Wednesday , 20 February 2019
Home / Editorial / അവരെ സ്വാധീനിക്കുന്നതെന്താണ്?

അവരെ സ്വാധീനിക്കുന്നതെന്താണ്?

വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജ് പഠന കാലത്തെ അനുഭവമാണ്. ഞാനന്ന് എന്‍.എസ്.എസ്. എന്ന് ചുരുക്കപ്പേരുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വോളണ്ടിയര്‍ സെക്രട്ടറിയായിരുന്നു. അക്കാലത്ത് സ്വന്തമായി സ്ഥലമുള്ള, എന്നാല്‍ വീടില്ലാത്തവര്‍ക്ക് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ വീടുണ്ടാക്കി നല്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. അര്‍ഹരായ വ്യക്തികളെ കണ്ടെത്താന്‍ ഗ്രാമപ്രദേശങ്ങളിലുള്ള ഓലമേഞ്ഞ വീടുകള്‍ അന്വേഷിച്ച് ഞങ്ങള്‍ കുറച്ച് വിദ്യാര്‍ഥികള്‍ പോയി. പകല്‍ സമയമായിരുന്നതുകൊണ്ട് മിക്കവാറും മുതിര്‍ന്നവരെല്ലാം കൂലിപ്പണിക്കും മറ്റ് ജോലികള്‍ക്കും പോയിരുന്നു. കുട്ടികള്‍ സ്‌കൂളിലും. കൂടുതലും പ്രായമേറിയവര്‍ മാത്രമേ വീടുകളില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവരില്‍ പലരും ഞങ്ങളോട് ഹൃദയഭേദകമായ അനുഭവങ്ങള്‍ പങ്കുവച്ചു. മദ്യപാനത്തിനടിമപ്പെട്ട മക്കള്‍, നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍… കേവലം കോളജ് വിദ്യാര്‍ഥികളായ ഞങ്ങളെ കെട്ടിപ്പിടിച്ച് പലരും കരഞ്ഞു. ‘നിങ്ങള്‍ ഞങ്ങളെയൊക്കെ അന്വേഷിച്ച് വന്നല്ലോ’ എന്നാണ് അത്ഭുതത്തോടും സന്തോഷത്തോടും അവരില്‍
പലരും പറഞ്ഞത്.

അന്നത്തെ ഈ സംഭവം പിന്നീടുള്ള എന്റെ ജീവിതത്തില്‍ വിവിധ തരത്തില്‍ സ്വാധീനംചെലുത്തിയിട്ടുണ്ട്. എന്റെ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രവര്‍ത്തനങ്ങളും കുറച്ചൊക്കെ അതിനനുസരിച്ച് മാറിയിട്ടുണ്ട്.

പുതിയ തലമുറയിലെ കൗമാരക്കാരെക്കുറിച്ചും യുവജനങ്ങളെക്കുറിച്ചും പലര്‍ക്കും പരാതികളേയുള്ളൂ. മൊബൈല്‍ ഫോണിന്റെയും സോഷ്യല്‍ മീഡിയയുടെയും ആരവങ്ങളില്‍ മുങ്ങി, സ്വന്തം ഉത്തരവാദിത്വങ്ങളെക്കുറിച്ചോ, സമൂഹത്തിന്റെ ആവശ്യങ്ങളെക്കുറിച്ചോ ചിന്തയില്ലാത്തവര്‍ എന്നതാണാക്ഷേപം.

അതത്ര ശരിയാണെന്ന് തോന്നുന്നില്ല. തങ്ങളുടെ കൂടെയുള്ള, തങ്ങള്‍ക്കറിയാവുന്ന വേദനിക്കുന്ന വ്യക്തികളെ സഹായിക്കാന്‍ കൈയും മെയ്യും മറന്ന് ഇറങ്ങുന്ന ചെറുപ്പക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവരുടെ ഇടയില്‍ നിന്നും ധാരാളം വരുന്നുണ്ടല്ലോ. വ്യക്തതയുള്ള, ബോധ്യങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന, ജീവിത യാഥാര്‍ഥ്യങ്ങള്‍ കണ്ടുമുട്ടാന്‍ ഇട നല്കുന്ന അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത് കുറവാണെന്ന് തോന്നുന്നു.

പ്രസംഗങ്ങളും പ്രസ്താവനകളും ചെറുപ്പക്കാരെ സ്വാധീനിക്കുന്നുണ്ടാവില്ല. പക്ഷേ, ഇല്ലാത്തവരും വേദനിക്കുന്നവരുമായിട്ടുളള അവരുടെ ബന്ധപ്പെടലുകള്‍ അവരെ സ്വാധീനിക്കുക മാത്രമല്ല, രൂപാന്തരപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. യുവജന രൂപീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരൊക്കെ മനസ്സിരുത്തി മനസ്സിലാക്കേണ്ട ഒരു യാഥാര്‍ഥ്യമാണിത്.

ക്രിസ്മസ് ആശംസകള്‍

സര്‍വശക്തനായ ദൈവം നിസ്സാരനായി ലോകത്തില്‍ പിറന്നു. ഏറ്റവും നിസ്സാരതയില്‍ കാലിത്തൊഴുത്തില്‍ ജനിച്ചു. അഹങ്കാരവും, ഔദ്ധത്യവും, ഞാന്‍ എന്ന ഭാവവും ഇറക്കി വച്ചിട്ട് നിസ്സാരതയുടെ ചൈതന്യത്തില്‍ ആഘോഷിക്കാനാകുമോ നമുക്കിത്തവണത്തെ ക്രിസ്മസ്?

ഒരാള്‍ക്കെങ്കിലും ഈ ക്രിസ്മസിന് കെയ്‌റോസ് സമ്മാനിക്കണമേ എന്നു കൂടി ഓര്‍മിപ്പിക്കട്ടെ. ഏവര്‍ക്കും അര്‍ഥ പൂര്‍ണമായ ക്രിസ്മസ് ആശംസകള്‍.

സ്‌നേഹപൂര്‍de03വം,

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com

Share This:

Check Also

വരൂ! നമുക്ക് പുറത്തിറങ്ങി കളിക്കാം

കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖപത്രമായ ജീവജ്വാലയുടെ 1994 നവംബര്‍ ലക്കം ജീസസ് യൂത്ത് സ്‌പെഷ്യലായിരുന്നു. 52 പേജില്‍ കവര്‍ …

Powered by themekiller.com watchanimeonline.co