Wednesday , 24 April 2019
Home / Editorial / ആന്റോ അക്കരയ്ക്ക് നന്ദി

ആന്റോ അക്കരയ്ക്ക് നന്ദി

പ്രശസ്ത എഴുത്തുകാരിയും പത്രാധിപയും ഒത്തുതീര്‍പ്പുകളില്ലാത്ത നിലാപാടുകളുടെ ഉടമയുമായിരുന്ന ശ്രീമതി ഗൗരി ലങ്കേഷ് സ്വന്തം വീട്ടിലേക്ക് എത്തുന്ന വഴിയില്‍ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്തുന്നവരും ഭൂരിപക്ഷത്തിനോട് വിയോജിക്കുന്നവരും കൊല്ലപ്പെടുന്നു എന്നത് ഏറെ അപകടകരമായ സാഹചര്യമാണ് (ശ്രീമതി ഗൗരി ലങ്കേഷിനെക്കുറിച്ച് മുന്‍പ് എനിക്ക് അറിയില്ലായിരുന്നു എന്നത് സത്യം).

മുന്‍പ് ബര്‍മ്മ എന്നറിയപ്പെട്ടിരുന്ന മ്യാന്മറില്‍ നിന്ന് പതിനായിരക്കണക്കിന് റോഹിന്‍ഗ്യ മുസ്ലിമുകള്‍ അടിച്ചോടിക്കപ്പെടുന്നു എന്ന ദു:ഖകരമായ വാര്‍ത്ത കൊണ്ടുവന്നത് ഈ സെപ്റ്റംബര്‍ മാസമാണ്. ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും നടപടികളാണ് ബംഗ്ലാദേശിലേയ്ക്കും ഇന്ത്യയിലേക്കും എല്ലാം ഉപേക്ഷിച്ച് ഓടിപ്പോരാന്‍ അവരെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത് എന്നത് ഏറെ ഖേദകരം.

എതിര്‍ക്കുന്നവരൊക്കെ നാട് വിടണം!

വ്യത്യസ്ത വിശ്വാസങ്ങള്‍ ഉള്ളവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്നൊക്കെയുള്ള ആക്രോശങ്ങള്‍ നമ്മുടെ നാട്ടിലും ഇപ്പോള്‍ പതിവായിത്തന്നെ കേള്‍ക്കാനിടവരുന്നുണ്ട്. അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ കൂടെയുള്ളവരും തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരെ മാരകമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ മടിക്കുന്നില്ല എന്ന വിരോധാഭാസവുമുണ്ട്.

558 ദിവസം ഭീകരരുടെ തടവിലായിരുന്ന ടോം ഉഴുന്നാലിലച്ചന്‍ മോചിക്കപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സി. റാണി മരിയ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നു എന്നതിന്റെയും മുകളില്‍ പറഞ്ഞ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തവണത്തെ കെയ്‌റോസ് നമ്മുടെ രാജ്യത്ത് ഒറീസ്സ സംസ്ഥാനത്ത് കന്ധമാലില്‍ നടന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. കന്ധമാലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അനേകര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. ധാരാളം പേരുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ക്രമസമാധാന പാലന സംവിധാനം ബോധപൂര്‍വം നിര്‍ജീവമാക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. നിരവധി പേര്‍ ഇന്നും അന്നത്തെ അക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, നിരന്തര പീഡനങ്ങളില്‍ക്കൂടി കടന്നു പോയിട്ടും, ‘ഞാന്‍ ക്രിസ്തുവിനായി ജീവിക്കും, ക്രൈസ്തവനായിത്തന്നെ മരിക്കും’ എന്നു പ്രഖ്യാപിക്കുന്ന സാധാരണ വിശ്വാസികളുടെ ധീരോദാത്തത ഏറെ പ്രചോദനം പകരുന്നതാണ്.

ആരും അറിയാതെ പോകുമായിരുന്ന കന്ധമാലിലെ പീഡനത്തിന്റെ ഭീകരതയും, ഗൂഢാലോചനയും, സാധരണ വിശ്വാസികളുടെ വിശ്വാസ ധീരതയും ലോകമറിയുന്നത് ആന്റോ അക്കര എന്ന പത്രപ്രവര്‍ത്തകനിലൂടെയാണ്. പത്രപ്രവര്‍ത്തനമെന്ന സാധാരണ തൊഴിലിനെ എങ്ങനെ ദൈവരാജ്യ മഹത്വത്തിനായി മാറ്റിനിറുത്താം എന്ന ചോദ്യത്തിന്റെ ഉത്തരം ആന്റോ അക്കരയ്ക്ക് നല്കാനാവും. (ഏതൊരു തൊഴിലിലും ഇത്തരമൊരു സാധ്യത തീര്‍ച്ചയായും ഉണ്ടല്ലോ).

ഒറീസയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുറേ പഴയ വസ്ത്രങ്ങള്‍ കൊടുത്തു വിട്ടതിന്റെയും ‘പ്രാര്‍ഥിച്ചതിന്റെ’യും അപ്പുറത്ത് നാം അറിയേണ്ട, ചെയ്യേണ്ട ചിലതില്ലേ? നമ്മുടെ വിശ്വാസവും, ജീവിതവും സാക്ഷ്യവും കര്‍ശനമായി വിലയിരുത്തപ്പെടേണ്ടേ?

അസഹിഷ്ണുത വളരുന്ന ഫാസിസത്തിന്റെ നാളുകളില്‍, സഹിക്കുന്ന ക്രൈസ്തവനായിരിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

സ്‌നേഹപൂര്‍വം,201703

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com

Share This:

Check Also

അര ലക്ഷം നന്ദി

വിശ്വാസ ജീവിതപരിശീലന രംഗത്ത് സമര്‍പ്പിത സേവനം നല്കുന്നവര്‍ക്കെല്ലാം കെയ്‌റോസിന്റെ സ്‌നേഹാദരവുകള്‍. മൂന്നരപ്പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഓര്‍മകളാണ്; പാലാ രൂപതയുടെ ഭാഗമായ ചേറ്റുതോട് ഇടവകയിലെ …

Powered by themekiller.com watchanimeonline.co