെരിഫെറീസിലൂടെയാണെന്ന ഓര്‍മപ്പെടുത്തലാണ് ഏറ്റവും വലിയ സദ്‌വാര്‍ത്ത. അകത്ത് വടിവൊത്ത കുപ്പായത്തിന്റെ പുറംപൂച്ചില്‍ അമര്‍ഷത്തോടെ സ്വയം നഷ്ടപ്പെട്ടു കഴിയുന്നതിനേക്കാള്‍, പുറത്ത് പരദേശത്തെ പൊരിവെയിലില്‍ പന്നിക്കൂട്ടത്തിJoby Thomas FB Photoനൊപ്പം ആടിത്തിമര്‍ക്കുന്ന അലമ്പനാണു മെച്ചമെന്നു പറഞ്ഞാല്‍ കഴുത്തു കാണുമോ?! എന്തായാലും തിരിച്ചുവരവിന്റെ ഉദയത്തിനായി അവന്റെ മേധയില്‍ ഒരുണര്‍വ് സദാ മയങ്ങിക്കിടപ്പുണ്ടല്ലോ!!!

ജോബി തോമസ്‌

Share This:

Check Also

വിശ്വാസം പരിശീലിച്ച്കുട്ടികള്‍ വളരട്ടെ

ലാളിത്യമുള്ള ജീവിതശൈലിയും തീക്ഷ്ണമായ വിശ്വാസബോധ്യങ്ങളും കൈമുതലാക്കി അര്‍പ്പണബോധത്തോടെ അപ്പസ്‌തോലിക ശുശ്രൂഷയില്‍ മുന്നേറുകയാണ് കാഞ്ഞിരപ്പിള്ളി രൂപതയുടെ സഹായമെത്രാനായ അഭിവന്ദ്യ ജോസ് പുളിക്കല്‍ …

Powered by themekiller.com watchanimeonline.co