Wednesday , 20 February 2019
Home / Featured / സത്യം നല്കുന്ന സ്വാതന്ത്ര്യം

സത്യം നല്കുന്ന സ്വാതന്ത്ര്യം

”ഒന്നോടിച്ചു വായിച്ചാല്‍ പോലും ഒരു കാര്യം വ്യക്തമാണ്. നീതിന്യായ പ്രക്രിയയുടെ ദുരുപയോഗം ഉണ്ടായിരുന്നു. തന്റെ ക്ലേശകരമായ ഗവേഷണം കൊണ്ട് ജനസാമാന്യത്തിനു മുമ്പാകെ കന്ധമാലിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കൊണ്ടുവന്നതിന് ഞാന്‍ ആന്റോ അക്കരയെ അഭിനന്ദിക്കുന്നു.”

മതവര്‍ഗീയവാദികളാല്‍ വെടിവച്ചു വീഴ്ത്തപ്പെട്ട ഗൗരിലങ്കേഷ് ആന്റോ അക്കരയുടെ ശ്രkuദ്ധേയമായ അന്വേഷണാത്മക ഗ്രന്ഥ (‘കന്ധമാലിലെ സ്വാമിലക്ഷ്മണാനന്ദയെ കൊന്നതാര്?’ പേജ് 335) ത്തെക്കുറിച്ചെഴുതിയ കുറിപ്പാണിത്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവര്‍ക്കുശേഷം ഇപ്പോഴിതാ ഗൗരിലങ്കേഷും മതഫാഷിസത്തിനും വര്‍ഗീയ ഭീകരതയ്ക്കും ഇരയായി വധിക്കപ്പെട്ടിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിനും മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനും എതിരായ അവകാശ ധ്വംസനങ്ങള്‍ ഭാരതമെന്ന ജനാധിപത്യ രാജ്യത്തെ കളങ്കിതമാക്കുന്ന കാലമാണിത്. അനീതികള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരേ പ്രതിരോധത്തിന്റെ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ വേട്ടയാടപ്പെടുകയാണ്. ഇത്തരം സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പരിസരത്തിലാണ് ആന്റോ അക്കര എന്ന അത്യന്തം ധൈര്യശാലിയായ പത്രപ്രവര്‍ത്തകന്റെ പ്രസക്തി (അദ്ദേഹത്തെ കണ്ടുമുട്ടുമ്പോള്‍ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടിരുന്നില്ല!). സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന ക്രിസ്തുമൊഴിയെ ഗൗരവപൂര്‍വമുള്ള പ്രതിബദ്ധതയോടെ പിന്‍തുടരുന്ന അദ്ദേഹത്തിന് സ്വന്തം ജീവിതം ദൈവത്തിന്റെ നിഗൂഢവഴികളിലുള്ള സഞ്ചാരമാണ്. രണ്ടര ദശാബ്ദത്തിലധികമായി ദക്ഷിണേഷ്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും മത-സാമൂഹ്യരംഗത്തും നിരന്തരം ഇടപെട്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ആന്റോ അക്കരയാണ് ലോകമന:സാക്ഷിയെ ഞെട്ടിച്ച ഒറീസായിലെ കന്ധമാല്‍ കാടുകളിലെ നിഷ്ഠൂരമായ ക്രൈസ്തവ പീഡന കഥകള്‍ ആഗോള മാധ്യമങ്ങളുടെ മുന്‍പിലെത്തിച്ചത്.

പത്രപ്രവര്‍ത്തനത്തിന്റെ ആയുധം സത്യമെന്ന മൂല്യമാണെന്നും ഈ ജോലിയിലൊരു പ്രവാചക ദൗത്യമുണ്ടെന്നും താങ്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ. ഈ മേഖലയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?

തൃശൂര്‍സെന്റ് തോമസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് എം.എ. കഴിഞ്ഞ് അധ്യാപന ജോലിക്കുള്ള ക്ഷണം നിരസിച്ചാണ് ഞാന്‍ ഡല്‍ഹിയിലേക്കു പോയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി.യും ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമയും പൂര്‍ത്തിയാക്കി. സിവില്‍ സര്‍വീസായിരുന്നു പ്രധാന ലക്ഷ്യം. ഇതിനിടയില്‍ പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി ഒരു അഡ്വര്‍ടൈസിങ് ഏജന്‍സിയിലെ കോപ്പിറൈറ്ററായി. യു-ക്യാന്‍ ന്യൂസ് ഏജന്‍സിക്കു വേണ്ടിയും മറ്റും സ്വതന്ത്രറിപ്പോര്‍ട്ടുകള്‍ ചെയ്തു. ലേഖനങ്ങള്‍ കണ്ട എഡിറ്റര്‍മാര്‍ പലരും താങ്കള്‍ പത്രപ്രവര്‍ത്തകനാകേണ്ട ആളാണെന്ന് അഭിപ്രായപ്പെടുകയും പ്രോത്സാഹിപ്പിക്കുകയുമാണുണ്ടായത്. സുപ്രീം കോടതിയില്‍ രണ്ടുതവണ എന്റോള്‍ ചെയ്യാന്‍ തയ്യാറെടുക്കുകയും കോളേജ് ലക്ചറര്‍ ജോലിക്കായി അപ്പോയ്ന്റ്‌മെന്റ് ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ, പത്രപ്രവര്‍ത്തന മേഖലയില്‍ ഉറയ്ക്കാനാണ് ദൈവം അനുവദിച്ചത്.

നീതി നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി സത്യത്തിലധിഷ്ഠിതമായി തൂലിക പടവാളാക്കി പൊരുതാനുള്ള കരുത്ത് ലഭിച്ചു. ജനാധിപത്യത്തിന്റെ ആദ്യ മൂന്ന്എസ്റ്റേറ്റുകളുടെയും കാവല്‍നായയായ മാധ്യമങ്ങളെന്ന നാലാം എസ്റ്റേറ്റിന് തീര്‍ച്ചയായും ഒരു പ്രവാചക സ്വഭാവമുണ്ട്. ചേര്‍ത്തലയില്‍ ലോക്കപ്പ് മരണത്തിനിരയായ ഗോപിയുടെ കഥ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ഫീച്ചര്‍ സഹായിച്ചതാണ് ആദ്യകാലങ്ങളിലെ ഒരു പ്രധാന നേട്ടം. ഈ റിപ്പോര്‍ട്ടുകൊണ്ട് അവസാനിപ്പിക്കാതെ സര്‍ക്കാര്‍ ധനസഹായം ആ കുടുംബത്തിനു ലഭ്യമാവുംവരെ അവരോടൊപ്പം നിന്നു. പത്രപ്രവര്‍ത്തനം ജോലിമാത്രമല്ല; നീതിക്കുവേണ്ടി പോരാടാനുള്ള വേദികൂടിയാണ്.

ദക്ഷിണേഷ്യയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ് അനുഭവങ്ങള്‍ എന്തൊക്കെയാണ്?

മ്യാന്‍മറിലും നേപാളിലും ബംഗ്ലാദേശിലുമെല്ലാം പ്രകൃതിക്ഷോഭങ്ങളുടെയും കലാപങ്ങളുടെയും നടുവില്‍ മനുഷ്യര്‍ നരകയാതന അനുഭവിക്കുന്നിടത്തെല്ലാം എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ യുദ്ധകാലത്ത് എല്‍.ടി.ടി.ഇ.യുടെ അതിഥിയായി താമസിച്ച് റിപ്പോര്‍ട്ടിങ് നടത്തി. ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളെ റോയുടെ ചാരന്മാരെന്നും മറ്റും മുദ്രകുത്തി അകറ്റി നിര്‍ത്തിയപ്പോഴും സത്യസന്ധനെന്ന തിരിച്ചറിവിലാണ് അവരെന്നെ സ്വീകരിച്ചത്. കാശ്മീര്‍ പ്രശ്‌നം രൂക്ഷമായ കാലത്ത് ഗവര്‍മെന്റ് സെന്‍സറിങ്ങുകള്‍ക്കും മിലിറ്റന്റ് ഭീഷണികള്‍ക്കുമിടയില്‍ നട്ടംതിരിയുന്ന പത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ബഹുമതിക്കര്‍ഹമാവുകയും ചെയ്തു. ആന്‍ഡമാനിലും വേളാങ്കണ്ണിയിലും ഗുജറാത്തിലും കാശ്മീരിലുമെല്ലാം സംഘര്‍ഷമേഖലകളില്‍ ചിതറിക്കിടക്കുന്നമൃതശരീരങ്ങള്‍ക്കിടയില്‍ നിന്നുപോലും വാര്‍ത്തകളും വസ്തുതകളും പുറംലോകത്തെത്തിച്ചിട്ടുണ്ട്. ഇതിനെല്ലാമുള്ള ആര്‍ജവവും ആത്മധൈര്യവും സ്ഥൈര്യവും ദൈവം നല്കുന്നതാണ്. മദര്‍ തെരേസയെപ്പോലെ, പീഡിപ്പിക്കപ്പെടുന്നവരും നീതിനിഷേധിക്കപ്പെടുന്നവരുമായ മനുഷ്യരുടെ മുഖത്ത് ദൈവത്തെ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ചാലിയാര്‍ മലിനീകരണത്തിനെതിരായി നടന്ന മാവൂര്‍ ഫാക്ടറി സമരപശ്ചാത്തലത്തിലുള്ള റിപ്പോര്‍ട്ടിന് പി.യു.സി.എല്‍ (PUCL) അവാര്‍ഡ് ലഭിച്ചിരുന്നു. പണവും അംഗീകാരവുമല്ല, വാഴക്കാട് ഗ്രാമത്തിലെ കാന്‍സര്‍ രോഗികളുടെ ദൈന്യമാണ് എന്നെ അവിടേയ്ക്കടുപ്പിച്ചത്.

ഒറീസയിലെ കന്ധമാലിനെ ലോക ശ്രദ്ധയിലേക്കു കൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ലോകപ്രശസ്തമായ വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മ അവാര്‍ഡ് 2013-ല്‍ താങ്കള്‍ക്കുലഭിച്ചല്ലോ. കന്ധമാല്‍ സംഭവങ്ങളെക്കുറിച്ച് വിവരിക്കാമോ?

ക്രൈസ്തവര്‍ക്കെതിരെ നടന്ന ക്രൂരപീഡനങ്ങളുടെ സംഭവപരമ്പരകളാണവ. 2008 ആഗസ്റ്റ് 23-ന് സ്വാമി ലക്ഷ്മണാനന്ദ ജലസ്‌പേട്ടയിലെ തന്റെ ആശ്രമത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയും ക്രൈസ്തവര്‍ക്കെതിരെ അതിക്രൂരമായ സംഘടിതാക്രമണങ്ങള്‍ അരങ്ങേറുകയും ചെയ്തു. കൊലയ്ക്കു പിന്നില്‍ ക്രൈസ്തവ ഗൂഢാലോചന ആരോപിച്ച് നൂറോളം ക്രിസ്ത്യാനികളെ വധിച്ചു. ആറായിരം വീടുകള്‍ കൊളളയടിക്കപ്പെടുകയും മുന്നൂറിലധികം ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. അന്‍പത്താറായിരം ക്രിസ്ത്യാനികള്‍ അഭയാര്‍ഥികളായി. ‘ഘര്‍വാപസി’യെന്ന മതപുനഃപരിവര്‍ത്തനത്തിന്റെ പൈശാചിക രൂപമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പത്രപ്രവര്‍ത്തകനായി അവിടേക്കു കടന്നുചെന്ന എനിക്ക് ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢകളുടെ ആഴം ബോധ്യപ്പെട്ടു. അധികാരികള്‍ നടത്തുന്ന നീതിനിഷേധങ്ങളും ഇരകളുടെ നിസ്സഹായതയും മനസ്സിലായി.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ കുലപതിയായ കുല്‍ദീപ് നയ്യാരുടെ പിന്തുണ കന്ധമാല്‍ പ്രശ്‌നം ശ്രദ്ധിക്കപ്പെടാന്‍ സഹായകമായത് എങ്ങനെയാണ്?

കന്ധമാല്‍ അന്വേഷണങ്ങളില്‍ എന്റെ ‘ഗോഡ് ഫാദറാ’യിരുന്നു അദ്ദേഹം. ഏപ്രില്‍ 2009-ല്‍ ‘കന്ധമാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം’ (Kadhamal- A Blot On Indian Secularism) എന്ന കൃതി കുല്‍ദീപ് നയ്യാര്‍ പ്രകാശിപ്പിച്ചതുവഴി ഈ പ്രശ്‌നത്തിന് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ ലഭിച്ചു. പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തര മന്ത്രി പി. ചിദംബരവുമെല്ലാം കലാപത്തിനെതിരേ പ്രതികരിക്കുകയും ചെയ്തു. സ്വാമിയുടെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട് നിരപരാധികളായ ഏഴു ക്രിസ്ത്യാനികള്‍ ഇപ്പോഴും ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്. അവരുടെ മോചനം ആവശ്യപ്പെട്ട് ‘www.release 7innocents.com’ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്‍ 2016 മാര്‍ച്ച് 3-ന് ന്യൂഡല്‍ഹിയില്‍ ലോഞ്ച് ചെയ്തതും അദ്ദേഹമാണ്. സ്വാമിയുടെ കൊലയ്ക്കു പിന്നില്‍ സംഘപരിവാറിന്റെ ഗൂഢതന്ത്രങ്ങളാണെന്ന് തെളിവുകള്‍ നിരത്തി അവതരിപ്പിക്കുന്ന ‘കന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?’ (Who killed swami Laxmanananda?) എന്ന സുപ്രധാന ഗ്രന്ഥത്തിന് മുഖവുര എഴുതാനും അത് പ്രകാശിപ്പിക്കാനും അദ്ദേഹം തയ്യാറായി. ഇതിന്റെ മലയാള പരിഭാഷയുടെ പ്രകാശനം നിര്‍വഹിച്ചത് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്. 94 വയസ്സുള്ള വയോധികനായ കുല്‍ദീപ് നയ്യാരുടെ ഇടപെടലുകളാണ് ഇത്തരത്തില്‍ നിരവധി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ ഈ വിഷയത്തെ താത്പര്യത്തോടെ സമീപിക്കാന്‍ ഇടയായതിന്റെ കാരണങ്ങളിലൊന്ന്.

ഒരു ക്രൈസ്തവവിശ്വാസിയെന്ന നിലയില്‍ ഈ അനുഭവങ്ങള്‍ എങ്ങനെയാണ് സ്വാധീനിച്ചത്?

2008 മുതല്‍ ഇരുപത്തിനാല് പ്രാവശ്യം കന്ധമാല്‍ സന്ദര്‍ശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീതിനിഷേധത്തോടും മനുഷ്യാവകാശ ലംഘനത്തോടുമുള്ള സ്വാഭാവിക പ്രതികരണവും വിശ്വാസാനുഭവത്തോടുള്ള പ്രതിബദ്ധതയുമാണ്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികള്‍-കന്ധമാല്‍ കാടുകളിലെ അവിശ്വസനീയ ക്രൈസ്തവസാക്ഷ്യങ്ങള്‍’ (Early Christians of 21st Century- Stories of Incredible Christian Witness from Kadhamal Jungles)  എന്ന ഗ്രന്ഥത്തില്‍എന്നെ അമ്പരപ്പിച്ച വിശ്വാസാനുഭവങ്ങളെക്കുറിച്ച് സുദീര്‍ഘമായി എഴുതിയിട്ടുണ്ട്. Shining faith in Kadhamal’എന്ന ആദ്യ പുസ്തകത്തെ ‘ഒരു വെളിപാടിന്റെ പുസ്തക’മെന്നാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തില്‍ വിശേഷിപ്പിച്ചത്. ഭാരത-കേരള മെത്രാന്‍ സമിതികളിലും വൈദിക കോണ്‍ഫറന്‍സുകളിലും മേജര്‍ സെമിനാരികളിലും അത്മായ സംഗമങ്ങളിലുമെല്ലാം ഇവയെക്കുറിച്ച് പങ്കുവയ്ക്കാന്‍ നിരന്തരം ക്ഷണിക്കപ്പെടാറുണ്ട്.

മതേതരത്വം കളങ്കപ്പെടുന്ന സമകാല സാഹചര്യത്തില്‍ ഒരു വിശ്വാസിയുടെ ദൗത്യമെന്താണ്?

വര്‍ഗീയതയെന്നത് ഭ്രാന്തമായ മനസ്സില്‍ നിന്നാണ് പുറപ്പെടുന്നത്. എല്ലാവരും ഒരേ തരത്തില്‍ സംസ്‌കാര സമ്പന്നരാവണമെന്നില്ല. കന്ധമാലിലേത് വെറും ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷമല്ല. മതമൗലിക വാദമാണ് പ്രധാനകാരണം. അസഹിഷ്ണുക്കളായ മതനേതാക്കളും അനുയായികളുമാണ് Fearless journalist Gauri signs petition for relase of Kandhamal's7 innocentsപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നല്ല ഹിന്ദുമത വിശ്വാസികള്‍ അവിടെയുമുണ്ട്. കലാപത്തിനിടയില്‍ അഞ്ചു ക്രിസ്ത്യാനികളെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് രക്ഷിച്ചത് ഗവര്‍മെന്റോ പോലീസോ രാഷ്ട്രീയക്കാരോ അല്ല; സഹിഷ്ണുതയുള്ള ഹിന്ദു സഹോദരരാണ്. ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ രണ്ടു ഹിന്ദുക്കള്‍ ജീവന്‍ വെടിഞ്ഞിട്ടുപോലുമുണ്ട്. പ്രതിരോധിക്കേണ്ടത് മൗലികവാദത്തെയാണ്; അതുവിളമ്പുന്ന പ്രസ്ഥാനങ്ങളെയാണ്. നിഷ്‌ക്കളങ്കതയോടൊപ്പം വിവേകവും ആവശ്യമാണ്. മതഫാഷിസത്തിന്റെ കാലത്ത് അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ എല്ലാവര്‍ക്കും ഒരുപോലെ സാധിക്കണമെന്നില്ല; പക്ഷേ, അത്തരം ശ്രമങ്ങള്‍ക്കു പിന്നില്‍ പ്രാര്‍ഥനയോടെ നിലയുറപ്പിക്കേണ്ടത് അടിയന്തരാവശ്യമാണ്.

വെടിയുണ്ടണ്ടകളെ ഭയപ്പെടാതെ ദൈവിക സംരക്ഷണത്തില്‍ ആശ്രയിച്ച് സത്യം നല്കുന്ന സ്വാതന്ത്ര്യബലത്തില്‍, നന്മ ചെയ്ത് ആന്റോ അക്കര അതിവേഗം യാത്ര തുടരുകയാണ്. ഭാര്യ ഷെന്നറ്റും മക്കളായ അന്‍ഷjoയും ആഷയും എല്ലാറ്റിനും പിന്‍തുണയേകി അദ്ദേഹത്തിനൊപ്പമുണ്ട്.

ജോബി തോമസ്‌

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co