Wednesday , 24 April 2019
Home / Cover Story / ക്രിസ്തുവിന്റെസൗന്ദര്യം ക്രിസ്ത്യാനിയുടെയും.

ക്രിസ്തുവിന്റെസൗന്ദര്യം ക്രിസ്ത്യാനിയുടെയും.

കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും അഴകാര്‍ന്ന പുരുഷ ഉടല്‍ ക്രിസ്തുവിന്റേതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ഏതവസ്ഥയിലും അതങ്ങനെ തന്നെയായിരുന്നു. കാനായില്‍ വെള്ളം വീഞ്ഞാക്കുമ്പോഴും ഗിരിപ്രഭാഷണം നടത്തുമ്പോഴും അപ്പസ്‌തോലന്മാരെ പിന്തുടര്‍ച്ചക്കാരായി പേരുവിളിക്കുമ്പോഴും പിന്നെ ദേവാലയ വിശുദ്ധീകരണത്തിനായി ചാട്ടവാര്‍ വീശുമ്പോഴും ഏറ്റവും ഒടുവില്‍ കാല്‍വരിയില്‍ പീഡിതനായി യാത്ര തുടരുമ്പോഴും ക്രിസ്തുവിന്റെ സൗന്ദര്യത്തിന് തെല്ലും മങ്ങലേറ്റിട്ടുണ്ടായിരുന്നില്ല. ഏതോഒരു ഭക്തിഗാനത്തിലെ വരിപോലെ ഏഴുതിരിയിട്ട നിലവിളക്കുപോല്‍ ക്രിസ്തു സുഭഗനായും സൗകുമാര്യനായും നിലകൊണ്ടു. ഏതവസ്ഥയിലും അവസ്ഥയ്‌ക്കൊത്ത് മാഞ്ഞുപോകാത്ത, കലര്‍പ്പില്ലാത്ത സൗന്ദര്യം, അതായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ ഈ സൗന്ദര്യം ക്രിസ്ത്യാനിക്കും ഉണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ ക്രിസ്ത്യാനി ഈ സൗന്ദര്യം അവകാശമാക്കേണ്ടതാണ്. എന്തായിരുന്നു ക്രിസ്തുവിന്റെ സൗന്ദര്യം? ഈ സൗന്ദര്യം ക്രൈസ്തവന് എങ്ങനെയാണ് സ്വന്തമാക്കാവുന്നത്?

ക്ഷമ

ക്രിസ്തുവിന്റെ സൗന്ദര്യത്തിന്റെ പ്രഥമവും പ്രധാനവുമായ രഹസ്യം അവന്റെ ക്ഷമ തന്നെയായിരുന്നു. മറ്റുള്ളവര്‍ തന്നോട് ചെയ്ത പരുഷതകളെയെല്ലാം മുക്കിക്കളയാന്‍ മാത്രം ക്ഷമയുടെ ഒരു സാഗരം അവന്റെ ഹൃദയത്തിലുണ്ടായിരുന്നു. ഒരു തിരയ്ക്കും തീരത്തേക്ക് അടുപ്പിക്കാന്‍ കഴിയാത്തവിധം അത്രമേല്‍ ആഴത്തിലേക്കാണ് അവന്‍ മറ്റുള്ളവര്‍ ഏല്പിച്ച മുറിവുകളെയെല്ലാം കടത്തിക്കൊണ്ടു പോയത്. അസാമാന്യമായ ക്ഷമയുടെ മഹാകാവ്യം അവന്‍ രചിച്ചത് കുരിശില്‍ കിടന്നുകൊണ്ടായിരുന്നുവെന്നത് ചരിത്രം. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണേ. സ്‌നേഹിച്ചതിന്റെയും വിശ്വസിച്ചതിന്റെയും ആത്മാര്‍ഥത കാണിച്ചതിന്റെയുമെല്ലാം പേരില്‍ തിക്താനുഭവങ്ങളും തിരിച്ചടികളും ഉണ്ടാകുമ്പോഴും ക്ഷമയോടെ അവയെസ്വീകരിക്കാന്‍ കഴിയുക എന്നതാണ് ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത്. കുരിശില്‍നിന്ന് അവന്‍ പഠിച്ച ക്ഷമയുടെ ഈ രഹസ്യമാണ് ഒരു ക്രിസ്ത്യാനിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും.

സ്‌നേഹം

ക്രിസ്തുവിന്റെ നെഞ്ചോട് ചേര്‍ന്നു കിടന്നവന്‍ തിരിച്ചറിഞ്ഞ സത്യമായിരുന്നു അത്, ദൈവം സ്‌നേഹമാകുന്നു. എത്രയോ വലിയ പ്രഖ്യാപനമാണത്. തീരെ ചെറിയ ഒരുവാക്കുകൊണ്ട് യോഹന്നാന്‍ വലിയൊരു വിസ്മയം തീര്‍ക്കുകയായിരുന്നു ചെയ്തത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലുമാണെന്നാണ് ബൈബിളിന്റെ സാക്ഷ്യം.അങ്ങനെയെങ്കില്‍ മനുഷ്യന്‍ സ്‌നേഹമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവന്‍ തന്നെയാണ്. പ്രത്യേകിച്ച് ക്രൈസ്തവന്‍. അവന്റെ മനസ്സില്‍ വിഭാഗീയചിന്തകള്‍ പാടില്ല. മാത്സര്യമോ വിദ്വേഷമോ പാടില്ല, അസൂയയോതരംതാഴ്ത്തലുകളോ പാടില്ല. വലിച്ചു താഴെയിടലുകളോ അപമാനകരമായ പ്രചാരണങ്ങളോ പാടില്ല. അവന്‍ സ്‌നേഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ്. സ്‌നേഹമാണ് അവന്റെ ആന്തരിക ശോഭയും ബാഹ്യമായ കരുത്തും. സ്‌നേഹിക്കാത്തവന് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ അറിയാത്തവന് ക്രിസ്ത്യാനിയായിരിക്കാന്‍ കഴിയില്ല. സ്‌നേഹം എന്തെല്ലാമാണെന്നും എന്തെല്ലാം അല്ല എന്നും പൗലോസ് അപ്പസ്‌തോലന്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ടല്ലോ. സ്‌നേഹിക്കുന്നവന്‍ ദൈവത്തിന്റെ ഹൃദയത്തിലാണ്. സ്‌നേഹിക്കുക, നിസ്വാര്‍ഥമായി. കളങ്കമില്ലാതെ. അത് നിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുകതന്നെ ചെയ്യും.

അനുകമ്പ

മറ്റുള്ളവര്‍ ആക്രമിച്ച് അവശനാക്കിയ ആളെ കാണുന്നില്ലേ നിങ്ങള്‍? എത്രയോ പേര്‍ അതിനുശേഷം ആ വഴിയിലൂടെ കടന്നുപോയി. അവര്‍ക്കാര്‍ക്കും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നീതികരിക്കാനായി അവര്‍ ക്കെല്ലാം ഓരോ കാരണങ്ങളുമുണ്ടായിരുന്നു. പക്ഷേ, അയാള്‍ അതില്‍നിന്ന് വ്യത്യസ്തനായി. ആര്‍ക്കും തോന്നാത്തത് ആ സമറായക്കാരന് മാത്രം തോന്നിയതിന്റെ പേരാണ് അനുകമ്പ, ആര്‍ദ്രത. വീ ണുകിടക്കുന്നവനോടുള്ള അനുകമ്പ. പലവിധ സാഹചര്യങ്ങളില്‍ പലവിധ കാരണങ്ങളാല്‍ വീണുകിടക്കുന്ന പലരുമുണ്ടാകാം നമുക്കുചുറ്റിനും. ഏതെങ്കിലും ഒരു ബലഹീനതയുടെ പേരില്‍, ലൈംഗിക വ്യതിയാനത്തിന്റെ പേരില്‍, കുടുംബമഹിമയുടെയും സമ്പത്തിന്റെയും പേരില്‍. അങ്ങനെ പലവിധ കാരണങ്ങളാല്‍ മാറ്റിനിറുത്തപ്പെട്ടവരും പരിത്യക്തരുമായവരോട്, മുടന്തനായ ആട്ടിന്‍കുട്ടിയെ തോളിലേറ്റി നടന്നുനീങ്ങുന്ന ക്രിസ്തുവിനെ പോലെയാകുവാന്‍ നിനക്ക് കഴിയുന്നുണ്ടെങ്കില്‍ നീ ക്രിസ്ത്യാനിയാണ്. മറ്റെല്ലാവരും ചെയ്യുന്നതാണ് നീയും ചെയ്യുന്നുവെങ്കില്‍ അതിന് വലിയ പ്രത്യേകത ഒന്നുമില്ല. മറ്റാരും ചെയ്യാത്തതും നിനക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതും ക്രിസ്തുവിനെ നോക്കി ചെയ്യാന്‍ കഴിയുമ്പോഴാണ് അവന്റെ സൗന്ദര്യം നിനക്ക് ലഭിക്കുന്നത്. ക്രിസ്തുവിന് അവരോട് അനുകമ്പതോന്നി എന്ന് ബൈബിളില്‍ ഒരു ഭാഗത്ത് പറയുന്നുണ്ടല്ലോ. മറ്റുള്ളവരോട് തോന്നുന്ന അനുകമ്പ നമ്മുടെ സൗന്ദര്യത്തിന്റെ പ്രധാനഘടകമാണ്.

പങ്കുവയ്ക്കല്‍

കൈയിലെന്താണുള്ളത്? വെറും അഞ്ചപ്പം, രണ്ടു മീന്‍. മതി. അധികം ഉള്ളവനോട് ദൈവം പലപ്പോഴും ചോദിക്കാറില്ലെന്ന് തോന്നുന്നു. പക്ഷേ, ഇത്തിരി മാത്രം കൈയിലുള്ളവനോട് ദൈവം വെറുതെ കൈനീട്ടിചോദിക്കും: നിന്റെ കൈയില്‍ എന്തുണ്ട്? ഓ അതെന്താകാന്‍, എന്റെ കൈയില്‍ ഒന്നുമില്ല എന്ന് പറഞ്ഞ് നാം പെട്ടെന്ന് ഒഴിവായിപ്പോകും. അല്ല, അതല്ല ക്രിസ്തു നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്. രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കുക എന്നാണ് ക്രിസ്തുകല്പന. അപ്പോള്‍ നാലുടുപ്പുള്ളവനോ, എട്ടുടുപ്പുള്ളവനോ. പരോക്ഷമായി ധനവാന്മാര്‍ അതിനനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ക്രിസ്തു പറയുന്നത്. കരിസ്മാറ്റിക് പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ നമ്മുടെ പങ്കുവയ്ക്കലെല്ലാം ദശാംശത്തിന്റെ പേരില്‍ ഒതുങ്ങിപ്പോയിട്ടുണ്ടോയെന്ന് സംശയം. ഒന്നും കൊടുക്കാത്തവര്‍ക്കിടയില്‍ ദശാംശമെങ്കിലും കൊടുക്കുന്നവരെ അതിന്റെ എല്ലാ ആദരവോടുംകൂടി പ്രണമിച്ചുകൊണ്ടാണ് ഇത് പറയുന്നത്. പങ്കുവയ്ക്കാന്‍ മനസ്സില്ലാത്തവരൊന്നും ക്രൈസ്തവരല്ല. അതെന്തുമാകാം. പണത്തിന്റെ കാര്യം മാത്രമല്ല. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പള്ളിയിലേക്ക് വിലകൂടിയ വാഹനത്തില്‍ പോകുമ്പോള്‍ ബസ്സ് കാത്തോ അല്ലെങ്കില്‍ നടന്നോ പോകുന്ന ഒരാളെ കൂടി അതില്‍ കയറ്റികൊണ്ടു പോകുന്നതുപോലെ എത്രയോ നിസ്സാരതകളില്‍ പോലും പങ്കുവയ്ക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ആഹാരം മുതല്‍ അറിവുവരെ ഇപ്രകാരം പങ്കുവയ്ക്കപ്പെടേണ്ടവയാണ്. ഈ പങ്കുവയ്ക്കലാണ് സ്വന്തമായി ഒന്നും രേഖപ്പെടുത്തിവയ്ക്കാതിരുന്ന ആദിമക്രൈസ്തവരുടെ സൗന്ദര്യം. നമുക്ക് എത്രമേല്‍ ശ്രമിച്ചിട്ടും ഇന്നും നടക്കാത്തതും അതുതന്നെ. മേല്പറഞ്ഞ സൗന്ദര്യ ഘടകങ്ങള്‍ ഏറിയോ കുറഞ്ഞോ ഓരോ ക്രൈസ്തവനുമുണ്ട്. അതുകൊണ്ടണ്ടാണ് അവന്‍ വര്‍ഗീയ വാദിയാകാത്തത്. അതുകൊണ്ടാണ് അവന്‍ നിന്ദനങ്ങളിലും സമചിത്തത കൈവെടിയാത്തത്. അതുകൊണ്ടാണ് അവന്‍ പ്രതികാരചിന്തയുടെ തീയെരിക്കാത്തത്. അവനറിയാം അത് അവന്റെ വഴിയല്ലെന്ന്. സൗമ്യതയുടെയും സൗന്ദര്യത്തിന്റെയും പ്രകാശവഴിയിലൂടെ മുമ്പേ നടന്നുപോയ ഒരുവന്റെ കാലടിപ്പാടുകള്‍ അവന്റെ മുന്‍പിലുണ്ട്. അവന് ചിലപ്പോഴെങ്കിലും ഇടര്‍ച്ചകളുണ്ടായേക്കാം. ആഗ്രഹിക്കുന്ന വിധത്തില്‍ പ്രവൃത്തിക്കാന്‍ കഴിയാതെപോയിട്ടുണ്ടാവാം. പക്ഷേ, അvinaവന് ക്രിസ്ത്യാനിയാകാതിരിക്കാനാവില്ല. കാരണം അവന്‍ ക്രിസ്തുവിനെ സ്‌നേഹിക്കുന്നവനാണ്.

വിനായക് നിര്‍മല്‍

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co