Wednesday , 20 March 2019
Home / Anubhavam / ”ഞാന്‍ നിനക്ക് ആര്?”

”ഞാന്‍ നിനക്ക് ആര്?”

ഇക്കഴിഞ്ഞ ആഴ്ച എന്റെ ഡ്യൂട്ടി സ്ഥലം ഒന്ന് ചെയ്ഞ്ചായി. ഒരു ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും മറ്റൊരു ഡിപ്പാര്‍ട്‌മെന്റിലേക്കു സ്ഥാനമാറ്റം കിട്ടി. അതുവരെ ആ ഡിപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന ആള്‍ ഞാന്‍ വരുന്നത് പ്രമാണിച്ച് അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും എന്നെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തലിനുശേഷം ഡിപ്പാര്‍ട്‌മെന്റിലെ പ്രധാന ഡോക്ടര്‍ പുതിയതായി വന്ന എന്നെ സ്വാഗതം ചെയ്തു.

”ആട്ടെ, തനിക്കു മുന്‍പുണ്ടായിരുന്ന ആള്‍ എന്നെക്കുറിച്ച് എന്താ പറഞ്ഞുതന്നിരിക്കുന്നത്?” ഡോക്ടര്‍ മാഡം തമാശരൂപേണ എന്നോടുചോദിച്ചു.

”പ്രത്യേകിച്ച് ഒന്നുമില്ല. മാഡം അല്‍പം സ്ട്രിക്ട് ആണെന്ന് പറഞ്ഞുതന്നിട്ടുണ്ട്” ഞാന്‍ മറുപടിപറഞ്ഞു.

”അപ്പോ അതറിയാമല്ലോ!?

അക്കാര്യം ഇനി പ്രത്യേകം മനസ്സിലാക്കിതരേണ്ടതില്ലല്ലോ?”

അര്‍ഥം വച്ചുള്ള ഒരു ചെറു പുഞ്ചിരിയില്‍ ചുരുക്കി മാഡം ചോദിച്ചു.

സത്യത്തില്‍ അതൊരു മാഡത്തിന്റെ സെല്‍ഫ് അസ്സെസ്സ്‌മെന്റ് ചോദ്യമായിരുന്നു. ആളുകള്‍ തന്നേക്കുറിച്ചു എന്തായിരിക്കും ധരിച്ചുവച്ചിരിക്കുന്നത് എന്നും താന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ തന്റെ ഇടപെടലുകള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ടാകുമോ എന്നെല്ലാം അറിയാനുള്ള ആഗ്രഹത്തില്‍ നിന്നുമാണ് അത്തരം ‘സെല്‍ഫ് അസ്സെസ്‌മെന്റ് ചോദ്യങ്ങള്‍ രൂപപ്പെടുന്നത്.

സത്യാവസ്ഥ നേരിട്ടറിയുവാന്‍ അവസരം ലഭിക്കുമ്പോള്‍, നാം വേണ്ടപ്പെട്ടവരോടു ചോദിക്കുകയും ചെയ്‌തേക്കാം. ആത്മസുഹൃത്തിനോടോ, ജീവിത പങ്കാളിയോടോ മക്കളോടോ നാം അത്തരം ചോദ്യങ്ങള്‍ ലളിതമായി ചോദിക്കുകയായി. അതിന്റെ ഉത്തരത്തെ ആസ്പദമാക്കിയാണ് നമ്മുടെ ഇടപെടല്‍ നാം ഉദ്ദേശിച്ച ലക്ഷ്യം നേടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതൊക്കെ!

അത്തരമൊരു ചോദ്യം ക്രിസ്തു തന്റെശിഷ്യന്മാരോട് ഒരിക്കല്‍ ചോദിച്ചിരുന്നു.

”മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപക യോഹന്നാന്‍ എന്നും മറ്റുചിലര്‍ ജെറമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോടു അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിത്തന്നത്. വിശുദ്ധ മത്തായി എഴുതിയസുവിശേഷം അധ്യായം 16 വാക്യങ്ങള്‍ 13:17.

സുഹൃത്തുക്കളേ, ഒരുവ്യക്തി തന്നെക്കുറിച്ചോ താനുമായി ബന്ധപ്പെട്ടതായ ഒരു കാര്യത്തെക്കുറിച്ചോ അഭിപ്രായം ആരായുന്നതു അവരുമായി ഏറ്റവും അടുത്ത വ്യക്തികളോടായിരിക്കുമല്ലോ? തിരുത്തലുകള്‍ക്കുപകരിക്കുന്ന സത്യസന്ധവും തെളിമയുള്ളതുമായ മറുപടി ലഭിക്കുന്നതു അത്തരം തുറന്നുചോദിക്കുന്നതില്‍ നിന്നുമായിരിക്കും. മറുപടി പറയുന്നത് ആരുമായിക്കൊള്ളട്ടെ, പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കുന്ന ചോദിക്കുന്ന വ്യക്തിയേ സംബന്ധിച്ചു വളരെ ആശ്വാസകരവുമാണ്.

അന്ന് ക്രിസ്തു ശിഷ്യന്മാരോട് ചോദിച്ച ആ സെല്‍ഫ് അസ്സെസ്‌മെന്റ് ചോദ്യം ഇന്നു നമ്മോടും ചോദിക്കുന്നു. മാംസരക്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നപോലെ, ക്രിസ്തു: ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായും, ചരിത്രത്തില്‍ പോയി മറഞ്ഞ ഒരു വിപ്ലവ നായകനായും, പ്രവചനങ്ങളിലൂടെ കാലഘട്ടത്തിനു ലഭിച്ച പ്രവാചകനായുമൊക്കെയാണോ അതോ, സ്വര്‍ഗസ്ഥനായ പിതാവ് വെളിപ്പെടുത്തുന്നതു പോലെ ‘ജീവനുള്ള ദൈവത്തിന്റെ പുത്രനാണോ’ എന്നതാണ് ആ ചോദ്യം.

ഒരു സ്വയംവിലയിരുത്തലിനുശേഷം മാത്രം ‘ഞാന്‍ നിനക്ക് ആര്’ എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തി യാഥാര്‍ഥ്യം ഉറക്കെ പ്രഘോഷിക്കുവാന്‍ നമുക്ക് സാധിക്കട്ടെ.

ഈയാഴ്ച പങ്കു വയ്ക്കുന്നതു ജീവിതത്തിലെ സുപ്രധാനമായ തിരിച്ചറിവിനെക്കുറിച്ചാണ്.

നല്ലൊരു വീക്കെന്‍ഡ് ആശംസിക്കുന്നു.

അഗസ്റ്റിന്‍ കോടനാട്

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co