Wednesday , 24 April 2019
Home / Anubhavam / പ്ലാസ്റ്റിക് സര്‍ജറിയും കുറേ ചിന്തകളും

പ്ലാസ്റ്റിക് സര്‍ജറിയും കുറേ ചിന്തകളും

ഏകദേശം രണ്ടുവര്‍ഷം മുമ്പ് എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. അത് നടന്ന ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു. ഞങ്ങള്‍ ജീസസ് യൂത്തുകാര്‍ കോളേജില്‍ ഉപവാസം എടുക്കുന്ന ദിവസം. ഉച്ചയ്ക്ക് ചാപ്പലില്‍ ആരാധനയും ഉണ്ട്. ആ വെള്ളിയാഴ്ച കോളേജ് എക്‌സിബിഷന്റെ പണിയില്‍ ആയതിനാല്‍ നല്ല വേഷത്തിലല്ലായിരുന്നു. അതിനാല്‍ ഉപവസിച്ചിരുന്നെങ്കിലും ചാപ്പലില്‍ പോയില്ല. എങ്കിലും എന്റെ ഉപവാസം ഞാന്‍ ജോലി ചെയ്തു കൊണ്ടുതന്നെകര്‍ത്താവിന് സമര്‍പ്പിച്ചു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തടിയും ഇരുമ്പും മറ്റും അറക്കുന്ന ഇലക്ട്രിക് കട്ടര്‍ നിയന്ത്രണം വിട്ട് എന്റെ കാലില്‍ കയറി കറങ്ങി ഉപ്പൂറ്റിയുടെ മുകള്‍ഭാഗം കുറേ ചിതറിപ്പോയി. രണ്ടു മേജര്‍ പ്ലാസ്റ്റിക് സര്‍ജറിയുടെയും മൂന്നു മാസത്തെ വിശ്രമത്തിനും ശേഷമാണ് ഞാന്‍ സുഖപ്പെട്ടത്.

ജീസസ് യൂത്തില്‍ ഇത്രയും ആക്ടീവായിരുന്ന എനിക്ക്, അതും ഉപവസിച്ചു പ്രാര്‍ഥിച്ച അന്നുതന്നെ ഇതു സംഭവിച്ചുവെന്നത് ഒരു ചോദ്യമാണ്. പക്ഷേ, അന്നു വെള്ളിയാഴ്ച ആയതിനാലും ഉപവാസമായതിനാലും ആക്‌സിഡന്റ് നടന്ന ഉടന്‍ തന്നെ ബോധം പോകാത്തതിനാല്‍ ഞാന്‍ പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു. (ഇന്നും ഇതെന്നെ അത്ഭുതപ്പെടുത്തുന്നു) മാത്രമല്ല ഉപവാസമായതിനാല്‍ അന്നുതന്നെ ആദ്യത്തെ ഓപ്പറേഷന്‍ ചെയ്യാന്‍ സാധിച്ചു. (ഒരു ഓപ്പറേഷന്‍ ചെയ്യുന്നതിനായി അനസ്‌തേഷ്യാ ചെയ്യണമെങ്കില്‍ ഏകദേശം 12 മണിക്കൂറോളം ഭക്ഷണം കഴിക്കാതിരിക്കണം) ആക്‌സിഡന്റിന്റെയും റിക്കവറിയുടെയും ഓരോ സ്റ്റേജിലും ദൈവം ശക്തമായി പിന്നീട് കൂടെ നില്‍ക്കുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു. അതിനാല്‍ ഞാനിതിനെ ‘ക്രമീകരിക്കപ്പെട്ട അപകടം’ (Arranged Accident)എന്നാണ് വിളിക്കുന്നത്, ദൈവത്തിന്റെ പദ്ധതിപ്രകാരം അനുവദിച്ച സംഭവം.

ഇന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷവാനാണ്. കാലില്‍ അതിന്റെ വലിയ പാടുകള്‍ കാണുമ്പോഴൊക്കെ ഞാന്‍ ദൈവത്തിനു നന്ദി പറയാറുണ്ട്. കാരണം ഇവയൊക്കെ എന്റെ അഹങ്കാരം കുറച്ച് മനുഷ്യന്റെ നിസ്സാരത്വം മനസ്സിലാക്കാനും ദൈവത്തിന്റെ പദ്ധതികളും അതിലെ നന്മയും കരുതലും സ്‌നേഹവും ഓര്‍ക്കാനും ഇടയാക്കി. കൂടാതെ എന്റെ സഹപാഠികളുടെയും വീട്ടുകാരുടെയും കരുതലും സ്‌നേഹവും എനിക്ക് വളരെയേറെ അനുഭവിക്കാനായി. ഇതിനുമപ്പുറം ഇത്രയുമൊക്കെ സംഭവിച്ചിട്ടും നിരാശപ്പെടാതിരിക്കാന്‍ ഞാന്‍ പഠിച്ചു, എനിക്ക് അപകടം അനുവദിച്ച് കരുതലുള്ള ആ സ്വര്‍ഗീയ സ്‌നേഹം അനുഭവിക്കാന്‍ എന്നെ പഠിപ്പിച്ച ദൈവത്തിനു നന്ദി. ദൈവസ്‌നേഹത്തെക്കുറിച്ച് ഒത്തിരി പറയാനും, ജീവിതത്തില്‍ പ്രത്യാശ കൈവിടരുതെന്നും, ദൈവത്തോട് ചേര്‍ന്നുനിന്ന് ദുഃഖവും, വേദനയുമെല്ലാം അനുഗ്രഹമാക്കാമെന്നും ഇപ്പോള്‍ ഒത്തിരിപ്പേരോട് പറയാന്‍ സാധിക്കുന്നു.

മറ്റൊരുകാര്യം, പിശാച് പതിവുപോലെ ഇത്തരം സീനില്‍ കയറി കളിക്കാന്‍ ശ്രമിക്കും. അവന്‍ ഏതു ഗ്യാപ്പും നോക്കി ആര്‍ക്ക് എന്ത് തിന്മ വരുത്തണം എന്ന് റിസേര്‍ച്ച് ചെയ്യുകയാണ്. ഇരുപത്തിനാല് മണിക്കൂറും അവന്‍ ആക്ടീവാണ്. നിരാശയാണ് അവന്‍ ആദ്യം തരുന്ന സാധനം, പതിയെ പതിയെ അവന്‍ അത് പല രീതിയിലും വളര്‍ത്തിയെടുക്കും. പിന്നീട് വെറുപ്പും അപകര്‍ഷതാ ബോധവും തരും. പിന്നീടത് മറ്റു പലതിലേക്കും അവന്‍ വളര്‍ത്തിയെടുക്കും. എന്നാല്‍, ദൈവം ജീവിതത്തില്‍ തിരുത്തലുകള്‍ അനുവദിച്ചത് ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാനും, ശക്തിപ്പെടുത്താനുമാണ് എന്ന തിരിച്ചറിവില്‍ നാം ശക്തമായി തിരിച്ചുവരുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യണം.

”നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടന്നു നിന്നെ താങ്ങിക്കൊള്ളും” (സങ്കീ 55: 22)

ഡൊനാള്‍ഡ് തോമസ്‌

Share This:

Check Also

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് …

Powered by themekiller.com watchanimeonline.co