Wednesday , 20 February 2019
Home / Featured / ഓൾവെയ്സ് ‘ജോയ്‌’ ഫുൾ

ഓൾവെയ്സ് ‘ജോയ്‌’ ഫുൾ

പുറംമോടികളില്‍ വീഴാതെ ആന്തരിക സന്തോഷത്തില്‍ ജീവിക്കാനാവുക അല്പം പ്രയാസകരമാണ്. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുക, വിലക്കയറ്റത്തിലും വില്പന സമയത്തെ വിലയിടിവിലും ആകുലപ്പെടാതെ, മറ്റുള്ളവരുടെ ‘നേടാനുള്ള’ പരക്കം പാച്ചിലുകളില്‍ സ്വാധീനിക്കപ്പെടാതെ പോകുക, അതാണ് കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍ സ്വദേശി ജോയിച്ചന്‍ പുത്തന്‍പുര. ആത്മാവില്‍ നിറയുന്ന സന്തോഷത്തിന്റെ കാരണങ്ങള്‍ കെയ്‌റോസുമായി പങ്കുവയ്ക്കുകയാണ് ഇവിടെ.

ബൈബിളിലെ അഷ്ടസൗഭാഗ്യങ്ങളില്‍ ലോകം കുറവ് എന്നുകരുതി നോക്കിയിരുന്നതിനെയൊക്കെ സ്വന്തമാക്കിയവവരെ ഭാഗ്യവാന്മാരായാണ് അവതരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തെ ഇത് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

വളരെയധികം സമ്പത്തും വിദ്യാഭ്യാസവും ഒക്കെ കുറഞ്ഞ ഒരു മലയോര കര്‍ഷക കുടുംബമാണ് എന്റേത്. ഇല്ലായ്മ നന്നായി അറിഞ്ഞു വളര്‍ന്ന കുട്ടിക്കാലം. ഓണത്തിന് ഉച്ചഭക്ഷണത്തിന് കഞ്ഞി വയ്ക്കാന്‍ അരിയില്ലാതെ പോയ അവസരമുണ്ട്. അന്ന് ചാച്ചന്‍ പണിസ്ഥലത്തെ പണി കഴിഞ്ഞ് കിട്ടിയ കുറച്ച് പൈസയ്ക്ക് സന്ധ്യയായപ്പോള്‍ കുറച്ച് അരിയും പരിപ്പും തക്കാളിയുമായി വീട്ടില്‍ വന്നു. ചാച്ചന്‍ വരുന്നത് നോക്കിയിരുന്ന അമ്മ വിശന്ന് പൊരിഞ്ഞിരിക്കുന്ന ഞങ്ങള്‍ക്ക് അത്താഴം വിളമ്പി. അന്നു രാത്രിയില്‍ കഴിച്ച ആ ചെറിയ ഓണസദ്യയെ തോല്പിക്കാന്‍ പിന്നീട് ഒരിക്കലും ഞാന്‍ കഴിച്ച ഒരു ഭക്ഷണത്തിന്റെ രുചിക്കും സാധിച്ചിട്ടില്ല.

പണവും പ്രൗഢിയും കുറവാണെന്ന തോന്നല്‍ എനിക്ക് വന്നപ്പോള്‍ അതിനെക്കുറിച്ച് ആകുലപ്പെടാതിരിക്കാന്‍ എന്നെ പഠിപ്പിച്ച സുവിശേഷമാണ് ഈശോയുടെ മലയിലെ പ്രസംഗം. ഇവിടത്തെ കുറവുകള്‍ക്ക് ഈശോ കൊടുക്കുന്ന മഹത്വം എന്നെ അതിശയിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പിന്നീട് ഒരിക്കലും കുറവുകളെ പറ്റി ചിന്തിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

എത്ര ഉണ്ടെങ്കിലും തികയാത്ത മനുഷ്യന്‍. വീണ്ടും വീണ്ടും നേടാനുള്ള അധ്വാനം. ഇവരുടെ ഇടയില്‍ ഇതിലൊന്നും അസ്വസ്ഥപ്പെടാതെ ജീവിക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്?

എന്റെ ഉള്ളില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന സന്തോഷമുണ്ട്. അത് എന്നില്‍ നിറച്ചതും നിലനില്‍ക്കാന്‍ കൃപ നല്കുന്നതും ഈശോയാണ്. എന്റെ ആവശ്യങ്ങള്‍ എന്നെക്കാള്‍ മുന്‍പേ അറിയുന്ന ദൈവം. ആവശ്യത്തിലധികം നല്കി അനുഗ്രഹിക്കാന്‍ മനസ്സു കാണിക്കുന്ന ഉദാരവാനായവന്‍. എന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങളില്‍ ഒരു കുറവും വരുത്തിയിയിട്ടില്ല ഇന്നുവരെ. പിന്നെ ഞാന്‍ എന്തിന് അസ്വസ്ഥതപ്പെടണം.

മറ്റുള്ളവരുടെ സമ്പത്തിലേക്ക് നോക്കി അതിലും കൂടുതല്‍ സ്വന്തമായി നേടണം എന്ന ചിന്താഗതി ആളുകളില്‍ രൂപപ്പെടാനുള്ള കാരണം?

ഈശോ ഉള്ളില്‍ നിറഞ്ഞ വ്യക്തിയെ സംബന്ധിച്ച് ഈ അസ്വസ്ഥത കാണില്ല. യേശുവിനെ നേടാന്‍ സ്വന്തമായതെല്ലാം നഷ്ടമാക്കുന്ന ക്രിസ്തു ശിഷ്യന്റെ മനോഭാവം നമ്മുടെ ഉള്ളില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂ എന്നാണ് എന്റെ മനസ്സിലാക്കല്‍.

സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമ്പത്തിനെക്കുറിച്ചും?

വ്യക്തിപരമായ ജീവിതത്തില്‍ ദൈവത്തെ കണ്ടുമുട്ടുന്നതുവരെ മാത്രമേ ഞാന്‍ ദരിദ്രനായിരുന്നിട്ടുള്ളൂ. അന്നന്ന് വേണ്ടുന്ന ആഹാരത്തിനോ, ആവശ്യംവേണ്ട വസ്ത്രത്തിനോ ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ല. ഇതുരണ്ടുമാണ് ദൈനംദിന ജീവിതത്തില്‍ അത്യാവശ്യമായത്. എന്റെ ഏറ്റവും വലിയ സമ്പത്ത് സംതൃപ്തി നിറഞ്ഞ മനസ്സ് ദൈവം നല്കി എന്നതാണ്.

പുതുതലമുറയുടെ ഇടയില്‍ ഇത്തരം മനോഭാവങ്ങള്‍ക്ക് പ്രസക്തിയുണ്ടോ?

തലമുറ പുതിയതാണെങ്കിലും പഴയതാണെങ്കിലും ഐശ്വര്യവും സമ്പത്തും ദൈവം നല്കുന്ന അനുഗ്രഹങ്ങളാണ്. ചോദിക്കുന്നവന്റെ മനോഭാവം തിരിച്ചറിയുന്ന ദൈവത്തിന് അതിന്റെ ബാക്കി ക്രമീകരണങ്ങളും നടത്താന്‍ കഴിയും. എല്ലാ സമൃദ്ധിയുടെയും വിതരണക്കാരനായ ദൈവത്തെ വ്യക്തികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ഇവിടെ ചെയ്യാന്‍ പറ്റേണ്ട കാര്യം. പുതുതലമുറയ്ക്കായിരിക്കും ഈ ശൈലി കൂടുതല്‍ ഇഷ്ടപ്പെടുക. കാരണം, വ്യത്യസ്ത മാതൃകതേടി നടക്കുന്ന അവര്‍ക്ക് അല്പം ത്രില്ല് നല്കുന്ന ചിന്തയാണിത്. ഇവിടെ ഈശോയുടെ ആത്മഭാവം ആ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ അവരെ സഹായിക്കുവാന്‍ മുതിര്‍ന്നവര്‍ക്കാകണം.

വിദ്യാഭ്യാസം, ജോലി, ശമ്പളം എന്നിങ്ങനെ പറഞ്ഞ് പരക്കം പായുന്ന യുവജനങ്ങളോട് പറയാനുള്ളത്?

എന്നെ മെനഞ്ഞെടുക്കുന്ന ദൈവം എന്റെ എല്ലാ കാര്യത്തിലും ശ്രദ്ധാലുവാണെന്ന ബോധ്യം നമ്മില്‍ ആഴപ്പെടട്ടെ. ചോദിക്കുന്നതില്‍ മടിക്കരുത്. പക്ഷേ, എന്റെ ജീവിതത്തില്‍ നന്മയ്ക്കായി തീരാത്തതൊന്നും ദൈവം നല്കില്ല.അതുകൊണ്ടുതന്നെ കിട്ടിയില്ലെങ്കില്‍ സങ്കടപ്പെടാനും പാടില്ല.

സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിലും?

മക്കള്‍ക്ക് ഈശോയെ പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ കവിഞ്ഞ മറ്റൊരു മാതൃകയും നല്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ സംസാരവും ഇടപെടലും ജീവിത ശൈലിയും ഈശോയിലേക്ക് ചൂണ്ടുന്നതാകാന്‍ മാത്രമേ ഞാന്‍ ശ്രമിക്കാറുള്ളൂ. ഈശോയെ പരിചയപ്പെടുത്തുന്ന യൂത്തായി അവര്‍ ജീവിക്കണം 1-Elseenaഎന്നതാണ് എന്റെ പ്രാര്‍ഥന. പഠനവും ബാക്കി കാര്യങ്ങളും രണ്ടാമത്തെ പരിഗണന മാത്രമാണ്.

എല്‍സീന ജോസഫ്‌

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co