Monday , 22 October 2018
Home / Featured / മൂന്നാം കണ്ണിന്റെ സ്ഥാനം

മൂന്നാം കണ്ണിന്റെ സ്ഥാനം

ഓണപരീക്ഷയ്ക്ക് ശേഷമുള്ള രക്ഷിതാക്കളുടെ യോഗത്തില്‍ കുട്ടികളുടെ പഠനകാര്യങ്ങള്‍- മികവുകള്‍ ഓരോ രക്ഷിതാക്കളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയം. ആ തിരക്കിനിടയില്‍ ഒരു രക്ഷിതാവ് വളരെ തിരക്കിട്ടെത്തി, രക്ഷിതാക്കള്‍ക്കായുള്ള ക്ലാസ്സിനൊന്നും നില്‍ക്കാന്‍ സമയമില്ലെന്ന് അക്ഷമയോടെ അയാള്‍ പറഞ്ഞു.

ക്ലാസ്സ് ടീച്ചര്‍ വളരെ താത്പര്യത്തോടെ, ‘താങ്കളെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്’

‘എനിക്ക് കേള്‍ക്കാന്‍ തീരെ സമയമില്ല ടീച്ചര്‍. എനിക്ക് രണ്ട് പശുവിനെ കറക്കാനുണ്ട്. പിന്നെ അവറ്റയെ കുളിപ്പിക്കണം, പുല്ല് കൊടുക്കണം’

‘എനിക്ക് സംസാരിക്കേണ്ടത് നിങ്ങളുടെ മകനേക്കുറിച്ചാണ്’ ടീച്ചര്‍ താഴ്മയോടെ പറഞ്ഞു.

”എനിക്കവനേക്കുറിച്ച് കേള്‍ക്കേണ്ട. ഞാനവനെ എന്നേ ഉപേക്ഷിച്ചതാ. അവന്റെ അമ്മയാ അവനെ ചീത്തയാക്കിയത്.”- അയാളുടെ ശബ്ദമുയര്‍ന്നു.

‘ടീച്ചര്‍ക്ക് പ്രോഗ്രസ്സ് കാര്‍ഡ് തരാന്‍ മടിയാണെങ്കില്‍ ഞാന്‍ ഹെഡ്‍മാസ്റ്ററോട് വാങ്ങിച്ചേക്കാം.’

അയാളുടെ സ്വന്തം മകനെക്കുറിച്ചുള്ള നിലപാടുകള്‍ കണ്ടപ്പോള്‍ ടീച്ചര്‍ക്ക് വിഷമം തോന്നി. ഈ കുട്ടി ഇത്തരത്തിലായതിന്റെ മൂലകാരണം രക്ഷിതാക്കളുടെ സ്‌നേഹമില്ലാത്ത സമീപനം കൊണ്ടാണ്. രക്ഷകര്‍ത്താവിന്റെ സ്ഥാനം ആര്‍ദ്രതയും സ്‌നേഹവും സാന്ത്വനവും കൂടിച്ചേര്‍ന്നതാണെന്ന് ഇയാളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നോര്‍ത്ത് ടീച്ചര്‍ കുഴങ്ങി.

രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാത്ത കുട്ടികള്‍ ശാരീരിക-മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പിന്നിലായിരിക്കും. ഏറ്റവും കൂടുതല്‍ ശ്രദ്ധ കിട്ടേണ്ട വീട്ടില്‍ നിന്നും പ്രോത്സാഹനവും അംഗീകാരവും കിട്ടാത്തതിനാല്‍ വൈകാരിക മേഖലയില്‍ തീര്‍ത്തും അരക്ഷിതരായിരിക്കും. അവഗണിക്കപ്പെടുന്ന ഇത്തരം ബാല്യങ്ങള്‍ വ്യക്തിത്വരൂപീകരണത്തിലും വസ്ത്രധാരണത്തിലും വ്യക്തി ശുചിത്വത്തിലുമെല്ലാം പിന്നോക്കം പോകും.

പഠനത്തില്‍ പിന്നോക്കം പോകുന്നതിനാല്‍ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകള്‍ നിരന്തരം കേള്‍ക്കേണ്ടി വരുകയും ഒറ്റപ്പെടുകയും ചെയ്യും. ആവശ്യമായ തിരുത്തലുകളും മാതൃകയുമില്ലാത്തതിനാല്‍ കുറ്റവാളികളാകാനുള്ള സാധ്യത ഏറെയാണ്. പിന്നീട് ലഹരി മാഫിയ, മണല്‍ മാഫിയ, കള്ളക്കടത്ത് മാഫിയകളുടെ ചട്ടുകങ്ങളായി ജീവിതം തന്നെ ശാപഗ്രസ്ഥമാക്കാനും സാധ്യതയുണ്ട്.

‘മാലാഖമാരെ ദൈവം ഭൂമിയിലേക്കയയ്ക്കുന്നു. മാതാപിതാക്കള്‍ അവരെ തവളകളാക്കി മാറ്റുന്നു’ എന്ന ചൈനീസ് പഴമൊഴിക്ക് ഏറെ പ്രസക്തിയുണ്ട്. കുഞ്ഞുഹൃദയങ്ങളിലെ നൊമ്പരങ്ങളറിയാന്‍ കഴിയുന്ന ഒരധ്യാപികയ്ക്ക് ഇത്തരക്കാരെ സഹായിക്കാനാകും. ഇത്തരം ആത്മഭാരമുള്ള അധ്യാപകരെയാണിന്നിന്റെ ആവശ്യം. വേദനിക്കുന്ന കുഞ്ഞിന്റെ, ഹൃദയത്തിന്റെ ഭാരമറിയാനുള്ള മൂന്നാം കണ്ണ് എന്നില്‍ കൊളുത്തണേ ദൈവമേ.Jacob Kochery New

ജേക്കബ് കോച്ചേരി

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co