Thursday , 20 September 2018
Home / Editorial / ആത്മാവില്‍ ദരിദ്രര്‍… കണ്ടവരുണ്ടോ?

ആത്മാവില്‍ ദരിദ്രര്‍… കണ്ടവരുണ്ടോ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്; ജീവജ്വാല മാസികയില്‍ പ്രൊഫ. സി.സി. ആലീസുകുട്ടി സുവിശേഷ ഭാഗ്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഒരു ലേഖന പരമ്പര വരുന്നുണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് പ്രഭാഷകന്റെ കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് എന്നാണ് ആലീസുകുട്ടി ചേച്ചി തന്നെ വിശദീകരിച്ചിരുന്നത്. പിന്നീടതെല്ലാം ചേര്‍ത്ത് ‘ഇവിടെ സ്വര്‍ഗം അനുഭവിക്കുന്നവര്‍’ എന്ന പേരില്‍ എമ്മാവൂസില്‍ നിന്ന് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ഗിരിപ്രഭാഷണത്തില്‍ വിശദമാക്കിയ സുവിശേഷ ഭാഗ്യങ്ങളുടെ സാരാംശം ഏറ്റവും ലളിതവും മനോഹരവും ആയി അവതരിപ്പിക്കുന്നതായിരുന്നു ആ കുറിപ്പുകള്‍. അതിനേക്കാളുപരി അതൊക്കെ സ്വന്തം ജീവിതത്തില്‍ കലര്‍പ്പില്ലാത്ത വിധത്തില്‍ പ്രയോഗത്തില്‍ വരുത്തിയ ആളാണ് പ്രൊഫ. ആലീസുകുട്ടിയെന്ന് പരിചയമുള്ളവര്‍ക്കെല്ലാമറിയാം.

ആത്മാവില്‍ ദരിദ്രര്‍ എന്നു പറഞ്ഞാല്‍ ആരാണ്?

സാമ്പത്തികമായ ദാരിദ്ര്യത്തെക്കുറിച്ചല്ല ഇവിടെ പറയുന്നതെന്ന് വ്യക്തം. പട്ടിണിയും, ദാരിദ്ര്യവും കണ്ണുനീരും ഉള്ളതുകൊണ്ടു മാത്രം ആത്മാവില്‍ ദരിദ്രനാകണമെന്നില്ല. സമ്പത്തോ, സ്ഥാനമാനങ്ങളോ, അധികാരമോ ഉള്ളതുകൊണ്ട് മാത്രം ആത്മാവില്‍ ദരിദ്രനാകാതിരിക്കണമെന്നുമില്ല. അതൊരു മനോഭാവമാണ്. എല്ലാമെല്ലാമായ ദൈവമെനിക്കുണ്ട് എന്നതിനാല്‍ ബാക്കിയൊന്നും ഇല്ലാത്തതില്‍ ദു:ഖിക്കുകയോ, അസ്വസ്ഥമാവുകയോ ചെയ്യാതിരിക്കുന്ന അവസ്ഥ. എല്ലാമുണ്ടെങ്കിലും ഒന്നും എന്റേതല്ല, എല്ലാം ദൈവകൃപ എന്ന തിരിച്ചറിവില്‍ ഒന്നിനോടും ആകര്‍ഷണമോ, അടുപ്പക്കൂടുതലോ ഇല്ലാതിരിക്കുന്ന അവസ്ഥ.

കെയ്‌റോസ് മാസികയുടെ ഉള്ളടക്കം തീരുമാനിക്കാന്‍ കൂടുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗുകള്‍ രസകരമാണ്. വിവിധ നിര്‍ദേശങ്ങള്‍ക്കൊടുവില്‍ ‘ആത്മാവില്‍ ദരിദ്രര്‍’ എന്ന വിഷയത്തിലേക്ക് ഞങ്ങളെത്തി. വിഷയം എങ്ങനെ അവതരിപ്പിക്കും എന്നതാണിനി കണ്ടെത്തേണ്ടത്. ലളിതമായ ഭാഷയില്‍ ഉപദേശം ഒഴിവാക്കി, കൗമാരക്കാരെയും യുവജനങ്ങളെയും മനസ്സില്‍ വച്ചുകൊണ്ട് എങ്ങനെ വിഷയം ഫലപ്രദമായി അവതരിപ്പിക്കാം എന്നതാണ് അന്വേഷണം. ആത്മാവില്‍ ദരിദ്രരായി ജീവിക്കുന്ന കുറച്ചു പേരുടെ അനുഭവങ്ങള്‍ ചോദിക്കാം എന്നു വിചാരിച്ചിടത്താണ് പ്രശ്‌നമായത്. കുറച്ച് ആളുകളുടെയെങ്കിലും പേരുകള്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. (ഞങ്ങളുടെ പരിചിത വലയത്തിന്റെ പ്രശ്‌നമാകാം). യഥാര്‍ഥ ആത്മീയ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം വളരെ കുറവാണോ എന്നുള്ള സന്ദേഹമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്.

ഇല്ലാത്തതിനെക്കുറിച്ച് ആകുലപ്പെടുകയും അസ്വസ്ഥതപ്പെടുകയും ചെയ്യുന്ന, ഉള്ളതിനെക്കുറിച്ച് തൃപ്തിയോ സന്തോഷമോ ഇല്ലാത്ത ഒരു സമൂഹമാണോ നമ്മുടേത്.

നമുക്കൊന്ന് പരിശ്രമിച്ചാലോ യഥാര്‍ഥത്തില്‍ ആത്മാവില്‍ ദരിദ്രരാകാന്‍.11-03

സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com

Share This:

Check Also

വിശ്വാസത്തിൻെറ വിത്തുപാകാൻ ക്ഷണം കിട്ടിയവർ

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും …

Powered by themekiller.com watchanimeonline.co